താളം ഗോത്രതാളം

remesh1

പുകമണക്കുന്ന കൂരയിൽ പ്രകൃതിയോട് ഇണങ്ങിയ ജീവിതം മാത്രമായിരുന്നില്ല ആദിവാസികൾക്ക് സ്വന്തമായി ഉണ്ടായിരുന്നത്.മഹത്തായ പൈതൃകമുള്ള സംസ്‌കാരത്തിന് പുറമെ ഒട്ടനവധി ഗോത്രകലകളും ഇവരുടെ ജിവിതത്തിന് ചാരുത പകർന്നു.വരേണ്യവർഗത്തിന്റെ വേഷപകിട്ടുകൾ ദേശത്തിന്റെ കലകളായി പരിണമിച്ചപ്പോൾ കെട്ടുകാഴ്ചകളും ചമയങ്ങളുമില്ലാതെ ആദിവാസികളുടെ തനതുകലകൾ ഇവരുടെ കുടിലിന് ചുറ്റും മാത്രം ഒതുങ്ങി നിൽകയായിരുന്നു. മേളപകർച്ചയിൽ താളം മുറുകുമ്പോൾ പരിഭവങ്ങളും പരാതികളുമില്ലാതെ ഇവയൊക്കെ അവരുടെ കുടിലുകൾക്ക് ചുറ്റും മാത്രം അക്കാലത്ത് നിറഞ്ഞാടി. കാലം മാറി. ഗോത്രകലകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി സംസ്ഥാനത്ത് ആദ്യമായി സ്‌കൂൾ കലോത്സവവേദികളിൽ ഇടം നൽകി. മറ്റു കലകളുടെ മത്സര വേദികൾക്കൊപ്പം ഗോത്രകലകളും മത്സര ഇനങ്ങളായി മാറി. മലവേട്ടുവരുടെ മംഗലം കളി, പണിയരുടെ കമ്പളക്കളി, വട്ടക്കളി, ഇരുള നൃത്തം, പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവ ഉൾപ്പെടുത്തിയാണ് സ്‌കൂൾ കലോത്സവം പരിഷ്‌കരിച്ചത്. ഈ കലകളിലൂടെ ഒരു അന്വേഷണം.. remesh3

