പുതുപഠനവർഷം പുതുമകളോടെ

ആഹ്ലാദഭരിതമായ അന്തരീക്ഷത്തിൽ പുതിയൊരു വിദ്യാലയകാലത്തിനു കൂടി തുടക്കമായിരിക്കുന്നു. കുട്ടികൾ പൊതുവിദ്യാലയങ്ങൾ ഉപേക്ഷിച്ചുപോയിരുന്ന ഒരു ഘട്ടത്തിൽനിന്ന്, അവർ സർക്കാർ സ്‌കൂളുകൾ തേടിയെത്തുന്ന തരത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തിന്റെ മുഖച്ഛായ മാറിയ പശ്ചാത്തലത്തിലാണ് നാടെങ്ങും പ്രവേശനോത്സവങ്ങൾ നടന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണവും സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവികസനത്തിലും ആധുനികവൽക്കരണത്തിലും വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്. ഒപ്പം സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ സമഗ്ര ഗുണമേന്മ ഉറപ്പാക്കുന്നതിലും ചിട്ടയായ പ്രവർത്തനങ്ങൾ സംസ്ഥാനം ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണ്.

കേവലം പഠനത്തിനപ്പുറം കുട്ടികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനവും സർക്കാർ ലക്ഷ്യമിടുന്നു. വ്യക്തിശുചിത്വം, മാലിന്യസംസ്‌കരണം, മാനസികാരോഗ്യം, ലഹരിവിരുദ്ധ മനോഭാവം വളർത്തൽ ഇവയൊക്കെ സ്‌കൂൾ വർഷത്തിന്റെ ആദ്യദിനങ്ങളിൽ കുട്ടികളിലെത്തിക്കും. ജനകീയാഭിപ്രായം കൂടി തേടി പാഠ്യപദ്ധതി പരിഷ്‌കരിക്കാനും ഇതുപ്രകാരം പുതുക്കിയ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ നേരത്തെതന്നെ എത്തിക്കാനും കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമാണ്.

ഉന്നതവിദ്യാഭ്യാസരംഗത്തും കാലാനുസൃതമായ മാറ്റങ്ങൾ നടപ്പാക്കിവരികയാണ് സംസ്ഥാനം. നമ്മുടെ അക്കാദമിക് രംഗത്തെ ഏറെ മുന്നോട്ടുനയിക്കാൻ കഴിയുന്നവിധം ആവിഷ്‌കരിച്ച നാലുവർഷ ബിരുദം രണ്ടാം വർഷത്തിലേക്ക് കടക്കുന്നു. പരീക്ഷ മുതൽ ഫലപ്രഖ്യാപനം വരെ എല്ലാ സർവകലാശാലകളിലും ഏകീകൃതമാക്കിയതും വിദ്യാർഥികൾക്ക് ഗുണകരമാണ്. പുതിയ പഠനവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന വേളയിൽ, കേരളത്തിന്റെ മാറുന്ന വിദ്യാഭ്യാസരംഗമാണ് ഈ ലക്കം ചർച്ച ചെയ്യുന്നത്.

ടി വി സുഭാഷ് ഐ എ എസ്
എഡിറ്റർ

 

Spread the love