കേരളീയ ജീവിതത്തിന്റെ പുതിയ ഉയരം


എം. ബി. രാജേഷ്
തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി

ചെറിയൊരു ഭൂപ്രദേശം ലോകത്തിന് വലിയ മാതൃകകള്‍ നൽകുന്നു. കൊച്ചു കേരളം കൈവരിച്ച വലിയ നേട്ടങ്ങൾ ‘കേരള മാതൃക’യെന്ന് പ്രകീർത്തിക്കപ്പെടുന്നു. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ ബില്‍ എന്നിവയിലൂടെ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്‌ടിച്ച കേരളം സമ്പൂര്‍ണ്ണ സാക്ഷരത, അധികാര വികേന്ദ്രീകരണം തുടങ്ങിയവയിലൂടെ അവയെ പുതിയ ഉയരങ്ങളിലെത്തിച്ചു. 2016 ല്‍ അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ആരംഭിച്ച നാല് മിഷനുകള്‍ ആധുനിക കേരളത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയാണ്. ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം, ആര്‍ദ്രം, ഹരിതകേരളം മിഷനുകള്‍ അക്ഷരാര്‍ഥത്തില്‍ നവകേരളത്തെയാണ് നിർമ്മിക്കുന്നത്. ഇതില്‍ സുപ്രധാനമായ മിഷനാണ് ലൈഫ്.

എന്തുകൊണ്ട് ലൈഫ്

സമൂഹത്തില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനതയ്ക്ക് ജീവിതം നൽകുന്ന പദ്ധതിയാണിത്. കേവലം ഭവന നിര്‍മ്മാണ പദ്ധതിയായി ലൈഫിനെ ചുരുക്കിക്കാണാനാവില്ല. കേരളത്തില്‍ നിരവധി ഭവന പദ്ധതികള്‍ ഉണ്ടായിട്ടുണ്ട്. വിവിധ ഏജന്‍സികള്‍ മുഖേനയും വകുപ്പുകള്‍ മുഖേനയും കേരളത്തിലെ പാര്‍പ്പിട പ്രശ്‌നം  പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഭവന നിര്‍മ്മാണ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ഭവന ഫെഡറേഷന്‍, പട്ടികജാതി/പട്ടികവർഗ വികസന വകുപ്പുകള്‍, ഫിഷറീസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പല കാലങ്ങളില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു. കോസ്റ്റ് ഫോര്‍ഡ്, ഹാബിറ്റാറ്റ്, ടെക്നോളജി ഗ്രൂപ്പ്, കേരള പോലീസ് ഹൗസിങ് & കൺസ്‌ട്രക്ഷൻ കോര്‍പ്പറേഷന്‍, സഹകരണ സംഘങ്ങള്‍ എന്നീ ഏജന്‍സികളും ഈ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തി. സൈനികക്ഷേമം, നഗരകാര്യം, ന്യൂനപക്ഷ ക്ഷേമ വകുപ്പുകളും സാമ്പത്തിക ദുര്‍ബല വിഭാഗക്കാര്‍ക്കും പാവപ്പെട്ടവർക്കും താങ്ങാവുന്ന തരത്തിലുള്ള വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുന്നതിൽ പങ്കാളികളായി. ഗൃഹശ്രീ ഭവന പദ്ധതി, സാഫല്യം ഭവന പദ്ധതി, സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (HSDP), ബേസിക് സര്‍വീസ് ഫോര്‍ അര്‍ബന്‍ പുവര്‍ (BSUP), രാജീവ് ആവാസ് യോജന (RAY), ഇന്ദിര ആവാസ് യോജന (IAY) എന്നിവയും നടപ്പിലാക്കുകയുണ്ടായി. എന്നാൽ കേരളത്തിലെ പാര്‍പ്പിട പ്രശ്‌നം വര്‍ധിച്ചുവരികയാണുണ്ടായത്.

