ദൃശ്യോത്സവത്തിന് മൂന്ന് പതിറ്റാണ്ട്

December 2025

 

മുപ്പതാമത് കേരള അന്തർദേശീയ ചലച്ചിത്രോത്സവത്തിന് വീണ്ടും വേദിയൊരുങ്ങുകയാണ്. വിവിധ നാടുകളിൽനിന്നുള്ള ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും മികച്ച സിനിമകൾ ആസ്വദിക്കാനും ചർച്ച ചെയ്യാനുമായി ഒത്തുചേരുന്നു.

ചെറിയതോതിൽ 1994ൽ കോഴിക്കോട് ആരംഭിച്ച മേള മുപ്പതാം വർഷത്തിലെത്തിനിൽക്കുമ്പോൾ ദേശീയ, രാജ്യാന്തരചലച്ചിത്രോത്സവങ്ങളുടെ ഇടയിൽ പ്രമുഖമായ ഇടം നേടിയെന്നത് അഭിമാനകരമാണ്. ആഗോളതലത്തിലെ പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളെ അപേക്ഷിച്ച് എത്രയോ ചെറിയ ബജറ്റിൽ നടത്തുന്നതാണെങ്കിലും രാജ്യാന്തരതലത്തിൽതന്നെ ചലച്ചിത്രകാരരുടെ ഇടയിൽ ആദരം നേടാൻ ഐഎഫ്എഫ്‌കെയ്ക്ക് ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ജനകീയതയാണ് നമ്മുടെ ചലച്ചിത്രോത്സവത്തിന്റെ പ്രധാന സവിശേഷത. പാസ് മുേഖനയാണെങ്കിലും നല്ല സിനിമയെ സ്‌നേഹിക്കുന്ന പരമാവധി കാണികൾക്ക് ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ ഇവിടെ അവസരമുണ്ട്. ഡിസംബർ 12-മുതൽ 19 വരെ നടക്കുന്ന ഈ വർഷത്തെ ചലച്ചിത്രോത്സവത്തിൽ 13000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നു. വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന മേള കാണാനാകുന്നു. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ സിനിമകൾക്ക് മാത്രമായുള്ള മത്സരവിഭാഗമാണ് കേരള ചലച്ചിത്രോത്സവത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊന്ന്.

മുപ്പതാമത് മേളയോടനുബന്ധിച്ച സമകാലിക ജനപഥം പ്രത്യേക ചലച്ചിത്രോത്സവപ്പതിപ്പ് പ്രസിദ്ധീകരിക്കുകയാണ്. നടൻ മധു, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, സാന്ത്വന ബർദലോയ് തുടങ്ങിയവരുമായുള്ള അഭിമുഖങ്ങൾ, മേളയുടെ മുപ്പത് വർഷം സംബന്ധിച്ച അനുഭവക്കുറിപ്പുകൾ, ഋത്വിക് ഘട്ടക് അനുസ്മരണം തുടങ്ങിയവ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ടി വി സുഭാഷ് ഐ എ എസ്
എഡിറ്റർ

Spread the love