ഇ-ഗവേൺസിലൂടെ കേരളം മുന്നോട്ട്

ഡോ. വി.പി. ജോയ് ഐഎഎസ്
ചീഫ് സെക്രട്ടറി

 

ലോകം പുരോഗമിക്കുന്നതിനനുസരിച്ച് കേരള സമൂഹവും പുരോഗമിക്കുകയാണ്. ആഗോളീകരിക്കപ്പെട്ട സമൂഹമെന്ന നിലയ്ക്ക് കേരളീയരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും വളരെ വേഗം പരിവർത്തനപ്പെടുന്നു. ഈ മാറ്റം ഉൾക്കൊണ്ട്,  സർക്കാർ തലത്തിൽ ആവശ്യമായ പരിവർത്തനങ്ങൾ നടപ്പിലാക്കിവരികയാണ്. അതിവേഗം മാറുന്ന ആഗോള വികസന സങ്കല്പങ്ങളോടൊപ്പം കേരളത്തിലും പുരോഗമനമുണ്ടാവണമെന്നത് ഇന്നത്തെ മാത്രമല്ല വരും തലമുറകളുടെയും സുഗമവും സന്തുഷ്ടവുമായ ജീവിതത്തിന് അനിവാര്യമാണ്.

കേരളത്തിലെ ജീവിത സാഹചര്യവും വ്യവസായ സൗഹൃദാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര പരിശ്രമങ്ങള്‍ കേരള സർക്കാർ നടത്തി വരുന്നു. ആരോഗ്യ മേഖലയുൾപ്പെടെ പല മേഖലകളിലും നമ്മള്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ചില മേഖലകളില്‍ ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഇതിനായി സമഗ്രമായ സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ പരമ പ്രധാനമായ ഒന്നാണ് ഡിജിറ്റല്‍ ഗവേണൻസ് വ്യാപിപ്പിക്കുക എന്നത്. വർഷങ്ങൾക്ക് മുമ്പേ സർക്കാർ വിഭാവനം ചെയ്ത സമയത്ത് ഇത്തരം ആധുനിക സാങ്കേതിക വിദ്യകള്‍ ഉണ്ടായിരുന്നില്ല.എന്നാൽ ഇന്ന് ലഭ്യമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സർക്കാർ രീതികള്‍ മെച്ചപ്പെടുത്തുകയാണ് ഡിജിറ്റല്‍ ഗവേണൻസിംഗിലൂടെ ചെയ്യുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ കൃത്യമായ ഉപയോഗം മറ്റിടങ്ങളിലെ പോലെ സർക്കാർ തലത്തിലും സുഗമവും സുതാര്യവുമായ പ്രവർത്തനം  നടപ്പിലാക്കാന്‍ സഹായകരമാകും. സർക്കാർ സേവനങ്ങള്‍ പൊതു ജനങ്ങൾക്ക് അനായാസേന ലഭ്യമാക്കുക ഡിജിറ്റല്‍ ഗവേണൻസിൻ്റെ   പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.

അതുപോലെ പ്രധാനപ്പെട്ടതാണ് സർക്കാർ നടപടി ക്രമങ്ങള്‍ മെച്ചപ്പെടുത്തി ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ടത്. തീരുമാനങ്ങള്‍ എടുക്കുന്നതിനാവശ്യമായ ആധികാരിക വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക, ജീവനക്കാർക്ക് സംതൃപ്തിയോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നിവയും പ്രാധാന്യമർഹിക്കുന്നു. ഉദാഹരണത്തിന് കാലാകാലങ്ങളായി വിവരങ്ങള്‍ പുസ്തകത്തില്‍ ക്രോഡീകരിക്കുകയും സൂക്ഷിക്കുകയും ചെയ്തു വരുന്നു. വിവര ശേഖരണത്തിനായി പല തലങ്ങളില്‍ ഏകീകരണ-സ്ഥിരീകരണ പ്രക്രിയകള്‍ നടത്തേണ്ടത് ആവശ്യമായിരുന്നു. എന്നാൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത് വളരെയധികം പ്രയോജനപ്രദമായി മാറിയിട്ടുണ്ട്.