ചിലങ്ക കെട്ടിയ
കൂളിദൈവങ്ങൾ

തുടിതാളവും ചീനിക്കുഴൽ വിളിയും താളത്തിനൊത്ത് ചിലങ്കയും. പണിയ ഗോത്രത്തിൽ കൂളികെട്ട് നടക്കുകയാണ്. കല്യാണം, രോഗമകറ്റൽ, വയസ്സറിയിക്കൽ എന്നിവയിലെല്ലാം കൂളികൽപ്പിച്ചു നൽകുന്നതാണ് ഇവരുടെ ശാസ്ത്രം.പത്തിൽ താഴെ പണിയ സമുദായാംഗങ്ങൾ വലയം ചെയ്ത് തുടി താളം മുഴക്കും.വേട്ടയാടിയ മൃഗത്തോലുകൊണ്ടുണ്ടാക്കിയ തുടിയിലാണ് ആദിഗോത്രത്തിന്റെ താളം ഒഴുകി വരുന്നത്. അലിഖിത താളബോധത്തിൽ നിന്നും തുടിച്ചെത്തങ്ങൾ ഉയർന്നുവരുന്നതോടെ കൂളിദൈവങ്ങൾ ഇറങ്ങുകയായി. മുളങ്കുഴലും ചിരട്ടയും ചീനിയായപ്പോൾ ഇത് കാലത്തിന്റെ കുഴലൂത്തായി. ശ്വാസനിശ്വാസങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കിടയിൽ ഈ സുഷിരവാദ്യം വയനാടിന്റെ തനത് സംഗീതമായി.
തുടിയും ചീനിവാദ്യവും ഇടകലരുമ്പോൾ പണിയ സ്ത്രീകൾ വട്ടക്കളി തുടങ്ങി.ഒരറ്റം ഒരു തോളിലേക്ക് ചെരിച്ചുകെട്ടി മുട്ടോളമെത്തുന്ന വെളുത്ത മുണ്ടുടുത്ത് അരിയിലൊരു ചുവപ്പ് കച്ചയുമായി പണിയ സ്തീകൾ നൃത്തമാടുന്നു. കൈകൾ പൊക്കി ആകാശത്തെ വലയം ചെയ്ത് താഴെ ഭൂമിയെ വലയം ചെയ്ത് വട്ടത്തിൽ ആടുന്നതാണ് വട്ടക്കളി. കുടിലിനുള്ളിൽ ഒതുങ്ങിക്കഴിയുന്ന പണിയസ്തീകൾ പോലും തുടിയും ചീനിവിളിയും കേട്ടാൽ ജനമധ്യത്തിലേക്ക് യാതൊരു സങ്കോചവും കൂടാതെ ചുവടുവെച്ചിറങ്ങുന്നതാണ് ഈ അനുഷ്ഠാനത്തിന്റെ ഇഴയടുപ്പം.ഇവർക്കിടയിലും തെരണ്ടുകല്ല്യാണത്തിന് പ്രഥമസ്ഥാനമുണ്ട്. പച്ചമഞ്ഞൾ അരച്ചു ചേർത്ത ഭക്ഷണം കഴിച്ച് കുടിലിന് പുറത്തിറങ്ങാതെ തെരണ്ടുകല്യാണം നടക്കുന്നതുവരെയും ഋതുമതിയായ പെൺകുട്ടി കഴിയണം. ഏഴുദിവസത്തിനുശേഷം കാട്ടുമഞ്ഞൾ തേച്ച് കുട്ടിയെ ബന്ധുക്കളായ സ്ത്രീകൾ കുളിപ്പിക്കും. പച്ചമഞ്ഞൾ വെള്ളം കുടിപ്പിച്ച് നിറഞ്ച കല്യാണത്തിനായി ഇവളൊരുങ്ങുന്നതോടെ ബന്ധുവീടുകളിൽ നിന്നെല്ലാം എല്ലാവരും എത്തിച്ചേരുകയായി. വെള്ളമുണ്ട് ഉടുപ്പിച്ച് കാരണവൻമാരുടെ അനുഗ്രഹം തേടി കന്യകാജീവിതം ഇതോടെ തുടങ്ങുകയായി. പച്ചരിയും ശർക്കരയും തേങ്ങയും ചേർത്ത് ആഹാരമുണ്ടാക്കി നൽകി ആഘോഷരാവുകൾക്ക് തുടക്കമിടുന്നു. പിറ്റേന്ന് നീരൊഴുക്കുള്ള തോട്ടിൽ നിന്നും കുളികഴിഞ്ഞ് ഒരു ചെപ്പുകുടത്തിൽ വെള്ളം തലയിലേന്തി ഋതുമതി വീട്ടിലേക്ക് പ്രവേശിക്കുന്നു. ഇതിനിടയിൽ വീട്ടുമുറ്റത്തും ധാരാളം ചടങ്ങുകൾ നടക്കുന്നു. ഇതിനെല്ലാം മുതിർന്ന കാരണവന്മാർ തന്നെയാണ് നേതൃത്വം
നൽകുക.

കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയ സുമുദായങ്ങളും ആചാരഅനുഷ്ഠാനങ്ങളെ കാലങ്ങളോളം കൂടെ കൊണ്ടുനടന്നവരാണ്.ദൈവമായ കൂളിയെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് ഉറഞ്ഞുതുള്ളുന്ന തലമുതിർന്ന ഗോത്ര കോമരങ്ങളെയാണ് ഇവർക്കിടയിൽകാണാനാവുക.കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ ഏഴു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് ഇവർക്കിടയിൽ നടന്നിരുന്നത്. രാത്രിയും പകലുമായി കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്ന് നടത്തിയിരുന്ന അനുഷ്ഠാനം. കുടിയൊഴിഞ്ഞുപോയ കലാരൂപത്തെ ബാക്കിയാക്കി, മാറിയ കാലത്തിന്റെ കാഴ്ചക്കാരായി മാറുകയാണ് ഇന്ന് ഇവിടെയും ഈ സമൂഹം.

remesh2തുടിതാളവും ചീനിക്കുഴൽ വിളിയും താളത്തിനൊത്ത് ചിലങ്കയുമായി പണിയരുടെ കൂളികെട്ട് ഇന്ന് അപൂർവമാണ്.തുടിയും ചീനിയും പോയ്മറഞ്ഞു. സാംസ്‌കാരികപൈതൃകത്തിന്റെ ഈറ്റില്ലമായ ഗോത്രഭൂമിയിൽ ഇന്നലെയോളം പാരമ്പര്യത്തനിമയ്ക്ക് കുടപിടിച്ചുനിന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ആധുനിക പെരുമഴയിൽ അലിഞ്ഞ് ഇല്ലാതാവുകയാണ്.ഇവിടെ നിന്നും പുതിയ തലമുറകളിലേക്ക് കലോത്സവ വേദികളിലൂടെ സന്നിവേശിപ്പിക്കപ്പെടുകയാണ് ഇവരുടെ കലാരൂപം.

