ഋത്വിക് ഘട്ടക് ഒറ്റയാന്റെ നൂറുവർഷങ്ങൾ

രണ്ടറ്റത്തിനും തീപിടിച്ച ഒരു ജന്മമായിരുന്നു ഋത്വിക് ഘട്ടക്. ‘മുറിവേറ്റ ഭൂതകാലം’ അദ്ദേഹത്തിന്റെ ഉള്ളിലും സിനിമകളിലും അലയടിച്ചു. ചലച്ചിത്ര മാധ്യമത്തോടുള്ള അഭിനിവേശവും പ്രതിബദ്ധതയും സ്വന്തം രാഷ്ട്രീയ വിശ്വാസംപോലെ തീവ്രമായിരുന്നു. നടപ്പ് ശീലങ്ങളെയും വിശ്വാസങ്ങളെയും നിരന്തരം തല്ലിത്തകർത്തു, ജീവിതത്തിലും സിനിമയിലും. ആകെ സംവിധാനം ചെയ്തത് എട്ട് സിനിമകൾ. അതിൽ ഭൂരിഭാഗവും അദ്ദേഹം ജീവിച്ചിരിക്കെ റിലീസ് ചെയ്തതുപോലുമില്ല. ഒറ്റ വിദേശ മേളകളിലേക്കും ക്ഷണിക്കപ്പെടാതെ, കാര്യമായ അംഗീകാരങ്ങൾ ഏറ്റുവങ്ങാതെ തീക്ഷ്ണമായ ആ ജീവിതം എരിഞ്ഞടങ്ങി. പക്ഷെ അരനൂറ്റാണ്ടിനുശേഷവും അദ്ദേഹത്തിന്റെ രചനകൾ വർത്തമാനകാലത്തോട് കലഹിക്കുന്നു. ലോകം ദേശീയതയുടെയും അതിർത്തികളുടെയും പേരിൽ വിഭജിക്കപ്പെടുമ്പോൾ, വർഗസമരത്തിന്റെ രാഷ്ട്രീയം കൂടുതൽ പ്രസക്തമാകുമ്പോൾ, ഋത്വിക് ഘട്ടകിന്റെ സിനിമകൾ കാലഘട്ടത്തിന്റെ കണ്ണാടിയായി. മനുഷ്യന്റെ ദുരിതങ്ങൾക്കും ചൂഷണത്തിനുമെതിരെ കാമറയിലൂടെ ശബ്ദമുയർത്തിയ ‘അനശ്വര വിപ്ലവകാരി’യായിരുന്നു ഘട്ടക്.
സത്യജിത് റേ, മൃണാൾ സെൻ എന്നിവർക്കൊപ്പം ബംഗാളി സിനിമയിലെ മൂന്ന് അതികായരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഋത്വിക് ഘട്ടകിന് മരണശേഷമാണ് അർഹിച്ചിരുന്ന അംഗീകാരം ലഭിച്ചത്. അദ്ദേഹത്തിന്റെ പ്രതിഭ സിനിമകളിലും തിരക്കഥകളിലും മാത്രം ഒതുങ്ങിയിരുന്നില്ല; പൂനെ എഫ്ടിഐഐയിൽ അദ്ദേഹം പഠിപ്പിച്ച ചലച്ചിത്രകാരരുടെ ഒരു തലമുറയെ തന്നെ അദ്ദേഹം സ്വാധീനിച്ചു. ഇന്ത്യൻ നവതരംഗ സിനിമ ഘട്ടക്കിന്റെ കൈപിടിച്ചാണ് നടന്നുതുടങ്ങിയത്. മണി