ടീം വൈപ്പർ സാഹസികതയുടെ മറുപേര്

പ്രിയ ടി ജോസഫ്
റേഞ്ച് ഫോറസ്റ്റ് ഓഫീസർ, വൈപ്പർ ടീം
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി രൂപവൽക്കരിച്ച പ്രത്യേക ദൗത്യസേനയായ വൈപ്പർ ടീം സാഹസികമായ നിരവധി ഓപ്പറേഷനുകൾ വിജയിപ്പിച്ചുമുന്നേറുകയാണ്. ടീമംഗങ്ങൾ കാടനുഭവങ്ങൾ പറയുന്നു
ടീമിന് വലിയ അംഗീകാരം നേടിത്തന്ന ഓപ്പറേഷൻ ആയിരുന്നു മൂന്നാറിലെ അരിക്കൊമ്പന്റെ കാടുമാറ്റം. വനം വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ആർആർടികൾ, വെറ്റിനറി ഓഫീസർമാർ തുടങ്ങിയവർ ഒരേ മനസോടെ ഒന്നിച്ച് നിന്നതിന്റെ ഫലമാണ് അരിക്കൊമ്പൻ ഓപ്പറേഷന്റെ വിജയം. വൈപ്പർ ടീം ക്യാപ്റ്റൻ എന്ന നിലയിൽ സാഹസികമായ പല റെസ്‌ക്യൂ ഓപ്പറേഷനുകളിലും പങ്കെടുത്തയാളാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.ഗണേഷ്. വ്യത്യസ്തവും സാഹസികവുമായ ഓരോ ഓപ്പറേഷനും വിജയിച്ചുമടങ്ങുമ്പോൾ ടീമംഗങ്ങളുടെ ആത്മവിശ്വാസം വർധിക്കുകയാണെന്നാണ് ഗണേഷിന്റെ അനുഭവം.
വനം വകുപ്പിന്റെ ആനക്കൊട്ടിലിൽ നിന്നുമെത്തിയ ശക്തരായ കുങ്കിയാനകളുടെ മികവ് എടുത്ത് പറയേണ്ടത് തന്നെയാണ്. ‘അന്നേ ദിവസം രാവിലെ ഞാൻ ട്രാക്കിങ് ടീമിന്റെ കൂടെയായിരുന്നു. അരിക്കൊമ്പനെ സിമന്റ് പാലത്തിനടുത്ത് കണ്ടതിനെത്തുടർന്ന് അതിരാവിലെ ടീം പ്രവർത്തനം ആരംഭിച്ചു. എന്റെ ഇൻസിഡന്റ് കമാൻഡർ തേക്കടി അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ.അനുരാജ് ആയിരുന്നു. അദ്ദേഹം ഡാർട്ടിങ് (മയക്കുവെടി വയ്ക്കുന്ന സംഘം) ടീമിലായിരുന്നു. അരിക്കൊമ്പനെ ട്രാക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ചക്കക്കൊമ്പൻ ഞങ്ങളുടെ മുമ്പിൽ നിൽക്കുകയായിരുന്നു. ഡാർട്ടിങ് ടീമിനെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ വരികയും മയക്കുവെടി വയ്ക്കുകയും ചെയ്തു. കുങ്കിയാനകളുടെ മണിക്കൂറുകൾ നീണ്ടുനിന്ന ശ്രമഫലമായി കാടിറങ്ങിയ അരിക്കൊമ്പനെ അവിടെനിന്നും ഉൾവനത്തിലേക്ക് കയറ്റിവിടുകയും ചെയ്തു. പുതിയൊരു ദേശത്തേക്ക്, പെരിയാർ ടൈഗർ റിസർവിന്റെ മടിത്തട്ടിലേക്കുളള യാത്രയായിരുന്നു അത്.’ ഗണേഷ് പറഞ്ഞുനിർത്തി.

മറ്റൊരു സംഭവം കഴിഞ്ഞ ജൂണിലാണ്. ഫീൽഡ് പട്രോളിങ്ങിലായിരുന്ന വൈപ്പർ ടീമിനോട് തേക്കടി ഫ്ളൈയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വയർലസിലൂടെ എത്രയും പെട്ടെന്ന് തേക്കടി ബോട്ട് ലാൻഡിങ്ങിലെത്താൻ നിർദേശം നൽകി. യാത്രാമധ്യേ തേക്കടി അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസറായ ഡോ.അനുരാജ് ഫോണിൽ ബന്ധപ്പെടുകയും റെസ്‌ക്യൂ ഓപ്പറേഷനായി ടീമിനെ സജ്ജമാക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അന്ന് വിഷയം കടുവയായിരുന്നു. കൂടെ ഒരു നായക്കുട്ടിയും ഉണ്ട്. ഇടുക്കി ചെല്ലാർകോവിൽ എന്ന സ്ഥലത്ത് ഒരു ഏലം എസ്റ്റേറ്റിലെ വേസ്റ്റ് കുഴിയിൽ ജീവനോടെയാണ് കടുവ കിടക്കുന്നത്. ടീം എത്തുന്നതിന് മുമ്പുതന്നെ ഇടുക്കി ഫ്ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ, പിടിആർ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ, കുമളി ആർആർടി, പീരുമേട് ആർആർടി, പോലീസ് എല്ലാവരും സജ്ജരായിരുന്നു.