കേരള സർക്കാർ  നടപ്പിലാക്കി വരുന്ന ഇ-ഗവേണൻസ് പ്ക്രിരയയില്‍ പ്രധാനപ്പെട്ട ചിലതാണ് ഇ- ഓഫീസ് സംവിധാനം, സംസ്ഥാനത്തൊട്ടാകെ ഭൂമിയുടെ ഡിജിറ്റല്‍ സർവ്വേ, ആരോഗ്യ മേഖലയിലെ ഇ-ഹെൽത്ത്, ഓൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനമായ കെ-സ്വിഫ്റ്റ്, കേരള സെൻട്രൽ ഇൻസ്‌പെക്ഷൻ സിസ്റ്റം, പൊതുമരാമത്തു വകുപ്പിൻ്റെ  സുഗമ വെബ്‌ പോർട്ടൽ, പ്രൈസ് വെബ് പോർട്ടൽ, ധനകാര്യ വകുപ്പിൻ്റെ സ്‌പാർക്   വെബ് പോർട്ടൽ, ഇ സേവനം പോർട്ടൽ, എം-സേവനം മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയവ. ഇതോടൊപ്പം സർക്കാർ ഓൺലൈൻ ധനമിടപാടുകള്‍ വർധിപ്പിക്കാൻ പരിശ്രമിക്കുകയാണ്.

ഇ- ഓഫീസും ഇ -സേവനവും

സംസ്ഥാനമൊട്ടാകെയുള്ള സർക്കാർ ഓഫീസുകളെ ബന്ധിപ്പിക്കുന്ന ഇ-ഓഫീസ് സംവിധാനം 2022 മുതല്‍ നിലവില്‍ വന്നു. ഇ-ഓഫീസ് സംവിധാനത്തിലൂടെ കേരളത്തിലുട നീളമുള്ള സർക്കാർ ഓഫീസുകള്‍ തമ്മില്‍ തൽക്ഷണം ഫയല്‍, കത്തിടപാടുകള്‍ തുടങ്ങിയവ നടത്താവുന്നതാണ്. ഉദാഹരണത്തിന് തിരുവനന്തപുരത്തെ ഒരു സർക്കാർ ഓഫീസിൽ നിന്ന് കാസർഗോഡുള്ള സർക്കാർ ഓഫീസിലേക്ക് തൽക്ഷണം കത്തുകളും ഫയലുകളും അയക്കാന്‍ സാധിക്കും. മുമ്പ് ദിവസങ്ങൾ വേണ്ടി വന്ന പ്രക്രിയയാരുന്നു ഇത്. ഈ മാറ്റം തന്നെ സർക്കാരിൻ്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ദ്രുതഗതിയില്‍ തീരുമാനങ്ങളെടുക്കാനും ഏറെ സഹായകരമാണ്.

ഡിജിറ്റല്‍ സേവനങ്ങളിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകള്‍ നിരവധി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ഇ-സേവനം എന്ന പോർട്ടൽ സർക്കാർ ആരംഭിച്ചു. ഈ പോർട്ടലിലൂടെ 884 സേവനങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. കൂടാതെ എം. സേവനം എന്ന മൊബൈല്‍ ആപ്ലിക്കേഷനും സർക്കാർ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഇതില്‍ 683 സേവനങ്ങള്‍ ലഭ്യമാണ്. കൂടാതെ എല്ലാ പ്രധാനപ്പെട്ട സേവനങ്ങൾക്കും ഡാഷ് ബോർഡുകൾ രൂപീകരിച്ചിട്ടുണ്ട്.

