പുതുവർഷം പുതിയ പ്രതീക്ഷകൾ

വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരെയോർത്തുള്ള മായാത്ത നൊമ്പരം അവശേഷിപ്പിച്ചാണ് 2024 വിടപറഞ്ഞത്. അവിടെ അതിവേഗം രക്ഷാപ്രവർത്തനങ്ങളും അടിയന്തര ദുരിതാശ്വാസവും സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാനസർക്കാരിനു കഴിഞ്ഞു. ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം സാധ്യമായിടത്തോളം വേഗത്തിൽ, പരമാവധി മികച്ചരീതിയിൽ തന്നെ നടപ്പാക്കുവാനാണ് പുതുവർഷത്തിൽ സർക്കാർ പ്രയത്നിക്കുന്നത്. പുനരധിവാസം വീട് വെച്ചുനൽകൽ മാത്രമല്ലെന്നും എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപജീവനമാർഗങ്ങൾ കൂടി ഒരുക്കി നൽകലാണെന്നുമുള്ള കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ഈ ദിശയിൽ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും കേരളത്തിന്റെ വികസനചരിത്രത്തിൽ തിളങ്ങുന്ന അധ്യായങ്ങൾ പിറന്ന വർഷമാണ് കടന്നുപോയത്. നാടിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ വിഴിഞ്ഞം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. വ്യവസായസൗഹൃദമല്ലാത്ത നാട് എന്ന ആക്ഷേപങ്ങൾ തിരുത്തിയെഴുതി വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ആദ്യസ്ഥാനത്തെത്തി. ഭരണനിർവഹണത്തിൽ വേഗവും സുതാര്യതയും ഉറപ്പാക്കുന്നതിന് കെ-സ്മാർട്ടും റവന്യൂ ഇ-സേവനങ്ങളും വ്യാപിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകുന്ന സംസ്ഥാനമായി നമ്മൾ. നിപ പോലുള്ള മാരക പകർച്ചവ്യാധികളെ തുടക്കത്തിലേ പിടിച്ചുനിർത്തി. ക്ഷേമരംഗത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ദരിദ്രരില്ലാത്ത നല്ല നാടാകാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.

കേരളത്തിന്റെ ഈ നേട്ടങ്ങൾക്ക് ആദരമായി ഒട്ടേറെ പുരസ്‌കാരങ്ങളാണ് തേടിയെത്തിയത്. നീതി ആയോഗിന്റെ സുസ്ഥിരവികസനസൂചികയിലും ദേശീയാരോഗ്യസൂചികയിലും ഒന്നാമതായതും സ്റ്റാർട്ട് അപ്പുകൾക്കുള്ള ബെസ്റ്റ് പെർഫോമർ പുരസ്‌കാരവും മറ്റും അവയിൽ ചിലത് മാത്രം. ഈ മികവിന്റെ തുടർച്ച ഉറപ്പാക്കി പുതുവർഷത്തിലും മുന്നേറാനൊരുങ്ങുകയാണ് സംസ്ഥാനം.

ടി.വി.സുഭാഷ് ഐ.എ.എസ്
എഡിറ്റർ

Spread the love