ദ്വന്ദ്വങ്ങളിൽ കുടുങ്ങാത്ത ലിംഗനീതി

അനിഷ രുദ്രാണി
ഐപിആർഡി

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമൂഹിക ഏകീകരണത്തിനും അതുവഴി സാംസ്‌കാരികവും സാമ്പത്തികവുമായ ഉന്നമനം കൈവരിക്കുന്നതിനും പ്രാപ്തരാക്കുന്ന നിരവധി പദ്ധതികൾ നിലവിൽ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്നു.

ലൈംഗിക ന്യൂനപക്ഷത്തെ തീണ്ടാപ്പാടകലെ നിർത്തുകയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷ്യരെ ആണായും പെണ്ണായും മാത്രം കാണാൻ സാധിച്ചിരുന്നൊരു കാലത്തുനിന്നും സമൂഹത്തിൽ ദ്വന്ദ്വങ്ങളിൽ പെടാത്ത മനുഷ്യരുണ്ടെന്നും സാമൂഹികനീതിയും സംരക്ഷണവും അവരുടെകൂടി അവകാശമാണെന്നും ബോധ്യപ്പെടാൻ വർഷങ്ങളുടെ പരിശ്രമം വേണ്ടിവന്നു. അവകാശങ്ങൾക്കുവേണ്ടി അവർ മുറവിളികൾ കൂട്ടി, നിരന്തരം സമരം ചെയ്തു, കുടുംബത്തിലെയും സമൂഹത്തിലെയും കുറ്റപ്പെടുത്തലുകളെ അവഗണിച്ചു. നിരവധി പദ്ധതികളിലൂടെയും ബോധവൽക്കരണത്തിലൂടെയും സാമൂഹ്യനീതി വകുപ്പ് ട്രാൻസ്ജെൻഡർ സമൂഹത്തെ പൊതുസമൂഹത്തിന്റെ ഭാഗമാണെന്ന് അടയാളപ്പെടുത്തി. കേരള ട്രാൻസ്ജെൻഡർ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ലിംഗനീതിയും ലിംഗസമത്വവും അനുഭവിക്കാൻ കഴിയാതെപോകുന്ന വിഭാഗമെന്ന നിലയിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമൂഹിക ഏകീകരണത്തിനും അതുവഴി സാംസ്‌കാരികവും സാമ്പത്തികവുമായ ഉന്നമനം കൈവരിക്കുന്നതിനും പ്രാപ്തരാക്കുന്ന നിരവധി പദ്ധതികൾ നിലവിൽ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്നു.

ഭവന പദ്ധതി

പാർപ്പിടമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. സ്വന്തമായി ഭൂമിയുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വീടുനിർമ്മിക്കാൻ ധനസഹായം നൽകുക, ഭൂരഹിതരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ധനസഹായം നൽകുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.

anisha1

ക്രൈസിസ് ഇന്റർവെൻഷൻ സെൻറർ

ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന ലൈംഗിക-ശാരീരിക-മാനസിക അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനായി രൂപീകരിച്ചതാണ് ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ. ട്രാൻസ്ജെൻഡർ വ്യക്തികൾ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ നൽകപ്പെടുന്ന അടിയന്തരവും താത്ക്കാലികവുമായ പരിചരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാൻ ഈ പദ്ധതി സഹായിക്കും.

പ്രതിഭ പദ്ധതി

സംസ്ഥാന-ദേശീയ-അന്തർദേശീയ തലത്തിൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നതിന് പരിശീലനം നേടുന്നതിനും സൗന്ദര്യ മത്സരം, മറ്റ് കലാ-കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിനും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സാമൂഹ്യനീതി വകുപ്പ് ധനസഹായം അനുവദിക്കുന്നതാണ് പ്രതിഭ പദ്ധതി.

അനന്യം

ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാഭിരുചി തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നൽകി സർക്കാർ നടത്തുന്ന വിവിധ കലാപരിപാടികളിൽ കലാപ്രകടനത്തിന് അവസരം ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നൃത്തം, സംഗീതം, അഭിനയം, നാടോടികലകൾ, ഗോത്രകലകൾ എന്നിവയിൽ പ്രാവീണ്യവും വൈദഗ്ധ്യവുമുള്ള 30 ട്രാൻസ്ജെൻഡർ വ്യക്തികളെയാണ് ഈ പരിപാടിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

ഒട്ടേറെ ധനസഹായ പദ്ധതികൾ

പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സർവീസ്, യു.ജി.സി/നെറ്റ്/ജെ.ആർ.എഫ്, CAT/MAT തുടങ്ങിയ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്ന യത്നം പദ്ധതി, തൊഴിൽ പരിശീലനം നൽകുന്ന സാകല്യം പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന കരുതൽ പദ്ധതി, വിദൂരവിദ്യാഭ്യാസ സാമ്പത്തിക സഹായ പദ്ധതി, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനുള്ള സഫലം പദ്ധതി, സ്വയംതൊഴിൽ ധനസഹായം, സമന്വയ തുടർവിദ്യാഭ്യാസ പദ്ധതി, വിവാഹ ധനസഹായം, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നൽകുന്ന ധനസഹായം, സ്‌കോളർഷിപ്പ് തുടങ്ങി ധാരാളം പദ്ധതികൾ നിലവിൽ സർക്കാർ നടപ്പിലാക്കുന്നുണ്ട്.

Spread the love