ഒളകരയില്‍ മണ്ണിനവകാശം
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം >> നിര്‍മാല്യ ടി സുന്ദര്‍
ഐ പി ആര്‍ ഡി
ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. ഒടുവില്‍ തോരാതെ മഴ പെയ്തൊരു പകലില്‍ സ്വന്തം ഭൂമിയുടെ അവകാശികളായി അവര്‍ പട്ടയം ഏറ്റുവാങ്ങി |
സ്വന്തമായി ഭൂമിയെന്ന അവകാശത്തിനു വേണ്ടിയുള്ള ഒരു ജനസമൂഹത്തിന്റെ ഏറെക്കാലത്തെ കാത്തിരിപ്പിന്റെ പരിസമാപ്തിയാണ് തൃശൂര്‍ ഒളകരയില്‍ നടന്നത്. നാടിന്റെ വികസനത്തിനൊപ്പം നിന്ന ജനത പിന്നീട് ഭൂമിയുടെ അവകാശത്തിനായി ദീര്‍ഘകാലം കാത്തിരിക്കേണ്ടിവന്നു. ഏറെ ദുരിതങ്ങള്‍ താണ്ടേണ്ടിയും വന്നു. പരാതികളും നിയമപോരാട്ടങ്ങളും ധാരാളമുണ്ടായി. ഒടുവില്‍, ഇതിലെ അനീതി തിരിച്ചറിഞ്ഞ് ചുവപ്പുനാടയുടെ കുരുക്കുകള്‍ ഒന്നൊന്നായഴിച്ച് ആ പച്ചമനുഷ്യരുടെ കണ്ണീരൊപ്പുകയായിരുന്നു സര്‍ക്കാര്‍. ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. ഒടുവില്‍ തോരാതെ മഴ പെയ്തൊരു പകലില്‍ സ്വന്തം ഭൂമിയുടെ അവകാശികളായി അവര്‍ മന്ത്രിയില്‍നിന്ന് പട്ടയം ഏറ്റുവാങ്ങി.
ഇപ്പോള്‍ ഒളകരയിലൂടെ വഴിനടക്കുമ്പോള്‍ സൂര്യോദയത്തിലേക്ക് കടന്നുചെല്ലുന്ന പ്രതീതിയാണ്. എല്ലാം നേടിയതിന്റെ സന്തോഷമാണ് അവിടുത്തെ ആളുകളില്‍. സ്വന്തമായ ഭൂമിക്ക് അവകാശരേഖ ലഭിച്ചതിന്റെ സന്തോഷം. അതിനുപിന്നിലുള്ളതോ ഈ സര്‍ക്കാരിന്റെ നീതിബോധവും. പീച്ചി ഡാം നിര്‍മ്മാണത്തിനായി കുടിയൊഴിക്കപ്പെട്ട ജനസമൂഹമാണ് ഒളകര ഉന്നതിയിലെ താമസക്കാര്‍. നീതി നിഷേധിക്കപ്പെട്ട സമൂഹത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം നീതി ലഭിച്ച കഥ വെറുംകഥയല്ല. മാനവികതയുടെ പുതിയ മുഖമായി മാറിയ സര്‍ക്കാരിന്റെ നേട്ടമാണത്. എല്ലാവരും ഭൂമിയുടെ അവകാശികള്‍ ആവണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് പ്രശ്നപരിഹാരത്തിന് വഴിവെച്ചത്.
|
കെ. രാജന്‍ |
ഒളകര നിവാസികള്‍ക്കായി വനാവകാശ നിയമം നടപ്പാക്കുക മാത്രമല്ല സര്‍ക്കാര്‍ ചെയ്തത്. ആഴത്തിലുള്ള മനുഷ്യസ്നേഹത്തിലൂടെ ഓരോ ഉന്നതി നിവാസിയുടെയും ഉള്ളില്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും വെളിച്ചം സര്‍ക്കാര്‍ തെളിയിച്ചു. ഒളകര ഉന്നതിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1.5 ഏക്കര്‍ വീതം ഭൂമി കൈമാറി. ഭരണകൂടവും സര്‍ക്കാരും ജനങ്ങളെ ചേര്‍ത്തുപിടിച്ച നിമിഷം.
