കരിങ്കാളിപ്പൂരവും നാട്ടുജീവിതവും

പഴയ വന്നേരിനാട്ടിലെ കീഴെക്കാവുകളിലാണ് കരിങ്കാളിയാട്ടം എന്ന അനുഷ്ഠാനം നടക്കുന്നത്. അതായത്, തൃശ്ശൂർ ജില്ലയിലെ ചേറ്റുവ മുതൽ വടക്കോട്ട് മലപ്പുറം, പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ മൂക്കുതല, എടപ്പാൾ, ചങ്ങരംകുളം വരെയുള്ള ദേശങ്ങളിലെ പതിനെട്ടരക്കാവിലെ കീഴെക്കാവുകളിൽ, കുംഭമാസത്തിലെ ഭരണിനാളിലാണ് കരിങ്കാളികൾ കാവുതീണ്ടാനിറങ്ങുക. കാളി ഒരു രണദേവതയാണ് എന്നാണ് സങ്കൽപം. ഭദ്രകാളി, വീരാർകാളി, കരിങ്കാളി, കൊടുങ്കാളി, പറക്കാളി, പുള്ളിക്കാളി, മലയക്കരിങ്കാളി, വേട്ടക്കാളി, ചൂട്ടക്കാളി, ചുടലഭദ്രകാളി, പുലയൂരുകാളി തുടങ്ങി കാളിയുടെ വകഭേദങ്ങൾ പലതുണ്ട്. കാളിയിൽ കണ്ണകീസങ്കല്പം ആരോപിതമായിട്ടുണ്ട്. കൊടുങ്ങല്ലൂരിലും അതിന് തെക്കും കണ്ണകിയുടെ കഥയ്ക്ക് നല്ല പ്രചാരമുണ്ട്. മുലയരിഞ്ഞ് ആത്മത്യാഗം ചെയ്ത കണ്ണകിയുടെ കഥയാണ്, കാളീ സങ്കല്പത്തിൽ കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളത്. ചില കാവുകളിൽ ഒറ്റമുലച്ചിയുടേയും സങ്കല്പമുണ്ട്. ഉഗ്രമൂർത്തിയായ ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളോടുചേർന്ന് കീഴാളരുടെ ആരാധനയ്ക്കുവേണ്ടി, കാളിഭഗവതിയുടെ അനുജത്തിയെന്ന സങ്കല്പത്തിലാണ് കരിങ്കാളിപ്രതിഷ്ഠ. മേലേക്കാവിലെ ഭഗവതി പുറമതിൽക്കെട്ടിലെത്തി കരിങ്കാളിയെ സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ചടങ്ങ് ഇന്നും കാവുകളിൽ തുടരുന്നുണ്ട്.
ഭദ്രകാളിക്ക് മേൽക്കരയിലെ ക്ഷേത്രത്തിലും അനുജത്തിയായ കരിങ്കാളിക്ക് വയൽക്കരയിലെ ‘തറ’യിലും ഇടം ലഭിക്കാൻ സവർണ്ണ മേൽക്കോയ്മക്കാലത്തെ അയിത്തദീക്ഷയും വഴിമാറിനടക്കലും അടക്കമുള്ള സംഭവവികാസങ്ങൾ കാരണമായിട്ടുണ്ടാവണം. കുരുതിയും ബലികർമ്മങ്ങളും കാളിയെ പ്രീതിപ്പെടുത്താനുതകുന്നതിനാൽ, സവർണ്ണർ, മേലേക്കാവുകളിലെ കാളി ഭഗവതിക്ക്, മഞ്ഞളും ചുണ്ണാമ്പും വെള്ളത്തിൽ കലക്കി തെച്ചിപ്പൂവും മലരും ചേർത്ത് രക്തപ്രതീതി വരുത്തി തർപ്പണം ചെയ്യുമ്പോൾ, കീഴേക്കാവുകളിലെ അവർണ്ണദൈവങ്ങളായ കരിങ്കാളിക്കും ചാത്തനും മാടനും മറുതയ്ക്കും മറ്റും ഇറച്ചിയും മദ്യവും കോഴിച്ചോരയുമാണ് നിവേദിക്കുന്നത്. ഉഗ്രമൂർത്തികളായ കരിങ്കാളികൾ, കോഴിവെട്ടി ചോര കുടിക്കുന്ന ചടങ്ങിന് കരിങ്കലശമെന്നാണ് പറയുന്നത്. ദൈവത്തെ തങ്ങളിലൊരാളായി കൊണ്ടുനടക്കാനും തങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും സ്വപ്നങ്ങളും ദൈവത്തോട് പറയാനാഗ്രഹിക്കുന്ന മനസ്സുകൾ ദൈവത്തെത്തന്നെ കെട്ടിയാടി ദൈവത്തിന്റെ പ്രതിപുരുഷനായി, ഒരു ദിവസമെങ്കിലും ദൈവമായി അവതരിക്കാനുള്ള ആന്തരിക അഭിലാഷത്തിലായിരിക്കണം ഇത്തരം വേഷങ്ങൾ ഉടലെടുത്തിട്ടുണ്ടാവുക. പ്രാക്തനകാലത്തെ സർഗാത്മകമനസ്സുകളുടെ പല നേരത്തുണ്ടായ തെളിച്ചങ്ങളുടേയും പരിഷ്‌കാരങ്ങളുടേയും പുതുക്കലുകളുടേയും ഫലമാവണം കരിങ്കാളിയുടെ രൂപ/വേഷ/ഭൂഷ/ലാവണ്യ/നിലകൾ നിർണ്ണയിക്കപ്പെട്ടിട്ടുണ്ടാവുക.
ഏറെ ദൃശ്യപ്പൊലിമയും രൗദ്രതയും തോന്നിക്കുന്ന ഒരു രൂപമാണ് കരിങ്കാളിയുടേത്; ആടയാഭരണങ്ങളാൽ സമൃദ്ധവുമാണത്. പറയവർഗത്തിൽ പെട്ടവരാണ് കരിങ്കാളിവേഷം കെട്ടിയാടുന്നത്. വേഷക്കാരനെ കോലക്കാരനെന്നും പറയാറുണ്ട്. മകരം, കുംഭം മാസങ്ങളിൽ, നാൽപ്പത്തൊന്ന് ദിവസം പച്ചോലയിൽ ചൂടേറ്റുകിടന്ന്, ശരീരത്തെ വാട്ടുന്നതാണ് കോലക്കാരന്റെ വ്രതമെന്ന ചടങ്ങ്. അത്രയും ദിവസംകൊണ്ട് പച്ചോലയ്ക്കുണ്ടാകുന്ന വാട്ടം പോലെ ശരീരവും വാടുന്നതിനാൽ പിന്നീട് കാളികെട്ടി കാവേറുന്നതുവരെയുള്ള ആട്ടങ്ങളിലും ചാട്ടങ്ങളിലും ചുവടുവെയ്പ്പുകളിലും ശരീരത്തിന് ക്ഷീണമില്ലാതിരിക്കാനുള്ള പരിശീലനവും കൂടിയാണത്. വ്രതകാലത്ത് മത്സ്യമാംസാദികൾ ഭക്ഷിക്കാറില്ല. മദ്യസേവയും സ്ത്രീസംസർഗവും ഒഴിവാക്കുന്നു.
