ചരിത്രപാതകൾ

അതിദാരിദ്ര്യ നിർമ്മാർജനം>> ബിജോ വേലിക്കകത്ത്
                                              മാധ്യമപ്രവർത്തകൻ

logo 6

bijo photo

പട്ടിണിയില്ലാത്ത കേരളമായതിന് വഴിയൊരുക്കിയ
ചില നാഴികക്കല്ലുകൾ അറിയാം

നവോത്ഥാനം പാകിയ ആധാരശിലകൾ

നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തോടൊപ്പമോ അതിലുമേറെ ശക്തമായോ ഉയർന്ന സംസ്ഥാനങ്ങളുണ്ടായിരുന്നു ഇന്ത്യയിൽ. എന്നാൽ, ആ പുരോഗമന മുന്നേറ്റങ്ങളുടെ അനന്തരാവകാശികളായി അക്ഷരാർഥത്തിൽ മാറിയൊരു സമൂഹം മലയാളികളുടേതു പോലെ മറ്റൊന്നുണ്ടാവില്ല. കേരള മോഡലെന്ന് ലോകം വാഴ്ത്തുന്ന നേട്ടങ്ങൾക്ക് അടിത്തറയൊരുക്കിയത് നവോത്ഥാന ആശയങ്ങളും അതിനെ ഊർജമാക്കിയ സാമൂഹിക മുന്നേറ്റങ്ങളുമാണെന്ന് നിസ്സംശയം പറയാം.

സമൂഹത്തെയാകെ ഉടച്ചുവാർത്ത ഒട്ടേറെ സമരങ്ങളുടെ ആകെത്തുകയാണ് കേരള നവോത്ഥാനം. രാജ്യത്തെ മറ്റു പ്രദേശങ്ങളിൽനിന്നു വിഭിന്നമായ സാമൂഹിക ജീവിതം സ്വാതന്ത്ര്യാനന്തരം കേരളത്തിൽ സാധ്യമായത് അതുകൊണ്ടാണ്. ജാതിമത ചിന്തകൾക്കതീതമായ തുല്യനീതിയും അവകാശങ്ങളും സാമൂഹിക ബോധമായി വളർന്നത് അത്തരം പോരാട്ടങ്ങൾ കേരളത്തിന്റെ പൊതുസമൂഹം ഏറ്റെടുത്തതിനാലാണ്. നവോത്ഥാന ആശയങ്ങളും വിവിധ സാമുദായിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും ജാത്യന്ധതയും അയിത്തവും തുടച്ചുനീക്കുന്നതിന് ശക്തമായി വാദിച്ചിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി ഉയർന്നുവന്ന വിവിധ പ്രക്ഷോഭങ്ങളും ഈ ദിശയിലായിരുന്നു. ശ്രീനാരായണഗുരുവും മഹാത്മ അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും പോലുള്ള നവോത്ഥാന നായകർ ഉയർത്തിയ ആശയങ്ങൾ സമത്വത്തിനും സാമൂഹികനീതിക്കും പ്രാധാന്യം നൽകി.b3
ദാരിദ്ര്യവിമുക്തമായ അന്തസ്സുറ്റ ജീവിതം നയിക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെയും വ്യവസായത്തിലൂടെയും അധഃസ്ഥിതാവസ്ഥയിൽനിന്ന് മുന്നേറുന്നതിനും ഇതൊക്കെ സമൂഹത്തിന് പ്രേരകമായി. അവകാശങ്ങളെപ്പറ്റി അവബോധം നൽകി. സാമൂഹിക, രാഷ്ടീയ പ്രസ്ഥാനങ്ങൾ അവ ഉൾക്കൊണ്ട് പരിപാടികൾ ആവിഷ്‌കരിച്ചു. പലയിടങ്ങളിൽനിന്നും വ്യത്യസ്തമായി മനുഷ്യാന്തസ്സ് നിലനിർത്താൻ ഉതകുന്ന നയങ്ങൾ നടപ്പാക്കാൻ സർക്കാരുകൾക്ക് പ്രചോദനമായി. ഈ അടിത്തറയിൽനിന്നാണ് കേരളപ്പിറവിക്ക് 59 വർഷങ്ങൾ പിന്നിടുന്ന വേളയിൽ അതിദാരിദ്ര്യം ഇല്ലാതാക്കിയ നാടായി മാറാൻ നാം ഒരുങ്ങുന്നത്.

ഉഴുതുമറിച്ച ഭൂപരിഷ്‌കരണം

സ്വാതന്ത്ര്യത്തിനുശേഷം കേരളം കണ്ട ഏറ്റവും വിപ്ലവകരമായ ഭരണനടപടിയായിരുന്നു ആദ്യ ഇഎംഎസ് സർക്കാർ ആവിഷ്‌കരിച്ച ഭൂപരിഷ്‌കരണം. കേരളത്തിന്റെ സർവതോമുഖമായ പുരോഗതിക്ക് അസ്ഥിവാരമിട്ട സുപ്രധാന നടപടിയാണിതെന്ന് നിസംശയം പറയാം. ഭൂമിയുടെ ഉടമസ്ഥരും എന്നാൽ പണിയെടുക്കാത്തവരുമായ ജന്മിമാർ, അവരിൽനിന്ന് ഭൂമി പാട്ടത്തിനെടുത്തോ സ്വന്തം ഭൂമിയിലോ കൃഷിചെയ്യുന്നവർ, ഭൂരഹിതരായ കർഷകത്തൊഴിലാളികൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് കാർഷികമേഖലയിൽ ഉണ്ടായിരുന്നത്. പാട്ടവും നിർബന്ധിത പിരിവും കഴിഞ്ഞാൽ കൃഷിക്കാരനു മിച്ചമൊന്നും ഉണ്ടാവാറില്ല. കർഷകത്തൊഴിലാളിക്ക് പട്ടിണി.

bijo1

1957-ൽ ആദ്യ ഇഎംഎസ് സർക്കാർ അധികാരമേറ്റയുടൻ കുടിയൊഴിപ്പിക്കൽ നിരോധിച്ചു നിയമം പാസാക്കി. ഇതിനെ തുടർന്നാണ് സമഗ്ര കാർഷികനിയമം അവതരിപ്പിച്ചത്. നിശ്ചിതവില നൽകിയാൽ കൃഷിക്കാരനു ഭൂമി ഉടമസ്ഥനാകാമെന്ന സ്ഥിതിവന്നു. വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറും ഭൂപരിധി നിശ്ചയിച്ചു. കാർഷിക പരിഷ്‌കരണ നിയമത്തിൽ 1957-നുശേഷം നടന്ന വസ്തുകൈമാറ്റങ്ങൾ അസാധുവാക്കുന്നതിനുള്ള വകുപ്പ് കേന്ദ്രതലത്തിൽ അട്ടിമറിക്കപ്പെട്ടു. 1967-ലെ ഇഎംഎസ് സർക്കാർ വീണ്ടും സമഗ്ര ഭൂപരിഷ്‌കരണ നിയമത്തിനു നടപടി സ്വീകരിച്ചു. 1968-ലാണ് നിയമം പാസായത്.

