ഉണ്ണിയെ കണ്ടാലറിയാം ഊരിന്റെ നിറവ്

അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം >>രാവുണ്ണി
                                                 കവി

RAVUNNI PIC

 

logo 8അതിദരിദ്രരില്ലാത്ത നാടായി മാറാനൊരുങ്ങുന്ന കേരളത്തില്‍നിന്ന് പട്ടിണിയുടെ ദുരിത ഭൂതകാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍

ഉപ്പുമാവും പാലും ആയിരുന്നു സ്‌കൂളിൽനിന്ന് കിട്ടിയിരുന്നത്. സൗജന്യമായി കിട്ടുന്ന ഉച്ചഭക്ഷണത്തിനുവേണ്ടി മാത്രം പഠിക്കാൻ വരുന്ന കുട്ടികൾ ഉണ്ടായിരുന്നു ഞങ്ങളുടെ കാലത്ത്. മൂന്നുനേരം ഭക്ഷണം വയ്ക്കുന്ന അടുപ്പുകൾ കുറവായിരുന്നു. ഭക്ഷണം, തന്നെയായിരുന്നു മുഖ്യപരിഗണന. നല്ല ഉടുപ്പുകൾ, നല്ല പാർപ്പിടം, നല്ല ഭാവി എന്നതൊക്കെ സ്വപ്നങ്ങളിൽ മാത്രമായിരുന്നു. പണിയിടങ്ങളിൽ നിന്ന് നേരം വൈകി സ്‌കൂളിലേക്ക് ഓടിക്കിതച്ചു വരുന്നവരും സ്‌കൂൾ വിട്ട ഉടൻ പണിയിടങ്ങളിലേക്കു പോകുന്നവരും ചുരുക്കമായിരുന്നില്ല. സ്‌കൂൾ ഇല്ലാത്ത ദിവസങ്ങളിൽ കപ്പലണ്ടി കച്ചവടത്തിനോ ചില്ലറ പണികൾക്കോ പോകുന്ന സഹപാഠികൾ ഉണ്ടായിരുന്നു. പഠിപ്പ് പ്രധാന പരിഗണന ആയി വരാതിരിക്കാൻ തടസ്സം നിന്നത് വീടുകളിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും ആയിരുന്നു. പഠിക്കാവുന്നതുവരെ എത്തി പിന്നീട് വർക്ക്‌ഷോപ്പുകളിലോ ഹോട്ടലുകളിലോ പണിക്ക് കയറിപ്പറ്റണം എന്ന് കരുതിയിരുന്നവരും കുറവല്ല. പത്താം ക്ലാസ് വരെ എത്തി, ടൈപ്പ് റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പഠിച്ച് ബോംബെയിലേക്കോ മദിരാശിയിലേക്കോ പോകുന്നത് സ്വപ്നം കണ്ടിരുന്നവരും കുറവൊന്നുമല്ല.RAVUNNI1

കാലത്ത് എല്ലാ ദിവസവും അസംബ്ലി ഉണ്ടാവും. സ്‌കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും ഒന്നിച്ച് അണിനിരക്കും. വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ഹെഡ്മാസ്റ്ററുടെ പ്രസംഗവും ഒക്കെ ഉണ്ടാവുന്നത് അപ്പോഴാണ്. ഡ്രില്ലും ഉണ്ടാവും. അറ്റൻഷനും സ്റ്റാന്ററ്റീസും ആണ് അന്നത്തെ പ്രധാന വ്യായാമം. എല്ലാവരും ഒന്നിച്ച് പ്രതിജ്ഞ എടുക്കും, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് എന്ന് തുടങ്ങുന്ന പ്രതിജ്ഞ ചൊല്ലും. ഇന്നും പരിപാടിക്ക് മാറ്റമൊന്നുമില്ല എന്നത് സന്തോഷകരമാണ്. അസംബ്ലി നടന്നുകൊണ്ടിരിക്കുമ്പോൾ ചില കുട്ടികൾ തലചുറ്റി വീഴും. വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികളാണ് അവർ. അവരെ എടുത്തുകൊണ്ടുപോയി കിടത്തി അധ്യാപകർ ഭക്ഷണം വാങ്ങിക്കൊടുക്കുന്നത് പതിവാണ്.
വസ്ത്രങ്ങളും പേരിനു മാത്രമേ ഉള്ളൂ.

ഒറ്റ ജോഡി പതിവായി കഴുകി ഉണക്കി പിറ്റേന്ന് അതുതന്നെയിട്ട് വരുന്നവരുടെ എണ്ണവും കുറവല്ല. മുതിർന്നവരിൽ ഷർട്ട് ധരിക്കുന്നവരും നാമമാത്രമാണ്. ഓണം, വിഷു, പെരുന്നാളുകൾ, ക്രിസ്തുമസ്, പൂരം തുടങ്ങിയ വിശേഷ വേളകളിലാണ് ഭക്ഷണം കേമമാവുക. അല്ലാത്ത സമയങ്ങളിൽ ഒക്കെ ചുരുങ്ങിയ ഭക്ഷണമാണ് എല്ലാ വീടുകളിലും പതിവ്. പറമ്പുകളിൽ നിന്ന് കിട്ടുന്ന കായ്കനികൾ ഉപയോഗിച്ചാണ് കറികളൊക്കെ ഉണ്ടാക്കുക.

symbol 4നമ്മുടെ സ്‌കൂളുകള്‍ എത്രമേല്‍ മാറി. അസംബ്ലിയില്‍ പട്ടിണിക്കാര്‍ തലചുറ്റി വീഴാത്ത നാടാണിത്. ഉണ്ണിയെ കണ്ടു തന്നെ അറിയണം ഊരിന്റെ നിറവ്

