നവകേരളം ഉറപ്പാണ് ക്ഷേമവും വികസനവും

നവകേരളം >>ഡോ.കെ. രവിരാമൻ
സംസ്ഥാന ആസൂത്രണ ബോർഡ് വിദഗ്ധ അംഗം

raviranam

 

പഴയ കേരളത്തെ പുനഃസൃഷ്ടിക്കുകയല്ല പുതിയ കേരളത്തെ നിർമ്മിക്കുകയാണ് നവകേരളം എന്നതുകൊണ്ട് ഉദ്ദേശിച്ചത്.
ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ഹരിതകേരളം എന്നിവയാണ് നാലുമിഷനുകൾ

 

 

2016 ൽ അധികാരത്തിൽ വന്ന സർക്കാർ നവകേരളം എന്ന ആശയം അവതരിപ്പിക്കുകയും വികസന പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി നാലു മിഷനുകൾ ആരംഭിക്കുകയും ചെയ്തു. പഴയ കേരളത്തെ പുനഃസൃഷ്ടിക്കുകയല്ല പുതിയ കേരളത്തെ നിർമ്മിക്കുകയാണ് നവകേരളം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിതകേരളം എന്നിവയാണ് നാലു മിഷനുകൾ.

 ഭൂരഹിത-ഭവനരഹിത കുടുംബങ്ങൾക്ക് ഭവനസമുച്ചയങ്ങൾ അടിസ്ഥാനമാക്കിയുള്ള സമഗ്ര പുനരധിവാസ പദ്ധതിയും സ്വന്തം ജീവനോപാധി കണ്ടെത്തുന്നതിനുള്ള കൈത്താങ്ങും നൽകുന്ന സമ്പൂർണ്ണ ഭവന പദ്ധതിയാണ് ലൈഫ് മിഷൻ. സർക്കാർ ആശുപത്രികളുടെ വിപുലീകരണം, പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുക, ജീവിതശൈലീരോഗങ്ങളിൽ നിന്നും പരിരക്ഷ, കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കുക, ആരോഗ്യസ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ളതാണ് ആർദ്രം മിഷൻ. പഠനബോധന പ്രക്രിയയെ ശക്തിപ്പെടുത്തിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ളതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. കേരളത്തിന്റെ വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ളതാണ് ഹരിത കേരളം മിഷൻ. സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ച ഓഖി, നിപ്പ, പ്രളയം, കോവിഡ് എന്നീ ദുരിതങ്ങൾ ഉണ്ടായപ്പോഴും നവകേരള മിഷനിലൂടെ ശക്തിപ്പെടുത്തിയ സാമൂഹിക അടിത്തറയാണ് തളരാതെ പിടിച്ചുനിർത്തിയത്.

symbol 1ഇവിടുത്തെ ജനനസമയത്തെ പ്രതീക്ഷിക്കുന്ന ആയുർദൈർഘ്യം 75 വർഷമാണ്, ദേശീയ ശരാശരിയാവട്ടെ 70 വർഷവും. രാജ്യത്തെ മികച്ച ആരോഗ്യ സൂചകങ്ങളും കേരളത്തിനുണ്ട്. മാതൃമരണ നിരക്ക് വെറും 19 ആണ്

വികസനത്തിന്റെ പുതുവഴികൾ തേടുമ്പോഴും കേരളം ആശയപരമായി ചേർത്തുപിടിക്കുന്നതാണ് നവോത്ഥാനമൂല്യങ്ങൾ. മിഷണറി പ്രവർത്തനവും ശ്രീനാരായണ ഗുരു, അയ്യങ്കാളി, വൈകുണ്ഡസ്വാമി, പൊയ്കയിൽ അപ്പച്ചൻ, വക്കം മൗലവി എന്നിവരുടെ ആശയങ്ങളും ഇന്നും കേരളം ഉയർത്തിപ്പിടിക്കുന്നുണ്ട്. ഇത്തരം നവോത്ഥാന മൂല്യങ്ങൾ സ്വാംശീകരിച്ചുകൊണ്ടാണ് 1957 ൽ ഇഎംഎസ് മന്ത്രിസഭ അധികാരത്തിൽ വരുന്നത്. ആധുനിക കേരളത്തിന്റെ അടിത്തറ പാകുന്നത് ആ സർക്കാരാണ്.

