കവര്‍‌സ്റ്റോറി

ജീവിതമാവണം ലഹരി

ജീവിതമാവണം ലഹരി
വി. ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി

ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അതിവേഗം പടരുന്ന ലഹരി ഉപയോഗം നമ്മുടെ കുട്ടികളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഗൗരവകരമായ പ്രശ്‌നമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജോലി സ്ഥലങ്ങളിലേക്കും നീളുന്ന ഈ പ്രതിസന്ധിയെ നേരിടുന്നതിൽ കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒന്നിച്ച് അണി ചേർന്ന് പോരാടേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്. അതു കൊണ്ടാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രഥമ കർമ്മമാക്കിയിട്ടുള്ളത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

പഠന രംഗത്തെ പ്രതിരോധം

വിദ്യാലയങ്ങള്‍ക്ക് വിദ്യാര്‍ഥികളെ ലഹരി വലയില്‍ നിന്ന് തീര്‍ച്ചയായും വിമുക്തരാക്കാനാവും. ലഹരി ഉപയോഗം സ്‌കൂള്‍ തലത്തിലേക്ക് പോലും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ ഇതിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി സ്‌കൂളുകളെ തന്നെ പ്രതിരോധ കവചമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. ലഹരി വിരുദ്ധ സന്ദേശം പാഠ്യ സാമഗ്രികളിലൂടെയും അധ്യാപന രീതികളിലൂടെയും നല്‍കാന്‍ വേണ്ട നടപടി കൈക്കൊണ്ടിട്ടുണ്ട്. അധ്യാപക പരിശീലനവും നടക്കുന്നു.

പഠനത്തില്‍ പിന്നാക്കം നിൽക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് പ്രതീക്ഷ നഷ്‌ടപ്പെടാതിരിക്കാൻ വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ട്. എല്ലാ വിദ്യാര്‍ഥികളുടെയും പഠന വിജയം ഏറ്റക്കുറച്ചിലോടെ അംഗീകരിക്കപ്പെടണം.

പരാജയ ബോധം മറക്കാന്‍ ലഹരി അന്വേഷിക്കുന്നത് ഒഴിവാക്കാന്‍ ഇടപെടണം. സ്‌കൂള്‍ സംവിധാനങ്ങളെ ആകർഷകമാക്കുന്നതും ലഹരിയില്‍ നിന്ന് വിദ്യാര്‍ഥികളെ പ്രതിരോധിക്കാന്‍ സഹായിക്കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും പരിഗണന ലഭിക്കും വിധം പാഠശാലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ മാറണം.

സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന കലോത്സവങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, സൗഹൃദ കായിക മത്സരങ്ങള്‍, സ്‌കൂള്‍/ക്ലാസ് തലങ്ങളില്‍ ചലച്ചിത്രോത്സവം, ഷോർട്ട് ഫിലിം നിര്‍മ്മാണം, വിദ്യാര്‍ഥി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയുടെ ആവിഷ്‌കാരത്തിലൂടെ സ്‌കൂള്‍ ക്യാംപസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം നൽകുന്ന വേദിയായി മാറുന്നു. സ്‌കൂള്‍ തലത്തില്‍ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് എല്ലാവിധ പിന്തുണയും വിദ്യാഭ്യാസ വകുപ്പ് നൽകുന്നുണ്ട്. ഒപ്പം രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നൽകുന്ന പരിപാടികളും ഏറ്റെടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെ സ്‌കൂളുകളുമായി ബന്ധപ്പെടുത്താന്‍ വേണ്ട നടപടികളും എടുക്കുന്നുണ്ട്.

ഡിജിറ്റല്‍ സാധ്യതകളുടെ ഉപയോഗം

ഡിറ്റിപി, പേജ് സെറ്റിങ്, ലേ ഔട്ട് തുടങ്ങിയ ഐ.ടി പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ ഭാഗത്തു നിന്നുള്ള പോസ്റ്റര്‍ നിര്‍മ്മാണം, ലഹരി വിരുദ്ധ ഡിജിറ്റല്‍ പ്രസിദ്ധീകരണം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നു. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിമാസ മാസികകള്‍ ഉണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ മികച്ച ഫലം ഉണ്ടാക്കുന്നുണ്ട്. എഴുതാനും വരയ്ക്കാനും കഴിയുന്ന കുട്ടികൾ അതിനൊപ്പം അണി ചേരണം. കുട്ടികളുടെ തന്നെ എഡിറ്റോറിയല്‍ ബോര്‍ഡും പ്രവർത്തിക്കട്ടെ. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ഇടപെടലുകളും ശക്തമാക്കുന്നുണ്ട്. അതുപോലെ കുട്ടികളിൽ നേതൃ ശേഷി പ്രോത്സാഹിപ്പിക്കണം. മികച്ച നേതൃത്വ പരിശീലനം വിദ്യാലയങ്ങളില്‍ സജീവമാക്കാനും പാഠ്യ പദ്ധതിയുടെ ഭാഗമാാനുമുളള പ്രവര്‍ത്തനങ്ങളും നടപ്പാക്കാം.

തൊഴിലിടങ്ങളില്‍ ജാഗ്രത

അതിഥി തൊഴിലാളികള്‍ക്കിടയിലും സ്വകാര്യ സ്ഥാപനങ്ങളിലുമാണ് ലഹരി ഉപയോഗം വർധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ് ആസൂത്രിതമായ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്.

