കേരളത്തിലെ തദ്ദേശഭരണത്തിന്റെ നൂറുവർഷങ്ങൾ
1956ൽ ഐക്യകേരളം രൂപംകൊണ്ടതോടെ തിരുകൊച്ചി, മലബാർ മേഖലകൾ ഉൾപ്പെടെ
മുഴുവൻ പ്രദേശങ്ങളിലും തദ്ദേശ ഭരണഘടനകളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു
കേരളത്തിലെ തദ്ദേശഭരണ ഘടന ഇന്ന് ഇന്ത്യയിലെ ഏറ്റവും ശക്തിയും ജനാധിപത്യവുമുള്ള സംവിധാനം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഈ സുസ്ഥിരതയുടെ അടിത്തറ ഒരു നൂറ്റാണ്ടുകാലത്തിന്റെ പാരമ്പര്യത്തിലാണ് ഉറച്ചുനിൽക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച നിയന്ത്രിത സ്വയംഭരണ പരീക്ഷണങ്ങളിൽ നിന്ന് ഐക്യകേരള രൂപീകരണത്തിനു ശേഷമുള്ള നിയമപരിഷ്‌ക്കരണം വരെ നീളുന്നു ഈ യാത്ര.
1. ആധുനിക തദ്ദേശഭരണത്തിന്റെ ഉദയം (1880-1884)
ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിയായിരുന്ന ലോർഡ് റിപ്പൺ (1880-1884) ആണ് ഇന്ത്യയിലെ ആധുനിക തദ്ദേശഭരണത്തിന് തുടക്കം കുറിച്ച വ്യക്തി. 1882 ലെ റിപ്പൺ പ്രമേയം (Resolution on Local Self-Government) ഇന്ത്യൻ തദ്ദേശഭരണ ചരിത്രത്തിന്റെ ആദ്യ ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു. ഈ പ്രമേയം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുനൽകുകയും ചെയ്തു.
റിപ്പൺ പ്രമേയത്തെ അടിസ്ഥാനമാക്കി 1884-ൽ മദ്രാസ് ലോക്കൽ ബോർഡ്സ് ആക്ട് നടപ്പിലായി. ഈ നിയമം മൂന്ന് തലങ്ങളിലായി തദ്ദേശബോർഡുകളെ രൂപീകരിച്ചു:
ജില്ലാ ബോർഡുകൾ
താലൂക്ക് ബോർഡുകൾ
യൂണിയൻ ഓഫ് വില്ലേജസ്
(പഞ്ചായത്ത്)
മലബാറും അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായതിനാൽ ഈ ഭരണഘടനാ മാതൃക മലയാളനാടിന് നേരിട്ട് ബാധകമായി.

2. വികേന്ദ്രീകരണത്തിലേക്കുള്ള രണ്ടാംഘട്ട ശ്രമങ്ങൾ (1907-1909)
1907-ൽ രൂപീകൃതമായ റോയൽ കമ്മീഷൻ ഓൺ ഡീസെൻട്രലൈസേഷൻ (RCD) തദ്ദേശ ഭരണത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിനും പ്രാദേശിക സ്വയംഭരണത്തെ ശക്തിപ്പെടുത്തുന്നതിനും ശുപാർശകൾ മുന്നോട്ടുവച്ചു.
സർ ഹെൻട്രി വില്യം പ്രിംറോസ് അധ്യക്ഷനായ ആറംഗ സമിതിയായിരുന്നു ഇത് സമർപ്പിച്ചത്. ഇന്ത്യാ ഗവൺമെന്റും പ്രവിശ്യാ ഗവൺമെന്റുകളും തമ്മിലുള്ള ബന്ധവും പ്രവിശ്യാ ഗവൺമെന്റുകളും അവയുടെ കീഴിലുള്ള അധികാരികളും തമ്മിലുള്ള ബന്ധവും പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പഞ്ചായത്ത്, സബ് ഡിസ്ട്രിക്ട് ഭരണ സംവിധാനം, മുനിസിപ്പൽ ഭരണ ഘടന എന്നിവ ശക്തിപ്പെടുത്താൻ കമ്മീഷൻ നിർദേശിച്ചെങ്കിലും ബ്രിട്ടീഷുകാർ ഭരണാധികാരം വിട്ടുകൊടുക്കാൻ മടിച്ച സാഹചര്യത്തിൽ ശുപാർശകൾ ഭാഗികമായി മാത്രമേ പ്രാബല്യത്തിലെത്തിയുള്ളൂ.