എന്താണ് വിശേഷം എന്ന് ചോദിച്ചാൽ എല്ലാം ഭംഗിയായി പോകുന്നു എന്ന ഭംഗിവാക്കാണ് നമ്മൾ പറയുക. പണ്ട് അങ്ങനെ പറയുക പോലും പ്രയാസമായിരുന്നു ഇല്ലായ്മയെ കുറിച്ചുള്ള വേവലാതികളാണ് ഓരോ വീട്ടിലും ഉറക്കം കെടുത്തിയിരുന്നത്. സ്വന്തമായി കിടപ്പാടമോ വീടോ ഇല്ലാത്തവരായിരുന്നു ഏറെയും.വിദ്യാഭ്യാസം ഒന്നാം പരിഗണനയിൽ നിന്നും മാറാൻ ഒരേയൊരു കാരണം ദാരിദ്ര്യമാണ്. ഒന്നാം ക്ലാസിൽ ചേരുന്നവരിൽ നാലാം ക്ലാസിന് അപ്പുറം എത്തുന്നവർ കുറവ്. അഞ്ചാം ക്ലാസിൽ എത്തുന്നവർ എട്ടിലേക്ക് എത്തുമ്പോൾ കുറെ പേർ കൊഴിഞ്ഞു പോകും. പത്താംക്ലാസിനപ്പുറം എത്രയോ നിസ്സാരം. അറിവ് വേണ്ട എന്ന് വച്ചിട്ടല്ല, അന്നം വേണമല്ലോ എന്നോർത്താണ് ഈ കുട്ടികളൊക്കെ പഠിപ്പ് നിർത്തി പോയത്. ഇന്നത്തെ ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ ശോചനീയാവസ്ഥ ആയിരുന്നു അന്നത്തെ കേരളീയ ഗ്രാമങ്ങൾക്ക്.

അന്നിൽ നിന്ന് ഇന്നിലേക്ക് നാം നടത്തിയ യാത്രകൾ ചെറുതല്ല. സമരങ്ങൾ നിസ്സാരമല്ല. ജീവിക്കാനും അതിജീവിക്കാനും വേണ്ടി നാം നടത്തിയ പോരാട്ടങ്ങൾ കേരളത്തിന്റെ ഭൗതികഭൂമികയെയും സാംസ്‌കാരിക മണ്ഡലത്തെയും അടിമുടി അഴിച്ചു പണിതു. ലോകത്തിന്റെ ഏറ്റവും പിന്നണിയിൽ നിന്നിരുന്ന ഒരു നാട് വികസിത രാജ്യങ്ങളെ അതിശയിക്കുന്ന നിലയിൽ നിവർന്നു നിന്നത് പതിറ്റാണ്ടുകൾ നീണ്ട സഹനങ്ങളുടെയും സമരങ്ങളുടെയും പിൻബലത്തിലാണ്. തൊഴിലാളിയെ, നിർധനരെ, ദളിതരെ, ആദിവാസിയെ മണ്ണിന്റെ അവകാശികളാക്കിയ നാടാണിത്. അവരുടെ പൗരാവകാശങ്ങൾ വിളംബരം ചെയ്യപ്പെട്ടു. ഇന്നത്തെ തെരുവുകൾ നോക്കിയാൽ മതി. അവിടെ ആരെയും ആരെയും വിലക്കുകയില്ല. തൊഴിലിടങ്ങൾ നോക്കിയാൽ മതി. അവകാശങ്ങൾ ഉറപ്പുവരുത്തിയ ഇടങ്ങളാണ് അവ. നമ്മുടെ സ്‌കൂളുകൾ എത്രമേൽ മാറി. അസംബ്ലിയിൽ പട്ടിണിക്കാർ തലചുറ്റി വീഴാത്ത നാടാണിത്. ഉണ്ണിയെ കണ്ടു തന്നെ അറിയണം ഊരിന്റെ നിറവ്. തൊഴിലാളികൾക്ക് കിടപ്പാടങ്ങൾ ഉണ്ടായി. എല്ലാവർക്കും സ്വന്തം മണ്ണിന്റെ മേൽവിലാസങ്ങൾ ഉണ്ടായി.

ലോകത്തിന്റെ മുമ്പിൽ കേരളത്തിന്റെ മേന്മ. സഹസ്ര കോടീശ്വരന്മാരുടെ നാട് എന്നതല്ല. ഓരോ മനുഷ്യനും പൗരാവകാശം ഉറപ്പുവരുത്തിയ നാട് എന്നതാണ്. എല്ലാ മനുഷ്യർക്കും കിടപ്പാടം ഉറപ്പുവരുത്തിയ നാട് എന്നതാണ്. എല്ലാ കുഞ്ഞുങ്ങൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തിയ നാട് എന്നതാണ്.
അതിദരിദ്രർ ഇല്ലാത്ത ഒരു നാടായി ഇതാ ലോകത്തിന്റെ നെറുകയിൽ കേരളം തല ഉയർത്തി നിൽക്കാനൊരുങ്ങുന്നു. കേരളം എന്നു കേട്ടാൽ അന്തരംഗം അഭിമാനപൂരിതമാകുന്നു. ഞരമ്പുകളിൽ രക്തം വിളിക്കുന്നു. മനുഷ്യസമത്വത്തിനുവേണ്ടി പോരാടിയ എല്ലാ വിപ്ലവകാരികൾക്കും അഭിവാദനം.

Spread the love