ഭൂപരിഷ്‌കരണത്തിനുശേഷം കൃഷിഭൂമി ജന്മിമാരുടെ കൈയിൽനിന്ന് കൃഷിക്കാരുടെ കൈയ്യിലേക്കു മാറിയത് കേരളത്തിലെ ഭൂവുടമ ബന്ധങ്ങളിലും ജാതിശ്രേണി ബലാബലത്തിലും കർഷകത്തൊഴിലാളികളുടെ വിലപേശൽശേഷിയിലും സാമൂഹികവിദ്യാഭ്യാസ-ആരോഗ്യ പുരോഗതിയിലും നിർണ്ണായക മാറ്റമുണ്ടാക്കി.

ഭൂപരിഷ്‌കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അഞ്ച് ഏക്കറിൽ താഴെയുള്ള കൃഷിക്കാരായിരുന്നു. 28 ലക്ഷം കുടിയാൻമാർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം പേർക്ക് കുടികിടപ്പവകാശം ലഭിച്ചു. കർഷകത്തൊഴിലാളികളുടെ കൂലി ഉയരാൻ തുടങ്ങിയത് ഭൂപരിഷ്‌കരണ ത്തോടെയാണ്. ജാതി അടിസ്ഥാനത്തിലുള്ള ഭൂമി ഉടമസ്ഥതയിൽ വലിയ പൊളിച്ചെഴുത്ത് നടന്നു.

ഒളിമങ്ങാത്ത അക്ഷരവെളിച്ചം

1991 ഏപ്രിൽ 18: കേരളം സമ്പൂർണ സാക്ഷരത നേടിയെന്ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തെ വേദിയിൽനിന്ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ സാന്നിധ്യത്തിൽ മലപ്പുറത്തെ ചേലക്കോടൻ ആയിഷ പ്രഖ്യാപിച്ചു. കാലങ്ങളുടെ നിരന്തര ശ്രമങ്ങൾക്ക് പൂർണ്ണതയുടെ ഫലമുണ്ടായ അഭിമാനനിമിഷം. കേരളത്തിന്റെ അക്ഷരപുസ്തകത്തിൽ എക്കാലവും ഒളിമങ്ങാതെ തിളങ്ങുന്ന ഏടുകളിലൊന്ന് എഴുതിച്ചേർത്ത ദിനം. 1989ൽ ഇന്ത്യയിലെ ആദ്യ അക്ഷരനഗരമായി കോട്ടയവും 1990ൽ ഇന്ത്യയിലെ പ്രഥമ സമ്പൂർണ്ണ സാക്ഷര ജില്ലയായി എറണാകുളവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെ കഠിനവും നിരന്തരവുമായ പരിശ്രമങ്ങൾക്കൊടുവിൽ കേരളം സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി മാറിയെന്ന നവസാക്ഷരയുടെ പ്രഖ്യാപനം ഓരോ മലയാളിയും ആത്മാഭിമാനത്തോടെ ഏറ്റുപറഞ്ഞപ്പോൾ രാജ്യവും ലോകവും അത്ഭുതാദരങ്ങളോടെ നോക്കിനിന്നു.b1 1

നവോത്ഥാന നായകർ വെട്ടിത്തെളിച്ച പാതയിലൂടെ സഞ്ചരിച്ച കേരളം ഗുണമേന്മാവിദ്യാഭ്യാസത്തിനു നൽകിയ ഊന്നൽ കൊണ്ടാണ് ഇന്ത്യയിൽ സമ്പൂര്‍ണ്ണസാക്ഷരത നേടിയ ആദ്യ സംസ്ഥാനമായത്. bijo2ഇന്നിപ്പോൾ നാം സമ്പൂര്‍ണ്ണ ഡിജിറ്റൽ സാക്ഷരതയെന്ന ലക്ഷ്യം കൈയെത്തി പിടിക്കുന്നു. അതിനുമപ്പുറം വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയെന്ന അത്യന്താധുനിക ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. വിസ്മയകരമായ അറിവിന്റെ കുതിച്ചുചാട്ടത്തിനും സാർവത്രിക വിദ്യാഭ്യാസത്തിന്റെ സാമൂഹ്യവൽക്കരണത്തിനും ഉൽപ്രേരകമായ ചരിത്രനേട്ടമായിരുന്നു എല്ലാ അർഥത്തിലും സമ്പൂര്‍ണ്ണസാക്ഷരത. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലുടെയും അതിന്റെ തുടർച്ചയായുള്ള ദൗത്യങ്ങളിലൂടെയും കൂട്ടികൾക്ക് ഗുണമേന്മാ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള പുതുമാതൃകകൾ കേരളം ആവിഷ്‌കരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ലോകത്താകെ വിദ്യാർഥികളുടെ പഠനം മുടങ്ങിയപ്പോഴും കേരളം ഇച്ഛാശക്തിയോടെ ബദൽമാർഗങ്ങൾ നടപ്പാക്കി. ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കിയതിലൂടെ രാജ്യത്തു തന്നെ സമാനതയില്ലാത്ത മുന്നേറ്റമായി.

അധ്യാപികയാകണമെന്നാണ് കോട്ടയം അയർക്കുന്നം സ്വദേശിനി 104 വയസ്സുള്ള കുട്ടിയമ്മ സാക്ഷരതാ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി വിജയിച്ചശേഷം പറഞ്ഞത്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ലഭ്യമാക്കുന്ന നാടാണ് കേരളമെന്നതാണ് സാക്ഷരതാപ്രസ്ഥാനത്തിലൂടെ തെളിയിക്കപ്പെട്ടത്. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ പഠനത്തിന്റെ ആജീവനാന്ത സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. 1998ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തുടർ വിദ്യാഭ്യാസ സംവിധാനം നിലവിൽ വന്നത്. നവസാക്ഷരർക്ക് പന്ത്രണ്ടാം ക്ലാസ് വരെ തുടർപഠനം നടത്താൻ അവസരമുണ്ട്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംവിധാനമാണ് കേരളം. കൊഴിഞ്ഞുപോയവരെ തുടർപഠനത്തിലേക്ക് കൈപിടിച്ചുയർത്താനും കഴിയുന്നുണ്ട്. അവസാനയാളിലേക്കു വരെ പഠനത്തിന് അവസരമെത്തണമെന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ പ്രവർത്തനം. 1957 ലെ ഒന്നാം ഇ എം എസ് സർക്കാർ മുതലിങ്ങോട്ട് പല സർക്കാരുകളും പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് വലിയ ശ്രദ്ധ നൽകി.bijo3

വിദ്യാസമ്പന്ന പൗരസമൂഹം

വായിക്കാൻ പഠിച്ചാൽ പെൺകുട്ടികൾ വിധവകളാകുമെന്ന് വിശ്വസിച്ചിരുന്നൊരു സമൂഹമായിരുന്നു നമ്മുടേത്. അതേ കേരളത്തിൽ ആദ്യ കർഷകത്തൊഴിലാളി സമരം നടന്നത് തങ്ങളുടെ മക്കൾക്ക് സ്‌കൂളിൽചേർന്ന് പഠിക്കാൻ അവസര മൊരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു. ജാതിമേധാവിത്വത്തെ വെല്ലുവിളിച്ച് ഊരൂട്ടമ്പലം സ്‌കൂളിലേക്ക് പഞ്ചമിയുടെ കൈപിടിച്ചെത്തിയ മഹാത്മ അയ്യങ്കാളിയുടെ പോരാട്ടചരിത്രവും സാക്ഷ്യപ്പെടുത്തുന്നു, ഏത് ജനാധിപത്യ സമൂഹ ത്തിന്റെയും പുരോഗതിയുടെ അടിത്തറ വിദ്യാസമ്പന്നമായ പൗരസമൂഹമാണെന്ന്. നവേത്ഥാനശിൽപികൾ പകർന്ന ഈ തിരിച്ചറിവിൽനിന്നാണ് അറിവിന്റെ വെളിച്ചം കേരളമാകെ പരന്നത്.