അരനൂറ്റാണ്ടു മുമ്പ് എം.എന്‍.ഗോവിന്ദന്‍ നായര്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച ലക്ഷംവീട് പദ്ധതി സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്ക് തലചായ്ക്കാനിടം നല്‍കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. 1996ല്‍ സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരവും വിഭവങ്ങളും ലഭിക്കുകയും ജനകീയാസൂത്രണ പ്രക്രിയയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്‌തു. ഇതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സാധാരണ കുടുംബങ്ങളുടെ വീടെന്ന പ്രശ്‌നം പരിഹരിക്കുന്നതിൽ ഒരു പരിധിവരെ ഇടപെടാന്‍ സാധിച്ചു. 2006ല്‍ അധികാരമേറ്റ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇ.എം.എസ് ഭവന പദ്ധതിക്ക് രൂപം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്‌പയെടുത്തും വായ്‌പയുടെ പലിശ സര്‍ക്കാര്‍ ബജറ്റില്‍ നിന്നും ചെലവഴിക്കുന്ന തരത്തിലും വീടില്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നതിനാണ് ഇ.എം.എസ് ഭവനപദ്ധതി വിഭാവനം ചെയ്‌തത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ ഭവന രഹിതര്‍ക്കും സ്ഥലവും വീടും നല്‍കുക എന്ന ലക്ഷ്യത്തോടെ 2009ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ പൊതുവിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും ഭവന നിര്‍മ്മാണ ധനസഹായം രണ്ട് ലക്ഷം രൂപയായും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2.5 ലക്ഷം രൂപയായും വര്‍ധിപ്പിച്ച് നല്‍കി. ഇതിലൂടെ 1,28,574 വീടുകള്‍ പൂര്‍ത്തീകരിച്ചു.

2011നും 2016നുമിടയില്‍ കേരളത്തില്‍ സാധാരണക്കാരുടെ വീടെന്ന സ്വപ്‌നം PMAY (ഗ്രാമീൺ)യിലും PMAY (അര്‍ബന്‍)ലും ഒതുങ്ങി. കേരളത്തിലെ പാർപ്പിട പ്രശ്‌നം പരിഹരിക്കുന്നതിന് ഇത്തരത്തിലുള്ള ഭവന പദ്ധതികളിലുടെ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ 2016ലെ സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതത്വവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുന്നതിനായാണ് ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ആവിഷ്‌കരിച്ചത്. സ്വന്തമായി തൊഴില്‍ ചെയ്‌ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമപദ്ധതികളും പ്രയോജനപ്പെടുത്താനും ലൈഫ് പദ്ധതി പിന്തുണ നൽകുന്നു.

ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും അടച്ചുറപ്പുള്ള ഭവനങ്ങള്‍ ലഭ്യമാക്കുവാനാണ് ലക്ഷ്യം. വിവിധ കേന്ദ്ര/സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്ര പദ്ധതിയായിട്ടാണ് സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നത്. വിവിധ വകുപ്പുകള്‍ മുഖേന ഭവന നിര്‍മ്മാണ ധനസഹായം നൽകുന്നതിനായി കരാറിലേർപ്പെട്ട് ഏറെക്കാലമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ അവശേഷിച്ചിരുന്ന 54,116 വീടുകള്‍ പൂര്‍ത്തീകരിക്കാത്തതായി ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കണ്ടെത്തി. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പൂര്‍ത്തീകരിക്കപ്പെടാതെ അവശേഷിച്ചിരുന്ന ഈ വീടുകളില്‍ ഭവന നിര്‍മ്മാണം പൂർത്തിയാക്കുന്നതിനാവശ്യമായ തുക ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കി. 52,680 വീടുകള്‍ ഇതിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 2017-ല്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഭൂമിയുള്ള ഭവന രഹിത ഗുണഭോക്തൃ പട്ടികയിലെ അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഭവന നിര്‍മ്മാണാനുകൂല്യം നൽകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഈ ഗുണഭോക്തൃ പട്ടികയിലെ അര്‍ഹരായ ഗുണഭോക്താക്കളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും ഭവന നിര്‍മ്മാണാനുകൂല്യം ലഭ്യമാക്കി. 2019ല്‍ പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് വകുപ്പുകള്‍ ലൈഫ് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി ലൈഫ് മിഷന് കൈമാറുകയുണ്ടായി. 2017ല്‍ തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഈ കുടുംബങ്ങള്‍ക്കും അടച്ചുറപ്പുള്ള ഭവനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തി. ലൈഫ് അര്‍ഹതാ മാനദണ്ഡപ്രകാരം പരിശോധിച്ച് പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് അധിക പട്ടിക തയ്യാറാക്കുകയും അതില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണാനുകൂല്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്‌തു.