ഏകദേശം ഒരു പതിറ്റാണ്ടായി സംസ്ഥാന സർക്കാർ എല്ലാവരെയും ഉൾച്ചേർത്തുകൊണ്ടാണ് പ്രവർത്തിച്ചത്. മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കിവരുന്നു. 2023-24 ൽ ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമിവാങ്ങാൻ 127.6 കോടി ധനസഹായം കൊടുക്കുകയും 3,340 കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുകയും ചെയ്തു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനമുറികൾ, വിവിധ സ്‌കോളർഷിപ്പുകൾ എന്നിവയും നൽകിവരുന്നു. സമൂഹത്തിന്റെ താഴെത്തട്ടിൽ വരുന്നവരുടെ ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിച്ചുകൊണ്ടാണ് ഭരണം നടത്തുന്നത്. ഇതിനുള്ള ഉദാഹരണമാണ് ലൈഫ് പദ്ധതി, പുനർഗേഹം പദ്ധതി, ക്ഷേമപെൻഷൻ തുടങ്ങിയവ. ലൈഫ് മിഷന് കീഴിൽ 2024 ആഗസ്റ്റ് 31 വരെ മാത്രം 4.08 ലക്ഷം വീടുകൾ നിർമ്മിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട ചികിത്സാസംവിധാനം

nava kerala1കേരളത്തിന്റെ ആരോഗ്യരംഗവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. വികസിത രാജ്യങ്ങളുമായി പോലും താരതമ്യംചെയ്യാൻ കഴിയുന്നത്ര മികച്ച ചികിത്സാസംവിധാനമാണ് കേരളത്തിലുള്ളത്. ഇവിടുത്തെ ജനനസമയത്തെ പ്രതീക്ഷിക്കുന്ന ആയുർദൈർഘ്യം 75 വർഷമാണ്, ദേശീയ ശരാശരിയാവട്ടെ 70 വർഷവും. രാജ്യത്തെ മികച്ച ആരോഗ്യ സൂചകങ്ങളും കേരളത്തിനുണ്ട്. മാതൃമരണ നിരക്ക് വെറും 19 ആണ്. ശിശുമരണനിരക്ക് ഒറ്റ അക്കമുള്ള ഏക വലിയ സംസ്ഥാനം കേരളമാണ്; ഇവിടുത്തെ നിരക്ക് 5 ആണ്, ദേശീയ ശരാശരി 25 ആണ്.
സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 649 എണ്ണവും (ഏകദേശം 78%) കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ (എഒഇ)വൈകുന്നേരം 6 മണി വരെ ഔട്ട്പേഷ്യന്റ് സേവനങ്ങൾ, ലാബ് സൗകര്യങ്ങൾ, ജീവിതശൈലീരോഗ ക്ലിനിക്കുകൾ, സമഗ്ര മാനസികാരോഗ്യ ചികിത്സയ്ക്കുള്ള സമ്പൂർണ്ണ മാനസികാരോഗ്യ പരിപാടി എന്നിവ ലഭ്യമാകുന്നു. 76 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. 2017-18 നും 2022-23 നും ഇടയിൽ 17 ജില്ലാ/ജനറൽ ആശുപത്രികളിൽ 14 എണ്ണത്തിലെയും, 43 താലൂക്ക് ആശുപത്രികളിൽ 15 എണ്ണത്തിലെയും, എല്ലാ 8 മെഡിക്കൽ കോളേജുകളിലെയും ഔട്ട്പേഷ്യന്റ് വിഭാഗങ്ങൾ നവീകരിച്ച് കൂടുതൽ രോഗീസൗഹൃദമാക്കി. കൂടാതെ, സംസ്ഥാനത്തിന്റെ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കി, ഇപ്പോൾ 25.9 ദശലക്ഷത്തിലധികം ആളുകളുടെ ഇലക്ട്രോണിക് ആരോഗ്യരേഖകളുള്ള രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ ആരോഗ്യ ഡേറ്റാബേസായി മാറി.