കല്യാണപന്തലിലെ ആഘോഷം

മങ്ങലം – വടക്കേ മലബാറുകാരുടെ ഭാഷയിൽ കല്യാണമെന്നാണ്. കല്യാണ വീടുകളിൽ അരങ്ങേറുന്ന ഗോത്ര കലാരൂപമാണ് മങ്ങലം കളി. സംഗീത നൃത്ത സ്വരൂപമാണ് മങ്ങലം കളിയുടെ ചാരുതകൾ. താളവും താളത്തിനൊത്ത പാട്ടുകളും ചുവടുകളും പാരമ്പര്യ ഗോത്ര ജീവിതത്തിന്റെ ഇന്നലകളിലേക്ക് വാതിൽ തുറക്കുന്നു. കാസർഗോഡ് ജില്ലയിലെ മാവിലൻ, മലവേട്ടുവൻ സമുദായങ്ങളുടെ ഇടയിലാണ് മങ്ങലം കളി പ്രചാരത്തിലുള്ളത്. സ്തീകളും പുരുഷൻമാരും തുല്യ പ്രധാന്യത്തോടെ ഈ അനുഷ്ഠാന കലാരുപത്തിൽ ഇടകലർന്ന് നൃത്തം ചെയ്യുന്നു. തുകൽ വാദ്യമായ തുടിയാണ് മങ്ങലം കളിയിൽ പ്രധാനം. പ്ലാവ്, കുമിൾ തുടങ്ങിയ മരങ്ങളിൽ ചെത്തിയെടുത്ത തുടിയിൽ ഉണക്കിയെടുത്ത മൃഗത്തോലുകെട്ടിയാണ് ഇവർ തുടിയുണ്ടാക്കുന്നത്. തുടിയിൽ താളം മെനഞ്ഞെടുത്ത് പുതിയ തലമുറകളും മങ്ങലം കളിയുടെ ഭാഗമാകാറുണ്ട്. ഏഴോളം തുടികളാണ് മങ്ങലം കളിക്കായി വേണ്ടത്. കലാണ പന്തലിലാണ് ബന്ധുജനങ്ങളെയെല്ലാം സാക്ഷി നിർത്തി മങ്ങലം കളി അരങ്ങേറുന്നത്. കാരണവൻമാരുടെയും മൂപ്പൻമാരുടെയും അനുഗ്രഹം വാങ്ങിയാണ് ചടങ്ങുകളുടെ തുടക്കം. മധ്യഭാഗത്തായി ഉയർത്തി കുഴിച്ചിട്ട തൂണുകൾക്ക് വലം വെച്ചാണ് മങ്ങലം കളി. ഉത്തര മലബാറിലെ കോൽക്കളിയോട് സാമ്യമുണ്ട് മങ്ങലം കളിക്കും. രാത്രി മുതൽ പുലർച്ചെ വരെ കല്ല്യാണ വീടുകളിൽ മങ്ങലം കളി നടക്കും. പിറ്റേന്ന് വധു ഗൃഹത്തിലേക്ക് വരുന്ന വേളയിലും പാട്ടുപാടി താളചുവടുകളോടെ മങ്ങലം കളി അരങ്ങേറും. എല്ലാം സമൃദ്ധികളും സമാധാനവും പുലരട്ടെ എന്നാണ് ഈ വരികളിലൂടെ ഈ സമുദായങ്ങൾ ഉദ്ഘോഷിക്കുന്നത്. തുളുവിലും മലയാളത്തിലും ഇടകലർന്ന വരികൾ ഇവരുടെ പാട്ടുകളാകുന്നു. ആഘോഷ വേളകളിലെല്ലാം ഇവർ മങ്ങലം കളിയെയും ഒപ്പം നടത്തുന്നു. ഒരോ പാട്ടിലും ഓരോ കഥയിലും ജീവിത നിമിഷങ്ങളെയെല്ലാം ഇവർ കോർത്തിടുന്നു.remesh5