ലൈഫ് ഗുണഭോക്തൃ പട്ടികയിൽ  ഉള്‍പ്പെടാനാകാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ലൈഫ് 2020 പ്രകാരം ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 9,20,260 അപേക്ഷകളാണ് ലഭിച്ചത്. ഈ അപേക്ഷകള്‍ ലൈഫ് മാനദണ്ഡ പ്രകാരം പരിശോധനയും പുനഃപരിശോധനയും നടത്തി ഗ്രാമസഭ/വാർഡ് സഭ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ അന്തിമമാക്കുകയുണ്ടായി. ഇപ്രകാരം തയ്യാറാക്കിയ ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിലെ പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് വിഭാഗത്തിൽപ്പെട്ടവർക്കും അതിദരിദ്രരുടെ സര്‍വേയിലൂടെ കണ്ടെത്തിയ വീട് വേണ്ടവര്‍ക്കും ഭവന നിര്‍മ്മാണ ധന സഹായം അനുവദിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യതയനുസരിച്ച് പൊതുവിഭാഗത്തിൽപ്പെട്ടവർക്കും ധന സഹായം അനുവദിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയില്‍ വനിതകള്‍ക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും പ്രത്യേക പരിഗണനയും നൽകിയിട്ടുണ്ട്.

നാലര ലക്ഷം വീടുകള്‍

72,000 രൂപ ലഭിക്കുന്ന പിഎംഎവൈ (ഗ്രാമീൺ), 1,50,000 രൂപ ലഭിക്കുന്ന പിഎംഎവൈ(നഗരം) എന്നീ സ്‌കീമുകളുടെ ഗുണഭോക്താക്കള്‍ക്കും ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി നാല് ലക്ഷം രൂപയുടെ ആനുകൂല്യമാണ് നൽകുന്നത്. സങ്കേതങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും വസിക്കുന്ന പട്ടികവർഗ കുടുംബങ്ങള്‍ക്ക് നാല് ലക്ഷത്തിനു പകരം ആറ് ലക്ഷം രൂപയാണ് ആനുകൂല്യം. ലൈഫ് ഭവനപദ്ധതി പ്രകാരം 30.06.2025 വരെ 5,82,172 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണ ധനസഹായം അനുവദിച്ചതില്‍ 4,57,055 കുടുംബങ്ങള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 1,25,117 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു.

അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയിലൂടെ കണ്ടെത്തിയ വീടില്ലാത്ത 6,461 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണത്തിനായി കരാറിലേർപ്പെട്ടതിൽ 4,534 ഗുണാഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.

വീടുകളും ഭവനസമുച്ചയങ്ങളും

ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസത്തിനായി വ്യക്തിഗത ഭവനങ്ങള്‍ മാത്രമല്ല, ഭവന സമുച്ചയങ്ങളും നിർമ്മിക്കുന്നുണ്ട്. ലൈഫ് മിഷന്‍ മുഖേന നിര്‍മ്മാണമാരംഭിച്ച ഭവന സമുച്ചയങ്ങളില്‍ നാല് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍, കോട്ടയം ജില്ലയിലെ വിജയപുരം, കൊല്ലം ജില്ലയിലെ പുനലൂര്‍ എന്നിവിടങ്ങളിലാണ് ലൈഫ് നേരിട്ട് ഭവന സമുച്ചയങ്ങള്‍ നിര്‍മിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. മണ്ണന്തലയില്‍ തിരുവനന്തപുരം നഗരസഭ സ്‌പോൺസർഷിപ്പിലൂടെയും എറണാകുളം ജില്ലയില്‍ കീഴ്‌മാട് ഗ്രാമപഞ്ചായത്ത്, അങ്കമാലി നഗരസഭ, ജി.സി.ഡി.എ, കൊച്ചിന്‍ കോര്‍പ്പറേഷന്‍, ലൈഫ് മിഷന്‍ എന്നിവ ചേർന്നും, മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ നഗരസഭയും ലൈഫ് മിഷനും ചേർന്നും പഴയൂര്‍ ഗ്രാമപഞ്ചായത്തും ഭവനസമുച്ചയങ്ങളില്‍ 960 പേര്‍ക്ക് പുനരധിവാസം നല്‍കി. 22 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു.