3. മദ്രാസ് സംസ്ഥാനത്തെ നിയമപരിഷ്‌കരണങ്ങൾ (1920-1934)
അതേസമയം 1920ൽ മദ്രാസിൽ പുതിയ തദ്ദേശ ഭരണ നിയമങ്ങൾ നടപ്പിലായി. RCD റിപ്പോർട്ടിനെ തുടർന്നാണ് 1920-ൽ മദ്രാസ് സംസ്ഥാനത്ത് രണ്ടുതരത്തിലുള്ള നിയമനിർമ്മാണങ്ങൾ നടപ്പിലാക്കിയത്. പുതിയ മദ്രാസ് ലോക്കൽ ബോർഡ്സ് ആക്ട് (1884 ലെ നിയമത്തിന് പകരം), ഗ്രാമ പഞ്ചായത്ത് ആക്ട് എന്നിവ നിലവിൽ വന്നു.
ഈ നിയമപ്രകാരം ഗ്രാമതലത്തിൽ പഞ്ചായത്തുകൾ രൂപീകരിക്കപ്പെട്ടു. എന്നാൽ ഇവ യൂണിയൻ ഓഫ് വില്ലേജസിന്റെ കീഴിലായിരുന്നു.
1927-ൽ തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ പരിമിതമായ അധികാരങ്ങളുള്ള മലബാർ ഡിസ്ട്രിക്ട് ബോർഡ് എന്ന ഭരണ സംവിധാനവും പഞ്ചായത്ത് ബോർഡ് എന്ന ഭരണസംവിധാനം ആരംഭിച്ചിരുന്നു.
1930-ൽ ഗ്രാമ പഞ്ചായത്ത് ആക്ട് റദ്ദാക്കി. പഞ്ചായത്തുകൾ തിരിച്ച് മദ്രാസ് ലോക്കൽ ബോർഡ്സ് ആക്ടിന്റെ പരിധിയിൽ വരികയും ചെയ്തു. പുതിയ നിയമപ്രകാരം ലോക്കൽ ബോർഡുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും ഇൻസ്പെക്ടർ ഓഫീസ് രൂപീകരിച്ചു. ഓരോ ജില്ലയ്ക്കും ഒരു ജില്ലാ പഞ്ചായത്ത് ഓഫീസറെ നിയമിച്ചു. മുനിസിപ്പാലിറ്റികളുടെയും തദ്ദേശ ബോർഡുകളുടെയും ഇൻസ്പെക്ടർ മുഖേന തദ്ദേശസ്ഥാപനങ്ങളുടെ മേൽ സർക്കാർ സമ്പൂർണ്ണ നിയന്ത്രണം തുടർന്നു. 1934-ൽ താലൂക്ക് ബോർഡുകൾ ഇല്ലാതാക്കി.
ജില്ലാ ബോർഡുകളും പഞ്ചായത്തുകളും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ പ്രവർത്തിച്ചു. മലബാറിൽ ഐക്യകേരള രൂപീകരണം വരെ ഇവ തുടർന്നു.
