ഇതാണ് കേരള സ്റ്റോറി
അതിദാരിദ്ര്യ നിർമ്മാർജനം >>
| ഡെസ്നി സുൽഹ് വര : സുധീർ പി.വൈ |
പലവിധ കാരണങ്ങളാൽ സമൂഹത്തിന്റെ അടിത്തട്ടിൽ, ദാരിദ്ര്യത്തിൽ കഴിയേണ്ടിവന്ന മനുഷരെ കേരളം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കൈപിടിച്ച് ഉയർത്തിയതിന്റെ സാക്ഷ്യങ്ങളാണ് ഇവിടെ വായിക്കാവുന്നത്. അതിദാരിദ്ര്യ മുക്തമായ നാട് എന്ന ലക്ഷ്യപൂർത്തീകരണത്തിന് സർക്കാരി നൊപ്പം എല്ലാ ഭേദചിന്തകളും മറന്ന് ഒപ്പം നിൽക്കുന്ന നാടിന്റെ കഥകൾ കൂടിയാണവ. കേരളം മുന്നോട്ടുവയ്ക്കുന്ന ദേശീയമാതൃക |
ദുരിത ജീവിതത്തിൽ
ചേർത്തുപിടിച്ച് നാട്

സമൂഹമൊന്നാകെ കൈപിടിച്ചുയർത്തിയ ജീവിതമാണ് ഇടുക്കി കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ താമസിക്കുന്ന കുടുംബത്തിന്റേത്. വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. വാഹനാപകടത്തിൽ ഗൃഹനാഥന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതോടെ എല്ലാം തകിടം മറിഞ്ഞു. അദ്ദേഹത്തെ ശുശ്രൂഷിക്കാൻ മറ്റാരും ഇല്ലാത്തതിനാൽ ഭാര്യയ്ക്ക് ജോലിക്ക് പോകാൻ കഴിയാതായി. വാർഡംഗത്തിന്റെയും മറ്റ് സുമനസ്സുകളുടെയും സഹായത്തിലാണ് അവർ കഴിഞ്ഞിരുന്നത്. പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വസ്തു വാങ്ങുന്നതിന് ആദ്യം രണ്ട് ലക്ഷം രൂപയും തുടർന്ന് വീട് വയ്ക്കുന്നതിന് ധനസഹായവും നൽകി.. Lymph’s Seven Systems എന്ന സ്ഥാപനം അദ്ദേഹത്തിന് കൃത്രിമക്കാലും ഉപജീവനത്തിന് ഓട്ടോറിക്ഷ വാങ്ങുന്നതിനും ധനസഹായം നൽകി. ഇപ്പോൾ ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തുന്ന കുടുംബം ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച പാർപ്പിടത്തിൽ സന്തോഷത്തോടെ ജീവിക്കുന്നു.
സ്നേഹ സ്പർശത്താൽ
ഉയിർത്തെഴുന്നേൽപ്
തൃശൂർ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട പതിമൂന്ന് വയസ്സുകാരിയുടെ മാതാപിതാക്കൾ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതാണ്. കാഴ്ചപരിമിതയായ ഈ കുട്ടിക്ക് ശാരീരിക- മാനസിക വെല്ലുവിളികളും ഉണ്ട്. ഓട്ടിസത്തിന്റെ ലക്ഷണങ്ങളോടൊപ്പം കാലിന് ബലക്കുറവും ഉള്ളതിനാൽ നടക്കുന്നതിനും പ്രാഥമിക കൃത്യങ്ങൾ ചെയ്യുന്നതിനുപോലും മറ്റുള്ളവരുടെ സഹായം ആവശ്യമായിരുന്നു. അമ്മയുടെ അമ്മായിയുടെ സംരക്ഷണയിൽ വെള്ളിക്കുളങ്ങരയിലുള്ള അവരുടെ മകളുടെ വീട്ടിൽ ആയിരുന്നു താമസം. അമ്മായി ഹൃദ്രോഗിയും പ്രായം ചെന്ന വ്യക്തിയും ആണ്. അമ്മായിയുടെ മകളും അവരുടെ രണ്ടു മക്കളുടെ കുടുംബവും അടക്കം 11 പേർ, പഞ്ചായത്തിൽ നിന്നും ലഭിച്ച ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്.
