ഇത് മുപ്പതാണ്ടുകളുടെ പങ്കാളിത്ത ഉത്സവം
ചലച്ചിത്രോത്സവം@30 >>ഡോ. റസൂൽ പൂക്കുട്ടി
അധ്യക്ഷൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി & ഫെസ്റ്റിവൽ ഡയറക്ടർ, ഐ.എഫ്.എഫ്.കെ

1990-കളുടെ മധ്യത്തിൽ കോഴിക്കോട് വളരെ ലളിതമായി ആരംഭിച്ച ഒരു മേളയാണ് ഇന്ന് മത്സര വിഭാഗവും FIAPF അംഗീകാരവും ഉൾപ്പെടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയായി വളർന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെ അതിന്റെ മുപ്പതാം പിറന്നാളാഘോഷിക്കുമ്പോൾ അത് കേവലമൊരു സാംസ്‌കാരികാഘോഷം മാത്രമല്ല, നഗരമാകെ അതിന്റെ താളത്തിനൊപ്പം ചലിക്കുന്ന മാസ്മരികതയായി മാറുകയാണ്. പുലർച്ചെ ആരംഭിക്കുന്ന ടിക്കറ്റ് കൗണ്ടറിന് മുന്നിലെ ക്യൂ, തിയേറ്ററുകൾക്ക് പുറത്തെ ഉത്സാഹഭരിതമായ സംവാദങ്ങൾ… ഓരോ ഡിസംബർ മാസവും ഒരാഴ്ചക്കാലം സിനിമ ഒരു പൊതുഭാഷയായി മാറുന്ന അനുഭവം! കേരളവും ലോകസിനിമയും തമ്മിലുള്ള പാലമായി, സംവാദമായി ഐ.എഫ്.എഫ്.കെ വളർന്നു. മൂന്നുദശാബ്ദങ്ങളായി, ഞങ്ങളുടെ പ്രേക്ഷകർ കൗതുകത്തോടും വ്യക്തതയോടും കൂടി സിനിമയെ സമീപിച്ചുവരുന്നു. പ്രേക്ഷകരും ചലച്ചിത്രകാരന്മാരും സംസ്ഥാനവും തമ്മിലുള്ള ഈ കൊടുക്കൽവാങ്ങലാണ് ഐ.എഫ്.എഫ്.കെ.യ്ക്ക് ഒരു പൊതുഅംഗീകാരവും സ്വതന്ത്രമായ കലാമൂല്യവും നൽകിയത്.
2025 ഡിസംബർ 12 മുതൽ 19 വരെ നടത്തപ്പെടുന്ന ഈ 30-ാം പതിപ്പ്, ഈ യാത്ര ആഘോഷിക്കുന്നതോടൊപ്പം അതിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഊർജം സംഭരിക്കുകയും ചെയ്യും. 70 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം സിനിമകൾ 16 വേദികളിലായി പ്രദർശിപ്പിക്കും. ഇത് പേരിനുവേണ്ടിയുള്ള ഒരു വിപുലീകരണമായോ അതിന്റെ പ്രകടനമായോ കാണരുത്. പുതിയ ചലച്ചിത്രകാരന്മാരെയും പുനരുദ്ധരിച്ച ക്ലാസിക്കുകളെയും ധീരമായ പരീക്ഷണങ്ങളെയും പലപ്പോഴും അവഗണിക്കപ്പെടുന്ന പ്രദേശങ്ങളിൽ നിന്നുള്ള കഥകളെയും സ്വാഗതം ചെയ്യുന്നതിനുള്ള ഒരു വാതിലാണിത്.
സിനിമയ്ക്ക് ചോദ്യംചെയ്യാനും വെല്ലുവിളിക്കാനും പ്രതിരോധിക്കാനും കഴിയുമെന്ന് ഐ.എഫ്.എഫ്.കെ എപ്പോഴും വിശ്വസിച്ചിട്ടുണ്ട്. ഈ വർഷം കാനഡയിലെ ചലച്ചിത്രകാരിയായ കെല്ലി ഫൈഫ്-മാർഷലിന് നൽകുന്ന ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് ഈ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. കറുത്ത ജനതയുടെ അനുഭവങ്ങൾ പകർത്തിവെച്ച സിനിമകൾ, അനീതികളുടെ സമകാലിക യാഥാർഥ്യങ്ങളെ മുഖാമുഖം കാണിക്കുന്നു. അവരെ ആദരിക്കുന്നതുവഴി സിനിമയ്ക്ക് കലാപരമായ ഉത്തരവാദിത്വത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്വവും ഉണ്ടെന്ന ഓർമ്മപ്പെടുത്തുകയാണ്.
ഈ വർഷം ‘ഓർമ്മ’ എന്ന വിഭാഗത്തിൽ മുഖ്യമായും വിഭജനത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും നിഴലിൽ നിർമ്മിക്കപ്പെട്ട ഋത്വിക് ഘട്ടകിന്റെ സിനിമകളിൽ നിന്ന് നാല് പ്രധാന കൃതികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഘട്ടകിന്റെ ജന്മശതാബ്ദി വേളയിലും അദ്ദേഹത്തിന്റെ സിനിമകൾ പ്രസക്തമാണ്. യൂസഫ് ഷാഹിനിന്റെയും സഈദ് മിർസയുടെയും സൃഷ്ടികൾ രാഷ്ട്രീയവും മാനുഷികവുമായ പുനർവായന ആവശ്യപ്പെടുന്നു.
