തെയ്യത്തിന്റെ സംസ്‌കാരപശ്ചാത്തലം

Raghavan1

 

 

 

 

 

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. വൈവിധ്യപൂർണ്ണമായ പ്രകൃതിയും സംസ്‌കാരവും. മലകൾ, മലകൾക്ക് താഴെ കുന്നുകൾ അതിനു കീഴെയായി കസവ് ഉടുപ്പിച്ചത് പോലെയുള്ള തീരദേശസമതലം. തെക്കൻ കേരളത്തിന്റെ പ്രകൃതിയല്ല മധ്യകേരളത്തിന്റേത്‌. മധ്യകേരളത്തിന്റേതല്ല ഉത്തരകേരളത്തിന്റേത്‌. പ്രകൃതി നൽകിയ ആവാസവ്യവസ്ഥകൾക്കകത്താണ് സമൂഹങ്ങൾ ജീവിക്കുന്നത്. കടലോരത്തിന്റെ ആവാസവ്യവസ്ഥയല്ല മലയോരത്തിന്റേത്‌. ആവാസവ്യവസ്ഥയ്ക്കകത്ത് ജീവിക്കുന്ന മനുഷ്യൻ അതത് ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ജീവിതം കെട്ടിപ്പടുക്കുന്നത്. കടലിനോട് മല്ലിട്ട് മത്സ്യം പിടിച്ചു ജീവിക്കുന്ന മുക്കുവസമുദായം അതിനനുസൃതമായ സാമൂഹ്യ-രാഷ്ട്രീയവ്യവസ്ഥകൾ സൃഷ്ടിക്കുന്നു. അതുപോലെ ഇതര ആവാസവ്യവസ്ഥകൾക്കകത്ത് ജീവിക്കുന്നവർ അതിനനുസരിച്ചും. കാട്ടിനകത്ത് പ്രകൃതിയോടും മൃഗങ്ങളോടും സമരസപ്പെട്ട് ജീവിക്കുന്ന ആദിവാസിസമൂഹങ്ങൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അതിനനുസൃതമായ വ്യത്യസ്തങ്ങളായ വ്യവസ്ഥകൾ സൃഷ്ടിച്ചിട്ടുണ്ട്. മുപ്പത്തഞ്ചോളം ആദിവാസിസമൂഹങ്ങൾ കേരളത്തിലുണ്ട്. ഈ ഓരോ ആദിവാസിസമൂഹവും സംസ്‌കാരം കൊണ്ട് ഒന്നിനൊന്ന് വ്യത്യസ്തമാണ്.

theyyam3ഈ രീതിയിൽ സ്വതന്ത്രമായി ജീവിച്ചുതന്നെ കേരളീയ സമൂഹങ്ങളുടെ മേൽ വ്യത്യസ്തങ്ങളായ അധികാരക്രമങ്ങൾ പല കാലഘട്ടങ്ങളിലായി വന്നുവീഴുന്നു. മുകളിൽ രാജാവും അതിനു കീഴെയായി നാടുവാഴികളും നാടുവാഴികൾക്ക് കീഴിൽ ജന്മിമാരും ജന്മിക്ക് കീഴിൽ കുടിയാൻ/ പാട്ടക്കാരനും എന്ന രീതിയിലേക്കുള്ള ഫ്യൂഡൽ വ്യവസ്ഥ ഏതാണ്ട് സമാനമായ രീതിയിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നിലനിന്നുവന്നു. അടുത്തകാലം വരെ പ്രധാനപ്പെട്ട ജീവനോപായ കൃഷിയായിരുന്നു നെല്ലും നാളികേരവും. വിദേശസംസ്‌കാരങ്ങളെയും വിദേശ ആധിപത്യത്തെയും മാടിവിളിച്ച നാണ്യവിളകളും ഉണ്ടായിരുന്നു.

സംഘകാലത്തിന്റെ തുടർച്ചയായിരുന്നു കേരളീയ ജീവിതം. പിൽക്കാലത്ത് കിഴക്കുനിന്ന് സഹ്യപർവതം കടന്നും വടക്കുനിന്ന് കടൽ മാർഗവും പല കാലഘട്ടങ്ങളിലായി വ്യത്യസ്ത സമൂഹങ്ങൾ, ബ്രാഹ്‌മണർ ഉൾപ്പെടെ കേരളത്തിലേക്ക് കുടിയേറുകയുണ്ടായി. ഈ സമൂഹങ്ങളുമായി കൊണ്ടും കൊടുത്തും ഏറ്റുമുട്ടിയും സമരസപ്പെട്ടാണ് കേരളീയ സമൂഹം പുനർനവീകരിക്ക പ്പെട്ടുകൊണ്ടിരുന്നത്. ആവാസവ്യവസ്ഥയ്ക്കകത്ത് പല പാളികളിലായുള്ള അധികാരക്രമത്തിനു കീഴിൽ ഓരോ ചെറുസമൂഹവും അവരുടേതായ ജീവിതം നെയ്തെടു ക്കുകയായിരുന്നു.