ഇരുളരുടെ
നൃത്തച്ചുവടുകൾ

remesh4തുകൽ വാദ്യങ്ങളും മുളയുമാണ് അകമ്പടികൾ.തമിഴും കന്നടയും മലയാളവും കലർന്ന ഭാഷയാണ് പാട്ടുകളിൽ നിറയുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിൽ നിന്നാണ് ഇരുള നൃത്തത്തിന്റെ പ്രഭാവം. പാരരത്തെ എന്നും മുറുകെ പിടിക്കാൻ വെമ്പുന്ന ഇരുള സമുദായത്തിന്റെ സാംസ്‌കാരിക തനിമകൾ കൂടിയാണ് ഈ നൃത്ത രൂപം പങ്കുവെക്കുന്നത്. കൃഷിയും ജീവിതവും ഇഴപിരിയുന്ന സംസ്‌കൃതിയിൽ ചടങ്ങുകൾക്കും അനുഷ്ഠാനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നവരാണ് ഇരുളർ. ജനനം മുതൽ വിവാഹം മരണം വരെയുള്ള എല്ലാ ചടങ്ങുകളിലും വേറിട്ട തനിമകൾ സൂക്ഷിക്കുന്നവരാണിവർ. തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഈ അനുഷ്ഠാന കലാരൂപത്തെ കൈമാറുന്നതിലും മുൻ തലമുറകൾ അതീവ ശ്രദ്ധാലുക്കളായിരുന്നു. മല്ലീശ്വര ദേവതയുടെ സന്നിധിയിലാണ് ഈ നൃത്തം അവതരിപ്പിക്കുന്നതെന്നാണ് വിശ്വാസം. മല്ലീശ്വരനെ ഉണർത്താനാണ് ഇവർ നൃത്തം ചെയ്യുന്നതെന്ന് പറയും. ഭാഷകളിലും വരികളിലും ഭക്തി ലയിപ്പിച്ച് മണിക്കൂറുകളോളം പാട്ടിന്റെ ഈരടികളിൽ ഇരുളർ നൃത്തം ചെയ്യും. രാവ് പുലരുന്നത് വരെയും ഓരോ ചടങ്ങിനോട് അനുബന്ധിച്ചും ഇവർ എല്ലാം മറന്ന് നൃത്തത്തിൽ ലയിച്ചു ചേരുന്നതോടെയാണ് ആഘോഷത്തിന്റെ നിർവൃതികൾ. പതിനഞ്ചിൽ കുറയാത്ത അംഗങ്ങൾ ഇരുള നൃത്തത്തിൽ അണിചേരാറുണ്ട്. സാന്ദർഭികമായി പാട്ടുകളും ചുവടുകളും മാറും. കാർഷികസമൃദ്ധിയിൽ കാലം വിളയുമ്പോൾ കുരുമ്പലം നൃത്തച്ചുവടുകളുമായി ഇരുളരിറങ്ങും. തുകൾ മുള വാദ്യങ്ങൾ തന്നെയാണ് ഈ അനുഷ്ഠാനത്തിന്റെ സംഗീത അകമ്പടികൾ. തവിൽ, പാറൈ, പീക്കി, ജാലറ എന്നിങ്ങനെ തമിഴ് മൊഴിയിലും ഇവർ ഇവരുടെ വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തുന്നു.

