കുട്ടികൾക്കൊപ്പം വളരുന്ന അങ്കണവാടികൾ

| ശോഭിക വി കുറുപ്പത്ത് മാധ്യമപ്രവർത്തക |
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും കൂടുതൽ സൗകര്യങ്ങളും പുതുക്കിയ ഭക്ഷണമെനുവുമായി കൂടുതൽ ആകർഷകമായി മാറിക്കഴിഞ്ഞു
ബുക്സ് കോർണറിലെ പുസ്തകമെടുത്ത് കുഞ്ഞു ദക്ഷ് ഒരക്ഷരത്തിന്മേൽ വിരൽവെച്ചു. വസുമതി ടീച്ചർ ‘അ’ എന്ന് പറഞ്ഞുകൊടുത്തു. ‘അമ്മ’ എന്ന് കുഞ്ഞിക്കൂട്ടം വാക്ക് കണ്ടെത്തി. ‘ബ’ യിൽ വിരലെത്തിയപ്പോൾ ‘ബിർണാണി’ എന്നവർ ആർത്തുവിളിച്ചു. അങ്കണവാടിയിലെ മെനുവിൽ ബിരിയാണി ഉൾപ്പെടുത്തണമെന്ന ശങ്കുവിന്റെ മന്ത്രിയോടുള്ള അഭ്യർഥനയുടെ വിശേഷങ്ങൾ പറയാൻ പ്ലേ കോർണറിലെ കളിപ്പാട്ടങ്ങൾ വിട്ട് കുഞ്ഞുങ്ങൾ ടീച്ചർക്ക് ചുറ്റുംകൂടി. പാലക്കാട് വിളയൂരിലെ ഉദയപുരം സ്മാർട്ട് അങ്കണവാടിയിലെ വിശേഷങ്ങൾ തീരുന്നില്ല. ഇത് വിളയൂരിലെ മാത്രം കഥയല്ല. സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും കൂടുതൽ സൗകര്യങ്ങളും പുതുക്കിയ ഭക്ഷണമെനുവുമായി കൂടുതൽ ആകർഷകമായി മാറിക്കഴിഞ്ഞു. ബുക്സ് കോർണറും പ്ലേ കോർണറും ഫുഡ് കോർണറും ഹാൻഡ് വാഷ് കോർണറും ഒക്കെയായി സ്മാർട്ടായി 143 അങ്കണവാടികളുണ്ട് ഇന്ന് സംസ്ഥാനത്ത്. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഏറ്റവും സ്മാർട്ടായ നയങ്ങളും നടപടികളുമായി മുന്നേറുകയാണ് സംസ്ഥാന സർക്കാർ.
കളിച്ചും പഠിച്ചും വളരാൻ നിറയെ കളിയുപകരണങ്ങളും പുസ്തകങ്ങളും സ്മാർട്ട് അങ്കണവാടികളിലുണ്ട്. കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ചുകളും കുഞ്ഞുചെയറുകളും ടൈൽസ് വിരിച്ച തറയിൽ തെന്നി വീഴാതിരിക്കാൻ മാറ്റും സജ്ജമാക്കിയിട്ടുണ്ട്. ചായങ്ങളും ചിത്രങ്ങളും മനോഹരമാക്കിയ ചുവരുകൾപോലും കുഞ്ഞുങ്ങൾക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അങ്കണവാടിയിൽ വരാൻ കുട്ടികൾക്കും ഏറെ സന്തോഷമാണ്. ദക്ഷ്, ദർശ്, യതിൻ, ആര്യേഷ് കൃഷ്ണ, റിസ ഫാത്തിമ, ദക്ഷലക്ഷ്മി, സോന, ഐഫാൻ, ഫയാൻ എന്നിങ്ങനെ പത്ത് കുട്ടികളാണ് പട്ടാമ്പി ഉദയപുരം അങ്കണവാടിയിലെ കുസൃതികുടുക്കകൾ. ഇവരെ നോക്കാൻ വസുമതി ടീച്ചറും ഒരു ഹെൽപ്പറുമുണ്ട്. ശിശുസൗഹൃദ ശുചിമുറി, റാംപ് എന്നീ സൗകര്യങ്ങളും ഈ അങ്കണവാടിയുടെ പ്രത്യേകതയാണ്. 2024-25 സാമ്പത്തിക വർഷം സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ 20 ലക്ഷം രൂപയും വിളയൂർ ഗ്രാമപഞ്ചായത്തിന്റെ 12,31,328 രൂപയും ഉൾപ്പെടെ 32,31,328 രൂപ ചെലവിൽ 1500 സ്‌ക്വയർ ഫീറ്റിലാണ് ഉദയപുരം സ്മാർട്ട് അങ്കണവാടി നിർമിച്ചത്. ഇത്തരത്തിൽ വാടകമുറികളിലും ക്ലബ്ബുകളിലും മറ്റുമായി പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം ഉറപ്പാക്കുന്ന നടപടികളിലാണ് സർക്കാർ. സംസ്ഥാനത്തൊട്ടാകെ 143 സ്മാർട്ട് അങ്കണവാടികളാണ് നിലവിലുള്ളത്.