ഭൗതികമായ അവസ്ഥ മാത്രമല്ല ജീവിതത്തിനുള്ളത്. ഭൗതികജീവിതത്തിന് അനുകൂലമായ ഒരു ഭൗതികേതരമായ ജീവിതവും സമാന്തരമായി സൃഷ്ടിക്കപ്പെടും. സ്വന്തം ഇച്ഛകൾക്കനുസൃതമായിട്ടല്ല പ്രകൃതിയും ജീവിതവും നിർണ്ണയിക്കപ്പെടുന്നത് എന്ന ബോധ്യം ഭൗതികേതരശക്തികളുടെ സഹായത്തോടെ ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള ശ്രമം നടത്താൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു. അങ്ങനെയാണ് ആദ്യം മന്ത്രവാദവും പിന്നീട് മതവും സൃഷ്ടിക്കപ്പെടുന്നത്. ഭൗതികേതരശക്തികളെ മന്ത്ര -തന്ത്രങ്ങളിലൂടെ വരുതിയിലാക്കി തന്റെ ഇച്ഛയ്ക്കൊത്ത് പ്രവർത്തിപ്പിക്കുക എന്നതാണ് മന്ത്രവാദം. അതിന്റെ ഭാഗമായി ബാധോച്ചാടനവും നടക്കാം. ഇതിൽനിന്ന് തീർത്തും ഭിന്നമായി ഭൗതികേതരശക്തികളുടെ മുന്നിൽ പൂർണ്ണമായും കീഴ്‌പ്പെട്ട് അതിനെ സന്തോഷിപ്പിച്ചിട്ട് തനിക്ക് അനുകൂലമായ രീതിയിൽ ഭൗതികാവസ്ഥകളെ നിയന്ത്രിക്കുക എന്നതാണ് മതം. മനുഷ്യന്റെ അഹങ്കാരത്തിന് കാതലായി പ്രവർത്തിക്കുന്ന കൈയും കാലും അഭൗമശക്തിയുടെ മുന്നിൽ പൂർണ്ണമായും സമർപ്പിക്കുക എന്നതാണ് ഏതൊരു മതവും ചെയ്യുന്നത്. മുട്ടുകുത്തുന്നതും കൈകൂപ്പുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. കേരളത്തിലെ അനുഷ്ഠാന കലകളൊക്കെ മേൽവിവരിച്ച രീതിയിലുള്ള മതത്തിന്റെയും മന്ത്രവാദത്തിന്റെയും ചേരുവകൾ ആണ്. തെയ്യവും അതിൽനിന്ന് ഭിന്നമല്ല. എന്തിനേറെ ക്ഷേത്രോപചാരങ്ങൾ പോലും ഈ രണ്ടിന്റെയും മേളനമാണ്. തെയ്യത്തിൽ മന്ത്രമൂർത്തികളായ ദേവതകൾ തന്നെയുണ്ട്‌. പൊട്ടൻ, കുറത്തി, ഭൈരവൻ, കുട്ടിച്ചാത്തൻ തുടങ്ങിയവ. എങ്കിലും ആത്യന്തികമായി തെയ്യം എന്നത് ഉത്തരകേരളത്തിന്റെ ദേശിയായ മതം തന്നെയാണ്.

പുരാവൃത്തങ്ങളും
അനുഷ്ഠാനങ്ങളും
ജീവിതസന്ദർഭങ്ങളും

ഉത്തരകേരളത്തിൽ നാനൂറിലേറെ തെയ്യങ്ങളുണ്ട്. ഇവയൊക്കെ വ്യത്യസ്തങ്ങളായ സമുദായങ്ങൾ കൊണ്ടാടുന്നവയുമാണ്. ഓരോ ദൈവവും അതത് സമുദായത്തിന്റെ സാമൂഹിക ജീവിത യാഥാർഥ്യത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ഉദാഹരണത്തിന് വയനാട്ടുകുലവൻ തീയരുടെ കുലദൈവമാണ്. മുച്ചിലോട്ട് ഭഗവതി വാണിയസമുദായത്തിന്റെ ഭഗവതിയാണ്. കണ്ണങ്ങാട്ട് ഭഗവതി യാദവസമുദായത്തിന്റെയും പുലിമറഞ്ഞ തൊണ്ടച്ചൻ പുലയരുടെയും തെയ്യം ആണ്. വേട്ടയ്ക്കൊരു മകൻ നായന്മാരുടെ ദേവതയാണ്. ഈ രീതിയിൽ ഓരോ ദൈവവും ഓരോ സമുദായവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതല്ലാതെ എല്ലാ സമുദായങ്ങളും ഒരുപോലെ കൊണ്ടാടുന്ന തെയ്യങ്ങളും ഉണ്ട്. ഇവയുടെയൊക്കെ പുരാവൃത്തങ്ങളും അനുഷ്ഠാനങ്ങളും പരിശോധിച്ചാൽ വ്യത്യസ്തങ്ങളായ ചരിത്രസന്ദർഭങ്ങളിൽ ആണ് ഇവ ഉത്ഭവിച്ചതും പിൽക്കാലത്ത് പ്രചരിച്ചുവന്നതും എന്ന് കാണാം. ഉദാഹരണത്തിന് തീയ്യർ ഒരു സമുദായമായി രൂപപ്പെടുന്നതിന് കാരണമായി തീർന്നത് വയനാട്ടുകുലവൻ തെയ്യം ആണ്. സാമൂതിരിയും കോലത്തിരിയും തമ്മിലുള്ള ബന്ധത്തിന്റെ ഫലമായിട്ടാണ് ബാലുശ്ശേരിയിലെ വേട്ടയ്ക്കൊരു മകൻ കോലത്ത് നാട്ടിൽ എത്തുന്നതും നായർ, നമ്പ്യാർ തുടങ്ങിയ സമുദായത്തിന്റെ തെയ്യമായി പ്രചാരം ലഭിക്കുന്നതും. കീഴാളനായ പുലയൻ അധികാരത്തിന് കീഴ്പ്പെട്ട് നാടുവാഴികൾക്ക് കീഴ്‌പ്പെട്ട് ജീവിക്കുമ്പോൾ അധികാരത്തെ ചോദ്യം ചെയ്യാവുന്ന രീതിയിൽ അറിവ് കരസ്ഥമാക്കുമ്പോൾ രക്തസാക്ഷി ആകേണ്ടിവരും. അങ്ങനെയാണ് പുലിമറഞ്ഞ തൊണ്ടച്ചൻ ഉണ്ടാവുന്നത്. മേൽവിവരിച്ച രീതികളുടെ വ്യത്യസ്തങ്ങളായ ചരിത്ര സന്ദർഭങ്ങളെ വിശദീകരിക്കാൻ അല്ല ഈ പ്രബന്ധം കൊണ്ട് ഉദ്ദേശിക്കുന്നത്. തെയ്യം എന്ന ഒരു സാംസ്‌കാരിക ജനുസ്സ് ഉത്തരകേരളത്തിൽ മാത്രമായി എങ്ങനെ രൂപപ്പെട്ടുവന്നു എന്ന് വിസ്തരിക്കാനാണ്.

