ഐഎഫ്എഫ്‌കെയുടെ ഗ്രാഫ് ഉയർന്നു
ചലച്ചിത്രോത്സവം@30 >>അടൂർ ഗോപാലകൃഷ്ണൻ
കേരള രാജ്യാന്തര ചലച്ചിത്ര മേള 30 വർഷത്തിലെത്തുന്നു എന്നത് തീർത്തും അഭിമാനകരമായ കാര്യമാണ്. ഇന്ത്യയിൽ നടക്കുന്ന ഏറ്റവും മികച്ച ഫെസ്റ്റിവൽ എന്ന പദവി ഐഎഫ്എഫ്കെയ്ക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ കേരളീയർക്കെല്ലാം അഭിമാനിക്കാം. ഇത് ഘട്ടംഘട്ടമായ വളർച്ചയാണ്. തുടർച്ചയായി നടത്തിയ പരിഷ്‌കാരങ്ങളുടെ പരിണത ഫലവുമാണ്
ആദ്യ ഫെസ്റ്റിവൽ ഓർമകൾ
ആദ്യത്തെ ഐഎഫ്എഫ്കെ നടന്നത് കോഴിക്കോട് ആയിരുന്നു. അന്ന് ഫെസ്റ്റിവെൽ കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഞാൻ. പി.കെ.നായർ ആയിരുന്നു ഫെസ്റ്റിവെൽ ഡയറക്ടർ. അദ്ദേഹം പൂനെ ഫിലിം ആർക്കൈവ്സിൽ നിന്ന് കുറേ സിനിമകൾ കൊണ്ടുവന്നു. അല്ലാതെ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച സിനിമകളും വച്ചാണ് ചെറിയ രീതിയിൽ ഫെസ്റ്റിവെൽ നടത്തിയത്. കെ.ജയകുമാർ ആയിരുന്നു അന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി.
ഇത് സഞ്ചരിക്കുന്ന ഫെസ്റ്റിവെൽ ആകണമെന്ന് അന്ന് പലരും ആഗ്രഹിക്കുകയും നിർദേശിക്കുകയും ചെയ്തിരുന്നു. എന്നുവച്ചാൽ ഓരോ വർഷവും വ്യത്യസ്ത നഗരങ്ങളിൽ സംഘടിപ്പിക്കുക എന്ന രീതി. അതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. ഒരു രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സ്ഥിരമായി ഒരു വേദിയുണ്ടാകണം. ആ ഒരു ഗൗരവം അതിന് നൽകേണ്ടതുണ്ട് എന്നായിരുന്നു ഞാൻ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം. അങ്ങനെ പിന്നീട് തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു.
ഫിലിം പ്രിന്റിലെ സിനിമ
അന്ന് ഫിലിം പ്രിന്റിൽ ആണ് സിനിമ കാണിച്ചിരുന്നത്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് സിനിമകൾ അയയ്ക്കാൻ അതിന്റെ നിർമ്മാതാക്കൾക്ക് താത്പര്യമില്ലായിരുന്നു. പ്രിന്റ് വളരെ മോശമായിട്ടാണ് കൈകാര്യം ചെയ്തിരുന്നത് എന്നതാണ് കാരണം. പ്രിന്റ് തിരിച്ചുചെല്ലുമ്പോഴേക്ക് അതിലാകെ പൊട്ടലുകളും പോറലുകളും നിറഞ്ഞിരുന്നു. കളർ പെൻസിൽ കൊണ്ടാണ് ഫിലിമിൽ അടയാളങ്ങൾ ഇടേണ്ടത്. അത് പിന്നീട് മായ്ച്ചുകളയാം. ഫിലിം പ്രിന്റിനെക്കുറിച്ച് വലിയ ധാരണയില്ലാത്തവർ അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ചുമതലപ്പെട്ടവർക്ക് കൃത്യമായ പരിശീലനം നൽകി വേണമായിരുന്നു ഇതിന് പരിഹാരം കാണാൻ.