മനസ്സോടിത്തിരി മണ്ണ്

ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ യത്നത്തില്‍ സുമനസ്സുകളായ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പങ്കാളികളാകുന്നത് ഏറെ നന്ദിയോടെ ഇവിടെ പരാമർശിക്കുന്നു. ലൈഫ് പദ്ധതിക്കായി ഭൂമി സംഭാവന നല്‍കാനുള്ള പരിപാടിയാണ് ‘മനസ്സോടിത്തിരി മണ്ണ്’. മനുഷ്യസ്നേഹപരമായ ഈ പരിപാടിയിലൂടെ 31.05.2025 വരെ 2271.815 സെന്റ് (22.71 ഏക്കര്‍) ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്/ ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്‌ത് നൽകിയിട്ടുണ്ട്. മനസ്സോടിത്തിരി മണ്ണ് കാമ്പയിന്റെ ഭാഗമായി ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ 1000 ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് ഒരു കുടുംബത്തിന് പരമാവധി 2.5 ലക്ഷം രൂപ നിരക്കില്‍ 25 കോടി രൂപ ധനസഹായം നല്‍കാന്‍ സദ്ധമായി. 2021 ഡിസംബറില്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടുകയും അതിന്‍പ്രകാരം 1000 ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുകയും ചെയ്‌തു. തുടർന്ന് 1000 ഭൂരഹിതര്‍ക്ക് കൂടി ഭൂമി ലഭ്യമാക്കുന്നതിനുള്ള ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതി രണ്ടാം ഘട്ടത്തിന്റെ ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 11.12.2024ന് ഒപ്പിട്ട് കൈമാറുകയുണ്ടായി. ഇതിന്റെ ഭാഗമായി 60 പേരുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തിയാക്കിയിട്ടുണ്ട്.

ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 100 ഭവനരഹിതര്‍ക്ക് ലയൺസ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട് 318-F-യുടെ ആഭിമുഖ്യത്തില്‍ വീട് വച്ച് നൽകുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച ധാരണാപത്രത്തില്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്, കിളിമാനൂര്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളും ലൈഫ് മിഷനും ലയൺസ് ഇന്റര്‍നാഷണല്‍ ഡിസ്‌ട്രിക്‌ട് 318-F ഡിസ്‌ട്രിക്‌ട് ഗവര്‍ണറും ഒപ്പുവെച്ചു. കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭയില്‍ 15 ഭവനങ്ങളും തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ 10 ഭവനങ്ങളും, ഒരു അമിനിറ്റി സെന്ററും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. കടയ്ക്കല്‍, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിർമ്മിക്കുന്ന 25 വീതം വീടുകളുടെ ശിലാസ്ഥാപനം 2025 ജനുവരി 9-ന് നിര്‍വഹിച്ചു.