theyyam2സ്വയം ഒന്നും ഉൽപ്പാദിപ്പിക്കാതെ പ്രകൃതിക്കകത്ത് അതിന് വിധേയമായി ജീവിച്ച കാലഘട്ടത്തെ മറികടന്ന് കൂട്ടായി ജീവിക്കുകയും ഉൽപ്പാദന പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തുവന്ന ഒരു കാലഘട്ടം മറ്റെല്ലാ സമൂഹങ്ങൾക്കും ഉണ്ടായിരുന്നത് പോലെ ഉത്തരകേരളത്തിനും ഉണ്ടായിരുന്നു. ചെറിയ ചെറിയ നാടുകളിലായി ജീവിതം കരുപ്പിടിപ്പിച്ചിരുന്ന കാലഘട്ടം. കൃഷിയും കന്നുകാലി വളർത്തലും ആയിരുന്നു ജീവനോപായം. ആ കാലഘട്ടത്തിലാണ് കന്നുകാലികളുടെ സംരക്ഷകനായ ‘കാലിച്ചാൻ തെയ്യം’ ഒക്കെ ഉണ്ടാകുന്നത.് ഈ ജീവിത സാഹചര്യത്തിൽ സമൂഹത്തിന് നേരെ വരുന്ന കന്നുകാലികളെ കട്ടുകൊണ്ടുപോവുക തുടങ്ങിയ അവസ്ഥകൾ സംഭവിക്കാറുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ അതിനെ സധൈര്യം നേരിട്ട് സമൂഹത്തിന്റെ രക്ഷാപുരുഷ നായി തീരുന്ന വ്യക്തികളെ വീരപദവിയിലേക്ക് ഉയർത്തിയിരുന്നു. അവരെ ഓർമ്മിക്കുന്നതിനും വർഷത്തിൽ ഒരു തവണ ആദരിക്കുന്നതിനുവേണ്ടി വീരക്കല്ലുകൾ നാട്ടിയിരുന്നു. ഇത്തരം വീരക്കല്ലുകൾ കേരളത്തിന്റെ എല്ലാ ഭാഗത്തും കർാടകത്തിന്റെ തീരപ്രദേശങ്ങളിലും ധാരാളമായി കണ്ടുവരുന്നു. ഈ വീരാരാധനയുടെ തുടർച്ചയായാണ് തെയ്യം എന്ന അനുഷ്ഠാനം. ഈ കാര്യം ഡോക്ടർ കെ കെ എൻ കുറുപ്പ് അദ്ദേഹത്തിന്റെ ‘The cult of Theyyam and Hero Worship” എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

വീരപുരുഷനെ ഓർക്കുന്നതിന് ഒരു കല്ല് നാട്ടുക എന്ന രീതി പിൽക്കാലത്ത് വീരന്റെ രൂപം കരിങ്കല്ലിൽ കോറി യിടുക എന്നതിലേക്ക് വളർന്നതായി കാണാം. ഇത്തരം വീരക്കല്ലുകൾ കേരളത്തിന്റെ പലഭാഗത്തും കണ്ടെത്തി യിട്ടുണ്ട്. ഈ കല്ലിനു മുന്നിൽ സമൂഹത്തിന്റെ ആളുകൾ വർഷത്തിൽ ഒരു തവണ ഒത്തുകൂടുകയും പലവിധത്തി ലുള്ള അനുഷ്ഠാനങ്ങൾ നടത്തുകയും ചെയ്തതായി പറയപ്പെടുന്നു. സംഘകാലത്തെ കുരവൈകൂത്തും വേലൻ വെറിയാടലുമൊക്കെ ഇതിന്റെ തുടർച്ചയാണ്.