പോഷകസമൃദ്ധമായ ഭക്ഷണം
കുട്ടികളുടെ മാനസിക-ശാരീരിക-സാമൂഹ്യ വികാസത്തിന് സഹായിക്കുന്ന പദ്ധതികളാണ് അങ്കണവാടികൾ മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. ഗർഭിണികൾക്കും നവജാതശിശുക്കൾക്കുമെല്ലാം പോഷകാഹാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അങ്കണവാടികൾ മുഖേന റാഗിപ്പൊടി, ശർക്കര, അവിൽ, അമൃതംപൊടി തുടങ്ങിയവയെല്ലാം നൽകുന്നുണ്ട്. ആറുമാസം മുതൽ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി മാസത്തിൽ രണ്ട് തവണ അമൃതം ന്യൂട്രിമിക്സ് പൊടി നൽകുന്നു. മൂന്നുമുതൽ ആറുവയസു വരെയുള്ള കുട്ടികൾക്കായി അങ്കണവാടികളിൽ രാവിലെ പ്രാതൽ, ഉച്ചഭക്ഷണം, വൈകീട്ട് സ്നാക്സ് എന്നിവ നൽകുന്നുണ്ട്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായി പോഷകാഹാരങ്ങൾ വീടുകളിലേക്കും നൽകുന്നു.
സ്മാർട്ടായി അങ്കണവാടികൾ
കളിക്കാൻ പ്ലേ ഏരിയ, ഭക്ഷണം കഴിക്കാൻ ഡൈനിങ് ഹാൾ, നിറയെ കളിപ്പാട്ടങ്ങൾ, ശിശുസൗഹൃദ ശുചിമുറി, റാമ്പ്, ചുമരുകൾ നിറയെ കാർട്ടൂൺ കഥാപാത്രങ്ങളുടെ വർണചിത്രങ്ങൾ… അങ്കണവാടികൾ ഏറെ മാറി. കണ്ടും കേട്ടും പരിചയിച്ച പണ്ടത്തെ അങ്കണവാടികളല്ല ഇപ്പോൾ. ദിവസവും കുട്ടികൾ പോകാനും കളിക്കാനും പഠിക്കാനും ആഗ്രഹിക്കുന്ന ഇടങ്ങളായി സംസ്ഥാനത്തെ അങ്കണവാടികൾ മാറിക്കഴിഞ്ഞു. സ്വിമ്മിങ് പൂളും മ്യൂസിക് സിസ്റ്റവും വരെയുള്ള അങ്കണവാടികളുണ്ട്. കോഴിക്കോട് താനക്കോട്ടൂരിലാണ് കുട്ടികളെ പിടിച്ചിരുത്തുന്ന തരത്തിൽ അങ്കണവാടിയിൽ ഈ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. കുട്ടികൾക്കൊപ്പം വരുന്ന അമ്മമാർക്കായി മിനി ജിം വരെ ഇവിടെയുണ്ട്. സംസ്ഥാനത്താകെ 143 അങ്കണവാടികളാണ് സ്മാർട്ടായി മാറിയത്. ബാക്കിയുള്ളവയും സ്മാർട്ട് ആക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
അങ്കണവാടികളിൽ
അംഗൻ ജ്യോതി
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ അങ്കണവാടികളിൽ നടപ്പാക്കിയിട്ടുള്ള പദ്ധതിയാണ് ‘അംഗൻ ജ്യോതി’. അങ്കണവാടികളിൽ ഊർജക്ഷമതയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുക, അങ്കണവാടികളുടെ പ്രവർത്തനങ്ങളിൽ കാർബൺ ബഹിർഗമനം കുറയ്ക്കുക, പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, കാർബൺ ന്യൂട്രൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുക, കുട്ടികൾക്കും ജീവനക്കാർക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുക, അങ്കണവാടികളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുക, എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കുക, ഊർജം ലാഭിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പരിസ്ഥിതി സംരക്ഷണവും ഊർജസംരക്ഷണവും ഒരുമിപ്പിച്ച് കൊണ്ടുപോകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
|
കുഞ്ഞ് ശങ്കുവിന്റെ ബിർണാണിയും പൊരിച്ച കോയിയും
ഉപ്പുമാവിന് പകരം അങ്കണവാടിയിൽ ബിർണാണിയും (ബിരിയാണി) പൊരിച്ച കോഴിയും വേണമെന്ന് കുഞ്ഞ് ശങ്കു സമൂഹമാധ്യമങ്ങൾ വഴി ആവശ്യപ്പെട്ടത് മാസങ്ങൾക്ക് മുമ്പാണ് ഈ നാടാകെ കേട്ടത്. സാമൂഹികമാധ്യമങ്ങളിൽ വൈറലായ ശങ്കുവിന്റെ ആവശ്യം എല്ലാവരും ആസ്വദിച്ചെങ്കിലും അതങ്ങനെ വെറുതെ തള്ളിക്കളയാൻ സർക്കാർ ഒരുക്കമായിരുന്നില്ല. ശങ്കുവിന്റെ ആവശ്യത്തിന് പരിഹാരമുണ്ടാക്കുമെന്ന് ആരോഗ്യ-വനിതാ-ശിശു വികസന വകുപ്പ് മന്ത്രി നൽകിയ വാഗ്ദാനം ഇത്തവണ അങ്കണവാടികൾ തുറന്നപ്പോൾ പാലിക്കപ്പെട്ടു. ശങ്കുവിന്റെ അങ്കണവാടിയിൽ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും മുട്ട ബിരിയാണി, പുട്ട്, കൊഴുക്കട്ട, പുലാവ്, റാഗി അട തുടങ്ങി പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കുട്ടികൾക്കായി തയ്യാറാക്കി. പ്രാതൽ, ഉച്ചഭക്ഷണം, വൈകീട്ട് സ്നാക്സ് എന്നിവയാണ് നൽകുന്നത്. പാലും മുട്ടയും കൂട്ടത്തിലുണ്ട്. |
| താരമായി കുഞ്ഞൂസ് കാർഡും സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും നൽകുന്ന പോഷകബാല്യം പദ്ധതിയും കുഞ്ഞൂസ് കാർഡും രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളായി മാറി. സെക്രട്ടറിമാരുടെ ദേശീയ സെമിനാറിലാണ് ബെസ്റ്റ് പ്രാക്ടീസ് പദ്ധതിയായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതികൾ അവതരിപ്പിച്ചത്. അങ്കണവാടി കുട്ടികളുടെ പ്രായത്തിന് അനുസൃതമായി ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ച മനസ്സിലാക്കാൻ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണ് കുഞ്ഞൂസ് കാർഡ്. |

