ദേശീയനേട്ടങ്ങളിൽ കേരളം

2025 ഒക്ടോബർ 1

എഡിറ്റോറിയൽ >>

രാജ്യത്തിന് മാതൃകയായ, ഇതിനകം ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ അത്ഭുതാദരവുകളോടെ ചർച്ച ചെയ്തുകൊണ്ടിരി ക്കുന്ന, ഒരു മഹത്തായ നേട്ടം കേരളപ്പിറവി ദിനത്തിൽ കൈവരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനം. അതിദാരിദ്യമുക്തമായ ആദ്യ ഇന്ത്യൻ സംസ്ഥാനമെന്ന പദവി. പലവിധ കാരണങ്ങളാൽ സമൂഹത്തിന്റെ അരികുകളിലേക്ക് പുറന്തള്ളപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കാനുള്ള കേരളസർക്കാരിന്റെ നയസമീപനത്തിന്റെ വിജയമാണ് ഈ നേട്ടം. ഇതുപോലെ ഭാവികേരളത്തെ മുന്നിൽകണ്ട്, രാജ്യത്തുതന്നെ ആദ്യമായി നടപ്പാക്കുന്ന പല മാതൃകാനയങ്ങളും പദ്ധതികളും സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. അവയിൽ സുപ്രധാനമായ ഒന്നാണ് വയോജനകമ്മിഷൻ രൂപവൽക്കരിച്ചത്. രാജ്യത്തെ ആദ്യ വയോജനകമ്മിഷൻ സെപ്റ്റംബറിൽ നിലവിൽ വന്നിരിക്കുകയാണ്. വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അവരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകുന്നതിനും സിവിൽ കോടതിയുടെ അധികാരങ്ങളുള്ള കമ്മിഷന് സാധിക്കും. വയോജന ജനസംഖ്യ ഏറിവരുന്ന കേരളത്തിന് നിർണ്ണായകമായ നടപടിയാണ് വയോജനകമ്മിഷൻ രൂപവൽക്കരണം. അതുപോലെ തന്നെ പ്രസക്തവും മാതൃകാപരമായതുമാണ് സംസ്ഥാനം രൂപവൽക്കരിച്ച വയോജനനയം.

ഇതിനൊക്കെ പുറമെയാണ് സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാനുതകുന്ന ശ്രദ്ധേയമായ പുതിയ നടപടി സർക്കാർ സ്വീകരിച്ചത്. ‘സിഎം വിത്ത് മി’ അഥവാ’മുഖ്യമന്ത്രി എന്നോടൊപ്പം’. പൊതുജനങ്ങളും സംസ്ഥാന സർക്കാരുമായുള്ള വിനിമയങ്ങൾ കൂടുതൽ സുതാര്യവും ജനകീയമാക്കുന്നതിനുള്ള സിറ്റിസൺ കണക്ട് സെന്റർ. ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും സർക്കാരിനെ അറിയിക്കാനും സമയബന്ധിതമായി പരിഹരിക്കാനും ഇതുവഴി സാധിക്കും. നവകേരളം സാധ്യമാക്കുന്നതിനുള്ള പാതയിൽ ഏറെ മുന്നോട്ടു പോയ കേരളത്തെയാണ് ഇവയെല്ലാം കാട്ടിത്തരുന്നത്. പാർപ്പിടം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിര പ്രകൃതിസൗഹൃദ വികസനം എന്നീ മേഖലകളിലെല്ലാം വിവിധ വെല്ലുവിളികൾക്കിടയിലും കേരളം കൈവരിച്ച നേട്ടങ്ങൾ, ചുരുക്കത്തിൽ അറിയാനുതകുന്നതു കൂടിയാണ് ഈ ലക്കം സമകാലിക ജനപഥം.

 ടി വി സുഭാഷ് ഐ എ എസ്
എഡിറ്റർ

                                                                                                                                                                                                                                                                       

 

Spread the love