കളമെഴുത്ത് പാരമ്പര്യം

ഇതിന്റെ അടുത്തഘട്ടം ഭൗതികേതര ശക്തികളെ പൊടികൾ ഉപയോഗിച്ച് പ്രതീകാത്മകമായോ അവയുടെ തനതായ രൂപ ത്തിലോ വരയുക എന്നതാണ്. ഇതാണ് കേരളത്തിലങ്ങോളമിങ്ങോളം കാണുന്ന കളമെഴുത്ത് പാരമ്പര്യം. ആദിവാസി സമൂഹം തൊട്ട് ബ്രാഹ്‌മണരിൽ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന തന്ത്രിമാർ വരെ ഈ പാരമ്പര്യം തുടരുന്നുണ്ട്. ജാതിവ്യത്യാസം അനുസരിച്ച് കളത്തിന്റെ സ്വഭാവത്തിലും രൂപത്തിലും വ്യത്യാസം വരുന്നുണ്ട്. ആദിവാസി സമൂഹങ്ങൾ കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലാണ് കളം വരയ്ക്കുന്നത്. ഏതെങ്കിലും ദേവതയുടെ രൂപം അതേ രീതിയിൽ വരയുകയല്ല ചെയ്യുന്നത്. ജ്യാമിതീയ രൂപങ്ങളിലൂടെയുള്ള പ്രതീകവൽക്കരണം ആണ് നടത്തുന്നത്. കേരളത്തിലെ കീഴ്ജാതിക്കാരായിരുന്നവരുടെ കളങ്ങളിൽ കറുപ്പ്, വെളുപ്പ് എന്നിവയ്ക്ക് പുറമേ മഞ്ഞയും കടന്നുവരുന്നതായി കാണാം. മധ്യവർഗത്തിൽപ്പെടുന്ന ജാതികൾ ഉപയോഗിക്കുന്ന കളങ്ങളിൽ വെളുപ്പ്, കറുപ്പ്, പച്ച, ചുവപ്പ്, മഞ്ഞ എന്നീ പഞ്ചവർണ്ണങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ചുവപ്പിനാണ് പ്രാമുഖ്യം. ബ്രാഹ്‌മണരടക്കമുള്ള വരേണ്യ വർഗങ്ങളുടെ കളങ്ങളിൽ പഞ്ചവർണ്ണങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. എങ്കിലും പ്രാമുഖ്യം മഞ്ഞയ്ക്കാണെന്ന് കാണാം.

8ഈ കളങ്ങളൊക്കെ തന്നെ ഭൗതികേതര ശക്തികൾക്ക് പ്രത്യക്ഷപ്പെടാനുള്ള ഇടമാണ്. അതിലേക്ക് ഭൗതികേതര ശക്തികൾ ആകർഷിക്കപ്പെടുകയും ഒടുവിൽ അതിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ദീർഘമായ അനുഷ്ഠാനങ്ങൾക്കൊടുവിലാണ് സാന്നിധ്യം കളത്തിൽ ഉണ്ടാകുന്നത്. കളത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അതിനെ സന്തോഷിപ്പിച്ച് പറഞ്ഞയക്കുകയാണ് പതിവ്. പിന്നീട് കളത്തിലേക്ക് തിരിച്ചുവരാതിരിക്കാൻ വെളിച്ചപ്പാട് നൃത്തച്ചുവടിലൂടെ മായ്ച്ച്കളയുകയും ചെയ്യും.

ഒരുതരത്തിൽ നേരത്തെ വിവരിച്ച മന്ത്രവാദ സ്വഭാവത്തിലുള്ള ആരാധനാക്രമമാണ് ഇത്. ദേവതയെയോ മരിച്ചുപോയ വീരന്മാരുടെ അഭൗമശക്തിയേയോ അനുഷ്ഠാന പ്രക്രിയ യിലൂടെ വിളിച്ചുവരുത്തുന്നതാണ് ഇതിന്റെ തന്ത്രം. കേരളത്തിൽ തെക്ക് മുതൽ വടക്ക് വരെയുള്ള അനുഷ്ഠാനമാണ് കളമെഴുത്ത് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഈ ആരാധനാരീതി നിലനിന്നിരുന്ന സമൂഹത്തിലേക്കാണ് വീരാരാധന കടന്നുവരുന്നത്‌. അന്നുവരെ വീരാരാധനയ്ക്ക് സ്വീകരിച്ചുവന്ന രീതിയോട് കളമെഴുത്ത് പാരമ്പര്യം സമ്മേളിക്കുകയും വീരാരാധന അതിനെ ഉൾച്ചേർക്കുകയും ചെയ്തു. അങ്ങനെ കളമെഴുത്തു പാരമ്പര്യം വീരാരാധനയുടെ ഭാഗമായി തീർന്നു. അങ്ങനെയാണ് വേട്ടയ്ക്കൊരുമകന് കളം ഉണ്ടാകുന്നത് കല്ലാറ്റ കുറുപ്പന്മാർ വേട്ടയ്ക്കൊരു മകന്റെ കളം വരയുകയും കളത്തിലേക്ക് ആവാഹിച്ച് വരുത്തുകയും വെളിച്ചപ്പാടിന്റെ നേതൃത്വത്തിലൂടെ മായ്ച്ചുകളയുകയും ചെയ്യുന്നതായി കാണാം.

