കിം കി ഡുക്കിനെ ‘മലയാളി’യാക്കി

kim1

ഒരൊറ്റ പേര് ഒരു പടുകൂറ്റൻ ഫുട്ബോൾ / ക്രിക്കറ്റ് മൈതാനത്തെ നിറയ്ക്കുന്നതുപോലെയാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ചില സംവിധായകരുടെ സിനിമകൾക്ക് ആളു കയറുന്നത്. സിനിമ ചർച്ച ചെയ്യുന്ന പ്രമേയം, ഴോണർ, കാലികപ്രസക്തി, ഭാഷ, രാജ്യം തുടങ്ങി ഒരു സിനിമ കാണാൻ കാണികൾ മാനദണ്ഡമായി എടുക്കുന്ന വിഷയങ്ങളൊന്നും ഇവിടെ പ്രസക്തമാകുന്നില്ല. സംവിധായകൻ എന്ന ഒറ്റപ്പേര് ആണ് അതിനെല്ലാം ഉപരിയായി മുന്നിൽവരുന്നത്. അത് ആ ചലച്ചിത്രകാരൻ തന്റെ മാസ്റ്റർപീസ് ആയ ഒരു സിനിമ കൊണ്ടോ ഒന്നിലധികം സിനിമകൾ കൊണ്ടോ കാണികളിൽ മുമ്പ് ഉണ്ടാക്കിയെടുത്ത സ്വാധീനം കാരണമാണ്.

പെദ്രോ അൽമദോവർ, അലക്സാണ്ടർ സുകുറോവ്, അബ്ബാസ് കിയരോസ്തമി, മൊഹ്സീൻ മക്മൽബഫ്, ജാഫർ പനാഹി, അസ്ഹർ ഫർഹാദി, മജീദ് മജീദി, ലാർസ് വോൻട്രയർ, കിം കി ഡുക്ക്, അലെജാൻഡ്രോ ഗോൺസാലസ് ഇനാരിറ്റു തുടങ്ങിയ സംവിധായകരുടെ പേരുനോക്കി സിനിമ കാണുന്നവരാണ് ഐഎഫ്എഫ്കെയിലെ കാണികൾ. ഈ സംവിധായകർക്ക് മേളയിൽ സവിശേഷമായ ഒരു ആരാധകവൃന്ദമുണ്ട്. കിം കി ഡുക്കും മഖ്മൽബഫും മജീദ് മജീദിയുമൊക്കെ മലയാളി സംവിധായകരോളം പരിചിതരാണ് നമുക്ക്. ഓരോ വർഷവും മേളയുടെ സ്‌ക്രീനിങ് ഷെഡ്യൂൾ പ്രഖ്യാപിക്കുമ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ നോക്കുന്നത് ഈ വലിയ പേരുകളുടെ സാന്നിധ്യം ഉണ്ടോ എന്നതു കൂടിയായി. സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന അതികായരും അനശ്വരരുമായ സംവിധായകരുടെ സിനിമകൾ ബിഗ് സ്‌ക്രീനിൽ കാണാൻ താത്പര്യപ്പെടുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുമുണ്ട്. റെട്രോസ്പെക്ടിവ് പാക്കേജിനെ കാത്തിരിക്കുന്ന കാണികളും മേളയുടെ ഭാഗമാണ്.

kim2കിം കി ഡുക്കിന്റെ
ഐഎഫ്എഫ്കെ

‘സ്പ്രിങ് സമ്മർ ഫോൾ വിന്റർ ആൻഡ് സ്പ്രിങ്’ എന്ന സിനിമയിലൂടെയാണ് കൊറിയൻ സംവിധായകൻ കിം കി ഡുക്ക് ഐഎഫ്എഫ്കെയിൽ ശ്രദ്ധേയനാകുന്നത്. ഋതുക്കളുടെ പരിണാമങ്ങൾ ജീവിതത്തിൽ പ്രതിഫലിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച സപ്രിങ് സമ്മറിന്റെ ദൃശ്യഭാഷയും ആഖ്യാനവും അത്ഭുതപ്പെടുത്തുന്ന തായിരുന്നു. സ്പ്രിങ് സമ്മറിനെ തുടർന്നാണ് കിം കി ഡുക്കിന് ഇന്നുകാണുന്ന ആരാധകരും കിം സിനിമകൾക്കായുള്ള കാത്തിരിപ്പും രൂപപ്പെട്ടത്.

സ്പ്രിങ് സമ്മറിനെ തുടർന്ന് സമരിറ്റൻ ഗേൾ, ത്രീ അയേൺ, ദി ബോ, ഡ്രീം, ടൈം എന്നീ സിനിമകൾ പ്രേക്ഷകരിൽ കിമ്മിലുള്ള പ്രതീക്ഷയെ വളർത്തി. ഓരോ വർഷത്തെയും മേളയുടെ ഷെഡ്യൂൾ കിട്ടുമ്പോൾ കിം കി ഡുക്കിന്റെ സിനിമയുണ്ടോ എന്ന അന്വേഷണത്തിലേക്ക് ഡെലിഗേറ്റ്സിനെ നയിക്കാൻ കിമ്മിന്റെ പ്രതിഭയ്ക്ക് സാധിച്ചു.