സൗജന്യ സൗരോര്‍ജ പദ്ധതി

ലൈഫ് മിഷന്‍ അനർട്ടുമായി കൈകോര്‍ത്ത് ലൈഫ് പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച 500 വീടുകളെ സൗജന്യ സൗരോര്‍ജ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. സൗജന്യമായി സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതിയും അധിക വരുമാനവും ലഭ്യമാകുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കി. പ്രതിദിനം ശരാശരി എട്ട് യൂണിറ്റ് വരെ ഉല്‍പാദിപ്പിക്കാനുള്ള രണ്ട് കിലോവാട്ടിന്റെ സൗരോര്‍ജ പ്ലാന്റുകളാണ് ഓരോ വീടുകളിലും സ്ഥാപിക്കുന്നത്. ഏകദേശം ഒരു പ്ലാന്റിന് 1.35 ലക്ഷമാണ് ചെലവ് വരുന്നത്. ലൈഫ് പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയായതും KSEB വൈദ്യുതി കണക്ഷന്‍ ലഭ്യമായതുമായ 500 ഭവനങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൗരോര്‍ജ പ്ലാന്റുകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണ്ണമായും ഭവനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നു. അധികം വരുന്ന വൈദ്യുതി KSEBക്ക് നല്‍കി വരുമാനം നേടാനും സാധിക്കും. അധിക വൈദ്യുതി KSEBക്ക് നൽകുന്നത് വഴി പ്രതിവര്‍ഷം 4,000 രൂപ വരെ വരുമാനം പ്രതീക്ഷിക്കുന്നു. ഇതിനു പുറമേ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് ഇന്‍ഡക്ഷന്‍ സ്റ്റൗ കൂടി ലഭ്യമാക്കുന്നുണ്ട്. ഉദ്ഘാടനം കഴിഞ്ഞ നാല് ലൈഫ് ഭവന സമുച്ചയങ്ങളിലേയും പൊതുവിടങ്ങളിലെ വൈദ്യുതി ഉപയോഗത്തിനായി സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.

രേഖകള്‍ ഹാജരാക്കാത്തവര്‍

ഗുണഭോക്താക്കളില്‍ കരാര്‍ വയ്‌ക്കുന്നതിനാവശ്യമായ രേഖകള്‍ ഹാജരാക്കാത്തവരും സി.ആര്‍.ഇസഡ്, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, വനാവകാശ സംരക്ഷണ നിയമം എന്നിവയുടെ പരിധിയില്‍ വരുന്ന ഗുണഭോക്താക്കള്‍ക്കും മതിയായ രേഖകള്‍ ഹാജരാക്കുവാന്‍ സാധിക്കാത്തതിനാല്‍ കരാറിലേര്‍പ്പെടാന്‍ സാധിച്ചിട്ടില്ല. രേഖകള്‍ ഹാജരാക്കുന്ന മുറയ്‌ക്ക് ഈ ഗുണഭോക്താക്കള്‍ക്കും ഭവനനിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിയും.

ചെറിയ കാലം, വലിയ നേട്ടം

ഭവനനിര്‍മ്മാണ മേഖലയില്‍, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ഭവനനിര്‍മ്മാണ മേഖലയില്‍ രാജ്യത്ത് കുറഞ്ഞ സമയം കൊണ്ട് വലിയ നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. ഭവന നിർമ്മാണത്തിന് ഒരു സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന ഏറ്റവും കൂടുതല്‍ സഹായമാണ് കേരള സര്‍ക്കാര്‍ നൽകുന്നത്. ഒരു വീടിന് നാല് ലക്ഷം രൂപയാണ് കേരളം നൽകുന്നത്. തൊട്ടടുത്തു നിൽക്കുന്ന സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ ഒരു വീടിന് നൽകുന്ന സഹായം 1,80,000 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ പിഎംഎവൈ (ഗ്രാമീൺ) പദ്ധതിയില്‍  നൽകുന്ന സഹായം 72,000 രൂപയും പിഎംഎവൈ (നഗരം) പ്രകാരം നൽകുന്നത് ഒരു ലക്ഷം രൂപയുമാണ്.

ലൈഫ് മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ മാതൃകയാണ്. തലചായ്ക്കാന്‍ ഇടം നൽകുകയെന്ന മനുഷ്യത്വപരമായ കടമയാണ് വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ നിർവഹിക്കുന്നത്. ഒപ്പം മികച്ച ജീവിതത്തിലേക്ക് മുന്നേറാനുള്ള പിന്തുണയും നൽകുന്നു.

Spread the love