പണ്ട് വകുപ്പു മേധാവികൾക്ക് തങ്ങളുടെ അധീനതയിലുള്ള ഓഫീസുകളുടെ പ്രവർത്തന ക്ഷമത  നേരിട്ട് പരിശോധിക്കാന്‍ പരിമിതികള്‍ ഉണ്ടായിരുന്നു. ദിവസങ്ങള്‍ എടുത്ത് തയ്യാറാക്കി നൽകുന്ന റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് പലപ്പോഴും ഇത് മനസ്സിലാക്കിയിരുന്നത്. എന്നാൽ ഇന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത് ഫലപ്രദമായി ചെയ്യാന്‍ സാധിക്കും. സർക്കാർ സേവനങ്ങള്‍ കൃത്യമായി എല്ലാവർക്കും ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങളിലും തത്സമയ ഡാറ്റ നൽകുന്ന ഡാഷ്ബോർഡുകളും ഏർപ്പെടുത്തിയിരിക്കുകയാണ്. ഉദാഹരണത്തിന് ഇ-സേവനം വെബ് പോർട്ടലിൽ 509 സേവനങ്ങൾക്ക്  നിലവില്‍ ഡാഷ്ബോർഡുകൾ ഉണ്ട്. ഈ ഡാഷ്ബോർഡുകളുടെ സഹായത്തോടെ സംസ്ഥാനത്തൊട്ടാകെയുള്ള ഓഫീസുകളിലെ കാര്യക്ഷമത വകുപ്പു മേധാവികൾക്കും ജില്ലാ മേധാവികൾക്കും മറ്റ് ഉന്നതോദ്യോഗസ്ഥർക്കും പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടപടികള്‍ എടുക്കാന്‍ സാധിക്കും.

ഡിജിറ്റല്‍ സർവ്വെ

മറ്റൊരു പ്രധാനപ്പെട്ട ഡിജിറ്റല്‍ ഗവേണൻസ് ദൗത്യമാണ് ഭൂമിയുടെ ഡിജിറ്റല്‍ സർവ്വെ.  നിലവില്‍ കേരളത്തിലൊട്ടാകെ നിരവധി ഭൂമി തർക്കങ്ങൾ പല കോടതികളിലും പോലീസ് സ്റ്റേഷനുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സർക്കാരിലുമായി പരിഗണനയിലുണ്ട്. ഇത്തരം ഭൂമി തർക്കങ്ങൾ തീർപ്പാക്കാൻ മിക്കവാറും  വർഷങ്ങളെടുക്കുകയും സർക്കാരിൻ്റെ  പരിശ്രമവും സമയവും നഷ്ടപ്പെടുകയും ചെയ്യുന്നു. ഭൂമി തർക്കങ്ങൾ കുറയ്ക്കാന്‍ സാധിച്ചാല്‍, സർക്കാരിൻ്റെ സമയവും ശ്രദ്ധയും ജനങ്ങൾക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന കാര്യങ്ങൾക്ക് വിനിയോഗിക്കാന്‍ സാധിക്കും. ജി.പി.എസ് സംവിധാനമുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് ഫീൽഡ് ലെവല്‍ സർവെ നടത്തുന്നതിനാൽ തെറ്റുകള്‍ കുറയ്ക്കാനും തർക്കങ്ങൾ ഒഴിവാക്കാനും ഡിജിറ്റല്‍ സർവെയിലൂടെ സാധിക്കും.

ഇ-ഹെൽത്ത് പദ്ധതി

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇ-ഹെൽത്ത് പദ്ധതി കേവലം ആശുപത്രി മാനേജ്മെൻ്റ് മാനേജ്‌മെന്റ് സംവിധാനം മാത്രമല്ല, കേരളത്തിലുട നീളമുള്ള കേന്ദ്രീകൃത സംയോജിത ആരോഗ്യ പരിരക്ഷാ സംവിധാനമാണ്. ആരോഗ്യ മേഖലയില്‍ വലിയ മാറ്റമാണ് ഈ സംവിധാനം സൃഷ്ടിച്ചു വരുന്നത്.