ഞാൻ അക്കാദമി ചെയർമാൻ ആയിരുന്നപ്പോൾ ഫെസ്റ്റിവലിന്റെ ഭാഗമായ തിയേറ്ററുകളിലെ ഓപ്പറേറ്റർമാർക്ക് ഫിലിം പ്രിന്റ് കൈകാര്യം ചെയ്യുന്നതിനു പ്രത്യേക പരിശീലനം നൽകി. അതിനുശേഷം വിദേശത്ത് നിന്ന് ഇവിടേക്ക് വരുന്ന സിനിമകൾ കേടുപാടുകൂടാതെ തിരിച്ചയക്കാൻ നമുക്കായി. പ്രൊഫഷണലായിട്ടാണ് ഇത് കൈകാര്യം ചെയ്യുന്നതെന്ന തോന്നൽ അതിലൂടെ അവർക്കുമുണ്ടായി. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ഒറ്റ അവാർഡിൽ നിന്ന്
കൂടുതൽ എണ്ണത്തിലേക്ക്
മികച്ച സിനിമയ്ക്ക് മാത്രമായിരുന്നു ആദ്യം അവാർഡ് നൽകിയിരുന്നത്. ഒന്നിലധികം അവാർഡുകൾ ഏർപ്പെടുത്തിയത് ഞാൻ ചെയർമാൻ ആയിരുന്ന കാലത്താണ്. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നടൻ, മികച്ച നടി, കന്നിച്ചിത്രം, പ്രേക്ഷകരുടെ പുരസ്‌കാരം ഫിപ്രസി അവാർഡ് ഇതെല്ലാം തുടർന്ന് ഏർപ്പെടുത്തി. മികച്ച സിനിമയ്ക്ക് അവാർഡ് നൽകുമ്പോൾ ഒരു സിനിമയ്ക്ക് മാത്രമേ അവാർഡ് കൊടുക്കാൻ പറ്റൂ. അതേ നിലവാരത്തിലുള്ള വേറെയും മികച്ച സിനിമകളുണ്ടായിരിക്കും. ആകെ ഒരു സിനിമയ്ക്ക് മാത്രം അവാർഡ് നൽകുമ്പോൾ സമാന നിലവാരമുള്ള മറ്റ് ചിത്രങ്ങൾ പരിഗണിക്കപ്പെടാതെ പോകും. കൂടുതൽ അവാർഡുകൾ ഏർപ്പെടുത്തുമ്പോൾ അക്കാരണം കൊണ്ടുതന്നെ കൂടുതൽ സിനിമകൾ മത്സരത്തിനു ലഭിക്കും.
മലയാളം സിനിമ ഇന്ന്
മലയാളം സിനിമ ടുഡേ എന്നൊരു വിഭാഗം ഉണ്ടാക്കിയതും ആ കാലത്താണ്. മത്സര വിഭാഗത്തിൽ രണ്ട് മലയാളം സിനിമകളെ മാത്രമേ ഉൾപ്പെടുത്താനാകൂ. ചിലപ്പോൾ മികച്ച നിലവാരത്തിലുള്ള വേറെയും നല്ല സിനിമകൾ ഉണ്ടായിരിക്കും. അവയെ പരിഗണിക്കുന്നതിനായിട്ടാണ് മലയാളം സിനിമ ടുഡേ എന്നൊരു വിഭാഗത്തിന് രൂപം കൊടുത്തത്. കേരളത്തിൽ നിന്നുള്ള മികച്ച മൂന്നോ നാലോ സിനിമകളെ ഉൾപ്പെടുത്തിയുള്ള ഒരു പാക്കേജ് ആണ് അന്ന് ഉദ്ദേശിച്ചത്. അഞ്ചിൽ കൂടുതൽ സിനിമകൾ ഉൾപ്പെടുത്തുന്നതൊന്നും ചിന്തിച്ചിട്ടേയില്ല. ഇപ്പോഴത് വലിയ എണ്ണമായി മാറിയിട്ടുണ്ട്. ഇന്ത്യൻ സിനിമ വിഭാഗവും അന്ന് പുതിയതായി തുടങ്ങിയതാണ്. ഇതെല്ലാം ചലച്ചിത്ര മേളയെ കൂടുതൽ ആകർഷകമാക്കുന്നതിനായി ചെയ്തതാണ്.