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ ഇതരഭാഗങ്ങളിലൊക്കെയും ജനസാമാന്യം സ്തംഭിച്ചുനിന്ന കാലത്ത് ഭൂബന്ധങ്ങൾ അടിമുടി അഴിച്ചുപണിത് യുഗപരിവർത്തനം സൃഷ്ടിക്കുകയായിരുന്നു കേരളം. ഐക്യകേരളത്തിൽ ആദ്യമായി അധികാരത്തിൽ വന്ന സർക്കാർ പുതുജീവനേകിയ സുപ്രധാന മണ്ഡലമായിരുന്നു വിദ്യാഭ്യാസം. ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലാണ് കേരളത്തിൽ ആധുനിക വിദ്യാഭ്യാസ സംവിധാനത്തിന് അടിത്തറപാകിയത്. ഗ്രാമീണതലങ്ങളിലെല്ലാം വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ ഉന്നതവിദ്യാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും കാലക്രമത്തിൽ നടപടികൾ സ്വീകരിച്ചു. നടന്നെത്താവുന്ന ദൂരത്തിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചു. ഫീസ് നിർത്തലാക്കി. പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണം എന്നിവയെല്ലാം സൗജന്യമാക്കി. സാധാരണക്കാർക്ക് അപ്രാപ്യമായ വിദ്യാഭ്യാസത്തെ എല്ലാവർക്കും പ്രാപ്യമാക്കാൻ കഴിഞ്ഞതിന്റെ അടിത്തറയിലാണ് തുടർകേരളം വളർന്നതും വികസിച്ചതും വിസ്മയമായതും.

ക്ഷേമത്തിൽ എന്നും മുന്നിൽ

കേരളത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയുടെ ജനകീയാടിത്തറയിൽ പ്രധാനം സാമൂഹ്യക്ഷേമപദ്ധതികളിലൂടെ സാധ്യമാക്കിയ സാമ്പത്തിക സുരക്ഷിതത്വമാണ്. സർവീസ് പെൻഷനുപുറമേ വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷേമപെൻഷനായും ക്ഷേമനിധി ബോർഡുകളുടെ സഹായമായും ആരോഗ്യപരിരക്ഷയും പഠന-വിവാഹ ആനൂകൂല്യങ്ങളും ഉൾപ്പെടെയുള്ള സമഗ്രമായ ഇടപെടൽ ഇക്കാര്യത്തിൽ വിവിധ സർക്കാരുകൾ നടത്തിയിട്ടുണ്ട്. സുസ്ഥിരവികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട മിക്ക സൂചികകളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം ഒന്നാമതെത്തുന്നത് വിവിധ ക്ഷേമപദ്ധതികളിലൂടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനം ഗണ്യമായ പുരോഗതി കൈവരിച്ചതുകൊണ്ടാണ്.bijo13

1957ലെ ആദ്യ ഇഎംഎസ് സർക്കാർ തന്നെ സാമൂഹിക സുരക്ഷയ്ക്കുള്ള പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. എന്നാൽ, അത് ലക്ഷ്യമിട്ടപോലെ പ്രാവർത്തികമാക്കാൻ കഴിയുന്ന കാലത്തോളം ആ മന്ത്രിസഭ നീണ്ടുനിന്നില്ല. 1962ലെ ആർ ശങ്കർ മന്ത്രിസഭയുടെ കാലത്താണ് വിധവാ-വാർധക്യകാല പെൻഷന് നടപടി സ്വീകരിച്ചത്. കേരളത്തിൽ ഇന്നുകാണുന്ന തരത്തിൽ എല്ലാവിഭാഗങ്ങൾക്കും ക്ഷേമപെൻഷൻ എന്ന ആശയം പ്രവർത്തികമാക്കുന്നതിന് തുടക്കമിട്ടത് 1980ലെ ഇ കെ നായനാർ സർക്കാരാണ്. ചരിത്രത്തിലാദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. അന്ന് 45 രൂപയായിരുന്നു നൽകിയത്. 1987-1991 കാലത്തെ രണ്ടാം ഇ കെ നായനാർ മന്ത്രിസഭ ക്ഷേമപെൻഷൻ 60 രൂപയാക്കി ഉയർത്തി. 1996ൽ അധികാരമേറ്റ നായനാർ സർക്കാർ അഞ്ചു വർഷം കൊണ്ട് പെൻഷൻതുക ഇരട്ടിയാക്കി 120 രൂപയിലെത്തിച്ചു. പിന്നീട് 2006 മുതൽ 2011 വരെയുള്ള വി എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്താണ് പെൻഷതുക 500 രൂപയാക്കി വർധിപ്പിച്ചത്. 2011 ൽ വന്ന ഉമ്മൻചാണ്ടി മന്ത്രിസഭ നൂറ് രൂപ വർധിപ്പിച്ച് 600 ആക്കി. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ക്ഷേമപെൻഷൻ തുക പല തവണയായി വർധിപ്പിച്ച് 1600 രൂപവരെയാക്കി. നേരിട്ടുള്ള പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ടുവഴിയാക്കാനും സഹകണബാങ്കുകൾവഴി അത് വീട്ടിലെത്തിച്ചു നൽകാനുമുള്ള നടപടിയും പ്രധാന ചുവടുവയ്പ്പായി.

കേരളത്തിന്റെ ശ്രീ

കേരളത്തിലെ സർക്കാർ ലോകത്തിന് സമർപ്പിച്ച സ്ത്രീശാക്തീകരണത്തിന്റെ മാതൃകയാണ് കുടുംബശ്രീ. 1998ൽ ഇ കെ നായനാർ സർക്കാർ ആണ് കുടുംബശ്രീ ആവിഷ്‌കരിച്ചത്. ദാരിദ്ര്യ നിർമ്മാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട ഈ പ്രസ്ഥാനം അഭിമാനകരമായ സംഭാവനകളാണ് കേരളത്തിന് നൽകിയത്. ഇരുപത്തിയേഴാം വർഷത്തിൽ നവകേരള നിർമ്മിതിക്കായി പുതിയ ചുവടുകളും ചിറകുകളുമായി മുന്നേറുന്ന കുടുംബശ്രീ വിവിധ മേഖലകളിൽ കൈയൊപ്പ് ചാർത്തിക്കഴിഞ്ഞു.bijo5b2 1

1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 1999 ഏപ്രിൽ 1ന് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജന മിഷൻ പ്രവർത്തനമാരംഭിച്ചു. 2000 ജൂണിൽ ഒന്നാം ഘട്ടമായി 262 ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി പ്രവർത്തനം ആരംഭിച്ചു. 2002 മാർച്ചിൽ കേരളം മുഴുവൻ കുടുംബശ്രീ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.

