തദ്ദേശീയ ജനവിഭാഗങ്ങൾക്ക് സവിശേഷ ശ്രദ്ധ

അതിദാരിദ്ര്യ നിർമ്മാർജനം >>

ഒ. ആർ. കേളു
പട്ടികജാതി, പട്ടികവർഗ,
പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി

 

logo 3

OR KELU

ദാരിദ്ര്യത്തെ നിർവചിക്കുന്ന പൊതുവായ കാരണങ്ങൾക്കു പുറമെ തദ്ദേശീയ ജനവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കൂടി കണക്കിലെടു ത്താണ് കേരളം അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി തയ്യാറാക്കിയത്

 

ഒരു സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുമ്പോൾ പുതിയ ദിശാബോധത്തോടെയും ജനക്ഷേമത്തിൽ അധിഷ്ഠിതമായ നയസമീപനങ്ങളോടെയും മുന്നോട്ട് പോകാനാകും. അതിന്റെ വ്യക്തമായ സൂചനയായിരുന്നു രണ്ടാം പിണറായി വിജയൻ സർക്കാർ ആദ്യ മന്ത്രിസഭായോഗത്തിൽ അതിദാരിദ്ര്യ നിർമ്മാർജനത്തിന് പ്രഥമ പരിഗണന നൽകിയത്.

‘സാമൂഹികനീതിയിലൂന്നി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അതിൽ നിന്ന് കരകയറ്റുക എന്നതാണ് പുതിയ സർക്കാരിന്റെ ലക്ഷ്യം,’ എന്ന് ആദ്യ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ കൃത്യമായ ആസൂത്രണത്തോടെയും ദൃഢനിശ്ചയത്തോടെയും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിൽ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പും ഇതിന്റെ ഭാഗമാണ്. മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുക, സർക്കാരിന്റെ ചുമതല എന്നതിലുപരി ജനങ്ങളുടെ അവകാശമാണ് എന്ന കാഴ്ചപ്പാടിലൂന്നിയ പദ്ധതിയാണ് അതിദാരിദ്യ നിർമ്മാർജനം.

ദാരിദ്ര്യം ഒറ്റപ്പെട്ട ഒരു പ്രശ്നമല്ല. ആരോഗ്യപരമായ വെല്ലുവിളികൾ, ഭക്ഷ്യസുരക്ഷ ഇല്ലായ്മ, ഭൂമിയില്ലായ്മ, സുരക്ഷിതമായ താമസസ്ഥലം ഇല്ലാത്ത അവസ്ഥ, ക്രമരഹിത വരുമാനം, തൊഴിലില്ലായ്മ, വാർധക്യം, ഭിന്നശേഷി എന്നിങ്ങനെ നിരവധി കാരണങ്ങൾ ഉൾക്കൊണ്ടതാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെപ്പോലുള്ള പാർശ്വവൽക്കരിക്കപ്പെട്ട തദ്ദേശീയ ജനവിഭാഗങ്ങൾ ഈ പ്രശ്നങ്ങൾക്ക് പുറമെ വാസസ്ഥലത്തിന്റെ വിദൂരത, കുറഞ്ഞ വിദ്യാഭ്യാസം, പോഷകാഹാരക്കുറവ്, റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം എന്നിവയും നേരിടുന്നുണ്ട്. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ സർക്കാർ, അതിദാരിദ്യ പട്ടികയിലുൾപ്പെട്ട ഓരോ കുടുംബത്തിന്റെയും സാഹചര്യവും ആവശ്യങ്ങളും മനസ്സിലാക്കി കസ്റ്റമൈസ്ഡ് മൈക്രോപ്ലാനുകൾ തയ്യാറാക്കി. ഇതിനായി പട്ടികജാതി-വർഗ പ്രൊമോട്ടർമാരുടേയും താഴെതട്ടിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടേയും കൃത്യമായ വിവരശേഖരണം സഹായിച്ചിട്ടുണ്ട്.

symbol 2പട്ടികജാതി (SC) അതിദരിദ്ര കുടുംബങ്ങൾക്കായുള്ള അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരം ആകെ 12,771 അതിദരിദ്ര പട്ടികജാതി കുടുംബങ്ങളെ കണ്ടെത്തി. ഇതിൽ 7,266 കുടുംബങ്ങളെ അതിദാരിദ്ര്യ ത്തിൽ നിന്ന്   ഉയർത്തി