പാസിൽ നിന്ന് ഡെലിഗേറ്റ്ഷിപ്പിലേക്ക്
സിനിമ കാണാൻ പാസ് കൊടുക്കുന്നതായിരുന്നു ഐഎഫ്എഫ്കെയുടെ തുടക്കകാലത്ത് നിലനിന്നിരുന്ന സമ്പ്രദായം. പരിചയക്കാർക്കും ബന്ധമുള്ളവർക്കുമെല്ലാം സംഘാടകർ പാസ് കൊടുക്കും. പക്ഷേ ഇതിന്റെയൊരു പ്രശ്നം ഭേദപ്പെട്ട സിനിമകൾ കാണാൻ താത്പര്യമുള്ളവർക്ക് പാസ് കിട്ടാതെ പോകുന്ന അവസ്ഥയുണ്ടാകുമെന്നതാണ്. സജീവ താൽപര്യമുള്ള പ്രേക്ഷകർ പുറത്താക്കപ്പെടുകയും അല്ലാത്തവർ പാസ് സമ്പാദിച്ച് അകത്ത് കയറുകയും ചെയ്തുപോന്നു. ആ രീതിക്ക് ഒരു മാറ്റം വരുത്തണമെന്ന് തോന്നി. അങ്ങനെയാണ് പാസ് നിർത്തലാക്കി, നിശ്ചിത തുക ഡെലിഗേറ്റ് ഫീസ് വാങ്ങിക്കൊണ്ടുള്ള രജിസ്ട്രേഷൻ രീതി ഐഎഫ്എഫ്കെയിൽ കൊണ്ടുവന്നത്. ഇതായിരുന്നു ഫെസ്റ്റിവെലിനെ സംബന്ധിച്ച് അന്നുണ്ടായതിൽ വച്ച് ഏറ്റവും പ്രധാന പരിഷ്‌കാരം. ഈ രീതി പിന്നീട് ഇന്ത്യയിലെ മറ്റു ഫെസ്റ്റിവെലുകളും അനുകരിച്ചു.
മാധ്യമവാർത്തകളെ
കുറിച്ചുള്ള ഓർമ
ഐഎഫ്എഫ്കെയുടെ തുടക്കകാലത്തെ മറ്റൊരു ഓർമ്മ മാധ്യമങ്ങളെ സംബന്ധിച്ചാണ്. ഫെസ്റ്റിവലിനെ കുറിച്ച് എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് വിമർശിക്കുകയെന്നത് അന്ന് ഒരു പതിവായിരുന്നു. ഇത് നിരന്തരം ആവർത്തിച്ചപ്പോൾ വാർത്താസമ്മേളനം വിളിച്ച് മാധ്യമങ്ങളോട് ദയവായി അത് ചെയ്യരുതെന്ന് അഭ്യർഥിച്ചു. ഇത്തരത്തിലൊരു ചലച്ചിത്രമേള കേരളത്തിന് അഭിമാനകരമാണ്. കുറേപ്പേരുടെ അധ്വാനവും സർക്കാരിന്റെ സദുദ്ദേശ്യവും അതിനു പിന്നിലുണ്ട്. നടത്തിപ്പിനെക്കുറിച്ച് മോശം വാർത്തകൾ മാത്രം ആവർത്തിക്കുമ്പോൾ പുറംലോകത്തും മേളയെക്കുറിച്ചുള്ള അഭിപ്രായം മോശമാകും. കുറവുകൾ ഉണ്ടെങ്കിൽ മുന്നോട്ടുവയ്ക്കാം. ഞങ്ങളത് പരിഹരിക്കാം. അല്ലാതെ എഴുതി മേളയെ തളർത്തരുത് എന്ന് മാധ്യമങ്ങളോട് അഭ്യർഥിച്ചു. അവർ അത് ഉൾക്കൊണ്ടു. പിന്നീട് മേളയെക്കുറിച്ച് നെഗറ്റീവ് റിപ്പോർട്ടുകൾ ആരും നൽകിയില്ല.
പകുതി ചെലവിലൊരു മേള
സർക്കാർ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു ഘട്ടത്തിലാണ് ഒരിക്കൽ ഐഎഫ്എഫ്കെ വന്നത്. ചെലവ് ചുരുക്കലിനു വേണ്ടി ആ വർഷം ഫെസ്റ്റിവൽ വേണ്ടെന്നുവയ്ക്കാൻ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി നിർദേശിച്ചു. അക്കാദമി ചെയർമാനായിരുന്ന ഞാൻ മുഖ്യമന്ത്രിയെ നേരിൽകണ്ട് അങ്ങനെ ചെയ്യരുതെന്ന് അഭ്യർഥിച്ചു. ഇത്തരത്തിലൊരു രാജ്യാന്തര ചലച്ചിത്ര മേള ഇടയ്ക്കു വച്ച് നിർത്തിയാൽ പിന്നീട് തുടങ്ങാൻ എളുപ്പമല്ല. അത് മേളയുടെ യശസ്സിന് മങ്ങലേൽപ്പിക്കും. മാത്രമല്ല, താങ്കളുടെ കാലത്താണ് ഫെസ്റ്റിവൽ മുടങ്ങിയതെന്ന ചീത്തപ്പേരും വരും എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. അപ്പോൾ എന്ത് ചെയ്യാം എന്ന ചോദ്യത്തിന് മറുപടിയായി, സാധാരണ ചെലവാക്കുന്നതിന്റെ പകുതി ചെലവിൽ ഫെസ്റ്റിവൽ നടത്താം എന്ന നിർദേശം മുന്നോട്ടുവച്ചു. അത് മുഖ്യമന്ത്രി അംഗീകരിച്ചു. അങ്ങനെ ഏറ്റവും ചെലവ് ചുരുക്കി ആ ഫെസ്റ്റിവൽ നടത്തി. അതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും മികച്ച ഫെസ്റ്റിവെൽ എന്ന അഭിനന്ദനവും നേടിയെടുക്കാനായി. അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് ഘട്ടംഘട്ടമായുള്ള വളർച്ചയാണ് ഐഎഫ്എഫ്കെയുടെ കാര്യത്തിൽ ഉണ്ടായത്.
ഫിലിം പാക്കേജുകൾ
ഐഎഫ്എഫ്കെയിലെ വിവിധ പാക്കേജുകൾ ഘട്ടംഘട്ടമായി വന്നതാണ്. ഫെസ്റ്റിവൽ വലുതായപ്പോൾ പാക്കേജുകളുടെ എണ്ണവും കൂടി. ഡെലിഗേറ്റുകളും തിയേറ്ററുകളും വർധിച്ചപ്പോൾ സിനിമയുടെ എണ്ണവും കൂട്ടേണ്ടി വന്നു. കൺട്രി ഫോക്കസ്, റെട്രോസ്പെക്ടിവ്, ഓൾഡ് ഫിലിംസ് പാക്കേജ് അങ്ങനെ പല പാക്കേജുകൾ. പല തരത്തിലുള്ള ഓഡിയൻസ് വരുമ്പോൾ വ്യത്യസ്ത പാക്കേജുകൾ നല്ലതാണ്. മത്സര വിഭാഗത്തിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക സിനിമകൾ ഉൾപ്പെടുത്തിയത് തുടക്കം തൊട്ടുള്ള തീരുമാനമാണ്.