ഇന്ന് സംസ്ഥാനത്ത് ആകെ 3,17,724 അയൽക്കൂട്ടം പ്രവർത്തിക്കുന്നു. 48,08,737 അംഗങ്ങളുണ്ട്. ഒമ്പതുവർഷത്തിനിടെ പുതുതായി 98,023 അയൽക്കൂട്ടം രൂപീകരിച്ചു. 11.50 ലക്ഷം അംഗങ്ങളെ പുതുതായി ചേർത്തു. കൂടാതെ 48 ട്രാൻസ്‌ജെൻഡർ അയൽക്കൂട്ടങ്ങളും 3,352 പിഡബ്ല്യൂഡി അയൽക്കൂട്ടവും 25,992 വയോജന അയൽക്കൂട്ടവും രൂപീകരിച്ചു. 10,472 ഓക്സിലറി ഗ്രൂപ്പുകളും 94,594 കർഷകസംഘങ്ങളും പ്രവർത്തിക്കുന്നു. കുടുംബശ്രീ അയൽക്കൂട്ട വനിതകളുടേതായി വിവിധ ബാങ്കുകളിൽ 9,369 കോടി രൂപ നിക്ഷേപമുണ്ട്. കൂടാതെ 28,723.89 കോടിരൂപ ആന്തരിക വായ്പാ ഇനത്തിൽ അയൽക്കൂട്ട അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. 42 ലക്ഷം പേർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി.bijo6

കുടുംബശ്രീ പ്രസ്ഥാനത്തെ വെറുമൊരു സമ്പാദ്യപദ്ധതി എന്നതിനപ്പുറം, സംരംഭക പ്രവർത്തനത്തിലേക്ക് സജീവമായി ഇറക്കിയത് 2016 മുതലാണ്. ഒമ്പതുവർഷത്തിനിടെ കുടുംബശ്രീ വഴി സൂക്ഷ്മ സംരംഭ മേഖലയിൽ ആരംഭിച്ചത് 1,63,458 സംരംഭ യൂണിറ്റാണ്. ഇതുവഴി 3.23 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് തൊഴിലും വരുമാനവും ലഭ്യമാക്കി.

പട്ടികജാതി പട്ടികവർഗ,
പിന്നാക്കക്ഷേമ വകുപ്പ്

പട്ടിക വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ജാതീയ അക്രമങ്ങളില്ലാതെയും സാമൂഹ്യതുല്യതയോടെയും ജീവിക്കാൻ കഴിയുന്ന നാടായി കേരളം മാറിയതിനു പിന്നിൽ അടിസ്ഥാന വിഭാഗങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ നടന്ന വിവിധ ഇടപെടലുകളാണ്. അതിദാരിദ്ര്യ നിർമ്മാർജനയജ്ഞം വിജയകരമായി സാഫല്യത്തിലെത്തിക്കാൻ ഈ വകുപ്പുകളുടെ പദ്ധതികളും പ്രവർത്തനങ്ങളും ഗണ്യമായി സംഭാവന നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ പട്ടികജാതി പട്ടിക വർഗക്കാരുടെ ഉന്നമനത്തിനായി 4,733 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. സ്‌കൂളുകളിൽ നിന്നുള്ള പട്ടിക വിഭാഗക്കാരുടെ കൊഴിഞ്ഞു പോക്ക് കുറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെട്ട 33,058 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ 1653 ഏക്കർ ഭൂമി വിതരണം ചെയ്തു. ഭൂമിയില്ലാത്ത പട്ടിക വർഗക്കാർക്ക് ഭൂമി നൽകുന്നതിനായി ലാൻഡ് ബാങ്ക് പദ്ധതി നടപ്പാക്കി. ലൈഫ് മിഷൻ വഴി വീടു നിർമ്മിച്ചു നൽകിയതിൽ  34  ശതമാനം കുടുംബങ്ങളും പട്ടിക വിഭാഗങ്ങളിൽ പെട്ടവരാണ്.

ഓൺലൈൻ വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഡിജിറ്റൽ പഠനസൗകര്യങ്ങളൊരുക്കി. അട്ടപ്പാടിയിൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായി 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. ഇവർക്ക് പോഷകാഹര ലഭ്യത ഉറപ്പാക്കി. പട്ടികവർഗ വിഭാഗത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചു. ഗോത്രജീവിക പദ്ധതി വഴി നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് യുവജനങ്ങൾക്ക് പ്രവൃത്തിപരിചയം നൽകി തൊഴിൽ ഉറപ്പാക്കി. വിങ്സ് – ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം നേടുന്ന പട്ടികജാതി വിഭാഗ വിദ്യാർഥികൾക്കായി സർക്കാർ വിദ്യാഭ്യാസ ആനുകൂല്യം ഏർപ്പെടുത്തി.

ആരോഗ്യകേരളം;
ആരോഗ്യാവബോധമുള്ള കേരളം

കേരളത്തിന്റെ ആരോഗ്യചരിത്രം പരിശോധിച്ചാൽ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ എല്ലാ പൗരന്മാർക്കും സാധ്യമാകുന്ന തരത്തിൽ വ്യാപിച്ചതും പിന്നീടവ വികസിച്ചതും ഏറ്റവുമൊടുവിൽ ആധുനികീകരിക്കപ്പെട്ടതും കാണാം. ആരോഗ്യാവബോധം ജനങ്ങളിൽ ഉണ്ടാക്കുന്നതിലും കേരളം നവോത്ഥാനകാലം മുതൽ ശ്രദ്ധിച്ചിരുന്നു.

കോവിഡും നിപയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും പകർച്ചേതരവ്യാധികളെയും പിടിച്ചുകെട്ടിയും പൊതുജനാരോഗ്യ സൂചികയിൽ അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കിയും കേരളമിന്ന് ലോകത്തിന് തന്നെ മാതൃകയാണ്.

ആരോഗ്യ വനിതാ ശിശുവികസന വകുപ്പിന് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മാത്രം ദേശീയ തലത്തിൽ മുപ്പതോളം പുരസ്‌കാരങ്ങളാണ് ലഭിച്ചത്. രോഗങ്ങളും ചികിത്സാെച്ചലവും കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്കും കടബാധ്യതകളിലേക്കും തള്ളിവിടും എന്നത് മുൻകൂട്ടി കണ്ട് സൗജന്യചികിത്സയ്ക്ക് സർക്കാർ പ്രത്യേകം ഊന്നൽ നൽകി. നാല് വർഷം കൊണ്ട് 7,000 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. മൂന്ന് വർഷങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരവും കേരളവും സ്വന്തമാക്കി.

ആഗോളതലത്തിൽ മരണനിരക്ക് 97 ശതമാനമുള്ള അമീബിക് മസ്തിഷ്‌ക ജ്വരത്തെ കേരളം പിടിച്ചു കെട്ടി. കോവിഡ് കാലത്ത് ഫലപ്രദമായ സൗജന്യ വാക്സിനേഷനിലൂടെ രാജ്യത്തിന് തന്നെ മാതൃകയായി. സർക്കാർ ആശുപത്രികളെ സാധാരണക്കാരന്റെ ആശ്രയകേന്ദ്രം ആക്കി. പകർച്ചവ്യാധി പ്രതിരോധത്തിന് ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി, മൃഗാരോഗ്യം, പൊതുജനാരോഗ്യം എന്നിവയെ കൂട്ടിയിണക്കി ഏകാരോഗ്യം പദ്ധതി നടപ്പിലാക്കിയത് കേരളമാണ്.