പൊതുവിദ്യാലയങ്ങൾ മാറി

പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ പുനരുദ്ധരിച്ചും പാഠ്യപദ്ധതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയും എല്ലാവർക്കും നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നു കേരളസർക്കാർ. സ്മാർട്ട് ക്ലാസ് മുറികൾ, വിക്ടേഴ്സ് ചാനൽ, നിർമ്മിതബുദ്ധി, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം, ഡിജിറ്റൽ പഠന സാമഗ്രികൾ എന്നിവ എല്ലാ സർക്കാർ സ്‌കൂളുകളിലും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. കിഫ്ബി ധനസഹായത്തോടെ ഹൈടെക് സ്‌കൂൾ പ്രൊജക്റ്റിന്റെ ഭാഗമായി 2016 നും 2019 നും ഇടയിൽ, 4,752 സെക്കൻഡറി സ്‌കൂളുകളിലെ 8 മുതൽ 12 വരെ യുള്ള 45,000 ക്ലാസ് മുറികളെ ഹൈടെക് ക്ലാസ് മുറികളാക്കി മാറ്റി. 2016 മുതൽ പൊതുവിദ്യാഭ്യാസ മേഖലയിൽ കിഫ്ബി അടക്കമുള്ള വിവിധ പദ്ധതികളുടെ ഭാഗമായി 5000 കോടി രൂപക്ക് മുകളിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഭാഗമായിട്ടാണ് നിരവധി അംഗീകാരങ്ങൾ കേരള വിദ്യാഭ്യാസമേഖലയെ തേടിവന്നത്.

nava kerala2ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം വർധിപ്പിക്കുന്നതിനായി സർക്കാർ വിവിധപദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയർന്നതിന്റെ തെളിവാണ് സ്‌കൂളുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളുടെ എണ്ണം വർധിച്ചതും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദേശ വിദ്യാർഥികളുടെ എണ്ണം വർധിച്ചതും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വളർച്ചയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാനസർക്കാർ സ്വകാര്യ സർവകലാശാല ബിൽ പാസാക്കുകയും, സ്വകാര്യ സർവകലാശാലയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്തെ പുരോഗതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒരു വൈജ്ഞാനിക സമ്പദ്ഘടനയാക്കാനാണ് ശ്രമം.

ഉന്നത വിദ്യാഭ്യാസ മേഖലയോടൊപ്പം തന്നെ, വ്യവസായങ്ങൾ, ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുടനീളം കൂടുതൽ സ്വകാര്യനിക്ഷേപം ആകർഷിക്കാൻ കേരളസർക്കാർ ഒരുങ്ങുകയാണ്. ഇതിനുള്ള ഉദാഹരണം ആണ് സംസ്ഥാനസർക്കാർ ആരംഭിക്കാൻ ലക്ഷ്യമിടുന്ന 50 സ്വകാര്യ വ്യവസായ പാർക്കുകൾ. അടിസ്ഥാന സൗകര്യ വികസനം, തൊഴിൽസാധ്യതകളും ഉൽപ്പാദനശേഷിയും വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സ്വകാര്യവ്യവസായ പാർക്കുകൾ ആരംഭിക്കുക.

