പാട്ടിന്റെ പാദസരങ്ങൾ നിലച്ചിട്ട് അമ്പതാണ്ട്

വയലാർ രാമവർമ്മ
(1928 മാർച്ച് 25-1975 ഒക്ടോബർ 27)

നോവുമാത്മാവിനെ സ്നേഹിക്കാത്ത തത്വശാസ്ത്രങ്ങളെ സ്നേഹിക്കാനാകില്ലെന്ന് ഉറക്കെപ്പാടിയ കവി വിടവാങ്ങിയിട്ട് 50 വർഷം. കവിയായും ഗാനരചയിതാവായും മലയാളിയുടെ വീടകങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വാങ്മാധുര്യമാണ് വയലാർ. കവിതകളും നാടകകഗാനങ്ങളുമായി മലയാളിക്ക് സുപരിചിതനായ വയലാർ ചലച്ചിത്ര ഗാനശാഖയിലേക്ക് കടക്കുന്നത് 1956 ലാണ്. ജെ ഡി തോട്ടാന്റെ കൂടപ്പിറപ്പ് എന്ന ചിത്രത്തിൽ പ്രശസ്തമായ ‘തുമ്പീ തുമ്പീ വാ വാ’ എന്ന ഗാനത്തോടെയാണ് തുടക്കം. ആ പാട്ട് ഉൾപ്പെടെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ്. സ്വപ്നങ്ങൾ സ്വപ്നങ്ങൾ…, ചക്രവർത്തിനീ നിനക്കു ഞാനെന്റെ…, സ്വർണച്ചാമരം വീശിയെത്തുന്ന…, സന്ന്യാസിനീ നിൻ പുണ്യാശ്രമത്തിൽ…, രാജശില്പീ നീയെനിക്കൊരു…. തുടങ്ങി എണ്ണമറ്റ പാട്ടുകളിൽ അദ്ദേഹം മലയാളിയുടെ ഹൃദയവികാരങ്ങളെ പകർന്നുവെച്ചു. കവിതകളിൽ ഗാനചാതുര്യവും ചലച്ചിത്രഗാനങ്ങളിൽ കവിതയും നിറഞ്ഞു. പ്രൊക്രൂസ്റ്റസും താടക എന്ന രാജകുമാരിയും പോലെ കവിതകളിൽ കഥകളും നിറച്ചുവെച്ചു.

1975 ഒക്ടോബർ 27 നായിരുന്നു ആ മഹാപ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. തിരുവനന്തപുരം വി ജെ ടി ഹാളിലെ പൊതുദർശനത്തിനുശേഷം കെഎസ്ആർടിസി ബസിലാണ് മൃതദേഹം ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോയത്. കവിതയുടെ സ്വർണ്ണച്ചാമരം വീശിയ പാട്ടുകാരനെ അവസാനനോക്ക് കാണുവാനായി വഴിനീളെ ജനങ്ങൾ കാത്തുനിന്നു.

 

Spread the love