എല്ലാ കേന്ദ്രങ്ങളിലും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർക്കും പുറമെ മിഡിൽ ലെവൽ സേവനദാതാക്കളായി നഴ്സുമാരെ നിയമിച്ചു. വർധിച്ചുവരുന്ന അർബുദരോഗ സാധ്യതകളെ മുൻകൂട്ടി കണ്ടറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനായി ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന പേരിൽ അർബുദത്തിനെതിരെ പൊതുജനക്യാമ്പയിൻ ആരംഭിച്ചു. സാന്ത്വനപരിചരണ രംഗത്തു സർക്കാർ നടപ്പാക്കുന്ന കേരള കെയർ പോലുള്ള പദ്ധതികൾ കിടപ്പുരോഗികൾക്ക് നിരന്തര ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്നു.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ

മുഴുവൻ കുടുംബങ്ങൾക്കും വീട് എന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണ് കേരളം. സെപ്റ്റംബർ 10 വരെയുള്ള കണക്കനുസരിച്ച് 5,92,368 കുടുംബങ്ങൾക്കാണ് ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ വീട് അനുവദിച്ചത്. ഇതിൽ 4,62,307 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. 1,29,061 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പട്ടികവർഗക്കാർക്ക് 6 ലക്ഷം രൂപയും, മറ്റുള്ളവർക്ക് 4 ലക്ഷം രൂപയുമാണ് സർക്കാർ ലൈഫ് മിഷനിലൂടെ വീട് നിർമ്മാണത്തിന് നൽകുന്നത്.bijo7

തീരദേശ ജനതക്കായി പുനർഗേഹം പദ്ധതിയിലൂടെയും സർക്കാർ വീട് ഉറപ്പാക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഭവന പദ്ധതിയാണ് ലക്ഷം വീട്. സ്വന്തമായി കൂരയില്ലാത്ത ഒരു ലക്ഷം പേർക്ക് വീട് നിർമ്മിച്ചുനൽകുന്നതായിരുന്നു പദ്ധതി. ഒരു സംസ്ഥാനം മുൻകൈയെടുത്തു നടത്തുന്ന രാജ്യത്തെ തന്നെ ആദ്യത്തെ സാമൂഹികഭവന പദ്ധതിയായിരുന്നു ഇത്. സി അച്യുതമേനോൻ സർക്കാരിൽ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ പൊതുജന സഹകരണത്തോടെയാണ് 1972 മുതൽ 1976 വരെയാണ് ലക്ഷം വീട് പദ്ധതി നടപ്പാക്കിയത്. 57,590 ഒറ്റവീടുകളും 16,309 ഇരട്ട വീടുകളുമായി 90,208 വീടുകൾ പദ്ധതിപ്രകാരം പൂർത്തീകരിച്ചിരുന്നു.

പിന്നീട് 2008ൽ ഭവനരഹിതരായ പാവപ്പെട്ടവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളുടെ ധനസഹായത്തോടെ വീടുകൾ നിർമ്മിച്ചുനൽകുന്നതിന് ഇഎംഎസ് സമ്പൂർണ്ണ ഭവനപദ്ധതി നടപ്പിലാക്കി. മുൻമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പത്താം ചരമവാർഷികത്തിൽ 2008 മാർച്ച് 19ന്, തൃശ്ശൂർ കൊടകരയിൽ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ലക്ഷം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ അറ്റകുറ്റപ്പണിയും ഇതിൽ ലക്ഷ്യമിട്ടു. ലക്ഷം വീട് പദ്ധതിയിൽ നിർമ്മിച്ച ഇരട്ട വീടുകൾ ഒറ്റവീടാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് 2020ൽ സർക്കാർ അനുമതി നൽകിയിരുന്നു.bijo8

ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ഉടൻ പ്രഖ്യാപിച്ച നാലുമിഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലൈഫ് മിഷൻ. വീടില്ലാത്തവർക്ക് വാസസ്ഥലവും ഒപ്പം മികച്ച ജീവിത സാഹചര്യവും ഒരുക്കുകയായിരുന്നു ലക്ഷ്യം. 2017ലാണ് ലൈഫ് മിഷൻ ആരംഭിച്ചത്. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി വിഭാവനം ചെയ്തത്. ഒന്നാം ഘട്ടത്തിൽ വിവിധ സർക്കാരുകളുടെ ഭവന നിർമ്മാണ പദ്ധതികളിൽ സഹായം ലഭിച്ചിട്ടും വീട് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് അവ യാഥാർഥ്യമാക്കി. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവന രഹിതരുടെ വീട് നിർമ്മാണവും മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യമിട്ടത്.
ലൈഫിൽ ഇതുവരെ 18,000 കോടിയിലധികം രൂപയാണ് എൽഡിഎഫ് സർക്കാർ ചെലവഴിച്ചത്. ഇതിൽ 16,000 കോടി രൂപയിലധികം സംസ്ഥാന സർക്കാർ വിഹിതമാണ്. പിഎംഎവൈ ഗ്രാമീൺ, പിഎംഎവൈ അർബൻ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് മാത്രമാണ് കേന്ദ്രം സഹായം നൽകുന്നത്. 72,000 രൂപ കേന്ദ്രവിഹിതം ലഭിക്കുന്ന പിഎംഎവൈ- ജി, 1,50,000 രൂപ ലഭിക്കുന്ന പിഎംഎവൈ യു പദ്ധതികളെ ലൈഫുമായി സംയോജിപ്പിച്ചാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഈ പദ്ധതികളുടെ ഗുണഭോക്താക്കളെയും ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നാലു ലക്ഷം രൂപ ആനുകൂല്യം സംസ്ഥാന സർക്കാർ ഉറപ്പു വരുത്തുന്നു.

അതിദരിദ്രപട്ടികയിൽ ഉൾപ്പെട്ട ഭൂമിയും വീടും ഇല്ലാത്ത മുഴുവൻ കുടുംബങ്ങളെയും ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തി. ഭൂമി ഇല്ലാത്തവർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അവ കണ്ടെത്തി നൽകി. അതിദാരിദ്ര പട്ടികയിലുള്ള 3,613 കുടുംബങ്ങൾക്കാണ് ഇനി വസ്തു കണ്ടെത്തി വീട് നിർമ്മാണത്തിന് ധനസഹായം നൽകേണ്ടത്. ഇവർക്ക് 10 വർഷത്തിൽ താഴെ പഴക്കമുള്ള വീടും വസ്തുവും വാങ്ങി നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു.