കളമെഴുത്തിന് ആധാരം മൂന്നു തരത്തിലുള്ള ഭൗതികേതരശക്തികളാണ്. ഒന്ന് ഭഗവതി അഥവാ ഭദ്രകാളി. രണ്ട് മരിച്ച് വീരന്മാരായി തീർന്നവർ. അതിന് ഉദാഹരണങ്ങളാണ് വേട്ടയ്ക്കൊരു മകനും ശാസ്താവുമൊക്കെ. മൂന്ന് ദ്രോഹകാരികൾ ആവാൻ സാധ്യതയുള്ള ഭൗതികേതരശക്തികൾ. അതിന് ഉദാഹരണങ്ങളാണ് യക്ഷി, ഗന്ധർവൻ, മാടൻ, കരുകലക്കി തുടങ്ങിയവ. കളമെഴുത്തു പാരമ്പര്യത്തിൽ ഒരു സവിശേഷമായ ഘട്ടത്തിൽ നേരത്തെ വിവരിച്ച വീരാരാധന അതിലേക്ക് കടന്നുവന്നു എന്ന് വേണം തെളിവുകളുടെ പിൻബലത്തോടെ അനുമാനിക്കാൻ.

വീരാരാധനയുടെ വികാസം

കേരളത്തിലെ വീരാരാധനയുടെ വികാസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് ഇത്. അനുഷ്ഠാനകലയുമായി ഇഴ ചേരുന്ന അവസരമാണ് ഇത്. അതുവരെ കല്ലിനുമുന്നിൽ (വീരക്കല്ല്)സ്മരണ പുതുക്കിയ സമൂഹം പ്രതീകാത്മകമായോ യഥാർഥമായ രൂപത്തിലോ വരഞ്ഞുണ്ടാക്കുന്ന വീരന്റെ രൂപത്തിലേക്ക് വീരനെ ആനയിക്കുന്ന ചടങ്ങിലേക്ക് അത് നീങ്ങുകയാണ്. കോറി വരഞ്ഞ വീരന്റെ രൂപത്തിൽ നിന്ന് പഞ്ചവർണ്ണത്തിലൂടെ വരഞ്ഞെടുക്കുന്ന വീരന്റെ ദ്വിമാനമായ ചിത്രത്തിലേക്കാണ് അത് വികസിച്ചു വന്നത്. ശാസ്താവിന്റെയും വേട്ടയ്ക്കൊരു മകന്റെയും ദൈവികപരിവേഷമുള്ള രൂപത്തിലേക്കാണ് അത് പരിവർത്തി ക്കപ്പെട്ടത്.

കേരളത്തിന്റെ അതിപ്രാചീനമായ ദേവതാസങ്കല്പം കാളിയാണ്. അതിന്റെ രൂപത്തെക്കുറിച്ചും വർണ്ണത്തെക്കുറിച്ചും കേരളീയമനസ്സ് ചില സങ്കല്പങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌. അതാണ് കളമെഴുത്തിലൂടെ പ്രത്യക്ഷവൽരിക്കപ്പെട്ടത്. ആ രൂപവർണ്ണ സങ്കൽപത്തെത്തന്നെയാണ് കളമെഴുത്ത് എന്ന് അനുഷ്ഠാന പ്രക്രിയയിലൂടെ അവതരിക്കപ്പെടുന്ന എല്ലാ ഭൗതികേതര ശക്തികൾക്കും നൽകപ്പെട്ടിരിക്കുന്നത്. ഗന്ധർവനായാലും നാഗമായാലും യക്ഷിയായാലും ആവിഷ്‌കരിക്കപ്പെടുന്ന രൂപത്തിന്റെ കമ്മട്ടം ഒന്ന് തന്നെയാണെന്ന് കാണാം. അതുകൊണ്ടാണ് വീരാരാധനയുടെ ഭാഗമായ ഒരു വീരൻ കളമെഴുത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അതിന്റെ രൂപകല്പനയെ അനുസരിക്കാൻ ഇടയാകുന്നത്.

പഞ്ചവർണ്ണപ്പൊടികളാൽ ആലേഖനം ചെയ്യപ്പെടുന്ന ദ്വിമാനസ്വഭാവമുള്ള ചിത്രമാണ് കളമെഴുത്തിലെ വീരന്മാർക്ക് ഉള്ളത്. ഇത് വീരന്റെ അഭൗമശക്തിക്ക് പ്രത്യക്ഷപ്പെടാനുള്ള ഇടമാണ്. കളത്തിലേക്ക് ശക്തിയെ പ്രത്യക്ഷപ്പെടുത്തുക എന്നത് ആദിവാസിസമൂഹത്തിൽ പ്രബലമാണ്. ഇത് കാളിക്ക് കളം ഉണ്ടാവുന്നതിന് മുന്നേ തന്നെ ‘കളമെഴുത്ത് പാരമ്പര്യം’ കേരളത്തിൽ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. ആ പാരമ്പര്യം സമൂഹത്തിന്റെ സാംസ്‌കാരികമായ വികാസത്തിന്റെ സവിശേഷഘട്ടത്തിൽ കാളിയുടെ ആരാധനാരീതിയിലും സന്നിവേശിക്കപ്പെട്ടു എന്ന് കരുതുന്നതിനാണ്, ന്യായം. ഇതേ സംസ്‌കാരത്തിന്റെ വിതാനത്തിലേക്കാണ് വീരാരാധനയും പ്രവേശിക്കുന്നത്. അങ്ങനെ ഭൗതികേതരശക്തികളെ ആവാഹിച്ച് പ്രത്യക്ഷപ്പെടുത്തുക എന്ന തന്ത്രം വീരാരാധനയുടെ ഭാഗമായിത്തീർന്നു. കളമെഴുത്ത് എന്ന ദ്വിമാന ചിത്രകലാപദ്ധതി കാളി, മാന്ത്രിക ശക്തികൾ, വീരൻ എന്നീ ഭൗതികേതരശക്തികളുടെ ആരാധനാക്രമം സ്വീകരിച്ചതായിട്ടാണ് ഇതുവരെ വിവരിച്ചത്. ഇവയിൽ മാന്ത്രികശക്തികൾ ഒഴിച്ച് മറ്റു രണ്ടിനും അനുഷ്ഠാനത്തിന്റെ ഭാഗമായി വെളിച്ചപ്പാട് ഉള്ളതായി കാണാം. കളത്തിലൂടെ അഭൗമശക്തി വെളിച്ചപ്പാടിലേക്ക് എത്തുകയും അനുഷ്ഠാനാവസാനത്തിൽ വെളിച്ചപ്പാട് തന്നെ കളം മായ്ക്കുകയും ചെയ്യും. അതിനുശേഷം വെളിച്ചപ്പാടിൽ നിന്ന് ശക്തി മോചിക്കപ്പെടുകയും ചെയ്യും. നാഗക്കളത്തിന്റെയും ഇതര മാന്ത്രികശക്തികളുടെയും കാര്യത്തിൽ പലപ്പോഴും നോറ്റിരിക്കുന്നവരുടെ ശരീരത്തിലേക്ക് ശക്തി ആവേശിക്കുകയും അവരുടെ ബോധം നഷ്ടപ്പെടുന്നതോടുകൂടി അരങ്ങു വിടുകയും ചെയ്യുന്നു.