കൗൾ, ജോൺ എബ്രഹാം, കുമാർ സാഹ്നി തുടങ്ങിയവർ ഘട്ടകിന്റെ ചലച്ചിത്ര സിദ്ധാന്തങ്ങളെ ഇന്ത്യൻ സമാന്തരചലച്ചിത്രമേഖലയിൽ പകർത്തിവയ്ക്കാൻ ശ്രമിച്ചവരാണ്. സയീദ് അഖ്തർ മിർസ, സുഭാഷ് ഘായ്, അടൂർ ഗോപാലകൃഷ്ണൻ എന്നിവരും ഹ്രസ്വമായ ഐടിഐഐ അധ്യാപന കാലത്ത് ഘട്ടകിന്റെ വിദ്യാർഥികളായിരുന്നു. ആർട്ട്ഹൗസ് സംവിധായകരെ മാത്രമല്ല, ബോളിവുഡ് മുതൽ കോളിവുഡ് വരെയുള്ള മുഖ്യധാരാ സംവിധായകരെയും ഘട്ടക് പ്രചോദിപ്പിച്ചു. സഞ്ജയ് ലീല ബൻസാലി, വിധു വിനോദ് ചോപ്ര, സുഭാഷ് ഘായ്, ഗിരീഷ് കാസറവള്ളി, തമിഴ് സംവിധായകൻ കെ.ബാലചന്ദർ തുടങ്ങിയവരും അക്കൂട്ടത്തിലുണ്ട്. ഘട്ടകിന്റെ മേഘേ ധാകാ താരയിലെ നീത എന്ന കഥാപാത്രം, കെ.ബാലചന്ദറിന്റെ ‘അവൾ ഒരു തുടർ കഥൈ’ (1974) എന്ന ചിത്രത്തിലും, ഗിരീഷ് കാസറവള്ളിയുടെ ‘ഘടശ്രാദ്ധ’ (1977) യിലും പുനരവതരിക്കുന്നുണ്ട്.
സത്യജിത് റേയെപ്പോലുള്ള മറ്റ് ചലച്ചിത്രകാരർക്ക് അവരുടെ ജീവിതകാലത്ത് ഇന്ത്യക്ക് പുറത്ത് പ്രേക്ഷകരെ നേടാൻ കഴിഞ്ഞപ്പോൾ, ഘട്ടകിനും അദ്ദേഹത്തിന്റെ സിനിമകൾക്കും പ്രധാനമായും ഇന്ത്യയ്ക്കുള്ളിൽ മാത്രമാണ് അംഗീകാരം ലഭിച്ചത്. ഘട്ടകിന്റെ ‘നാഗരിക്’ (1952) ഒരുപക്ഷേ ബംഗാളി ആർട് സിനിമയുടെ ആദ്യ കാൽവയ്പായി കാണേണ്ട ചിത്രമായിരുന്നു. റേയുടെ പാഥേർ പാഞ്ചാലിക്കും മൂന്ന് വർഷം മുൻപ് ഒരുക്കിയ ചിത്രം. എന്നാൽ ഘട്ടക്കിന്റെ മരണശേഷം 1977ലാണ് ചിത്രം പുറത്തിറങ്ങിയത്. ‘നാഗരിക്’ 1953-ൽ റിലീസ് ചെയ്തിരുന്നെങ്കിൽ ഇന്ത്യൻ സിനിമയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. ഘട്ടകിന്റെ പ്രൊഫഷണൽ ജീവിതത്തെ ബാധിച്ച നിരവധി ദുരന്തങ്ങളിൽ ഒന്നായിരുന്നു അത്.