കിമ്മിന് ഏറ്റവുമധികം ആരാധകരുള്ള നാടുകളിലൊന്നായ കേരളത്തിൽ അദ്ദേഹം എത്തിയത് 2013 ലാണ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ അതിഥിയായി കിം കി ഡുക്ക് എത്തിയപ്പോൾ അദ്ദേഹത്തെ അമ്പരപ്പിക്കുന്ന സ്വീകരണമാണ് അന്ന് തിരുവനന്തപുരം നൽകിയത്. ഐഎഫ്എഫ്കെയോട് ഏറ്റവും ചേർത്തുവയ്ക്കാവുന്ന പേരായി അതോടെ കിം കി ഡുക്ക് മാറുകയായിരുന്നു. ഫെസ്റ്റിവെലിൽ സിനിമ കാണാൻ എത്താത്തവർ പോലും ഐഎഫ്എഫ്കെയോട് ചേർത്ത് ഈ പേരു പറയാൻ ശീലിക്കും വിധം കിം കി ഡുക്കിന്റെ പ്രശസ്തിയും ആരാധക പിന്തുണയും വളർത്താൻ ഈ മേള നിർണ്ണായകമായി.

കിം കി ഡുക്കിന്റെ മാനസികതലത്തിൽ വന്ന വ്യതിയാനങ്ങൾ ചിത്രീകരിക്കുന്ന ഡോക്യു-സിനിമ അരിരംഗ് 2011ൽ മേളയിൽ പ്രദർശിപ്പിച്ചു. 2012ൽ പിയേത്ത, 2013ൽ മോബിയസ്, 2014ൽ വൺ ഓൺ വൺ എന്നീ സിനിമകളാണ് ഐഎഫ്എഫ്കെ കാണികൾക്ക് മുന്നിലെത്തിയത്. ഇവ മുൻ കിം സിനിമകളുടെ നിലവാരം സൂക്ഷിക്കുന്നവയല്ലെങ്കിൽ പോലും ജനകീയത കൊണ്ട് വൻജനക്കൂട്ടത്തെ തിയേറ്ററിലേക്ക് ആകർഷിച്ചു. സ്റ്റോപ്പ്, ദി നെറ്റ്, ഹ്യൂമൻ സ്പേസ് ടൈം ആൻഡ് ഹ്യൂമൻ എന്നീ കിം സിനിമകൾ പിന്നീട് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചു. 2020ൽ മരണം അദ്ദേഹത്തിന്റെ സർഗജീവിതത്തിന് തിരശ്ശീല വീഴ്ത്തിയില്ലായിരുന്നെങ്കിൽ പ്രേക്ഷകർ ഇരമ്പിക്കയറുന്ന സിനിമകളുമായി കിം ഇന്നും ഐഎഫ്എഫ്കെയിൽ സജീവസാന്നിധ്യമായേനെ.

ഇറാനിയൻ സിനിമകളോടുള്ള ആരാധന

ഇറാനിയൻ സിനിമകൾക്കും സംവിധായകർക്കും വലിയ ആരാധകവൃന്ദമാണ് ഐഎഫ്എഫ്കെയിലുള്ളത്. അബ്ബാസ് കിയരോസ്തമി, അസ്ഹർ ഫർഹാദി, ജാഫർ പനാഹി, മജീദ് മജീദി, മൊഹ്സിൻ മക്മൽബഫ് തുടങ്ങിയ ചലച്ചിത്രകാരരുടെ സിനിമകളെല്ലാം ലോകത്തെ മറ്റേതു മേളകളിലെയുംപോലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇറാനിയൻ സിനിമ ഐഎഫ്എഫ്കെയിലെ ഏറ്റവും ജനപ്രീതിയുള്ള പാക്കേജുകളിൽ ഒന്നാണ്.

കാണ്ഡഹാർ പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ മക്മൽബഫിന്റെ ദി ഗാർഡ്നർ, ദി പ്രസിഡന്റ് ഉൾപ്പെടെ നിരവധി സിനിമകളാണ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ഇതിൽ ദി പ്രസിഡന്റ് കാണികളുടെ ആവശ്യാർഥം ആവർത്തിച്ചുള്ള പ്രദർശനങ്ങളിലൂടെ മേളയിൽ വലിയ ആഘോഷമായി. വെറ്റ് ബലൂൺ, മിറർ തുടങ്ങിയ സിനിമകളിലൂടെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറെ ആരാധകരുള്ള സംവിധായകനാണ് ജാഫർ പനാഹി. അദ്ദേഹത്തിന്റെ ദി സർക്കിൾ, ടാക്സി, ത്രീ ഫെയ്സസ് എന്നീ ചിത്രങ്ങളും കാണികളെ വലിയ രീതിയിൽ ആകർഷിച്ചു.