കരിങ്കാളികൾ കാവേറുന്ന ദിവസം, വടക്കൻ വാതിലെന്ന സങ്കല്പത്തിൽ അറുപത്തിനാല് കള്ളികളുള്ള ഒരു കളം വരയ്ക്കാറുണ്ട്. അരിപ്പൊടി, മഞ്ഞൾപ്പൊടി, ഉമിക്കരി, ഇലപ്പൊടി എന്നിവ കൊണ്ടാണ് കളം വരയ്ക്കുക. പൂജയ്ക്ക് വിവിധ തരം പൂക്കളും ഉപയോഗിക്കാറുണ്ട്. കള്ളും കോഴിച്ചോരയും നേദിക്കാറുണ്ട്. കറുത്തമുണ്ട് തറ്റുടുത്ത് തലശ്ശീലകെട്ടി കോലക്കാരൻ വേഷം കെട്ടാൻ തയ്യാറെടുക്കുന്നതോടെ കരിങ്കാളിക്ക് ചന്തവും രൗദ്രതയും വരുത്താനുള്ള ആടയാഭരണങ്ങൾ ഓരോന്നായി വെച്ചു കെട്ടുകയായി. ഉടുത്തുകെട്ടിന് സഹായിയായി ഒരാളുണ്ടാവും. കരിങ്കാളിവേഷത്തിന് എടുപ്പ് കിട്ടാൻ അരയിലുടുക്കുന്ന ചോപ്പും കറുപ്പും വെളുപ്പും നിറങ്ങളുള്ള ഉടയാടയ്ക്ക് അണിയലങ്ങൾ എന്നാണ് പറയുക. കാലിലിടുന്ന ചിലമ്പുകളുരഞ്ഞ് തൊലി കീറാതിരിക്കാൻ പാളകെട്ടുന്ന
തിന് കാമത്തം, കൈയും തോളും നെഞ്ചും ചേരുന്ന മുക്കവലയ്ക്ക് ഉറുപ്പ്, തോളിനുതാഴെ കൈയിൽ കെട്ടുന്ന പൂപോലിരിക്കുന്ന അലങ്കാരത്തിന് കൈയ്ത്താമര, കൈയിൽ കെട്ടുന്ന നാരുകൾ തിങ്ങിയ അലങ്കാരത്തിന് കൈയ് വഞ്ചി, മാറിൽ കെട്ടുന്നത് മുലക്കൂട്ടം, കഴുത്തിൽ കെട്ടുന്നത് കഴുത്തൂട്ടം, തേറ്റപ്പല്ലിന് എകിറ്, ചെവിയോടുചേർത്തു കെട്ടുന്ന അലങ്കാരത്തിന് ചെട്ടിയം എന്നും പറയുന്നു. ശിരസ്സിൽ കിരീടവും അരയിൽ അരച്ചട്ടുമണിയും വലതുകൈയിൽ വാളും ഇടതുകൈയിൽ വാഴപ്പിണ്ടിയിൽ കുരുത്തോല കൊണ്ടലങ്കരിച്ച ദണ്ഡും കോഴിയുമായാൽ ചേലൊത്ത കരിങ്കാളിയായി.
കാർഷികവൃത്തിയും
ആഘോഷങ്ങളും
കാർഷികവൃത്തിയുള്ള ഒരു ജനതയുടെ ആഘോഷങ്ങളും പണിയിടങ്ങളുമൊക്കെ വയലുകളെ കേന്ദ്രീകരിച്ചാണല്ലോ നടന്നിരുന്നത്. ‘വയ്ലി’ എന്ന ആഘോഷസമ്പ്രദായത്തിന്റേയും ആവിർഭാവം അങ്ങനെയായിരിക്കണം. ഇന്നത്തെ ഭൂരിഭാഗം ഭഗവതിക്ഷേത്രങ്ങളുടേയും കീഴെയുള്ള കാവുകൾ വയൽക്കരെയാണെന്ന കാര്യവും വയ്ലി എന്നത്, വയലിൽ കൃഷിയോടനുബന്ധിച്ച് നടത്തുന്ന ആഘോഷമാണെന്നതും ചരിത്രസന്ദർഭങ്ങൾ അരക്കിട്ടുറപ്പിക്കുന്നു. മഹാമാരികൾ വിളഞ്ഞാടിയ കാലത്താവണം ദൈവങ്ങളെ മനുഷ്യർ കൂടെക്കൂട്ടിയിട്ടുണ്ടാവുക. പിന്നെപ്പിന്നെ ചരിത്രത്തിൽ നടന്ന തൊഴിൽവിഭജനംപോലെ ദൈവങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടേയും വിഭജനം നടന്നിരിക്കണം. കാളിയുടെ ഉദയത്തെപ്രതി പല കഥകളും പുരാണങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടല്ലോ! ശ്രീമഹാദേവന്റെ കനൽക്കണ്ണിൽ നിന്നാണ് കരിങ്കാളി പിറന്നതെന്നാണ് അവ നമ്മോട് പറയുന്നത്. തങ്ങളും കറുത്തവരായതുകൊണ്ടാവണം തങ്ങളുടെ ദൈവമായ കരിങ്കാളിയേയും തങ്ങളിലൊരാളായി പരിഗണിച്ച് ദൈവങ്ങൾക്കും കറുത്തനിറം നൽകിയിട്ടുണ്ടാവുക.