ഒരു വാഹനത്തെ കേന്ദ്ര കഥാപാത്രമായി ചിത്രീകരിച്ച ആദ്യകാല ഇന്ത്യൻ സിനിമകളിലൊന്നായിരുന്നു ഘട്ടകിന്റെ ‘അജാന്ത്രിക്’ (1955). കാറിനെ മുഖ്യ കഥാപാത്രമാക്കി ഡിസ്നി ആദ്യ ചിത്രം ഇറക്കുന്നത് 1968ൽ ആണ്. ഫ്രഞ്ച് നവതരംഗ സിനിമയുടെ മുഖ്യചിത്രമായി കരുതപ്പെടുന്ന ചിത്രമാണ് ഫ്രാങ്കോയിസ് ത്രൂഫോയുടെ’ ദി 400 ബ്ലോസ്’ (1959). എന്നാൽ അതേ ഇതിവൃത്തത്തിൽ ഒരു വർഷം മുമ്പേ ഘട്ടക് ഒരു ചിത്രം ഒരുക്കിയിരുന്നു- ‘ബാരി ഥേകെ പാലിയെ’ (1958). എന്നാൽ ആഗോളതലത്തിലോ രാജ്യത്തോ ഇക്കാര്യം ആരാലും ശ്രദ്ധിക്കപ്പെടാതെപോയി. പരസ്പരം ബന്ധിപ്പിച്ച കഥകളുടെ ശേഖരത്തിൽ നിന്ന് ഹൈപ്പർലിങ്ക് ഫോർമാറ്റിൽ അവതരിപ്പിച്ച ആദ്യകാല സിനിമകളിലൊന്നാണ് റോബർട്ട് ആൾട്ട്മാന്റെ ‘നാഷ്വില്ലെ’ (1975). എന്നാൽ ഘട്ടകിന്റെ ‘തിതാഷ് ഏക്തി നദിർ നാം’ (1973) ഇതേ മാതൃകയിൽ രണ്ടുവർഷം മുമ്പേ പൂർത്തിയാക്കിയ ചിത്രമാണ്.
മേഘേ ധാകാ താരാ, കോമൾ ഗാന്ധാർ, സുവർണ്ണരേഖ എന്നീ സിനിമകൾ 1960-നും 62നും ഇടയിൽ പുറത്തിറങ്ങി. ഈ ചിത്രങ്ങൾ അക്കാലത്ത് ഏറെ നിരൂപകശ്രദ്ധ നേടിയെങ്കിലും വാണിജ്യ വിജയത്തിലേക്കോ അന്താരാഷ്ട്ര പ്രശസ്തിയിലേക്കോ എത്തിയില്ല. മനുഷ്യർ സ്വന്തം ദേശത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ സംഭവിക്കുന്ന മാനസികാഘാതം, സ്വത്വപ്രതിസന്ധി, മുതലാളിത്തത്തിന്റെ ചൂഷണത്തിന് എളുപ്പം ഇരയാകാനുള്ള അവസ്ഥ എന്നിവയെല്ലാം ഘട്ടക് സിനിമകൾക്ക് ഇന്നും ശക്തമായ കാലിക പ്രസക്തി നൽകുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ സിനിമകളിൽ വ്യക്തമാണ്. സിനിമ അദ്ദേഹത്തിന് കേവലം വിനോദോപാധി ആയിരുന്നില്ല; ‘പോരാട്ടത്തിന്റെ ആയുധം’ ആയിരുന്നു.
മുറിവേറ്റ മനസ്സ്
1925 നവംബർ നാലിന് ധാക്കയിൽ ജനിച്ച ഘട്ടകിന് വിഭജനവും പട്ടിണിയും പുസ്തകത്തിലെ പാഠങ്ങളായിരുന്നില്ല. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രക്ഷുബ്ധത, ബംഗാൾ ക്ഷാമത്തിന്റെ ഭീകരത, 1946-ലെ വർഗീയ കലാപം, തുടർന്ന് 1947 ആഗസ്റ്റിലെ വിഭജനം എന്നിവയെല്ലാം ഘട്ടകിനെ നേരിട്ടുബാധിച്ച വ്യക്തിപരമായ കാര്യങ്ങൾ കൂടിയായിരുന്നു. പൊടുന്നനെ അദ്ദേഹത്തിന്റെ ജന്മസ്ഥലം ഈസ്റ്റ് പാകിസ്ഥാനായി മാറി, ‘വീട്’ വിട്ടിറങ്ങേണ്ടിവന്നത് യുവ അഭയാർഥി എന്ന നിലയിൽ ഘട്ടക്കിനെ ആഴത്തിൽ മുറിവേൽപ്പിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലെ സജീവ അംഗമായിരുന്ന ഘട്ടകിന് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം വെളിച്ചമായി.