കുട്ടിയെ സംരക്ഷിക്കുന്നതിന് ഇവർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടി പഞ്ചായത്തിന്റെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുന്നത്. കുട്ടിക്ക് ആധാർ, റേഷൻ കാർഡ് മുതലായ രേഖകൾ ഉണ്ടായിരുന്നില്ല.
വിരലടയാളം പതിയാത്തതിനാൽ ആധാർ എടുക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. എങ്കിലും കളക്ടറേറ്റിൽ നിന്നുള്ള പ്രത്യേക നിർദേശപ്രകാരം ആധാർ, റേഷൻ കാർഡ് മുതലായ രേഖകൾ എല്ലാം ശരിയാക്കി നൽകാനായി. താലൂക്ക് സിവിൽ സപ്ലൈസ് വിഭാഗത്തിന്റെ സഹായത്തോടെ കുട്ടിക്ക് റേഷൻ കാർഡ് ലഭ്യമാക്കുന്നതിനും കുട്ടിക്ക് പകരക്കാരനായി മറ്റൊരാളെ ഉപയോഗിച്ച് റേഷൻ നൽകാനുമായി. ഇതുകൂടാതെ ഓണത്തിന് പഞ്ചായത്ത് ഭക്ഷ്യവസ്തുക്കളും ഓണപ്പുടവയും നൽകി. പഞ്ചായത്തിന്റെ ‘ഭിന്നശേഷിക്കാർക്ക് ഉപകരണം വാങ്ങൽ’ എന്ന പദ്ധതിയിലൂടെ ഐസിഡിഎസ് വഴി നൽകിയ പീഡിയാട്രിക് വീൽചെയറും ‘കമ്മോഡ് ചെയർ വിത്ത് വീൽ’ എന്നീ ഉപകരണങ്ങളുമാണ് ഏറ്റവും സഹായകമായത് . ഇതോടെ കിടക്കയിൽനിന്നും തീരെ എഴുന്നേൽക്കാതെ പ്രാഥമിക കൃത്യങ്ങൾ അടക്കം ചെയ്തിരുന്ന കുട്ടി എഴുന്നേൽക്കാനും മറ്റുള്ളവരുടെ സഹായത്തോടെ നടക്കാനും തുടങ്ങി. എന്നാൽ സംരക്ഷിക്കുന്ന അമ്മായിക്ക് പ്രായമായതിനാലും ഹൃദ്രോഗം മുതലായ അസുഖങ്ങളാൽ കഷ്ടപ്പെടുന്നതിനാലും കുട്ടിയെ ജില്ലാ സാമൂഹിക നീതി ഓഫീസിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും സഹായത്തോടെ കൂടപ്പുഴ ‘അനുഗ്രഹ സദൻ’ എന്ന സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സഹനങ്ങളിൽ
തുണയായി വിദ്യാലയം
അഞ്ച് സെന്റ് സ്ഥലത്ത് ഏകദേശം 600 ചതുരശ്ര അടിയിലുളള മനോഹരമായ കോൺക്രീറ്റ് വീടുള്ള കോഴിക്കോട് സ്വദേശി എങ്ങനെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടുവെന്ന് സംശയം തോന്നിയേക്കാം. ടൈൽ പാകിയതും അത്യാവശ്യം നല്ല ഫർണിച്ചറും മുറ്റത്ത് നിറയെ ചെടികളും പൂക്കളുമുള്ള വീട്. എന്നാൽ ഇതായിരുന്നില്ല പഴയ ജീവിതം. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുണ്ടാക്കിയ വീട്ടിലായിരുന്നു ഇവർ ആദ്യം താമസിച്ചിരുന്നത്. മകൾ പഠിക്കുന്ന സ്കൂളിന്റെ നന്മയിലാണ് പിന്നീട് ഈ കുടുംബം ജീവിതം നട്ടുപിടിപ്പിച്ചത്.