theyyam5എന്നാൽ തെയ്യം എന്ന അനുഷ്ഠാന പാരമ്പര്യത്തിൽ സംഭവിക്കുന്നത് നേരത്തെ വിവരിച്ച തിന്റെ തുടർച്ചയായ മറ്റൊന്നാണ്. ഒരു ദ്വിമാന ചിത്രണ സ്വഭാവത്തിൽ നിന്ന് ത്രിമാനസ്വഭാവത്തിലുള്ള ജീവനുള്ള മനുഷ്യൻ തന്നെ ദേവതാരൂപമായിത്തീരുകയാണ്. കളമെഴുതി അതിലേക്ക് ദേവതയെ ആവാഹിക്കുന്ന രീതിയല്ല തെയ്യത്തിൽ ഉള്ളത്. അനുഷ്ഠാനങ്ങളുടെ ദീർഘമായ പരമ്പരയുടെ ഒടുവിൽ ദേവത കോലക്കാരനിലേക്ക് (കോലം കെട്ടിയ ആൾ) പ്രവേശിക്കുകയാണ് ചെയ്യുന്നത്. കോലക്കാരിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ കോലക്കാരൻ ഇല്ലാതായി തീരുകയും കോലക്കാരൻ ദേവതാരൂപമായ തെയ്യമായി തീരുകയാണ് ചെയ്യുന്നത് അതോടെ വാക്കുകൊണ്ടും നോക്കുകൊണ്ടും പ്രവർത്തനം കൊണ്ടും കോലക്കാരനിൽ നിന്ന് വ്യത്യസ്തമായ സ്വഭാവം അതിനുണ്ടായിത്തീരുകയും അത് പ്രത്യക്ഷദൈവമായിത്തീരുകയും ചെയ്യുന്നു.

ഈ രൂപാന്തരത്തിന്റെ അനുസ്യൂതി കോലക്കാരന്റെ ‘വാമൊഴി’ (തെയ്യത്തിന് സ്തുതി, തോറ്റം വരവിളി, മുമ്പ സ്ഥാനം തുടങ്ങിയ വാമൊഴി വഴക്കങ്ങൾ ഉണ്ട്) യിലും കണ്ടെത്താം. തുടക്കത്തിൽ തോറ്റം പാട്ടിലും സ്തുതിയിലും തെയ്യത്തെ അഭിസംബോധന ചെയ്യുന്നത് അവൻ /അവൾ എന്ന് പ്രഥമ പുരുഷനിലാണ്. എന്നാൽ തോറ്റത്തിന്റെയോ, തെയ്യത്തിന്റെയോ അവസരത്തിൽ ‘വരവിളി’ (ദേവതയെ വിളിച്ചു വരുത്തുന്നതിനുള്ള വാമൊഴി വഴക്കം) യിൽ. ‘നീ’ എന്ന് മധ്യമപുരുഷനാണ് ഉപയോഗിക്കുന്നത്. കോലക്കാരനിൽ ശക്തി ആവാഹിച്ച് കഴിഞ്ഞാൽ തെയ്യം ‘ഞാൻ’ എന്ന് ഉത്തമ പുരുഷനെ ഉപയോഗിക്കാറുള്ളൂ. അവനോ അവളോ ആയി അകലത്തുള്ള ദേവതയെ അടുത്തേക്ക് വിളിച്ച് ‘നീ’ആയി മുന്നിലെത്തിക്കുകയും അതിനുശേഷം ദേവതാകോലത്തിൽ പ്രവേശിക്കുന്നതോടെ ‘നീ’യും കോലക്കാരനും തമ്മിലുള്ള ഭേദം ഇല്ലാതായി തീരുകയും കോലക്കാരൻ തെയ്യമായി (ദേവതയായി) തീരുകയുമാണ് ചെയ്യുന്നത്. അനുഷ്ഠാനത്തിന്റെ ഭാഗമായി തെയ്യത്തിൽ കളമെഴുത്ത് പതിവില്ല. കളത്തിൽ പ്രത്യക്ഷപ്പെട്ട് അതിനുശേഷം നോറ്റിരിക്കുന്നവരിലേക്കോ കോമരം/ വെളിച്ചപ്പാടിലേക്കോ ശക്തി ആവേശിക്കുക എന്നത് മറ്റൊരു പാരമ്പര്യമാണ്. അതു കൊണ്ടാണ്, കളമെഴുത്തും പാട്ടും തേങ്ങയുടയ്ക്കലുമൊക്കെയുള്ള ‘വേട്ടക്കൊരുമകൻ’ എന്ന ദേവത തെയ്യത്തിലെത്തുമ്പോൾ (ബാലുശ്ശേരി കോട്ടയിലെ വേട്ടയ്ക്കൊരു മകൻ പടയുടെ ആവശ്യാർഥം കോലത്തിരി രാജാവിന് വേണ്ടി കോലത്ത് നാട്ടിൽ എത്തിയതാണ്) കളമെഴുത്തുവിട്ട് തെയ്യമായിത്തീരുകയാണ്. അതുപോലെ തന്നെയാണ് ശാസ്താവിന്റെയും ക്ഷേത്രപാലന്റെയും അന്തിമഹാ കാളന്റെയുമൊക്കെ അവസ്ഥ. ഇവരൊക്കെ ജീവിച്ചു മരിച്ചു ‘വീരപദവി’യിലേക്ക് ഉയർത്തപ്പെട്ടവരാണ്.