പളിയ നൃത്തം

പളിയരെന്ന ആദിവാസി ജനവിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമാണിത്. രോഗ ശമനം മുതൽ മഴ വരാൻ പോലും ഈ അനുഷ്ഠാനകലയെ കൂട്ടുപിടിച്ചവരാണ് പളിയരുടെ പൂർവികർ. ഇടുക്കിയിലെ കുമളിയിൽ നിന്നും മലയിറങ്ങുന്നു ഈ കലാരൂപം. എന്തിനും ഏതിനും മാരിയമ്മയെ പ്രീതിപ്പെടുത്തിയാണ് പളിയരുടെ ജീവിത പുരാവൃത്തം. മുളം ചെണ്ട നാഗര ജാഗര എന്നിവയാണ് പളിയ നൃത്തത്തിന്റെ വാദ്യ ഉപകരണങ്ങൾ. അരയിൽ മൃഗത്തോലണിഞ്ഞായിരുന്നു പാട്ടിന്റെ ഈണത്തിൽ ഇവരുടെ നൃത്തം. ഇപ്പോൾ മൃഗത്തോലിന് പകരം അലുക്കുകളുള്ള ചണ വസ്ത്രങ്ങൾ അണിഞ്ഞ് മുഖത്ത് ഛായമെഴുതിയ ഇവർ പാട്ടിനൊത്ത് ചുവടുവെക്കും. സ്ത്രികളും പുരുഷൻമാരും ഇടകലർന്നാണ് വട്ടത്തിൽ പളിയർ നൃത്തം ചെയ്യുക. വയനാട്ടിലെ ഗോത്ര കലാ അനുഷ്ഠാനം ഗദ്ദികയ്ക്ക് സമാനമാണ് പളിയരുടെയും ചില ചുവടുകൾ. പ്രകൃതിയെ ആരാധിക്കുന്ന പളിയർ കൃഷിയിടത്തിലേക്ക് മഴ പെയ്യാൻ പോലും ഇവരുടെ ആചാരങ്ങളെ കൂട്ടുപിടിച്ചവരാണ്. മലയുടെയും കാടിന്റെയും സാമിപ്യമുള്ള ഇവരുടെ പുരാതന ജീവിതം ഇവരുടെ മുൻ തലമുറകളെയും പ്രകൃതിയിലേക്ക് കൂടുതൽ അടുപ്പിച്ചു. അമ്മ ദൈവമായ എളാത്ത് പളിച്ചിയെയാണ് ഇവർ ആരാധിക്കുന്നത്. ആരാധനാമൂർത്തിയെ ഇവർ നൃത്തം ചെയ്ത് പ്രീതിപ്പെടുത്തുന്നു. മഴയായും മഞ്ഞായും പ്രകൃതി അനുഗ്രഹിക്കുന്നതെല്ലാം ഈ അമ്മ ദൈവത്തിന്റെ അനുഗഹമാണെന്നാണ് ഇവർ നൃത്തച്ചുവടുകളിലൂടെയും പാട്ടിന്റെയും ഈരടികളിലൂടെയും ഇവർ പ്രകീർത്തിക്കുന്നത്.

മലപ്പുലയരുടെ ആട്ടം

സ്തീ-പുരുഷൻമാർ ഇടകലർന്നാണ് മലപ്പുലയാട്ടം അവതരിപ്പിക്കുക. നിരനിരയായും വൃത്താകൃതിയിലും പാട്ടിനൊത്ത് ഇവർ ചുവടുവെക്കും. കമ്പുകൾ കൂട്ടിയടിച്ചും മുന്നോട്ടും പിന്നോട്ടുമായി മൂന്ന് വീതം ചുവടുകൾ വെച്ചും ഇവർ താളാത്മകമായി ആട്ടമാടും. ഇടുക്കി ജില്ലയിൽ നിന്നാണ് മലപ്പുലയാട്ടം അരങ്ങിലെത്തുന്നത്. ചിക്കുവാദ്യം, ഉറുമി, കുഴൽ, കട്ടവാദ്യം എന്നിങ്ങനെ ഇവർ തന്നെ രൂപകൽപ്പന ചെയ്ത വാദ്യ ഉപകരണങ്ങളുടെ അകമ്പടിയിലാണ് മലപ്പുലയാട്ടം. കുഴൽ വിളിയോടെ ആട്ടം തുടങ്ങുകയാണ് പതിവ്. വൃത്താകൃതിയിൽ വലം വെച്ച് കൈകൊട്ടിയും ശരീരം ചലിപ്പിച്ചും മെല്ലെ മെല്ലെ തുടങ്ങുന്ന ചുവടുകൾ ചടുല വേഗത്തിലേക്ക് മുന്നേറും. പാട്ടുകളുടെ അകമ്പടിയില്ലാതെ വാദ്യങ്ങൾക്ക് പ്രാധാന്യം കൊടുത്താണ് ഈ കലാരൂപവും അവതരിപ്പിക്കപ്പെടുന്നത്. കോലുകൾ കൂട്ടിയടിച്ചും വേഗതയുള്ള ചുവടുകളുമായി ഇവർ വിസ്മയിപ്പിക്കും. മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി ദേവതകൾ ഇവരുടെ ആരാധനാ മൂർത്തികളാണ്. ഗിരിവാസി ജീവിതത്തിന്റെ ഏടുകളിൽ നിന്നും അടർത്തിയെടുക്കപ്പെട്ട ഈ അനുഷ്ഠാന കലാരൂപവും കേരളത്തിന്റെ ഗോത്ര വൈവിധ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഈ കലകളുടെയെല്ലാം സംരക്ഷണം വരും കാലത്തിലേക്കു ചുവടുകൾ കൂടിയാണ്. അതിവേഗം പാഞ്ഞുപോകുന്ന കാലങ്ങൾക്കിടയിൽ ഈ പൈതൃകങ്ങൾ കൂടി ചേർന്നതാകാം നാളെയുടെ ചരിത്രം

 

Spread the love