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 73 പേരിൽ ഒരാളാണിത്. വീട്ടുടമസ്ഥന് 18ഉം 12ഉം വയസ്സുളള രണ്ട് പെണ്മക്കളാണുള്ളത്. ഒരാൾ ജന്മനാ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടിയായതിനാൽ അമ്മ എപ്പോഴും കൂടെ വേണം. അതുകൊണ്ട് അമ്മയ്ക്ക് മറ്റു ജോലിക്ക് പോകാൻ സാധിക്കില്ല. ഈ മകൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളിലെ ബസ്സിൽ അമ്മയെ സഹായിയാക്കിയാണ് സ്കൂൾ ഒപ്പം നിന്നത്.
രണ്ടാമത്തെ മകൾ പഠനത്തിലും പാട്ടിലും മികവ് പുലർത്തുന്ന കുട്ടിയാണ്. മാതാപിതാക്കളുടെ ഏക പ്രതീക്ഷയും ആശ്രയവുമായിരുന്ന മകൾക്ക് പെട്ടൊന്നൊരു ദിവസം കണ്ണിന് കാൻസർ ബാധിച്ചെന്ന് അറിഞ്ഞപ്പോൾ ആ കുടുംബം തകർന്നുപോയി. മകളുടെ ഒരു കണ്ണ് നീക്കം ചെയ്തെങ്കിലും രണ്ടാമത്തെ കണ്ണിനുകൂടി വന്ന രോഗബാധ മാറാനായി ചികിത്സയിലാണ്.
ചേലിയയിലെ കെ.കെ.കിടാവ് യു.പി സ്കൂൾ വിദ്യാർഥിയായ കുട്ടിയുടെ അസുഖവിവരം അറിയാനായി സ്കൂൾ അധികൃതർ വീട്ടിലെത്തിയപ്പോഴാണ് അവരുടെ രണ്ടു മക്കളുടെ ദയനീയ സ്ഥിതിയും വീടിന്റെ സ്ഥിതിയും കാണുന്നത്. തങ്ങളാലാവുംവിധം സഹായിക്കണമെന്ന് തീരുമാനിച്ച അവർ സ്കൗട്ട് ആൻഡ് ഗൈഡ്സ് കൊയിലാണ്ടി യൂണിറ്റുമായി ബന്ധപ്പെട്ട് കുട്ടികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ എല്ലാ പണിയും കഴിഞ്ഞ ഒരു ചെറിയ മനോഹരമായ വീട് അവർക്ക് നിർമ്മിച്ചുകൊടുത്തു. 2022 ഏപ്രിലിൽ പണി പൂർത്തീകരിച്ച ആ വീട്ടിലാണ് ഇപ്പോൾ കുടുംബം താമസിക്കുന്നത്.
ഒന്നുമില്ലായ്മയിൽ നിന്ന്
കരുതൽത്തണലിലേക്ക്

ഭർത്താവ് ഉപേക്ഷിച്ച് പോയ ആ അമ്മ രണ്ട് ചെറിയ കുട്ടികൾക്കൊപ്പമാണ് ഇടുക്കി വട്ടവട ഗ്രാമപഞ്ചായത്ത് ചിലന്തിയാർ വാർഡിൽ താമസിച്ചിരുന്നത്. സ്വന്തമായി വീടോ മറ്റ് അവകാശ രേഖകളോ ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ല. അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ടശേഷം അവർക്ക് ആധാർ കാർഡ്, റേഷൻ കാർഡ്, തൊഴിലുറപ്പ് തൊഴിൽ കാർഡ് എന്നിവ നൽകി. കുട്ടികൾക്ക് ആവശ്യമായ ചികിത്സ വട്ടവട പ്രാഥമിക ആരോഗ്യകേന്ദ്രം ഉറപ്പാക്കി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യകിറ്റ് ലഭ്യമാക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സുവർണ്ണം ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യം വസ്തുവും പിന്നീട് വീടും നൽകി. അമ്മയ്ക്ക് ഹരിതകർമ്മ സേനാംഗമായി നിയമനം നൽകി. സ്കൂൾ തുറക്കുന്ന സമയത്ത് പഞ്ചായത്ത് കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസും നൽകി.
