തദ്ദേശതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ
അറിയാം തിരഞ്ഞെടുപ്പ് പ്രക്രിയ
സംസ്ഥാനത്ത് ഇത്തവണ രണ്ടു ഘട്ടങ്ങളിലായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 9, 11 തീയതികളിൽ ഏഴു ജില്ലകളിൽ വീതമാണ് തിരഞ്ഞെടുപ്പ്. ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും
തിരഞ്ഞെടുപ്പ് നടക്കും.
നവംബർ 14ന് വിജ്ഞാപനം പുറപ്പെടുവിച്ചു. പോളിങ് ദിവസം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം നവംബർ 21നും സൂക്ഷ്മപരിശോധന നവംബർ 22നുമാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ഉം.
941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂർ ഒഴികെ 36 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെ ആയതിനാലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കാത്തത്.
1199 തദ്ദേശ സ്ഥാപനങ്ങളിലെ 23576 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കും. 50691 കൺട്രോൾ യൂണിറ്റുകളുമുണ്ടാകും. ആകെ 180 ലക്ഷം ഉദ്യോഗസ്ഥരും 70,000 പൊലീസുകാരെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
ആകെ വോട്ടർമാർ 2,84,30,761 ആണ്. ഇതിൽ 1,34,12470 പേർ പുരുഷന്മാരും 1,50,18,010 പേർ സ്ത്രീ വോട്ടർമാരുമാണ്. 281 ട്രാൻസ്ജെൻഡർ വോട്ടർമാരും 2841 പ്രവാസി വോട്ടർമാരുണ്ട്.
2020 ഡിസംബർ 21നാണ് നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്. പുതിയ സമിതികൾ ഡിസംബർ 21ന് ചുമതലയേൽക്കണം. 2020ൽ കോവിഡ് കാലത്ത് മൂന്ന് ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിലായിരുന്നു തിരഞ്ഞെടുപ്പ്.
രൂപവൽക്കരണം
- ഭരണഘടനയുടെ ആർട്ടിക്കിൾ 243 K, 243 ZA എന്നിവ പ്രകാരമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്.
- കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 1993 ഡിസംബർ 3 ന് സ്ഥാപിതമായി.
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്കാണ്.
ഉത്തരവാദിത്വങ്ങൾ
- സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും/കോർപ്പറേഷനുകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നതിനും വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവാദിത്വമുണ്ട്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക വാർഡ് തലത്തിലാണ് തയ്യാറാക്കുന്നത്.
- ചെയർമാൻ, വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി, ജില്ലാ ആസൂത്രണ കമ്മിറ്റി എന്നിവയുടെ തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള വ്യവസ്ഥകൾ
- ഇന്ത്യൻ പൗരനായിരിക്കണം (ഒരു വ്യക്തിയുടെ പൗരത്വത്തെക്കുറിച്ചുള്ള ഏത് ചോദ്യവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം)
- യോഗ്യത കണക്കാക്കുന്ന തീയതിയിൽ 18 വയസ്സ് പൂർത്തിയായിരിക്കണം
(യോഗ്യതാതീയതി പട്ടിക പുതുക്കുന്ന വർഷം ജനുവരി 1 ആണ്) - ബന്ധപ്പെട്ട മണ്ഡലത്തിലെ/വാർഡിലെ താമസക്കാരനായിരിക്കണം
- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വോട്ട് രജിസ്റ്റർ ചെയ്യുന്നതിന് തൽക്കാലം അയോഗ്യത ലഭിച്ച വ്യക്തിയായിരിക്കരുത്
- സ്ഥിരബുദ്ധിയില്ലാത്ത ആളായിരിക്കുകയോ അങ്ങനെയാണെന്ന് കോടതി പ്രഖ്യാപിക്കുകയോ ചെയ്തിരിക്കരുത്.
തുല്യവോട്ടുകൾ
ഏതെങ്കിലും സീറ്റിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർഥികൾ തുല്യവോട്ട് നേടി മുന്നിലെത്തിയാൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുകയും അവരുടെ വോട്ടുകളുടെ എണ്ണം തുല്യമാവുകയും ചെയ്താൽ, നറുക്കെടുപ്പിലൂടെ ഫലം പ്രഖ്യാപിക്കും.