പ്രവാസകേരളം

പട്ടിണിയില്ലാത്ത കേരളം സൃഷ്ടിക്കുന്നതിൽ പ്രവാസി സമൂഹത്തിന് വലിയ പങ്കുണ്ട്. കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർായകമായ പങ്ക് പ്രവാസികൾക്കുണ്ട്്. ഇന്ന് മുഴുവൻ രാജ്യങ്ങളിലും മലയാളി സാന്നിധ്യമുണ്ട്. അതിൽ പ്രവാസത്തിന്റെ ഹൃദയഭൂമിയാണ് ഗൾഫ് രാജ്യങ്ങൾ. എഴുപതുകളോടെയാണ് കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള വ്യാപകമായ തൊഴിൽ കുടിയേറ്റം ആരംഭിക്കുന്നത്. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളിൽ നിന്നും സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിന്നും ഇന്നു കാണുന്ന പരിവർത്തനത്തിലേക്കുള്ള പ്രധാനഘടകങ്ങളിലൊന്ന് ഈ കുടിയേറ്റമാണ്. കേരളത്തിന്റെ സര്‍വതോന്‍മുഖമായ വളർച്ചയിൽ തൊഴിൽ തേടിയുള്ള ഈ യാത്ര വലിയ സ്വാധീനം ചെലുത്തി.b4
ഇന്ന് തൊഴിൽ കുടിയേറ്റത്തിന്റെ മാനം തന്നെ മാറിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ തൊഴിൽ ആശ്രയിച്ചുകൊണ്ടുള്ള പറിച്ചുനടൽ വർധിച്ചു. 1996ൽ രൂപീകൃതമായ പ്രവാസികാര്യ വകുപ്പ് ഇത്തരം മാറ്റങ്ങളിൽ പിന്തുണയുമായി ഒപ്പമുണ്ട്. ഇന്ത്യയിൽ പ്രവാസികൾക്കു വേണ്ടി രൂപീകൃതമായ ആദ്യ വകുപ്പാണ് നോർക്ക. നോർക്ക വകുപ്പിന്റെ ഫീൽഡ് ഏജൻസിയായി 2002ൽ നിലവിൽ വന്ന നോർക്ക റൂട്ട്‌സ് വഴി വിപുലമായ പദ്ധതികൾ പ്രാവർത്തികമാക്കി.bijo9

ജോലി തേടി മറ്റുരാജ്യങ്ങളിലേക്ക് പോകുന്നവരിൽ ബഹുഭൂരിപക്ഷവും നിശ്ചിതകാലം കഴിഞ്ഞാൽ കേരളത്തിലേക്ക് തന്നെ തിരിച്ചെത്തും. എന്നും പ്രവാസികൾക്കൊപ്പമെന്ന മുദ്രാവാക്യമാണ് നോർക്ക റൂട്ട്‌സ് സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് നോർക്ക റൂട്ട്‌സ്. നാട്ടിൽ മടങ്ങിയെത്തിയ സാമ്പത്തികവും, ശാരീരികവുമായി അവശതയനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളുടെ സഹായത്തിനായി സംസ്ഥാന സർക്കാർ സാന്ത്വന എന്ന പേരിൽ ദുരിതാശ്വാസനിധി രൂപീകരിച്ചിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ, വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസി മലയാളികളെ നാട്ടിൽ എത്തിക്കുന്നതിനുള്ള പദ്ധതിയുമുണ്ട്. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിലോ ചെറുകിട സംരംഭങ്ങളോ തുടങ്ങുന്നതിന് സഹായം ഉറപ്പാക്കുന്നു. പ്രവാസി വനിത സംരംഭകർക്കായും പദ്ധതികളുണ്ട്. അവിദഗ്ദ്ധ തൊഴിൽ മേഖലയിൽ നിന്നുള്ളവർക്കും കുറഞ്ഞ വരുമാന പരിധിയിൽ വരുന്നതുമായ പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നുണ്ട്. വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റുകൾ, വീസ തട്ടിപ്പുകൾ, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരെയും നോർക്ക പ്രവർത്തിക്കുന്നു. പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം ഉറപ്പാക്കുന്നു.

ഉയർന്ന വേതനം

മുമ്പൊരു കാലത്ത് മലയാള നാട്ടിൽ മലയാളികൾ മാത്രമായിരുന്നു. നെൽവയലുകളിലും ഹോട്ടലിലും എന്തിന് ബാർബർ ഷാപ്പിലും മലയാളി മാത്രമായിരുന്നു. ഇന്നോ ഞാറ് നടാനും കളപറിക്കാനും കൊയ്യാനും മെതിക്കാനുമെല്ലാം അവർ എത്തും. അതിഥി തൊഴിലാളികൾ മലയാളികൾ മാറിനിന്ന തൊഴിലിട ങ്ങളിലെല്ലാം ഇവരെ കാണാം. എന്താവും ഈ മാറ്റത്തിന് കാരണമെന്നതിന് ഒരുത്തരമേ ഉള്ളൂ. മികച്ച വേതനവും ജീവിത സുരക്ഷിതത്വവും. തൊഴിലാളി സൗഹൃദ, തൊഴിൽ സൗഹൃദ അന്തരീക്ഷത്തിൽ ഇന്ത്യക്ക് മാതൃകയാണ് കേരളം. തൊഴിലാളി താൽപര്യം സംരക്ഷിക്കുന്നതിൽ കേരളത്തിലെ സർക്കാറിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. വിവിധ മേഖലകളിൽ മിനിമം വേതനമുണ്ട് എന്നത് വലിയ ആകർഷണീയതയാണ്. മുമ്പുണ്ടായിരുന്ന തൊഴിൽ തർക്കങ്ങൾ കുറഞ്ഞതും മികച്ച വ്യവസായ അനുകൂല അന്തരീക്ഷവും കേരളത്തിന്റെ ഈ നേട്ടത്തിന് കാരണമായിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉൾപ്പടെ ആരോഗ്യ- സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കിയ മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. ആർബിഐയുടെ 2023- 24 ലെ ഇന്ത്യൻ സ്റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനം കേരളമാണ്.

bijo10

നിർമ്മാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾക്ക് ദേശീയ ശരാശരിയേക്കാൾ മേലെയാണ് വേതനം. ഗ്രാമീണ മേഖലയിൽ കെട്ടിടനിർമ്മാണ തൊഴിലാളികൾക്ക് 893.6 രൂപ, കർഷകത്തൊഴിലാളികൾക്ക് 807.2 രൂപ, കാർഷികേതര തൊഴിലാളികൾക്ക് 735 രൂപ എന്നിങ്ങനെയാണ് കേരളത്തിൽ ശരാശരി ദിവസക്കൂലി. ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരുമിത്. കെട്ടിടനിർമ്മാണ തൊഴിലാളികളുടെ ദിവസക്കൂലിയുടെ ദേശീയ ശരാശരി 417.3 രൂപയും കർഷക തൊഴിലാളികളുടേത് 372.7 രൂപയും കാർഷികേതര തൊഴിലാളികളുടേത് 371.4 രൂപയുമാണ് എന്ന് അറിയുമ്പോൾ മനസിലാകും കേരളത്തിന്റെ പ്രത്യേകത. അതോടൊപ്പം തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനും കേരളത്തിന് കഴിയുന്നു. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനം കേരളമാണ് എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കണം. സ്വന്തം നാടിനേക്കാൾ കേരളമെന്ന പോറ്റമ്മയെ സ്‌നേഹിക്കുന്ന അതിഥിത്തൊഴിലാളികൾക്ക് അവരുടെ നാട്ടിലെ ദാരിദ്ര്യത്തിൽ നിന്നും ജാതി വേർതിരിവുകളിൽ നിന്നു കാതലായ മാറ്റം ഉണ്ടാക്കിയതും നമ്മുടെ ഈ തൊഴിൽ സംസ്‌കാരമാണ്.