വ്യവസായക്കുതിപ്പ്

നവകേരളത്തിന്റെ പുതുവഴിയിലെ വലിയ മാറ്റങ്ങളിൽ ഒന്നാണ് വ്യവസായ രംഗത്തുണ്ടായ കുതിപ്പ്. സർക്കാരിന്റെ വ്യവസായ സൗഹൃദനയമാണ് കേരളത്തെ ഈസ് ഓഫ് ഡൂയിങ് ബിസ്സിനസ്സ് ഇൻഡക്സിൽ ഒന്നാമത് എത്തിച്ചത്. എം.എസ്.എം.ഇ കളുടെ കാര്യത്തിലും കേരളം മാതൃകയാണ്. സംസ്ഥാനത്ത് ആരംഭിച്ച മൂന്ന് ലക്ഷത്തിലധികം സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളിൽ മൂന്നിലൊന്നും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണ്.
ഐ.ടി മേഖലയിലെ മുന്നേറ്റം കേരളത്തിന്റെ സാമൂഹിക, സാമ്പത്തികമേഖലയിലെ മുന്നേറ്റം കൂടിയാണ്. 2016-17 ൽ 85 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്പേസ് ഉണ്ടായിരുന്ന ടെക്നോപാർക്ക് തിരുവനന്തപുരത്തിന് നിലവിൽ 127.20 ലക്ഷം ചതുരശ്ര അടിയാണുള്ളത്. 370 കമ്പനികളും 51,860 ജീവനക്കാരും എന്നത് 490 കമ്പനികളും 75,000 ജീവനക്കാരുമായി വർധിച്ചു. ഐ.ടി കയറ്റുമതിയിലും ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. 2016-17 ലെ 5000 കോടി രൂപയിൽ നിന്നും 2024-25 ആയപ്പോഴേക്കും 13,255 കോടി രൂപയിലേക്ക് എത്തി.

nava kerala3

 

പശ്ചാത്തലസൗകര്യം വികസിപ്പിക്കുന്നതിന് ബജറ്റിനു പുറത്തുനിന്നും വിഭവങ്ങൾ കണ്ടെത്തുന്ന കിഫ്ബിയുടെ സാധ്യതകൾ സർക്കാർ നല്ലതുപോലെ ഉപയോഗപ്പെടുത്തി. ആരോഗ്യം, വിദ്യാഭ്യാസം, റോഡുകൾ, ഗതാഗതം, ജലസേചനം, ശുദ്ധജല വിതരണം, വൈദ്യുതി, തുറമുഖങ്ങൾ, ഡ്രെയിനേജ് തുടങ്ങിയ രംഗങ്ങളിൽ 86,170.24 കോടി രൂപയുടെ 1103 വിവിധ അടിസ്ഥാനസൗകര്യ വികസനപദ്ധതികളും ഭൂമി ഏറ്റെടുക്കൽ പദ്ധതികളും 2024 ആഗസ്റ്റ് വരെ മാത്രം കിഫ്ബി മുഖേന നടപ്പിലാക്കിയിട്ടുണ്ട്.

സ്ത്രീമുന്നേറ്റം

സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക മുന്നേറ്റം ഏറെ ശക്തമായ സംസ്ഥാനമാണ് കേരളം. ഇതിനുള്ള പ്രധാന കാരണം സ്ത്രീകൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസവും തുല്യതയും ആണ്. സ്ത്രീകൾ സാമ്പത്തിക പര്യാപ്തത നേടുന്നതിനുവേണ്ടി ആരംഭിച്ച കുടുംബശ്രീയിൽ മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളും 48 ലക്ഷം അംഗങ്ങളും ഉണ്ട്. ലോകത്തിനുതന്നെ മാതൃകയായ ഇത് ആഗോളതലത്തിൽതന്നെ ഏറ്റവും വലിയ ഒരു സ്ത്രീശാക്തീകരണ പ്രസ്ഥാനമാണ്. ആരോഗ്യവും സുരക്ഷിതത്വവും ആത്മവിശ്വാസവും ഉള്ള സ്ത്രീസമൂഹത്തെ വാർത്തെടുക്കാൻ ജൻഡർ ബഡ്ജറ്റിങ് പോലെയുള്ള നിരവധി സ്ത്രീപക്ഷ സമീപനങ്ങളും സംസ്ഥാനസർക്കാർ നടപ്പിലാക്കുന്നുണ്ട്.

nava kerala4

കേരളവികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതാണ് ജനകീയാസൂത്രണ പ്രസ്ഥാനം. സംസ്ഥാനം അധികാരം മാത്രമല്ല വിഭവങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുന്നു. സംസ്ഥാന ബജറ്റിന്റെ 25 ശതമാനത്തിലധികം അവയ്ക്ക് അനുവദിക്കുന്നുണ്ട്. കേന്ദ്രഫണ്ടുകളും അനുബന്ധ പദ്ധതികളും ഉൾപ്പെടുത്തുമ്പോൾ പ്രാദേശികതലത്തിലെ യഥാർഥ വിനിയോഗം ഏകദേശം 40 ശതമാനത്തോളം വരും.