4. സ്വാതന്ത്ര്യാനന്തര ഘട്ടം:
തിരു-കൊച്ചി സംസ്ഥാനം (1949-1956)
ഐക്യകേരളമെന്ന സാമൂഹിക-രാഷ്ട്രീയ തീരുമാനം ഉണ്ടാകുന്നതിനുവേണ്ടിയുള്ള പ്രയത്നങ്ങളും പ്രക്ഷോഭങ്ങളുമായിരുന്നു പിന്നീട്. 1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു-കൊച്ചി സംസ്ഥാനം രൂപംകൊണ്ടു. പറവൂർ ടി.കെ.നാരായണപിള്ള മുഖ്യമന്ത്രിയായ ഏഴംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.
1950 ൽ പഞ്ചായത്ത് നിയമങ്ങളുടെ ഒന്നാംഘട്ട ഏകീകരണം നടന്നു. ഇന്ത്യൻ ഭരണഘടനയിലെ 40-ാം അനുച്ഛേദം പ്രകാരം ഗ്രാമീണ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകി. തുടർന്ന് തിരുകൊച്ചി ഭാഗത്ത് തിരുവിതാംകൂർ കൊച്ചി പഞ്ചായത്ത് ആക്ട്, മലബാർ പ്രദേശത്ത് മദിരാശി വില്ലേജ് പഞ്ചായത്ത് ആക്ട് എന്നിങ്ങനെ രണ്ടു വ്യത്യസ്ത നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.
1953 ൽ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. എ.ജെ.ജോൺ മുഖ്യമന്ത്രിയായിരിക്കെയാണ് തിരുകൊച്ചി പ്രദേശത്ത് ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധനത്തിലായതിനാൽ അവരുടെ സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിച്ചു. തിരുകൊച്ചിയിൽ 458 പഞ്ചായത്തുകൾ ഉണ്ടായിരുന്നു.
മലബാറിൽ 150 പഞ്ചായത്തുകൾ മാത്രം മദിരാശി വില്ലേജ് പഞ്ചായത്ത് ആക്ടിന്റെ പരിധിയിൽ വന്നു. ബാക്കിയിടങ്ങൾ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിലും.
5. ഐക്യകേരളത്തിലേക്ക് (1956)
1956ൽ ഐക്യകേരളം രൂപംകൊണ്ടതോടെ തിരുകൊച്ചി, മലബാർ മേഖലകൾ ഉൾപ്പെടെ മുഴുവൻ പ്രദേശങ്ങളിലും തദ്ദേശ ഭരണഘടനകളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് കേരളത്തിലെ ആധുനിക പഞ്ചായത്ത് സംവിധാനത്തിനായുള്ള നിയമപരിഷ്‌കരണം ആരംഭിച്ചു. നവീകരണശ്രമങ്ങൾക്കു ചേർന്ന പ്രവർത്തനമികവും ഒത്തുചേർന്നതോടെ ഉറച്ച തദ്ദേശഭരണ അടിത്തറ എന്ന ലക്ഷ്യത്തിലേക്ക് നാമെത്തി. കേരളത്തിലെ തദ്ദേശഭരണ ചരിത്രം ഒരു ഭരണഘടനാപ്രവർത്തനത്തിന്റെ സ്വാഭാവികമായ വളർച്ച മാത്രമല്ല സൂചിപ്പിക്കുന്നത്. ജനങ്ങളുടെ പങ്കാളിത്തം മികച്ച നിലവാരമുള്ള ഭരണത്തെ സൃഷ്ടിച്ച ജനാധിപത്യയാത്രയുടെ കഥ കൂടിയാണത്. ബ്രിട്ടീഷ് ഭരണകാലത്തെ നിയന്ത്രിത സ്വയംഭരണത്തിൽ നിന്ന് ഭരണഘടനാപരമായ പഞ്ചായത്തീരാജിലേക്കുള്ള ഈ നൂറ്റാണ്ടുകാല സഞ്ചാരമാണ് ഇന്ന് കേരളത്തെ രാജ്യത്തെ ഏറ്റവും ശക്തമായ പ്രാദേശിക സ്വയംഭരണ മാതൃകയാക്കി മാറ്റിയത്.