മത്സരമില്ലാത്ത തിരഞ്ഞെടുപ്പ്
ഒരു സ്ഥാനാർഥി മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ, സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന മണിക്കൂറിന് ശേഷം ഉടൻ തന്നെ സ്ഥാനാർഥിയെ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിങ് ഓഫീസർ പ്രഖ്യാപിക്കേണ്ടതാണ്.
തിരഞ്ഞെടുപ്പ് ചെലവ്
ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക:
ഗ്രാമപഞ്ചായത്ത് 25,000 രൂപ
ബ്ലോക്ക് പഞ്ചായത്ത് 75,000
ജില്ലാ പഞ്ചായത്ത് 1,50,000
മുനിസിപ്പാലിറ്റി 75,000
മുനിസിപ്പൽ കോർപ്പറേഷൻ 1,50,000
എല്ലാ സ്ഥാനാർഥികളും ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.
പുതിയ പോളിങ്
പോളിങ് സ്റ്റേഷനിൽ വോട്ടുകൾ രേഖപ്പെടുത്തുന്നതിനിടെ വോട്ടിങ് മെഷീനിന് യന്ത്രത്തകരാർ സംഭവിക്കുകയോ വോട്ടെണ്ണൽ സമയത്ത് ഏതെങ്കിലും വോട്ടിങ് മെഷീനിൽ നിന്ന് അന്തിമ ഡേറ്റ വീണ്ടെടുക്കാൻ കഴിയാതെ വരികയോ ചെയ്താൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് സ്റ്റേഷനിലെ പോളിങ് അസാധുവായി പ്രഖ്യാപിക്കുകയും പുതിയ പോളിങിനുള്ള തീയതി അറിയിക്കുകയും ചെയ്യും.
ഇ.വി.എമ്മുകൾ തൃപ്തികരമായി പ്രവർത്തിക്കാത്തപ്പോൾ
- പോളിങ് സമയത്ത് ഒരു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തൃപ്തികരമായി പ്രവർത്തിച്ചില്ലെങ്കിൽ, അത് മാറ്റി പകരം മറ്റൊരു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സ്ഥാപിക്കും.
- അങ്ങനെ മാറ്റി സ്ഥാപിച്ചതിനുശേഷം, യഥാർഥ പോളിങ് ആരംഭിക്കുന്നതിന് മുമ്പ് ഒരു മോക്ക് ഇലക്ഷൻ നടത്തും.
- വോട്ടെണ്ണൽ ദിവസം, ഈ രണ്ട് വോട്ടിങ് മെഷീനുകളും ഒരുമിച്ച് വോട്ടെണ്ണൽ ഹാളിലേക്ക് കൊണ്ടുവരികയും രണ്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ നിന്നുമുള്ള വോട്ടുകൾ എണ്ണുകയും ചെയ്യും.
ഇലക്ട്രോണിക് വോട്ടിങ്
മെഷീനുകളുടെ ചരിത്രം
- ആദ്യത്തെ പ്രോട്ടോടൈപ്പ് 1970-ൽ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) വികസിപ്പിച്ചെടുത്തു
- 1982-ൽ പറവൂർ നിയമസഭാ മണ്ഡലത്തിൽ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ആണ് കേരളത്തിൽ ആദ്യമായി EVM ഉപയോഗിച്ചത്, പിന്നീട് EVM ഉപയോഗിക്കുന്നതിനുള്ള നിയമപരമായ വ്യവസ്ഥകൾ ഇല്ലാത്തതിനാൽ 1984-ൽ സുപ്രീം കോടതി ഇത് അസാധുവാക്കി.
- ജനപ്രാതിനിധ്യ നിയമത്തിൽ ഒരു ഭേദഗതിയിലൂടെ EVM കളുടെ ഉപയോഗം നിയമവിധേയമാക്കി.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഇവിഎം
- 1993 മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ഏൽപ്പിച്ചു.
- 2005, 2010 പൊതുതിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുത്ത നഗര വാർഡുകളിൽ മാത്രം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഭാഗികമായി ഇവിഎമ്മുകൾ ഉപയോഗിച്ചു.
- 2015 ലെ പൊതുതെരഞ്ഞെടുപ്പിൽ മുഴുവൻ പോളിങും ഇവിഎമ്മുകൾ വഴിയായിരുന്നു.