അതോടൊപ്പം, വർത്തമാനകാല ലോകസിനിമയെയും ഇവിടെ സജീവമായി ചർച്ചയ്ക്ക് വെക്കുന്നു. ‘ഫിലിംമേക്കർ ഇൻ ഫോക്കസ്’ വിഭാഗത്തിൽ ഇന്തോനേഷ്യൻ സംവിധായകൻ ഗാരിൻ നുഗ്രോഹോയുടെ സിനിമകളാണ് പ്രദർശിപ്പിക്കുക. പാരമ്പര്യവും സംസ്‌കാരവും ആധുനിക രാഷ്ട്രീയവും ഒന്നിച്ച് നെയ്‌തെടുക്കുന്ന സിനിമകളാണവ. ‘കൺട്രി ഫോക്കസി’ൽ വിയറ്റ്‌നാമിന്റെ യുദ്ധ പരിസമാപ്തിയുടെ 50 വർഷങ്ങളാകും പ്രദർശിപ്പിക്കുക. യുദ്ധത്തിന്റെ സംഘർഷങ്ങളെ എങ്ങനെ ഒരു ജനത ഓർത്തുവെക്കുന്നുവെന്നും അവിടെനിന്ന് എങ്ങനെ സമൂഹത്തെ കെട്ടിപ്പടുക്കുന്നുവെന്നും ഈ ചിത്രങ്ങൾ കാണിച്ചുതരും. പോയകാലത്തോട് കലഹിക്കുകയും സന്ധിചെയ്യുകയും പുതിയകാല കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുകയും ചെയ്യുന്ന ചിത്രങ്ങൾ ഇവിടെ കാണാം.
പ്രദർശനങ്ങൾക്കപ്പുറം, ഫെസ്റ്റിവൽ ഒരു വിപുലമായ സാംസ്‌കാരിക ഇടവും സൃഷ്ടിക്കുന്നുണ്ട്. ഐ.എഫ്.എഫ്.കെയുടെ മുപ്പത് വർഷത്തെ ചരിത്രം രേഖപ്പെടുത്തുന്ന പ്രദർശനങ്ങൾ, പശ്ചിമബംഗാളിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രത്യേക ഘട്ടക് ശതാബ്ദി പ്രദർശനം, പരേതനായ കലാകാരനും ആർട്ട് ഡയറക്ടറുമായ നമ്പൂതിരിയുടെ സ്‌കെച്ചുകളിലൂടെ നൽകുന്ന ആദരാഞ്ജലി എന്നിവ ഈ മേളയുടെ വ്യാപ്തി വർധിപ്പിക്കുന്നു. ഓപ്പൺ ഫോറം, ചർച്ചകൾ, ചലച്ചിത്രകാരരുമായുള്ള സംവാദങ്ങൾ, അരവിന്ദൻ മെമ്മോറിയൽ ലക്ചർ- ഇവയെല്ലാം ചർച്ചകളെ തിയേറ്ററുകൾക്കപ്പുറം വ്യാപിപ്പിക്കും.
ഈ വർഷം 13,000 ത്തിലധികം പ്രതിനിധികളും ഏകദേശം 200 സിനിമാ വിദഗ്ധരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ ഫെസ്റ്റിവൽ സമൂഹം 15,000 ത്തിൽ കവിയുമെന്ന് കണക്കാക്കുന്നു. ഇത്തരമൊരു വലിയ പരിപാടി ഏറ്റെടുക്കുന്നത് അതിഥികളോടും നഗരത്തോടും പരിസ്ഥിതിയോടും ഉള്ള ഉത്തരവാദിത്വബോധത്തോടുകൂടിയാണ്. ‘ഗ്രീൻ പ്രോട്ടോക്കോൾ’ നടപടികളോടുള്ള പ്രതിബദ്ധതയിൽ അക്കാദമി ശ്രദ്ധകേന്ദ്രീകരിക്കുന്നു.
മികച്ച ചിത്രത്തിനുള്ള ‘സുവർണ ചകോരം’ ഉൾപ്പെടെ സമാപന ചടങ്ങിൽ നൽകുന്ന അവാർഡുകൾ കേവലമൊരു ചലച്ചിത്ര അംഗീകാരം മാത്രമല്ല. കാണപ്പെടാതെ പോകുമായിരുന്ന കഥകൾ പറഞ്ഞുതന്ന, പ്രതിബന്ധങ്ങളെ ധീരമായി അതിജീവിച്ച ചലച്ചിത്രകാരർക്കുള്ള ശക്തമായ പിന്തുണകൂടിയാണ്.
ഐ.എഫ്.എഫ്.കെയുടെ ശക്തി അതിന്റെ പ്രേക്ഷകരിലാണ്. ഗൗരവമേറിയ സിനിമയും ജനങ്ങളുടെ സിനിമയായിരിക്കാമെന്ന് കേരളം എപ്പോഴും തെളിയിച്ചിട്ടുണ്ട്. സബ്‌ടൈറ്റിലുകൾ ഇവിടെ ഒരിക്കലും ഒരു തടസ്സമായിട്ടില്ല. സിനിമ ആഘോഷത്തിനും ആത്മപരിശോധനക്കും ഒരുപോലെ വഴിവെക്കും. ഫെസ്റ്റിവൽ അതിന്റെ നാലാം ദശാബ്ദത്തിലേക്ക് കടക്കുമ്പോൾ, ലോകം കേരളത്തെ കാണുന്നതായും കേരളം സിനിമയിലൂടെ ലോകത്തെ കണ്ടെത്തുന്നതായും ഉള്ള ഈ യാത്ര തുടരണമെന്നതാണ് എന്റെ ആഗ്രഹം.