ചരിത്രം തിരുത്തിയ നിമിഷം
പീച്ചി ഡാമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1957 കാലഘട്ടത്തില്‍ വനത്തില്‍ താമസിച്ചിരുന്ന പട്ടികവര്‍ഗ മലയന്‍ വിഭാഗത്തിലുള്ളവരെ കുടിയൊഴിപ്പിക്കുകയും അവര്‍ കുടുംബത്തോടൊപ്പം മറ്റിടങ്ങളില്‍ താമസിക്കുകയും ചെയ്തു. താമരവെള്ളച്ചാല്‍, മണിയന്‍കിണര്‍ എന്നിവിടങ്ങളില്‍ എത്തിയവര്‍ക്ക് വനാവകാശ നിയമപ്രകാരം നേരത്തേതന്നെ രേഖകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒളകരയില്‍ താമസിച്ചിരുന്ന ഈ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചില്ല. നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടും പരിഹാരമായില്ല. അവസാനം 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടുകൂടി അന്ന് എംഎല്‍എ ആയിരുന്ന കെ.രാജന്റെ നേതൃത്വത്തില്‍ വനം, റവന്യൂ വകുപ്പ് മന്ത്രിമാരും ജില്ലാ കളക്ടറും യോഗങ്ങള്‍ നടത്തുകയും വകുപ്പിന്റെ സംയുക്ത പരിശോധന നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
2017 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ വിവിധതലത്തിലുള്ള കമ്മിറ്റികള്‍ മുഖേന വിശദമായ പഠനങ്ങളും പരിശോധനകളും നടന്നു. 2021ല്‍ ഒളകര നിവാസികള്‍ക്ക് ഓരോ കുടുംബത്തിനും ഒരേക്കര്‍ ഭൂമി വീതം നല്‍കാമെന്ന് തീരുമാനമായെങ്കിലും വീണ്ടും ചില പ്രശ്നങ്ങള്‍ വന്നു. പിന്നീട് ഹൈക്കോടതി നിര്‍ദേശങ്ങള്‍, വിവിധ നടപടികള്‍, സര്‍വെ പരിശോധന എന്നിവയെ അടിസ്ഥാനമാക്കി 2024 ജൂലൈ 15ന് ജില്ലാതല യോഗത്തില്‍ ഓരോ കുടുംബത്തിനും 1.5 ഏക്കര്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെ വര്‍ഷങ്ങളായി കാത്തിരുന്നവര്‍ക്ക് 2025 മാര്‍ച്ച് 22നാണ് മന്ത്രിമാരായ കെ.രാജനും എ.കെ.ശശീന്ദ്രനും ചേര്‍ന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെയും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെയും സാന്നിധ്യത്തില്‍ വനാവകാശ രേഖ കൈമാറിയത്.


2016ല്‍ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രചാരണത്തിന്റെ ഭാഗമായാണ് ഒളകരയിലെ വനഗ്രാമത്തിലേക്ക് ആദ്യമായി ചെല്ലുന്നത്. അന്ന് അവിടത്തുകാരെല്ലാം കടുത്ത പ്രതിഷേധത്തിലായിരുന്നു. വര്‍ഷങ്ങളുടെ പോരാട്ടങ്ങള്‍ നടത്തിയിട്ടും ആര്‍ക്കും വനാവകാശരേഖ കിട്ടിയില്ലെന്നതാണ് പ്രശ്നം. ആര്‍ക്കും വോട്ട് ചെയ്യില്ലെന്ന് അസന്ദിഗ്ധമായി അവര്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിവസവും അവര്‍ നിലപാടില്‍ നിന്ന് പിന്മാറിയില്ല. അത് മനസ്സിനെ അലട്ടിയ ഒന്നായിരുന്നു.