ഇവിടെ പഠനവും സ്വാദിഷ്ടം

ദേശീയ വിദ്യാഭ്യാസ നയം-2020 ന്റെ ഗുണവും ദോഷവും ചർച്ച ചെയ്യുന്ന കാലത്ത് ദേശീയ തലത്തിനേക്കാൾ എത്രയോ ഉയരെ നിൽക്കുകയാണ് കേരളം രാജ്യത്തെ 75 ശതമാനം സ്‌കൂളുകളിൽ മാത്രമേ കുടിവെള്ളവും ശുചിമുറി സൗകര്യങ്ങളും ഉള്ളൂവെന്നത് ഔദ്യോഗിക രേഖയാണ്. എന്നാൽ കേരളത്തിൽ ഇവയില്ലാത്ത ഒരൊറ്റ സ്‌കൂൾ പോലുമില്ല .

ഇന്ത്യയിൽ 40 ശതമാനം വിദ്യാലയങ്ങളിലേ ലൈബ്രറി പുസ്തകങ്ങളുള്ളൂവെന്നതും ഏഴ് ശതമാനം സ്‌കൂളുകളിൽ മാത്രമേ കമ്പ്യൂട്ടർ ഉള്ളൂവെന്നതും ഇതു പോലൊരു കണക്കാണ് എന്നാൽ ഇക്കാര്യത്തിലും കേരളത്തിന് എതിരാളികളില്ല 100 ശതമാനമാണ്.

bijo11

രാജ്യത്തിന് മാതൃകയാണ് കേരണത്തിലെ ഉച്ചഭക്ഷണ പദ്ധതി. 1983 ൽ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാറുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇതിന് തുടക്കമിട്ടത്. കേരളത്തിൽ ആദ്യഘട്ടത്തിൽ പ്രൈമറി സ്‌കൂളിൽ ആരംഭിച്ച ഉച്ച ഭക്ഷണ പദ്ധതി ഇന്ന് എട്ടാം തരം വരെ വിപുലീകരിച്ചു തുടക്കത്തിൽ കഞ്ഞിയും പയറുമായിരുന്നുവെങ്കിൽ പിന്നീടത് ചോറും കറികളുമായി മാറി. എന്നാൽ ഇന്നത് വിഭവസമൃദ്ധമായ ഭക്ഷണത്തിലൂടെ ഫ്രൈഡ് റൈസിലേക്കും ചിക്കൻ കറിയിലേക്കുമെത്തിയിട്ടുണ്ട്. ഏതാണ്ട് 30 ലക്ഷത്തിനടുത്ത് കുട്ടികളാണ് വിദ്യാലയങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്.

തുടരെത്തുടരെ വന്ന രണ്ട് പ്രളയവും കോവിഡും പിന്നീടുണ്ടായ കവളപ്പാറ ചുരൽമല പ്രകൃതിദുരന്തങ്ങളും നമ്മുടെ സാമ്പത്തിക രംഗത്തെയാകെ കുഴച്ചു മറിച്ചിട്ടും കേരളം കുട്ടികളുടെ അന്നം മുടക്കിയിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്. ഏപ്രിൽ മേയ് വേനലവധി കാലത്തും ഓണം പെരുന്നാൾ ക്രിസ്മസ് പോലുള്ള വിശേഷാവസരങ്ങളിലും കുട്ടികൾക്ക് അരി വിതരണം ചെയ്യുന്നതും അനുകരിക്കാനാകാത്ത കേരള മാതൃകയാണ്.

ജനങ്ങൾ ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടി അഥവാ ജനകീയാസൂത്രണം

1996ൽ അന്നത്തെ ജനകീയ സർക്കാർ നടപ്പാക്കിയ ചരിത്രം തിരുത്തിയ, ഏറ്റവും ധീരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു ജനകീയാസൂത്രണ പദ്ധതി. വിഭവങ്ങളുടെ മൂന്നിലൊന്നു പങ്കും തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറാനുള്ള ആ തീരുമാനം വിപ്ലവകരമായിരുന്നു. കേരളത്തിലെ പൊതുജന പങ്കാളിത്ത ശൈലിയായിരുന്നു ജനകീയാസൂത്രണത്തിന്റെ അടിത്തറ.

സാധാരണക്കാർ ആഗ്രഹിക്കുന്ന രീതിയിൽ അവരുടെ നാട്ടിൽ വികസനപദ്ധതികൾ നടപ്പാക്കുകയായിരുന്നു ജനകീയാസൂത്രണ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഇന്നിപ്പോൾ ജനകീയാസൂത്രണം മൂന്നു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പദ്ധതിയിൽ സംസ്ഥാന ബജറ്റിന്റെ 35ശതമാനം തുക ആദ്യഘട്ടത്തിൽതന്നെ തദ്ദേശ സ്ഥാപനങ്ങൾക്കായി മാറ്റിവച്ചതിനൊപ്പം ഒട്ടേറെ അധികാരങ്ങളും തദ്ദേശ സ്ഥാപനങ്ങൾക്കു നിർണ്ണായകമായ ഈ തീരുമാനത്തിലൂടെ കൈമാറി. വികസന പദ്ധതികൾ വിഭാവനം ചെയ്യാനും അവ നടപ്പാക്കാനുമുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയതാണ് ഇതിലെ സുപ്രധാന ചുവടുവയ്പ്. സമ്പൂർണ്ണ ജനാധിപത്യമാണ് ഇക്കാര്യങ്ങളിലൂടെ ലക്ഷ്യമിട്ടത്. അത് മികച്ച രീതിയിൽ നടപ്പാക്കാനായതിന്റെ തെളിവായിരുന്നു അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കിയതിന്  കേരളത്തിന് ലഭിച്ച 2009-10ലെ കേന്ദ്ര പുരസ്‌കാരം.bijo14

വിദ്യാർഥികൾ കൈയൊഴിഞ്ഞ് അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന പൊതുവിദ്യാലയങ്ങൾ സജീവമായതിന്റെയും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയതിന്റെയും പിന്നിൽ ജനകീയാസൂത്രണ പ്രസ്ഥാനമാണ്. ഭവനരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ തുടക്കം ജനകീയാസൂത്രണത്തിലൂടെയായിരുന്നു. അതിന്റെ തുടർച്ചയായാണ് വരുന്ന കേരളപ്പിറവി ദിനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നത്.

പൊതുവെളിയിട മാലിന്യമുക്ത സംസ്ഥാനമായി കേരളം മാറിയതും മുഴുവൻ വീടുകളിലും ശുചിമുറിയുള്ള സംസ്ഥാനമായി മാറിയതും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ തുടർച്ചയാണ്. വൈദ്യുതിയില്ലാത്ത വീടുകൾ ഇന്ന് കേരളത്തിലില്ല. സമ്പൂർണ്ണ വൈദ്യുതീകരണത്തിന് തുടക്കമിട്ടതും ഈ ജനകീയ മുന്നേറ്റമാണ്.