പുലം കാക്കുന്നവൻ പുലയൻ എന്ന വാക്കിന്റെ തദ്ഭവമന്വേഷിച്ച് പോയാൽ, കൃഷിയെ ആശ്രയിച്ചാണ് അടിസ്ഥാന മനുഷ്യരുടെ ജീവിതം മുന്നോട്ടു പോയിട്ടുണ്ടാവുകയെന്നറിയാനാവും. ഈഴവർ മുതൽ വേട്ടുവരും പറയരും പുലയരും അതിന്റെ താഴെക്കിടയുള്ള ജനതതിയുമടങ്ങുന്ന അടിസ്ഥാനവിഭാഗത്തിൽപ്പെട്ട മനുഷ്യരാണ് കൃഷിയിൽ വ്യാപരിച്ചിരുന്നതെന്ന് ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാം. ഭയത്തിൽ നിന്ന് ഭക്തിയുണ്ടായതുപോലെ ഇത്തരം കാളിവേഷങ്ങളെ തങ്ങളുടെ അഭയകേന്ദ്രങ്ങളാക്കിയവർ, വസൂരി, വിഷൂചിക തുടങ്ങിയ രോഗനിവാരണങ്ങളുടെ അധിദേവതയായും കണക്കാക്കിപ്പോന്നു. പറയ കുടുംബങ്ങളിലുള്ളവരാണ് പിന്നീട് കരിങ്കാളിയുടെ ഉപാസകരായി മാറിയത്.
കുംഭമാസത്തിലെ ഭരണിനാളിൽ പതിനെട്ടരക്കാവുകളിലാണ് കരിങ്കാളിയാട്ടം നടക്കാറുള്ളതെന്ന് നടേ പറഞ്ഞല്ലോ! ദേശസങ്കല്പത്തിൽ അരക്കാവായി കണക്കാക്കുന്നത് തൃക്കൂരെ പറയംകാവിനെയാണെങ്കിലും ഫലത്തിൽ അത് ഒരു കാവ് തന്നെയാണ്. അരചക്കാവ് ലോപിച്ചാണ് അരക്കാവായതെന്നും തൃക്കൂരിൽ ഒരു കാലത്ത് അരചനും അരയാലും അരയന്നവും ഉണ്ടായിരുന്നതിനാലാണ് അരക്കാവെന്ന് വിളിച്ചു പോന്നതെന്നും അതല്ല, പറയരുടെ ക്ഷേത്രമായതിനാൽ ഒരു നേരത്തെ പൂജ മാത്രമേയുള്ളതിനാലാണ് ആ പേർ സിദ്ധിച്ചതെന്നും പഴമക്കാർക്കിടയിൽ ഒരു വൃത്താന്തമുണ്ട്. കുറുമാലിക്കാവ്, തിരുവാണിക്കാവ്, വല്ലച്ചിറക്കാവ്, ചേന്നംകുളക്കാവ്, പല്ലിശ്ശേരിക്കാവ്, കുമരംചിറക്കാവ്, കുറുമ്പിലാവ്, കരുവന്തലക്കാവ്, കോതകുളങ്ങരക്കാവ്, മുതുവട്ടൂർ ചെറ്റിയാലയ്ക്കൽകാവ്, കപ്ലിയങ്ങാട്ടുകാവ്, മക്കാലിക്കാവ്, മങ്ങാട് മണിയൻകാവ്, കിഴക്കൻ മങ്ങാട് അയ്യപ്പൻഭവതിക്കാവ്, മണിമലർകാവ്, കോട്ടകുറുമ്പക്കാവ്, വടകുറുമ്പക്കാവ്, കൊട്ടേക്കാട്ടുകാവ്, തൃക്കൂർ പറയങ്കാവ് എന്നിവയാണ് പത്തൊമ്പത് കാവുകൾ. ഈ കാവുകൾ കൂടാതെ ചില വീട്ടുകാവുകൾ കൂടി നാട്ടുകാവുകളാകുകയും ഭരണിനാൾ വേലയാഘോഷിക്കുകയും ചെയ്തുവരുന്നുണ്ട്. കോവിലന്റെ തട്ടകത്തിലുള്ള വാഴേകാവിലും പരൂരെ മഞ്ചിറക്കാവിലും താമരയൂരെ മാങ്ങാട്ടുകാവിലും മമ്മിയൂരെ നാരായണങ്കുളങ്ങരയിലും ചാവക്കാട്ടെ കോഴിക്കുളങ്ങരയിലും വെമ്പേനാട് തത്വളങ്ങരയിലും പെരുവഴിപ്പുറത്തെ അപ്പു വെളിച്ചപ്പാടിന്റെ കുടിപ്പതിയിലും ധാരാളം കരിങ്കാളികൾ കെട്ടിയാടുന്നുണ്ട്. ആ ആഘോഷങ്ങളിലൊക്കെ കരിങ്കാളി ചുവട് വെച്ച് കാവേറുമ്പോൾ, ഒറ്റക്കൊട്ടും പരിവാരങ്ങളും ചിലപ്പോൾ മൂക്കാഞ്ചാത്തനും കൂട്ടായുണ്ടാവും. കരിങ്കാളി, തറയിലെത്തി കോഴിവെട്ടി ചോര കുടിക്കുകയും ചോര തറയിൽ നിവേദിക്കുകയും ചെയ്യുന്നതോടെ വേല അവസാനിക്കുന്നു.
ഉത്സവങ്ങളിലേക്ക് ജനങ്ങൾ എത്തിപ്പെട്ട വഴികളും ചരിത്രങ്ങളും കൊയ്ത്തുകഴിഞ്ഞതിനു ശേഷമാണെന്നത് സുവിദിതമാണല്ലോ! ഒരു കാലത്ത് കാർഷികവൃത്തിയിലൂന്നിമാത്രം ജീവിച്ച അടിസ്ഥാന ജനതയുടെ ജീവിതവും മിത്തുകളും സംസ്‌കാരങ്ങളുമൊക്കെ വിശ്വാസങ്ങളുമായി കൂടിക്കുഴഞ്ഞാണ് വികസിച്ചതെന്ന് മനസ്സിലാക്കാം. വിശ്വാസാചാരങ്ങളുടെ ഭാഗമായി നടത്താറുള്ള പല മട്ടിലുള്ള ആഘോഷങ്ങൾ, പഴയ കാലത്തേക്കാൾ ഇന്ന് വിപുലപ്പെട്ടിട്ടുണ്ട്. ജോലി ചെയ്ത് ജീവിക്കുന്ന ജനതയുടെ മാനസികമായ ഉൽക്കർഷങ്ങൾക്കും ആഹ്ലാദവേളകൾക്കും വേണ്ടിയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്! മനുഷ്യർ ഒത്തുകൂടാനും വിശേഷങ്ങൾ കൈമാറാനും അപരന്റെ ജീവിതങ്ങളിലുള്ള ഉൽക്കണ്ഠയും കരുതലും ജിജ്ഞാസയുമൊക്കെ പങ്കുവെക്കാൻ മനുഷ്യർ, സവിശേഷ സന്ദർഭങ്ങളൊരുക്കുന്നു. മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയിൽ മിത്തുകൾക്കും അനുഷ്ഠാനങ്ങൾക്കുമുള്ള പ്രാധാന്യമാണ് നാട്ടാഘോഷങ്ങളായി വളർന്നുവന്നത്. അല്ലെങ്കിലും കൂട്ടം കൂടുന്ന മനുഷ്യരാണ് ലോകത്തെയും തങ്ങളെത്തന്നെയും പുതുക്കിപ്പണിയുന്നത്. തൊഴിലടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട കാലത്തുണ്ടായ ജാതിസമ്പ്രദായങ്ങളും തൊഴിലുകളും ഇന്ന് പാടെ മാറിയിട്ടുണ്ട്. കൃഷിയും പറ്റെ ഇല്ലാതായി. പാടങ്ങൾ പലതും മണ്ണിട്ടുതൂർത്ത് പറമ്പുകളാക്കുകയും അതിൽ ധാരാളം വീടുകളുമുണ്ടായി. എന്നാലും ചില വയൽക്കരകളിലൊക്കെ, ഒരു കാലത്ത് രക്തം കുടിച്ചിരുന്ന തറകൾ നോക്കുകുത്തികളായെങ്കിലും വേറെ ചിലയിടത്ത് പഴയതിനേക്കാൾ കൂടുതൽ കരിങ്കാളി വേഷങ്ങളെത്തി കോഴികളെ വെട്ടി രക്തം കുടിക്കുകയും കരിങ്കാളിത്തറയിൽ രക്തമൊഴുക്കുകയും ചെയ്യുന്നുണ്ട്. അപ്രകാരം ഇന്ന് കണ്ണേങ്കാവിലാണ് ഏറ്റവും കൂടുതൽ കരിങ്കാളി വേഷങ്ങളെത്തുന്നത്. ആയിരം കരിങ്കാളികളെങ്കിലും അവിടെയെത്തി കോഴിവെട്ട് നടത്താറുണ്ട്.
ഇന്നത്തെ തലമുറയിൽപ്പെട്ടവരിൽ പലരും ഈ കരിങ്കാളിവേഷം കെട്ടൽ ഒഴിവാക്കി വേറെ ജോലികളിൽ ഏർപ്പെടുന്നതായി കണ്ടിട്ടുണ്ട്. പല കരിങ്കാളി വേലകളിലും ജാതിയും മതവും നോക്കാതെയും വ്രതം ദീക്ഷിക്കാതെയും വേഷംകെട്ടി കാവേറുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എല്ലാം ചടങ്ങായും അല്ലാതെയും നടക്കുന്ന ഈ കാലത്ത് അനുഷ്ഠാനങ്ങൾക്കല്ല, മനുഷ്യരുടെ ആഘോഷങ്ങൾക്കും അർമ്മാദങ്ങൾക്കുമാണ് പ്രാധാന്യമെന്ന് വരുന്നുണ്ട്. കരിങ്കാളികളെ കരാറെടുത്ത് വേലക്കെത്തിക്കുന്നവരുമുണ്ട്. എന്തായാലും ഒറ്റച്ചെണ്ടയോടൊപ്പം ചടുലച്ചുവടിൽ കാവുതീണ്ടുന്ന കരിങ്കാളികൾ എന്നും കണ്ണിനിമ്പം തരുന്ന കാഴ്ച തന്നെയാണ്!