ഇര പിടിക്കാനായി നായയെ ഓടിക്കുന്നതിനിടെ രണ്ടും കുഴിയിൽ വീഴുകയായിരുന്നു. ഒടുവിൽ കടുവയെ മയക്കുമരുന്ന് വച്ച് റെസ്‌ക്യൂ ചെയ്യുന്നതിന് തീരുമാനിച്ചു. മൂന്ന് പേർ കുഴിയുടെ മുകളിൽ താല്കാലികമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റിന് മുകളിൽ ചെന്നു. കടുവയ്ക്ക് ഏകദേശം ഒന്നര – രണ്ട് വയസ്സാണ് പ്രായം. ഈ പ്രായത്തിൽ ചെറിയ കേഴമാൻ, കൂരമാൻ മുതലായ ചെറിയ മൃഗങ്ങളെ അവർ വേട്ടയാടും. ഏകദേശം നാല് വയസ്സ് മുതൽ കാട്ടുപോത്ത് പോലുളളവയെ പിടികൂടും. ആദ്യത്തെ മയക്കുവെടി കടുവയ്ക്കും രണ്ടാമത്തേത് നായയ്ക്കും വെച്ചു. ഇരുപത് മിനിറ്റിന് ശേഷം ബൂസ്റ്റർ ഡാർട്ട് കൂടി ഡോക്ടർ നൽകിയ ശേഷം കടുവയെ കുഴിയിൽ നിന്നും ഉയർത്താനുള്ള നടപടികൾ തുടങ്ങി. പിടിആറിന്റെ ഡോഗ് സ്‌ക്വാഡ് ഫോറസ്റ്റ് വാച്ചർ ശേഖറിന്റെ നേതൃത്വ്വത്തിൽ വൈപ്പർ ടീം അംഗങ്ങൾ ബോലൈൻ കെട്ട് ഇടുകയും ക്യാപ്ച്ചറിങ്ങ് റഗ് ഉപയോഗിച്ച് സുരക്ഷിതമായി കടുവയെ പുറത്തെടുക്കുകയും ചെയ്തു. അന്നേരവും നായ നല്ല ഉറക്കത്തിലായിരുന്നു. തുടർന്ന് നായയെയും സുരക്ഷിതമായി പുറത്തെത്തിച്ചു. സഹജീവികളെ സംരക്ഷിക്കുന്നതാണ് ഈ ഭൂമിയിൽ വസിക്കുന്നതിന് നാം കൊടുക്കുന്ന വാടക എന്നാണ് വൈപ്പർ അംഗങ്ങൾ കരുതുന്നത്. പെരിയാറിൽ നിന്നും ലഭിച്ച കാടറിവുകളും ടീമിന്റെ ഭാഗമായ ശേഷം ലഭിച്ച പരിശീലനവും ഓപ്പറേഷനുകളിൽ ആത്മധൈര്യം പകരുന്നുവെന്നും ടീമംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
| എന്താണ് വൈപ്പർ ടീം? വനം വന്യജീവി സംരക്ഷണം, പങ്കാളിത്ത വനപരിപാലനം, ഇക്കോ ടൂറിസം പ്രവർത്തനങ്ങൾക്ക് ലോക ശ്രദ്ധ നേടിയ രാജ്യത്തെ തന്നെ മികച്ച കടുവാ സങ്കേതമാണ് പെരിയാർ ടൈഗർ റിസർവ്. കേന്ദ്ര ഗവൺമെന്റിന്റെ 2008ലെ നയത്തിന്റെ ഭാഗമായി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (NTCA) കീഴിൽ എല്ലാ ടൈഗർ റിസർവുകളും സ്പെഷ്യൽ ടൈഗർ പ്രൊട്ടക്ഷൻ ഫോഴ്സ് (STPF) രൂപവൽക്കരിക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പെരിയാർ ടൈഗർ റിസർവിൽ രൂപീകരിച്ച പ്രത്യേക ദൗത്യസേനയാണ് VIPER (Valiant Itnrepid Powerful Enigmatic Raiders). 2017 ലാണ് VIPER രൂപീകരിക്കുന്നത്. റിസർവിലെ പല റേഞ്ചുകളിലായി ജോലി ചെയ്യുന്ന തിരഞ്ഞടുക്കപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ, പരിചയസമ്പന്നരായ പ്രൊട്ടക്ഷൻ വാച്ചർമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് സേന രൂപീകരിച്ചത്. ദുർഘടമായ പ്രദേശങ്ങളിലും സംഘർഷമേഖലകളിലും ഫലപ്രദമായ പ്രവർത്തനം നടത്തുന്നതിനുള്ള ജംഗിൾ സർവൈവൽ & കോമ്പാക്ട് ടെക്നിക്സിൽ പ്രത്യേക പരിശീലനം തമിഴ്നാട് സത്യമംഗലം സ്പെഷ്യൽ ടാസ്‌ക്ക് ഫോഴ്സിൽ നിന്നും ലഭ്യമാക്കി. കാട് കേന്ദ്രീകരിച്ചുളള തിരച്ചിലുകൾ, മൃഗങ്ങളുമായുളള നേരിട്ടിടപെടലുകൾ, സീറ്റ് റാപ്പലിങ്, രക്ഷാപ്രവർത്തനങ്ങൾ എന്നിവയിൽ പ്രാവീണ്യം നേടിയ ആറ് വനിതകൾ ഉൾപ്പെടെ 25 അംഗങ്ങളാണ് നിലവിൽ ദൗത്യസേനയിലുള്ളത്. എന്തൊക്കെയാണ് |