ഫിലിം സൊസൈറ്റികളും ഐഎഫ്എഫ്കെയും
നമ്മുടെ നാട്ടിൽ നിരവധി ഫിലിം സൊസൈറ്റികൾ ഫെസ്റ്റിവൽ നടത്തുന്നുണ്ടായിരുന്നു. പ്രധാന സിനിമകൾ, പ്രധാന സംവിധായകർ, രാജ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ഫെസ്റ്റിവെലുകൾ നടത്തിയിട്ടുണ്ട്. ചിത്രലേഖയൊക്കെ ഹംഗേറിയൻ ഫിലിം ഫെസ്റ്റിവെൽ ഒക്കെ നടത്തിയിട്ടുണ്ട്. ഫിലിം സൊസൈറ്റികളുടെ വളർച്ചയാണ് ഒരു തരത്തിൽ ഐഎഫ്എഫ്കെയ്ക്ക് വഴിതെളിച്ചത്. ഫെസ്റ്റിവലിന്റെ രൂപീകരണ ഘട്ടത്തിൽ ഫിലിം സൊസൈറ്റികളുടെ മാതൃകയെല്ലാം ഉൾക്കൊണ്ടിട്ടുണ്ടായിരുന്നു.
ഐഎഫ്എഫ്കെയും
നവാഗത സംവിധായകരും
ഒരുപാട് ചെറുപ്പക്കാർക്ക് സിനിമയെടുക്കാൻ ഐഎഫ്എഫ്കെ സ്വാധീനമായിട്ടുണ്ട്. ഫിലിം സൊസൈറ്റികൾ കഴിഞ്ഞാൽ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് ഫെസ്റ്റിവലുകളാണ്. ഫിലിം സൊസൈറ്റികൾ പഴയതുപോലെ ഇപ്പോൾ സജീവമല്ല. അതുകൊണ്ടുതന്നെ ഐഎഫ്എഫ്കെയിൽ എത്തി ലോകസിനിമകൾ കാണുകയും സിനിമയിലെ മാറ്റങ്ങളും ധാരകളും ഉൾക്കൊള്ളുകയും സിനിമയെടുക്കാൻ പ്രചോദനമാകുകയും ചെയ്തിട്ടുള്ള നിരവധി ചലച്ചിത്ര പ്രവർത്തകരുണ്ട്. മലബാറിൽനിന്നൊക്കെ നിരവധി ചെറുപ്പക്കാർ വർഷങ്ങളായി ഐഎഫ്എഫ്കെയിൽ വന്ന് സിനിമ കാണുകയും പിന്നീട് മികച്ച സിനിമകളെടുക്കുകയും ചെയ്തിട്ടുണ്ട്.
സെലക്ഷൻ പ്രധാനം
ഐഎഫ്എഫ്കെയുടെ ഗ്രാഫ് ഉയർന്നു. അതിനൊപ്പം ഓരോ വർഷം കഴിയുംതോറും സിനിമയുടെ സെലക്ഷനും നന്നാകേണ്ടതുണ്ട്. വിദേശമേളകളോട് താരതമ്യം ചെയ്യേണ്ട കാര്യമില്ല. നമ്മുടെ സെലക്ഷൻ നന്നാകണം. അതിലൂടെ മികച്ച സിനിമാനുഭവം പകരാൻ കഴിയണം. എന്നാൽ മാത്രമേ ഐഎഫ്എഫ്കെയുടെ വൻ ആസ്വാദകവൃന്ദത്തോടുള്ള കടപ്പാട് നിർവഹിക്കപ്പെടൂ.
കേരള രാജ്യാന്തര ചലച്ചിത്ര മേള 30 വർഷത്തിലെത്തുന്നു എന്നത് തീർത്തും അഭിമാനകരമായ കാര്യമാണ്. ഇന്ത്യയിൽ നടക്കുന്ന ഏറ്റവും മികച്ച ഫെസ്റ്റിവൽ എന്ന പദവി ഐഎഫ്എഫ്കെയ്ക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ കേരളീയർക്കെല്ലാം അഭിമാനിക്കാം. ഇത് ഘട്ടംഘട്ടമായ വളർച്ചയാണ്. തുടർച്ചയായി നടത്തിയ പരിഷ്‌കാരങ്ങളുടെ പരിണത ഫലവുമാണ്