ഇ ഹെൽത്തിൻ്റെ ഒരു പ്രധാന സവിശേഷത ‘ഓരോ പൗരനും ആരോഗ്യ റെക്കോർഡ്’ സൃഷ്ടിക്കാന്‍ സാധിക്കുമെന്നതാണ്. ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലുടനീളം ഈ ഏകീകൃത ആരോഗ്യ റെക്കോർഡ് ലഭ്യമാക്കാനാകും. ഒരു രോഗിയുടെ സമഗ്രമായ ആരോഗ്യ വിവരങ്ങള്‍ ഡോക്ടർമാർക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ചികിത്സാ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പ്രധാനപ്പെട്ട വിവരങ്ങളൊന്നും നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കുന്നു.

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍ പല വകുപ്പുകള്‍ പല വിധത്തിലുള്ള പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്താറുണ്ട്. ഇത്തരം പരിശോധനകളെല്ലാം ഒരുകുടക്കീഴില്‍ കൊണ്ടു വരുന്ന സംവിധാനമാണ് കേരള – സെൻട്രൽ ഇൻസ്പെക്ഷൻ  സിസ്റ്റം. പരിശോധനകൾക്ക് കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടു വരാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഓരോ സ്ഥാപനങ്ങളുടെയും പരിശോധന ക്രമീകരിക്കുന്നത് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ്. സ്ഥാപനങ്ങള്‍, പരിശോധകര്‍, പരിശോധനകളുടെ ആവൃത്തി എന്നിവയും ഓട്ടോമാറ്റിക്കായാണ് തീരുമാനിക്കുന്നത്. പലപ്പോഴും പല ആവശ്യങ്ങൾക്കായി വൈദ്യുത പോസ്റ്റുകളും, പൈപ്പ്‌ ലൈനുകളും മാറ്റി സ്ഥാപിക്കേണ്ടതായും റോഡ് മുറിക്കേണ്ടതായും വരാറുണ്ട്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിലവില്‍ വന്ന വെബ്പോർട്ടലാണ് ‘സുഗമ’.

പൊതുജനങ്ങള്‍, സർക്കാർ വകുപ്പുകള്‍, കരാറുകാര്‍ തുടങ്ങി എല്ലാവർക്കും  ഉപയോഗിക്കാനാവുന്ന തരത്തിലാണ് ഈ പോർട്ടൽ വിഭാവനം ചെയ്‌തിരിക്കുന്നത്. പോർട്ടൽ നിലവില്‍ വന്നതിലൂടെ പൊതുമരാമത്ത് വകുപ്പ്, കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ. ബി എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.

സർക്കാർ പ്രവർത്തനങ്ങൾ കുറേക്കൂടി കാര്യക്ഷമമാക്കാന്‍ വസ്തുതാ വിശകലനം നടത്തേണ്ടതുണ്ട്. ഇപ്പോള്‍ ഇതിനായുള്ള വസ്തുതകള്‍ ഓൺലൈൻ ആയി ലഭിക്കുന്നതു കൊണ്ട് വിശകലനം വേഗത്തിലും ആവശ്യാനുസരണവും നടത്താന്‍ സാധിക്കും. ഇതിൽ നിന്നും ലഭിക്കുന്ന നിർണ്ണായകമായ വിവരങ്ങള്‍ ഉപയോഗിച്ച് സർക്കാർ നയവും പ്രവർത്തന രീതിയും നിരന്തരമായി മെച്ചപ്പെടുത്തുന്നു.

ആഗോളീകരണത്തിൻ്റെ ഇക്കാലത്ത്, ഇത്തരം മെച്ചപ്പെടുത്തലുകള്‍ സമയാ സമയം നടത്തേണ്ടത് അനിവാര്യമാണ്. അതിനാല്‍ കേരള സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റല്‍ ഗവേണൻസ്. മാറ്റങ്ങള്‍ പൊതു ജനങ്ങൾക്കും സംരംഭങ്ങൾക്കും സർക്കാർ ജീവനക്കാർക്കും  കൂടുതല്‍ പ്രയോജന പ്രദമാക്കുന്നതിനുള്ള  ബോധവല്ക്കരണ, പ്രചാരണ പ്രവർത്തനങ്ങൾ  പ്രാധാന്യമർഹിക്കുന്നു.

Spread the love