അവയവമാറ്റം
വഴി പുതുജീവിതം

തൃശൂർ ജില്ലയിലെ കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 13-ലെ ഗുണഭോക്താവിന് ഗുരുതരമായ വൃക്കരോഗം മൂലം വൃക്ക മാറ്റി വയ്ക്കേണ്ട സാഹചര്യം ഉണ്ടായി. അതിദരിദ്രർക്ക് വേണ്ട സഹായങ്ങൾ നൽകാൻ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തുന്ന ഫണ്ടുകൾക്ക് പുറമെ സർക്കാർ നൽകുന്ന ഗ്യാപ് ഫണ്ടിൽ നിന്നും തുക അനുവദിച്ചു. ഉയർന്ന ചികിത്സച്ചെലവ് ആവശ്യമായി വരുന്നവരെ സഹായിക്കുവാൻ അനുവദിച്ച 10 കോടി രൂപയിൽ നിന്നും, ജില്ല മെഡിക്കൽ ഓഫീസറുടെ ശിപാർശ അനുസരിച്ച് നാല് ലക്ഷം രൂപയാണ് നല്കിയത്. തൃശൂർ മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയമായതിനെ തുടർന്ന് അദ്ദേഹമിപ്പോൾ ആരോഗ്യവാനായിരിക്കുന്നു.
ചാഴൂരിന്റെ
വനിതാപോരാളികൾ
ചാഴൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ താമസിക്കുന്ന ഈ വനിതാ ഗുണഭോക്താവ് 75 ശതമാനം കാഴ്ച പരിമിതിയോടെയാണ് ജനിച്ചത്.
പ്രീഡിഗ്രി വരെ പഠിച്ചെങ്കിലും സ്ഥിരവരുമാനമുള്ള ഒരു ജോലി അവർക്ക് ഉണ്ടായിരുന്നില്ല. ഈ വ്യക്തിയുടെ രണ്ട് മക്കളും കാഴ്ചപരിമിതരാണ്. ഭർത്താവിന്റെ കടുത്ത മദ്യപാനം കൂടിയായതോടെ ജീവിതം ദുസ്സഹമായി. അക്കാലത്ത് എഡിഎസ് വഴി ഹരിത കർമ്മസേനയ്ക്ക് അപേക്ഷിക്കാൻ കുടുംബശ്രീ സംഘടന പ്രോത്സാഹിപ്പിക്കുകയും പിന്നീട് ഹരിത കർമ്മസേനയിൽ ചേരുകയും ചെയ്തു.
ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും മാലിന്യങ്ങൾ തരംതിരിക്കാനുമുള്ള പരിശീലനം നേടുകയും ജോലിയിൽ വിജയിക്കുകയും ചെയ്തു. ചാഴൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ താമസിച്ചിരുന്ന ഒരു തൊഴിലാളിക്ക് അപകടത്തെ തുടർന്ന് ജോലി ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഭർത്താവിനെ പരിപാലിക്കാൻ വീട്ടിൽ തന്നെ കഴിയേണ്ടിയും വന്നു. ഇത് കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.
മകന്റെ വിദ്യാഭ്യാസവും വീട്ടുവാടകയും താങ്ങാൻ കഴിയാതായി. പിന്നീട് ഭാര്യ ഹരിതകർമ്മസേനയിൽ ചേരുകയും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യാനാരംഭിച്ചു. ഇരുവരും എല്ലാ മാസവും 9000 രൂപയിൽ കൂടുതൽ സമ്പാദിക്കുന്നു.