സേവനങ്ങൾ ഉപഭോക്തൃസൗഹൃദമാക്കുക എന്നതും വളരെ പ്രധാനപ്പെട്ടതായിരുന്നു. സർക്കാർ സേവനങ്ങൾ സാധാരണക്കാരിലേക്ക് കാലതാമസമില്ലാതെ എത്തിക്കുന്നതിനൊപ്പം സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കുന്നു. സർട്ടിഫിക്കറ്റുകളും സേവനങ്ങളും ലഭ്യമാക്കാൻ കെ-സ്മാർട്ട്, ഇ- സേവനം തുടങ്ങിയ വെബ്സൈറ്റുകളിലൂടെ സൗകര്യം ഒരുക്കിയിരിക്കുന്നു. റവന്യുവകുപ്പ് നിരവധി സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കിയിരിക്കുകയാണിപ്പോൾ. ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമാണ് റവന്യു, രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം’.

കേരളത്തിന്റെ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം ടൂറിസത്തിന്റെ പങ്ക് വളരെ വലുതാണ്. ടൂറിസം മേഖലയിലെ സമഗ്രവും സുസ്ഥിരവും ആയ വികസനം ലക്ഷ്യമിട്ടു സർക്കാർ ഉത്തരവാദിത്വ ടൂറിസം പോലെയുള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. നവകേരള നിർമ്മിതിയുടെ മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു മാലിന്യമുക്ത നവകേരളം. ഈ ലക്ഷ്യത്തിലേക്ക് കേരളത്തെ നയിച്ചതിൽ പ്രധാനപങ്കുവഹിച്ച സംഘടനയാണ് ഹരിതകർമ്മസേന. മാലിന്യസംസ്‌കരണം ലക്ഷ്യമിട്ട് ഹരിതകർമ്മസേന നടത്തുന്ന പ്രവർത്തനങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലും ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, കുടുംബശ്രീ എന്നിവയുടെ മേൽനോട്ടത്തിലുമാണ് മുന്നോട്ടുപോകുന്നത്.

കേരളത്തിന്റെ സാമ്പത്തികരംഗവും ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കുകയാണ്. കേന്ദ്രവിഹിതത്തിൽ പെട്ടെന്നുണ്ടായ കുറവ് കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ, സാമ്പത്തികരംഗത്തെ പ്രധാനപ്രശ്നമായിരുന്ന കടം കുറയ്ക്കാനും നികുതി വരുമാനവും നികുതിയേതരവരുമാനവും ഉയർത്താനും കേരളസർക്കാരിന് കഴിഞ്ഞിട്ടുണ്ട്. നൈപുണിവികസനത്തിനും, കാലാവസ്ഥവ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും മറ്റ് സാമൂഹിക, സാസ്‌കാരിക, സാമ്പത്തിക രംഗത്തെ വളർച്ചക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി. ഇത് കേരളത്തിന്റെ നിലവിലുള്ള മുന്നേറ്റം നിലനിർത്തുന്നതിനും അതുവഴി വിവിധ മേഖലകളിൽ വളർച്ച കൊണ്ടുവരുന്നതിനും ഒരേസമയം സാമൂഹികസുരക്ഷ കൈവിടാതെ തന്നെ ശാസ്ത്രീയമായും ജനാധിപത്യപരമായും സമ്പദ്വ്യവസ്ഥയെ മാറ്റുന്നതിനും സുസ്ഥിരവികസനം കൊണ്ടുവരുന്നതിനും സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

Spread the love