ചിൽഡ്രൻ ഓഫ് ഹെവൻ, കളർ ഓഫ് പാരഡൈസ് എന്നീ ക്ലാസിക് ചിത്രങ്ങളിലൂടെയാണ് മജീദ് മജീദി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാകുന്നത്. ദി സോങ് ഓഫ് സ്പാരോസ്, ബിയോണ്ട് ദി ക്ലൗഡ്സ്, മുഹമ്മദ് ദി മെസഞ്ചർ ഓഫ് ഗോഡ്, സൺ ചിൽഡ്രൻ എന്നിവയും ഐഎഫ്എഫ്കെയിൽ കാണികൾക്കു മുന്നിലെത്തി.

എബൗട്ട് എല്ലി, എ സെപ്പറേഷൻ എന്നീ ചിത്രങ്ങളിലൂടെയാണ് അസ്ഹർ ഫർഹാദി ഐഎഫ്എഫ്കെയിലെ ജനപ്രിയ സംവിധായകരുടെ കൂട്ടത്തിലേക്ക് വരുന്നത്. ഈ രണ്ട് സിനിമകൾക്കും ഐഎഫ്എഫ്കെയിലെ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ഫർഹാദിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ സെയിൽസ്മാൻ, എവരിബഡി നോസ് എന്നീ ചിത്രങ്ങളും കാണികളെ കൈയിലെടുത്തു. ഇരുപത്തിമൂന്നാമത് ഐഎഫ്എഫ്കെയിലെ ഉദ്ഘാടന ചിത്രമായിരുന്നു എവരിബഡി നോസ്.

സുകുറോവും അൽമദോവറും

ഭ്രമാത്മകവും ദൃശ്യചാരുതയും നിറഞ്ഞ ഫ്രെയിമുകളാൽ പരമ്പരാഗത ആഖ്യാനശൈലിയെ ലംഘിച്ചുകൊണ്ടുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ റഷ്യൻ സംവിധായകൻ അലക്സാണ്ടർ സുകുറോവിന്റെ ഫ്രാങ്കോഫോണിയ 20-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് പ്രദർശിപ്പിച്ചത്. 22-ാമത് ഐഎഫ്എഫ്കെയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം സുകുറോവിന് സമ്മാനിച്ചിരുന്നു. സുകുറോവിന്റെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന റഷ്യൻ ആർക്ക്, മദർ ആൻഡ് സൺ, ഫൗസ്റ്റ്, ഫാദർ ആൻഡ് സൺ തുടങ്ങിയ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ സൂപ്പർഹിറ്റുകളായി.

വിഖ്യാത സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമദോവർ ആണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ കാണികളുടെ ഇഷ്ടം പിടിച്ചുപറ്റിയ മറ്റൊരു സംവിധായകൻ. ബ്രോക്കൺ എംബ്രേസസ്, പെയിൻ ആൻഡ് ഗ്ലോറി, പാരലൽ മദേഴ്സ്, ദി റൂം നെക്സ്റ്റ് ഡോർ എന്നീ സിനിമകളും മേളയിൽ കാണികളെ ആകർഷിച്ചു.

ഡാനിഷ് സംവിധായകൻ ലാർസ് വോൺ ട്രയറുടെ ആൽക്കെമിസ്റ്റ് 2009 ലെ മേളയിലാണ് പ്രദർശിപ്പിച്ചത്. ഒരേസമയം ആശ്ചര്യവും അസ്വസ്ഥതയും തോന്നിപ്പിക്കുന്ന പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സിനിമയിലൂടെ വോൺ ട്രയർ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആരാധകരെ സൃഷ്ടിച്ചു. മേളയിൽ പ്രദർശിപ്പിച്ച മെലങ്കോളിയ, നിംഫോമാനിക്, ദി ഹൗസ് ദാറ്റ് ബിൽറ്റ് ജാക്ക് എന്നീ സിനിമകളും വോൺ ട്രയറുടെ കൈയൊപ്പ് പതിഞ്ഞവയായിരുന്നു. ബ്യൂട്ടിഫുൾ, ബേർഡ്മാൻ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെയാണ് അലജാൻഡ്രോ ഇനാരിറ്റു എന്ന പ്രശസ്ത മെക്സിക്കൻ സംവിധായകൻ മേളയുടെ പ്രിയം നേടിയത്. പാരസൈറ്റിന്റെ ഓസ്‌കർ നേട്ടത്തിലൂടെ ലോകപ്രശസ്തനായ ബോങ് ജൂൻ ഹോ ഐഎഫ്എഫ്കെയിലും ജനകീയനാണ്.

 

Spread the love