സ്വപ്നങ്ങൾ
തിരിച്ചുപിടിച്ചവരുടെ കഥ
കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ചട്ടുകപ്പാറയിലാണ് ഈ വിജയഗാഥയിലെ ഗുണഭോക്താവ് താമസിക്കുന്നത്. അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി നേരിട്ട അദ്ദേഹത്തിനും കുടുംബത്തിനും ഗ്രാമപഞ്ചായത്ത് സഹായഹസ്തം നീട്ടുകയായിരുന്നു.
നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളുമായി വിദേശത്ത് ജോലിക്ക് പോയതാണ്. കുടുംബപരമായ കടമകളും പ്രശ്നങ്ങളും നിറവേറ്റാൻ അദ്ദേഹം മരുഭൂമിയിൽ പാടുപെടുമ്പോൾ, ദുരന്തം ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായെങ്കിലും അരയ്ക്ക് താഴേക്കുള്ള ചലനശേഷി നഷ്ടപ്പെട്ടു. മറ്റ് മാർഗമില്ലാത്തതിനാൽ അദ്ദേഹത്തിന് ഒഴിഞ്ഞ കൈയോടെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. 49 കാരനായ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം വരുമാനമാർഗം ഇല്ലാതായതോടെ അതിദാരിദ്ര്യത്തിലായി.
വരുമാന മാർഗമായി ഒരു ചായക്കട നടത്താൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗ്രാമപഞ്ചായത്ത് നൽകി. ഇത് ആ വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവിതത്തിന് പുതിയ അർഥം നൽകി. കൂടാതെ, ‘അവകാശം അതിവേഗം’ പദ്ധതിയിലൂടെ ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകൾ പഞ്ചായത്തിന്റെ സഹായത്തോടെ ലഭ്യമാക്കി. അസാധ്യമെന്ന് തോന്നിയിടത്തുനിന്ന് സർക്കാരിന്റെ കൈപിടിച്ച് ജീവിതം പടുത്തുയർത്തുകയാണ് അവരിപ്പോൾ.
ഭാഗ്യം’ നൽകിയ കരുതൽ
മുതുകുളം ഗ്രാമപഞ്ചായത്തിലെ ദുർബലനായ ഒരു ഗുണഭോക്താവ് ഏകാംഗകുടുംബം ആയിരുന്നു. ഔദ്യോഗിക രേഖകളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
അതിദാരിദ്ര്യ നിർമ്മാർജന പ്രക്രിയയുടെ ആദ്യഘട്ടത്തിൽ വോട്ടർ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ജോബ് കാർഡ് എന്നിവയും സാമൂഹിക സുരക്ഷാപെൻഷനും അദ്ദേഹത്തിന് നൽകി. ജോബ് കാർഡ് ലഭിച്ച ശേഷം തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിക്കാൻ തുടങ്ങി. നിലവിൽ ഒരു ബന്ധുവിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. വരുമാന മാർഗത്തിനായി ഗ്രാമപഞ്ചായത്തിനെ സമീപിച്ചു. ലോട്ടറി വ്യാപാരം നടത്താനായിരുന്നു അദ്ദേഹത്തിന് താൽപര്യം. ‘ഉജ്ജീവനം’ പദ്ധതി പ്രകാരം 15,000 രൂപയ്ക്ക് കുടുംബശ്രീ വഴി പഞ്ചായത്ത് ഇതിന് തുണയായി. നിലവിൽ ലോട്ടറി വ്യാപാരത്തിലൂടെ വരുമാനം നേടുന്ന അദ്ദേഹത്തിന് ആരോഗ്യ പ്രവർത്തകർ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ആവശ്യമായ മരുന്നുകൾ വീട്ടിലേക്ക് എത്തിച്ച്, ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.