b1 1വീരാരാധനയിലെ വീരനെ ഉത്തരകേരളത്തിൽ ഒഴിച്ച് എല്ലാ ഇടങ്ങളിലും കളമെഴുത്തിലേക്ക് നയിക്കപ്പെട്ടപ്പോൾ ഉത്തരകേരളത്തിൽ അത് ശില്പകലയിലേക്കാണ് നയിക്കപ്പെട്ടത്. ഒരു വ്യക്തി തെയ്യത്തിന്റെ കോലമായി തീരുകയാണ് ചെയ്യുന്നത്. ഇതര പാരമ്പര്യങ്ങളിലും വെളിച്ചപ്പാട് ദേവതയുടെ പ്രതിരൂപത്തിലായിത്തീരുകയാണ് ചെയ്യുന്നത്. കേരളത്തിലെല്ലായിടത്തും ഏതാണ്ട് ഒരേ രീതിയിലാണ് വെളിച്ചപ്പാടിനെ രൂപകല്പന ചെയ്തിട്ടുള്ളത്. പ്രാദേശിക വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഭക്തരുടെ മനസ്സിൽ ഓരോ ദേവതയ്ക്കും ആ ദേവതയുടെതായ രൂപം ഉണ്ടെങ്കിലും പ്രത്യക്ഷീകരണത്തിൽ അത് ഒരൊറ്റ രൂപമാണ്. എന്നാൽ, തെയ്യത്തിലാകട്ടെ വ്യത്യസ്തങ്ങളായ തെയ്യങ്ങൾക്ക് വ്യത്യസ്തങ്ങളായ രൂപങ്ങളാണ് ഉള്ളത്. ചില മാതൃകകളുടെ പിൻബലത്തോടെയാണ് ഈ രൂപങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നത് വാസ്തവം. വെളിച്ചപ്പാടിലോ/ കോമരത്തിലോ അവസാനിക്കുന്നില്ല തെയ്യത്തിലെ ദേവതകളുടെ രംഗപ്രവേശം. വെളിച്ചപ്പാട് /കോമരം ദേവതയെ കോലക്കാരനിലേയ്ക്ക് എത്തിക്കാനുള്ള ഒരു ഇടനില മാത്രമാണ്. അരങ്ങത്ത് കോലക്കാരൻ വെളിച്ചപ്പാടിൽ നിന്ന് /കോമരത്തിൽ നിന്ന് ദേവതയെ പൂർണ്ണമായി സ്വീകരിച്ചു കഴിഞ്ഞാൽ കോമരത്തിനു വെളിച്ചപ്പാടിനോ പ്രസക്തിയില്ല. മുടിയഴിച്ച് തെയ്യം കോലക്കാരനായി മാറുമ്പോഴേ വെളിച്ചപ്പാടിന് എന്തെങ്കിലും ചെയ്യാനുള്ളതായിട്ടുള്ളൂ.

