ജനാഭിപ്രായം ആരാഞ്ഞ് വികസന സദസ്സുകൾ
|
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന വികസനസദസ്സുകൾ ഈ കേരളത്തിന്റെ ഭാവി വികസനപാതയ്ക്ക് അടിത്തറ പാകുന്നതായി. കേരളമിന്നോളം ആർജിച്ച വികസന നേട്ടങ്ങളെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും ഭാവിവികസന പ്രക്രിയകളെക്കുറിച്ച് ചർച്ച ചെയ്യാനും ഉദ്ദേശിച്ചുള്ളവയാണ് വികസനസദസ്സുകൾ. പൊതുജനങ്ങൾക്ക് ക്രിയാത്മകമായ വികസനാശയങ്ങൾ സർക്കാരിലേക്ക് എത്തിക്കാനും അവയ്ക്ക് പ്രായോഗികരൂപം നൽകുന്നതിന് പൊതുജനപിന്തുണ ഉറപ്പാക്കാനുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യംവെക്കുന്നത്.
വികേന്ദ്രീകൃത ആസൂത്രണത്തിൽ രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരളത്തിന്റെ മറ്റൊരു മാതൃകാപരമായ മുൻകൈയായി ഒരു മാസം നീണ്ടുനിന്ന വികസന സദസ്സുകൾ. സംസ്ഥാനതലത്തിലുള്ള വികസന നേട്ടങ്ങൾക്കു പുറമെ പ്രാദേശിക തലത്തിലുള്ള വികസന നേട്ടങ്ങളും അവതരിപ്പിക്കപ്പെട്ടു. ഏറ്റവും കൂടുതൽ സമയം വികസന സദസ്സുകൾ മാറ്റിവെക്കുന്നത് ചർച്ചകൾക്കായിട്ടാണ്. ഇവയ്ക്കുമേലുള്ള ജനാഭിപ്രായം ആരായുകയാണ് പ്രധാന ഉദ്ദേശ്യം. ജനങ്ങൾ മുമ്പോട്ടുവെക്കുന്ന ആവശ്യങ്ങൾ ക്രോഡീകരിച്ചുകൊണ്ട് അടുത്ത വർഷങ്ങളിലേക്കുള്ള പ്രാദേശികതല സംസ്ഥാനതല വികസനത്തിന്റെ രൂപരേഖയുണ്ടാക്കണം. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ, ആദ്യമായിട്ടായിരിക്കും ഇത്തരത്തിൽ ജനങ്ങളെ അങ്ങോട്ടു ചെന്നു കേട്ടുകൊണ്ടുള്ള വികസനം ആസൂത്രണം ചെയ്യപ്പെടുന്നത്. ഓരോ പ്രദേശത്തിന്റെയും ഭാവി വികസനം എങ്ങനെയാകണം എന്നത് വിഭാവനം ചെയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
|