2025 മെയ് 20 മുതല്‍ 26 വരെയുള്ള ആഴ്‌ചയിൽ ആരോഗ്യ, എക്സൈസ്, തദ്ദേശ വകുപ്പുകളുമായി ചേർന്ന് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കും. കൺസ്ട്രക്ഷൻ സൈറ്റുകള്‍, ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍, കൊറിയര്‍ സര്‍വീസുകള്‍, ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, വീഡിയോ ഡിസ്പ്ലേകള്‍, ഭാഷപരമായ ബോധവല്‍ക്കരണങ്ങള്‍ എന്നിവയിലൂടെ ഇടപെടലുകള്‍ നടത്തുന്നു.

വിവിധ തൊഴില്‍ മേഖലകളില്‍ ഉച്ചഭാഷിണികള്‍ വഴി സന്ദേശങ്ങള്‍, ഡോക്‌ടർമാരുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ക്ലാസുകള്‍, സൗജന്യ കൗൺസിലിങ്ങ് കേന്ദ്രങ്ങള്‍ എന്നിവയൊക്കെ പദ്ധതിയുടെ ഭാഗങ്ങളാണ്. സ്ഥാപന ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും അവരുടെ ജീവനക്കാരെ ലഹരി വലയില്‍ നിന്ന് തിരിച്ചറിയാനുള്ള പരിശീലനങ്ങളും നൽകുന്നു.

രക്ഷിതാക്കളും അധ്യാപകരും പൊതു സമൂഹവും ശ്രദ്ധിക്കണം

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നാടിനെ നടുക്കുന്നതും മനുഷ്യത്വ രഹിതവുമായ പല കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്നു. ലഹരി ഉപയോഗം സൃഷ്‌ടിക്കുന്ന ശാരീരിക, മാനസിക, ആരോഗ്യ പ്രശ്‌നങ്ങളും വലുതാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ചേര്‍ത്ത മിഠായികള്‍, പാനീയങ്ങള്‍, ഐസ്‌ക്രീം എന്നിവയും ലഹരി ഗുളികകളും വ്യാപകമാണ്. പല സ്‌കൂളുകളുടെയും സമീപത്തുള്ള ചെറു കച്ചവടക്കാരും മറ്റും ഇത്തരം ലഹരി വസ്‌തുക്കളുടെ വിൽപനക്കാരായി മാറുന്നുണ്ട്. നിരോധിത പുകയില ഉൽപന്നങ്ങളും വ്യാപകമാകുന്ന പ്രവണത ഉണ്ട്. ഇതിനെ ശക്തമായി പ്രതിരോധിക്കാനാകണം.

ലഹരിക്ക് അടിമപ്പെടുന്ന വിദ്യാര്‍ഥികള്‍ കേരളത്തിന്റെ വലിയൊരു സാമൂഹിക പ്രശ്‌നം തന്നെയാണ്. ലഹരി വിമുക്ത ഭാവി കേരളമെന്ന്  ലക്ഷ്യം കൈവരിക്കാന്‍ വിദ്യാര്‍ഥികള്‍ ലഹരി വസ്‌തുക്കൾക്കതീതരായേ മതിയാകൂ. ജീവിതം തന്നെയാണ് അവര്‍ക്കു ലഹരിയാകേണ്ടത്.

മാതൃകയാകേണ്ടവര്‍ മാറ്റണം ലഹരി ശീലം

വിദ്യാര്‍ഥികള്‍ ലഹരിയിലേക്ക് ആകർഷിക്കപ്പെടുന്നതിൽ മുതിർന്നവർ വഹിക്കുന്ന പങ്ക് ചെറുതല്ല. ബോധപൂര്‍വമല്ലാത്ത ഒട്ടേറെ സാഹചര്യങ്ങള്‍ അതിലേക്ക് കുട്ടികളെ നയിക്കുന്നുണ്ട്. മുതിർന്നവർക്കായി ലഹരി വസ്‍‌തുക്കൾ എത്തിച്ചു കൊടുക്കാന്‍ വിധേയരാകുന്ന കുട്ടികളാണ് ഇതിന്റെ ഒന്നാമത്തെ ഇരകള്‍.

അച്ഛനോ കുടുംബത്തിലെ മറ്റ് മുതിർന്നവർക്കോ വേണ്ടി വാങ്ങി എത്തിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കുന്നു. ഇത് ലഹരി ഉപയോഗം സാധാരണ ജീവിതത്തിന്റെ ഭാഗമാണെന്ന ധാരണ കുട്ടികളിൽ സൃഷ്‌ടിക്കും.

ബോധപൂര്‍വം ലഹരി വാഹകരായി വിദ്യാര്‍ഥികളെ വിധേയരാക്കുന്നത് ഗൗരവമായി കാണണം. പോലീസ്  ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് മുന്നിൽ വിദ്യാര്‍ഥികളെ മറയാക്കി സുരക്ഷിതമായി ലഹരി വിനിമയം നടത്തുന്ന സംഘമാണ് ഇക്കൂട്ടർ. ലഹരിയെ ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളും വിദ്യാര്‍ഥികളെ ആകർഷിക്കുന്നു. സാമൂഹികമായ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്. വിപുലമായ ബോധവല്‍ക്കരണവും സംവിധാനങ്ങളുടെ പഴുതടച്ച പ്രവര്‍ത്തനവും ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉപയോഗം സംബന്ധിച്ച് കൃത്യമായ തിരിച്ചറിവ് പകരലുമൊക്കെയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.

Spread the love