തീരുമാനമെടുക്കൽ പ്രക്രിയയിൽ ജനങ്ങൾക്കു ഗ്രാമസഭകളിലൂടെ വലിയ പങ്കാളിത്തം ലഭിച്ചതുമുതൽ കുഗ്രാമങ്ങളിൽപോലും വികസനത്തിന്റെ വെളിച്ചമെത്തിക്കാൻ കഴിഞ്ഞതും ജനകീയാസൂത്രണ പദ്ധതിയുടെ വിജയമാണ്. റോഡ്, വീട്, ശുചിത്വം, ശുദ്ധജലവിതരണം, ആശുപത്രി, സ്‌കൂൾ തുടങ്ങിയവയൊക്കെ എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കാനും കഴിഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളും പിന്നീട് തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്ത് ഭംഗിയായി നിറവേറ്റി.

തദ്ദേശ പ്രാതിനിധ്യത്തിൽ 50 ശതമാനം സ്ത്രീ സംവരണം നടപ്പാക്കിയത് സ്ത്രീ ശാക്തീകരണത്തിനു വലിയ പിന്തുണയേകി. കുടുംബശ്രീയും ഇതിൽ വലിയ പങ്കുവഹിച്ചു. സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുന്നതിനു രാജ്യത്ത് ആദ്യമായി നയം രൂപീകരിച്ചതും കേരളമാണ്. രാജ്യത്തെ രണ്ടര ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളെ പദ്ധതികളുടെ ആസൂത്രണത്തിൽ സ്വയം പര്യാപ്തമാക്കാൻ കേന്ദ്ര സർക്കാർ തുടക്കമിട്ട മുന്നേറ്റത്തിന് ജനകീയാസൂത്രണം (പീപ്പിൾസ് പ്ലാനിങ്) എന്നാണ് പേരു നൽകിയത്. കേരളത്തിൽനിന്നു കടമെടുത്ത ആ പേരാണ് കേരളത്തിനുള്ള സമാനതകളില്ലാത്ത അംഗീകാരം. അതാണ് ജനകീയാസൂത്രണത്തിന്റെ മികവും തിളക്കവും.

ഭക്ഷ്യഭദ്രത

ഭക്ഷ്യധാന്യ ഉൽപാദനം കുറവായ സംസ്ഥാനം ആയിട്ടും സാർവത്രിക റേഷനിങ് സമ്പ്രദായം നൽകിയ സാമൂഹിക സുരക്ഷയിലാണ് ആധുനിക കേരളം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. റേഷനിങ് സമ്പ്രദായത്തിലൂടെ ഭക്ഷ്യധാന്യങ്ങളോ മറ്റു അവശ്യ വസ്തുക്കളോ ലഭിച്ചിട്ടില്ലാത്ത കുടുംബങ്ങൾ കേരളത്തിൽ ഇല്ലെന്ന് പറയാം. പൊതുവിതരണസംവിധാനം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി. അതിദരിദ്രരില്ലാത്ത കേരളത്തിലേക്ക് മുന്നേറുമ്പോൾ, ആ സ്വപ്നം കൂടുതൽ വേഗത്തിലാക്കിയത് ഈ സംവിധാനങ്ങളുടെ കാര്യക്ഷമതയാണ്.

സംസ്ഥാനത്ത് 95,15,930 റേഷൻ കാർഡുകളാണ് ഉള്ളത്. 13,914 റേഷൻകടകളിലൂടെ വീടുകളിൽ അവശ്യസാധനങ്ങൾ എത്തുന്നു. അതിദാരിദ്ര പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും റേഷൻ കാർഡ് വിതരണം ചെയ്തു. റേഷൻ കാർഡുകൾ നിഷേധിക്കപ്പെട്ടവർക്ക് അടക്കം നിബന്ധനകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കൊണ്ട് പുതിയ കാർഡുകൾ നൽകി. ആവശ്യമായ ഭക്ഷ്യ ധ്യാനവും ചികിത്സയും പാർപ്പിടവും ലഭിക്കുന്നതിനായി മുൻഗണനാ റേഷൻ കാർഡ് ഉറപ്പുവരുത്തുന്നതിനാണ് സർക്കാർ പരിശ്രമിച്ചത്.b5

1980 ഓടെ എല്ലാവർക്കും റേഷൻ കൊടുക്കുന്ന സംസ്ഥാനമെന്ന നേട്ടത്തിൽ കേരളം എത്തിയിരുന്നു. റേഷൻ കടകളിലൂടെയും മാവേലി സ്റ്റോറുകൾ വഴിയുമുള്ള പൊതുവിതരണ സമ്പ്രദായം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. 1960 കളിൽ കേരളം ഭക്ഷ്യഭദ്രതയുടെ നാളുകളിലേക്ക് ചുവടുവച്ചു തുടങ്ങി. പൊതുവിതരണ സംവിധാനത്തിന് ഐക്യരൂപമേകി 1962ൽ സംസ്ഥാന പെതുവിതരണ വകുപ്പ് രൂപീകരിച്ചു. സാമൂഹിക, സാമ്പത്തിക ഘടകങ്ങൾ കണക്കിലെടുക്കാതെ എല്ലാവർക്കും റേഷൻ ലഭിച്ചു തുടങ്ങിയത് 1966 ലെ കേരള -റേഷനിങ് കൺട്രോൾ ഓർഡർ പ്രകാരമാണ്. 2013ലെ ഭക്ഷ്യഭദ്രതാ നിയമം കേരള ജനസംഖ്യയിലെ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തെ റേഷൻ പരിധിക്ക് പുറത്താക്കി. പരിമിതമായി ലഭിക്കുന്ന ടൈഡ് ഓവർ വിഹിതത്തിൽ നിന്ന് സംസ്ഥാന സർക്കാർ ഈ വിഭാഗത്തിന് റേഷൻ നല്കിവരുന്നുണ്ട്.

നിലവിൽ ആകെ അഞ്ചു നിറത്തിലുള്ള റേഷൻ കാർഡുകളാണ് ഉള്ളത്. എൻപിഎൻഎസ് (വെള്ള), എൻപിഎസ് (നീല), പിഎച്ച്എച്ച് (പിങ്ക്), എഎവൈ (മഞ്ഞ), എൻപിഐ (ബ്രൗൺ). സമൂഹത്തിലെ ഓരോ വിഭാഗം ഗുണഭോക്താക്കൾക്കും അവർക്ക് അർഹതപ്പെട്ട രീതിയിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ റേഷൻ കാർഡു കളുടെ ഈ വർഗീകരണം സഹായകമാകുന്നു. ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണവും, ശാസ്ത്രീയ ഗോഡൗണുകളും, ഡിജിറ്റലൈസേഷനും പൊതുവിതരണ സംവിധാനത്തിന് ആധുനിക മുഖം നൽകി.

ലോകമാസകലം ബാധിച്ച കോവിഡ് 19 കേരളത്തെയും പ്രതിസന്ധിയിൽ ആക്കിയപ്പോൾ സമൂഹത്തിനാകെ താങ്ങായി സർക്കാർ പൊതു വിതരണ വകുപ്പ് വഴി വിതരണം ചെയ്തത് പത്തുകോടിയിലധികം വരുന്ന അവശ്യസാധന കിറ്റുകളായിരുന്നു. പ്രളയങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും കേരളത്തിന്റെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തി.

Spread the love