ലൈഫ് നൽകിയ
കൈത്താങ്ങ്
ചവറ പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന 24 കാരിയായ ഗുണഭോക്താവിന്റെ ഇലക്ട്രീഷ്യനായ ഭർത്താവ് കോവിഡ് മൂലം മരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച ഗുണഭോക്താവിന് ന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്്. സർക്കാർ ലൈഫ് മിഷൻ വഴി ആ കുടുംബത്തിന് വീട് നൽകി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ഥിരമായി തൊഴിൽ നൽകി. ഒരു സ്വയം സഹായ സംഘത്തിൽ നിന്നും അവർക്ക് പിന്തുണ ലഭിക്കുകയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ജനസേവന കേന്ദ്രത്തിൽ ജോലി ലഭിക്കുകയും ചെയ്തു.
ബ്രെയിൻ ട്യൂമർ ബാധിച്ച് എട്ട് വർഷമായി ചികിത്സയിലായിരുന്ന 58 കാരിയായ മറ്റൊരു വീട്ടമ്മയും ദിവസക്കൂലിക്കാരനായ അവരുടെ ഭർത്താവും ശാരീരിക പരിമിതികൾ കാരണം ഒട്ടേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ആകെ ജീർണിച്ച വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആ കുടുംബത്തിന് വീട് നൽകി. സുരക്ഷിതമായ പാർപ്പിടത്തിൽ അവർ സന്തോഷത്തോടെ കഴിയുന്നു.
ഒറ്റപ്പെടലിന്റെ വേദനകൾ അകന്നു;
തണലൊരുങ്ങി
മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചെന്നിത്തല തൃപ്പെരുന്തര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ താമസക്കാരിയും രോഗിയുമായ ഗുണഭോക്താവ് അതിദയനീയാവസ്ഥയിൽ പൂർണ്ണമായും തകർന്ന ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. അവർക്കും സഹോദരിക്കും സംയുക്തമായി അഞ്ച് സെന്റ് ഭൂമിയും സഹോദരിക്ക് ചെറിയ പെൻഷനും ഉണ്ടായിരുന്നു.
സഹോദരിയുടെ മരണശേഷം ഒറ്റപ്പെട്ട ഗുണഭോക്താവിന് ഗ്രാമപഞ്ചായത്ത് ഭക്ഷണവും മരുന്നും നൽകി വന്നിരുന്നെങ്കിലും കാലിലെ അസുഖം കാരണം അവർക്ക് നടക്കാൻ കഴിയാതെ വന്നതോടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതായി. വീട് നൽകുന്നതിനേക്കാൾ അവരെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ വഴി അവരുടെ അവസ്ഥ സാമൂഹികനീതി വകുപ്പിനെ അറിയിച്ചു. ആലപ്പുഴ ആറാട്ടുപുഴയിലെ സാമൂഹികനീതി വകുപ്പിന്റെ വാർധക്യ കേന്ദ്രത്തിലേക്ക് മാറ്റിയ അവരിപ്പോൾ ഏറെ സന്തോഷത്തോടെ കഴിയുന്നു.
ഒരു കാൻസർ അതിജീവന കഥ
ഇടുക്കി ജില്ലയിലെ ശാന്തൻപാറ ഗ്രാമപഞ്ചായത്ത് വാർഡ് 12ലെ കുടുംബം സ്വന്തമായി വസ്തുവോ വീടോ ഉപജീവന മാർഗങ്ങളോ ഇല്ലാത്തവരായിരുന്നു. ആദ്യമായി കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി കുടുംബസ്വത്തിൽ നിന്ന് വാങ്ങി നൽകിയ ശേഷം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി. വീട് വയ്ക്കുന്നതിന് ധനസഹായം നൽകി ഭവന നിർമ്മാണം പൂർത്തിയാക്കി. കാൻസർ ബാധിതയായ ഭർത്താവിന് ചികിത്സാ സഹായം നൽകിവരുന്നുണ്ട്. പഞ്ചായത്തിന്റെ ഹെൽപ് ഡെസ്കിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഭാര്യയ്ക്ക് ജോലി നൽകി. കുടുംബം അതിദാരിദ്ര്യം തരണം ചെയ്ത് ജീവിതം നയിക്കുന്നു.