ബഹുതല സമീപനം

അതിദാരിദ്ര്യ നിർമ്മാർജനം കേവലം ജീവകാരുണ്യ പ്രവർത്തനമോ ക്ഷേമപദ്ധതിയോ അല്ല. മറിച്ച് അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള, ജനക്ഷേമ ഭരണത്തിന്റെ ഉദാഹരണമാണ്. ആരോഗ്യം, പാർപ്പിടം, ഉപജീവനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ബഹുതല സമീപനമാണ് സർക്കാർ സ്വീകരിച്ചത്. 2025 ഏപ്രിൽ 15-ലെ കണക്കനുസരിച്ച്, അതിദാരിദ്ര്യം അനുഭവിക്കുന്നവരായി കണ്ടെത്തിയ 78.74ശതമാനം ആളുകളെയും വിജയകരമായി ഈ അവസ്ഥയിൽ നിന്ന് കരകയറ്റാൻ സാധിച്ചു. 2025 നവംബർ ഒന്നിന് കേരള രൂപവൽക്കരണത്തിന്റെ 69 വർഷം പൂർത്തിയാക്കുമ്പോൾ, സംസ്ഥാനത്തെ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കപ്പെടുകയാണ്. ഈ ലക്ഷ്യം കൈവരിക്കാനുള്ള ദൃഢനിശ്ചയം സർക്കാരിന്റെ ഓരോ ചലനത്തിലും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടം രാജ്യത്ത് അതിദാരിദ്ര്യവിമുക്തമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ മണ്ഡലമായി മാറിയത് ഈ പദ്ധതിയുടെ വിജയത്തിന്റെ ഒരു നേർസാക്ഷ്യമാണ്.

ORBKELU 1
പട്ടികജാതി (SC) അതിദരിദ്ര കുടുംബങ്ങൾക്കായുള്ള അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരം ആകെ 12,771 അതിദരിദ്ര പട്ടികജാതി കുടുംബങ്ങളെ കണ്ടെത്തി. ഇതിൽ 7,266 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് ഉയർത്തി. ഭക്ഷണം ആവശ്യമുള്ള 3,824 കുടുംബങ്ങളിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങൾ ആവശ്യമുള്ള 5,330 പേരിൽ 5,328 പേർക്ക് സേവനം നൽകിയിട്ടുണ്ട്. വരുമാനം ആവശ്യമുള്ള 785 കുടുംബങ്ങളിൽ എല്ലാവർക്കും ലഭ്യമാക്കി. ഭവനം ആവശ്യമുള്ള 2,650 കുടുംബങ്ങളിൽ 2,066 എണ്ണം പൂർത്തിയാക്കി. 584 എണ്ണം ഇനിയും പൂർത്തിയാക്കാനുണ്ട്.

പട്ടികവർഗ (SC) അതിദരിദ്ര കുടുംബങ്ങൾക്കായുള്ള അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരം ആകെ 2,915 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1,586 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് ഉയർത്തി. ഭക്ഷണം ആവശ്യമുള്ള 848 കുടുംബങ്ങളിൽ എല്ലാവർക്കും അത് ലഭ്യമാക്കി. ആരോഗ്യ സേവനങ്ങൾ ആവശ്യമുള്ള 1,109 പേർക്ക് സേവനം നൽകിയിട്ടുണ്ട്. വരുമാനം ആവശ്യമുള്ള 180 കുടുംബങ്ങളിൽ എല്ലാവർക്കും അത് പൂർത്തിയാക്കിയിട്ടുണ്ട്. ഭവനം ആവശ്യമുള്ള 524 കുടുംബങ്ങളിൽ 317 എണ്ണം പൂർത്തിയാക്കി. 207 എണ്ണം ഇനിയും പൂർത്തിയാക്കാനുണ്ട്

അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിക്ക് പുറമെ, തുടർച്ചയായ ജനക്ഷേമ സമീപനം മറ്റെല്ലാ മേഖലകളിലും പ്രകടമാണ്. ലൈഫ് മിഷൻ വഴി ഭവന രഹിതരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ നൽകി, പൊതുവിദ്യാഭ്യാസ-പൊതുജനാരോഗ്യ മേഖലകളിലുണ്ടായ കുതിച്ചുചാട്ടം, ഗെയ്ൽ പൈപ്പ് ലൈൻ, ഇടമൺ-കൊച്ചി വൈദ്യുതി വിതരണ ശൃംഖല, ദേശീയപാത, മലയോര-തീരദേശ ഹൈവേകൾ, ഇന്ത്യയ്ക്കുതന്നെ മാതൃകായി വാട്ടർമെട്രോ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം, പൊതുജന ക്ഷേമം എന്നിവ മുൻനിർത്തിയുള്ള ഈ സർക്കാരിന്റെ ആത്മാർഥമായ ഇടപെടലുകളുടെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ്. സാമൂഹ്യക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യുന്നതിലും, കർഷകർക്ക് താങ്ങുവില ഉറപ്പാക്കുന്നതിലും, പ്രവാസികളുടെ ക്ഷേമത്തിനായി പ്രത്യേക ശ്രദ്ധ നൽകുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്താദ്യമായി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചും തദ്ദേശ ജനതയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

കേരളപ്പിറവിയുടെ 69-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനുള്ള പാതയിലാണ് നാം. ഈ നേട്ടത്തിലൂടെ, സമത്വത്തിലും കൂട്ടായ ഉത്തരവാദിത്വത്തിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ പ്രായോഗികവും മാനുഷികവുമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നി കേരളം മുന്നോട്ടു നീങ്ങുകയാണ്.

 

Spread the love