നാടകത്തിലേക്ക് ആകർഷിക്കപ്പെട്ട ഘട്ടക്, പതിനാലാം വയസ്സിൽ (1939) തന്റെ ആദ്യ നാടകത്തിൽ അഭിനയിച്ചു. ആദ്യത്തെ ചെറുകഥ 1946-ൽ പ്രസിദ്ധീകരിച്ചു, താമസിയാതെ സിനിമാനിരൂപകനായി. ചുരുങ്ങിയ കാലയളവിൽ രണ്ട് നോവലുകളും ഏകദേശം 100 ചെറുകഥകളും നാടകങ്ങളും രചിച്ചു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിൽ (ഇപ്റ്റ) ചേർന്ന അദ്ദേഹം ബംഗാളിലുടനീളം സഞ്ചരിച്ചു. നിരവധി നാടകങ്ങൾ എഴുതി, അഭിനയിച്ചു, സംവിധാനം ചെയ്തു. 1958-ൽ നാലു കോടി കളക്ഷൻ നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മധുമതിയുടെ (സംവിധാനം- ബിമൽ റോയ്) തിരക്കഥ എഴുതിയത് ഘട്ടക് ആയിരുന്നു. എന്നാൽ അദ്ദേഹം ഹിന്ദി ചലച്ചിത്രലോകത്തിനൊപ്പം പോയില്ല. ഘട്ടക്കിന്റെ എട്ട് ഫീച്ചർ സിനിമകളിൽ ഒരെണ്ണം മാത്രമാണ് വാണിജ്യപരമായി വിജയിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് അടക്കമുള്ള കാരണങ്ങളാൽ ആറ് സിനിമകൾ ഉപേക്ഷിച്ചു. രാഷ്ട്രീയബോധ്യം ഉപേക്ഷിച്ച് സിനിമ ഒരുക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ബംഗ്ലാദേശ് വിമോചനത്തിന് തൊട്ടുപിന്നാലെ 1972-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചെയ്യാൻ അവസരം ലഭിച്ചെങ്കിലും ഘട്ടക് അതിന് തയാറായില്ല. കൊൽക്കത്ത വിമാനത്താവളത്തിൽ ഇന്ദിരാഗാന്ധി ഷൂട്ടിങിനായി കാത്തുനിന്നിട്ടും ഘട്ടക് എത്തിയില്ല എന്ന് അദ്ദേഹത്തിന്റെ പഴയ സഹപ്രവർത്തകർ എഴുതിയിട്ടുണ്ട്.
റഷ്യൻ സിനിമയിൽ ആന്ദ്രേ താർക്കോവ്‌സ്‌കിയുടെയും സെർജി ഐസൻസ്റ്റീന്റെയും ആരാധകർ രണ്ടു പക്ഷമായി നിൽക്കുംപോലെ ഇന്ത്യൻ ചലച്ചിത്രകാരരിൽ ഋത്വിക് ഘട്ടക്, സത്യജിത് റേ ആരാധകരുടെ രണ്ടു നിശബ്ദവഴികളുണ്ട്. വിടപറഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും ഘട്ടക് സിനിമകൾ പഴക്കം ചെല്ലുമ്പോൾ വീര്യമേറുന്ന വീഞ്ഞുപോലെ ഇന്ത്യയുടെ പുറത്തേക്കും പരക്കുന്നു. ലോകമെമ്പാടുമുള്ള ചലച്ചിത്രകൂട്ടായ്മകൾ ഘട്ടക് സിനിമകളെ ഡിജിറ്റലായി പുനഃസ്ഥാപിച്ച് സംരക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള ചലച്ചിത്രകാരർ ഇപ്പോഴും ഘട്ടക്കിൽനിന്നും പലതും പുതിയതായി ഉൾകൊള്ളുന്നു.