പ്രതീക്ഷയുടെ നൂലിഴകൾ
നെയ്ത് ഒരു കുടുംബം
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ ഈ കുടുംബം ജീവിതത്തിലുടനീളം ഒട്ടേറെ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. കുടുംബനാഥന് ചലനശേഷി നഷ്ടപ്പെടുത്തിയ ഒരു രോഗം വരികയും കേൾവി പരിമിതിയുള്ള ഭാര്യ ഉൾപ്പെട്ട കുടുംബം വലിയ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു. ഈ വെല്ലുവിളികൾക്കിടയിലും അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ പിന്തുണയോടെ മൂന്ന് പേരടങ്ങുന്ന ആ കുടുംബം പുതുജീവിതത്തിലേക്ക് മാറി.
ചലനപരിമിതി ഉള്ള കുടുംബനാഥന് അദ്ദേഹത്തിന്റെ കഴിവുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുവാൻ കഴിയുന്ന ഒരു തയ്യൽ യന്ത്രം നൽകി. തന്റെ തയ്യൽ വൈദഗ്ധ്യം ഉപയോഗിച്ച് ചെറിയ ജോലികൾ ഏറ്റെടുത്തു. കേൾവി വെല്ലുവിളിയുണ്ടായിട്ടും ഭാര്യ ബിസിനസ്് കൈകാര്യം ചെയ്യുകയും അവരുടെ കഠിനാധ്വാനം താമസിയാതെ ഫലം കാണുകയും ചെയ്തു. ഇതോടെ പ്രാദേശികമായി സ്ഥിരം ഉപഭോക്താക്കളെ ആകർഷിക്കാനായി. ഇന്നിപ്പോൾ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിരത കുടുംബത്തിന് നേടാനാകുന്നു.
സ്വയം തൊഴിലേകി
പുനരുജ്ജീവനം
കൊച്ചി കോർപ്പറേഷനിലെ അവിവാഹിതയായ ഗുണഭോക്താവ് പ്രായമായ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയുടെ ക്ഷേമപെൻഷൻ മാത്രമായിരുന്നു വരുമാനം. ജീവിതസാഹചര്യങ്ങൾ ദയനീയമായിരുന്നു.
പലപ്പോഴും അവരുടെ ജീർണിച്ച വീട്ടിൽ ദൈനംദിന ഭക്ഷണം ലഭിക്കാൻ പോലും പാടുപെട്ടിരുന്നു. അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനുശേഷം ആദ്യപടിയായി ഈ കുടുംബത്തിന് ഭക്ഷ്യകിറ്റുകൾ നൽകി. തുടർന്ന് വീട് വാസയോഗ്യമാക്കുന്നതിന് അറ്റകുറ്റപ്പണികൾ നടത്തി. കൂടാതെ, ഒരു തൊഴിൽ സംരംഭം ആരംഭിക്കുന്നതിനായി ഉജ്ജീവനം ക്യാമ്പെയ്നിന് കീഴിൽ സാമ്പത്തിക സഹായം നൽകി. ഇതിലൂടെ ഒരു ഡിഷ് വാഷ്, ലോഷൻ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനായി. സ്വന്തമായി വരുമാനം നേടി ജീവിക്കുന്നതിന്റെ അഭിമാനത്തിലാണ് ഇന്ന് അവർ.