ശിൽപഭംഗിയും
രൂപവർണ്ണ വൈവിധ്യവും

ശില്പഭംഗിയുള്ള തെയ്യത്തിന്റെ രൂപത്തിന്റെ വികാസം എങ്ങനെയാണ് എന്നാണ് ഇനി പരിശോധിക്കാനുള്ളത്. അർധകായ പ്രതിമ എന്ന നിലയ്ക്കാണ് തെയ്യത്തിന്റെ രൂപകൽപ്പന നടന്നിട്ടുള്ളത്. തെയ്യം നടക്കുകയും ഓടുകയും നൃത്തച്ചുവടുകൾ വയ്ക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ വരുമ്പോൾ അത് പൂർണ്ണമായ പ്രതിമാരൂപമായിട്ടല്ലേ കണക്കാക്കേണ്ടത് എന്ന ഒരു ചോദ്യം ഉയരാം. അങ്ങനെയല്ല. കെട്ടിയുയർത്തിയ ഒരു തറയുടെ മേൽ ഉണ്ടാക്കിയെടുത്ത ഒരു അർധകായ പ്രതിമാരൂപമാണ് തെയ്യത്തിന്. എല്ലാ തെയ്യങ്ങളുടെയും അല്ല. വീരചരമം പ്രാപിച്ച് തെയ്യം ആയി തീർന്നവരുടേത് മിക്കവാറും അങ്ങനെ തന്നെയാണ്. അരയ്ക്കു കീഴെ ദീർഘചതുരത്തിലോ വൃത്തത്തിലോ ഉള്ള ഒരു പ്രതലം സൃഷ്ടിച്ചിരിക്കും. ആ പ്രതലത്തിന്റെ എല്ലാ ഭാഗങ്ങളിലും സവിശേഷമായ രീതിയിൽ ചുവപ്പിൽ വെള്ളയും കറുപ്പും ചേർന്ന് പുള്ളികൾ കൊണ്ട് മനോഹരമാക്കിയ തുണി ചേർത്തുവച്ച് അലങ്കരിച്ചും. അങ്ങനെ കാണുമ്പോൾ ശരീരത്തിന്റെ അര വരെയുള്ള ഭാഗം നിശ്ചലമായ ഒരു തറ പോലെ തോന്നിക്കും. ഒരു അർധകായ പ്രതിമയായി തെയ്യത്തിന്റെ രൂപം മാറും. ഇത് ഞാൻ ആരോപിക്കുന്ന കാര്യമല്ല. അരമുതൽ കീഴോട്ടുള്ള ഭാഗത്തെ സാങ്കേതികമായി പേരിട്ടു വിളിച്ചിട്ടുള്ളത് വിതാനത്തറ എന്നാണ്, കുട്ടിച്ചാത്തൻ, പാലോട്ട് ദൈവം, ദൈവത്താർ, മുത്തപ്പൻ തുടങ്ങിയ പുരുഷദേവതകൾക്കും തായിപ്പര ദേവത, വലിയ തമ്പുരാട്ടി, പടക്കത്തി ഭഗവതി തുടങ്ങിയ സ്ത്രീദേവതകൾക്കും അരച്ചമയമായി വിതാനത്തറയാണ് ഉള്ളത്. എന്നാൽ കതിവന്നൂർ വീരൻ തുടങ്ങിയ വീരന്മാർക്കും പൂക്കുട്ടി ചാത്തൻ, ബാലി എന്നിവയ്ക്കും അരയ്ക്കുചുറ്റും വട്ടത്തിലുള്ള ‘കണ്ണിവള’യാണ് ഉപയോഗിച്ച് കാണുന്നത്. അതും വിതാനത്തറയുടെ അതേ ധർമ്മമാണ് നിർവഹിക്കുന്നത്‌. ഇതല്ലാതെ അരച്ചമയമുപയോഗിക്കുന്ന ഒട്ടനവധി തെയ്യങ്ങൾ ഉണ്ട്. വീരന്മാരായി തീരുന്ന തെയ്യങ്ങളുടെ പൊതുസ്വഭാവമാണല്ലോ ഇവിടത്തെ വിഷയം.

b2 1ചുരുക്കിപ്പറഞ്ഞാൽ ഇന്ന് കാണുന്ന തെയ്യങ്ങളുടെ രൂപപരമായ വികാസം ‘വീരക്കല്ല്’ നാട്ടുക എന്നതിൽ ആരംഭിച്ച് ക്രമികമായ വികാസത്തിലൂടെ വിചിത്രമായ രൂപവർണ്ണവൈവിധ്യത്തിലെത്തിച്ചേർന്നതാണ്. അടിസ്ഥാനപരമായി വീരാരാധനയിലാണ് അതിന്റെ തുടക്കം. ഉത്തരകേരളത്തിൽ കോരപ്പുഴ മുതൽ കുമ്പള സീമ വരെയുള്ള കോലത്തുനാടിന്റെ ചരിത്രം ഒട്ടനവധി ജനപഥങ്ങളുടെ പല കാലത്തായുള്ള കുടിയേറ്റത്തിലൂടെ ഏറ്റുമുട്ടിയും സമരസപ്പെട്ടും രൂപപ്പെട്ടതാണ്. ഇവരുടെയൊക്കെ ദേവതകളും അഭൗമ ശക്തികളും തെയ്യം എന്ന ആരാധനാസമ്പ്രദായങ്ങളോട് വഴിപ്പെട്ടതായി കാണാം. ആദിവാസി കളായ വേലൻ, കോപ്പാളൻ, മായിലോൽ വേട്ടുവൻ തുടങ്ങിയവരും ജാതിസമൂഹത്തിൽ കീഴാളരായി കണക്കാക്കി വന്ന പുലയരും മറ്റുള്ളവരും മതബോധ ത്തിന്റെ ഉടമകളായ ബ്രാഹ്‌മണരും തെയ്യം എന്ന ആരാധനാ സമ്പ്രദായത്തെ സ്വീകരിക്കുകയും സ്വന്തം ദേവതകളെ അതിലേക്ക് ഉൾച്ചേർക്കുകയും ചെയ്തു. വിഷ്ണുവും ശിവനും ഭൈരവനുമൊക്കെ തെയ്യമായി തീരുന്നത് അങ്ങനെയാണ്. ഈ അർഥത്തിൽ തെയ്യത്തെ സമീപിച്ചാൽ ഉത്തരകേരളത്തിന്റെ തുടർച്ചയായ കുടിയേറ്റ ത്തിന്റെ ചരിത്രവും സംസ്‌കാരസംഘട്ടനത്തിന്റെ ചരിത്രവും അതിൽ നിന്ന് ലഭിക്കും.

Spread the love