ഇന്ന് അവർ അന്തിയുറങ്ങുന്നു
സമാധാനത്തിൽ, സുരക്ഷയിൽ
ഇടുക്കി ജില്ലയിലെ മറയൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ, ചെമ്മാൻ കുഴിക്കരയിൽ താമസിക്കുന്ന ദമ്പതിമാർ മൂന്ന് മക്കളും പ്രസവത്തോടെ മരിച്ചുപോയ ഹതഭാഗ്യരാണ്. വാർധക്യവും രോഗപീഢകളും മൂലം സ്വന്തമായി ജോലി ചെയ്ത് ജീവിക്കാൻ കഴിയാതെ വന്ന അവർ പഞ്ചായത്തിന്റെ സ്ഥലത്ത് പ്ലാസ്റ്റിക് കൊണ്ട് മറച്ച താത്കാലിക ഷെഡ്ഡിലാണ് താമസിച്ചിരുന്നത്. അയൽവാസികൾ നൽകുന്ന ഭക്ഷണം മാത്രമായിരുന്നു വിശപ്പടക്കുവാനുള്ള ഏക മാർഗം. മാനസിക വിഭ്രാന്തിയുള്ള കുടുംബനാഥൻ രാത്രിയിൽ ഉറക്കമില്ലാതെ അലഞ്ഞ് നടക്കുന്ന ആളായതിനാൽ അടച്ചുറപ്പുള്ള വീടില്ലാത്തത് അവരെ വളരെയേറെ കഷ്ടപ്പെടുത്തിയിരുന്നു. അവർ താമസിച്ചിരുന്ന സ്ഥലം വീട് വയ്ക്കുന്നതിനായി പഞ്ചായത്ത് അനുവദിച്ച് നൽകുകയും ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീട് നിർമ്മിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ വീട്ടുപകരണങ്ങളും വാങ്ങിനൽകി. ജീവിതത്തിൽ ആദ്യമായി സമാധാനത്തോടെ, അന്തസ്സോടെ, സന്തോഷത്തോടെ അവർ ആ വീട്ടിൽ കഴിയുന്നു.
തോൽക്കാൻ
മനസ്സില്ലാത്തവരുടെ കഥ
സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന്റെ പതാകവാഹക എന്ന് വിളിക്കാവുന്നത് ഒരു അതിദരിദ്ര ഗുണഭോക്താവാണ്. ദാരിദ്ര്യം ബുുദ്ധിമുട്ടിക്കുമ്പോഴും ഡിജിറ്റൽ സാക്ഷരത നേടുന്നതിന് സന്നദ്ധത കാണിച്ച് അവർ ആ പരിശീലനം വിജയകരമായി പൂർത്തിയാക്കി.
പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സമയത്ത് കേരള സർക്കാർ പുറത്തിറക്കിയ ‘ജനപഥം’ മാസികയുടെ മുഖചിത്രമായതും ഇതേ വ്യക്തിയാണ്. ഒരു നാടൻപാട്ട് കലാകാരി കൂടിയായ അവർ ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച്, നാടൻ പാട്ടുകൾ പ്രചരിപ്പിക്കുന്നു. അവരുടെ കുടുംബത്തിന് അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് മറ്റ് ആനുകൂല്യങ്ങളും നൽകുന്നു.

പലവിധ കാരണങ്ങളാൽ സമൂഹത്തിന്റെ അടിത്തട്ടിൽ, ദാരിദ്ര്യത്തിൽ കഴിയേണ്ടിവന്ന മനുഷരെ കേരളം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കൈപിടിച്ച് ഉയർത്തിയതിന്റെ സാക്ഷ്യങ്ങളാണ് ഇവിടെ വായിക്കാവുന്നത്. അതിദാരിദ്ര്യ മുക്തമായ നാട് എന്ന ലക്ഷ്യപൂർത്തീകരണത്തിന് സർക്കാരി നൊപ്പം എല്ലാ ഭേദചിന്തകളും മറന്ന് ഒപ്പം നിൽക്കുന്ന നാടിന്റെ കഥകൾ കൂടിയാണവ. കേരളം മുന്നോട്ടുവയ്ക്കുന്ന ദേശീയമാതൃക