ഇതര കലകളുടെ തിരക്കാഴ്ച

ഇതര കലാരൂപങ്ങൾ സിനിമയിൽ പലമട്ട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ക്ഷേത്രകലകളും ക്ലാസിക്കൽ കലാരൂപഭങ്ങളും നാടൻ കലകളും മലയാള സിനിമയിൽ ഇടപെട്ടിട്ടുണ്ട്. കേരളത്തിൽ നിലനിന്നുപോരുന്ന തോൽപ്പാവക്കൂത്ത്, കഥകളി, കൂടിയാട്ടം പോലുള്ള കലകളിലെ പല അംശങ്ങളും സിനിമയെ സ്വാധീനിച്ചിട്ടുണ്ടെന്നു വേണം അനുമാനിക്കാൻ. അമ്പലപ്പറമ്പിലെ കൂത്തുമാടത്തിൽ വലിച്ചുകെട്ടിയ തിരശ്ശീലയ്ക്കു പിറകിലെ പാവരൂപങ്ങൾ കാണികൾക്കു മുന്നിൽ സംഭാഷണം നടത്തുന്നതിന്റെയും ആടുന്നതിന്റെയും യുദ്ധം ചെയ്യുന്നതിന്റെയുമെല്ലാം ചിത്രണങ്ങൾ തോൽപ്പാവക്കൂത്തിലൂടെ കണ്ടുശീലിച്ചവരാണ് മലയാളികൾ. കലകളിൽ പ്രായേണ ആധുനികവും ജനപ്രിയവുമായി പിൽക്കാലത്ത് അടയാളപ്പെടുത്തപ്പെട്ട സിനിമയുടെ ആദിമരൂപമായി തോൽപ്പാവക്കൂത്ത് പോലുള്ള കലാരൂപങ്ങളെ അനുമാനിക്കാം. മലയാള സിനിമയ്ക്ക് കലാരൂപങ്ങളോടുള്ള ആദിമബന്ധം തോൽപ്പാവക്കൂത്തിൽ തുടങ്ങുന്നു എന്നും പറയാം.
അടുത്ത കാലത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം ചർച്ചചെയ്ത സിനിമാപരമ്പരകളിലൊന്നായ കാന്താര തുളുനാടിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും കേന്ദ്രമാക്കി ഭൂതക്കോലങ്ങളിലൂടെ കഥ പറഞ്ഞാണ് വ്യത്യസ്തത സൃഷ്ടിച്ചത്. ദക്ഷിണ കർാടകവും ഉത്തര മലബാറും അതിർത്തി പങ്കിടുന്ന തുളുനാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഭൂതക്കോലങ്ങൾ. കണ്ണൂരിലെയും കാസർകോട്ടെയും തെയ്യക്കാവുകളുമായി ബന്ധപ്പെട്ട് നിലനിന്നുപോരുന്ന വിശ്വാസങ്ങളോടു ചേർന്നുനിൽക്കുന്നതാണ് തുളുനാടിന്റെ ഭൂതക്കോലങ്ങൾ. വരാഹ സങ്കല്ത്തിലുള്ള പഞ്ചുരുളി എന്ന ഭൂതക്കോലത്തെ കേന്ദ്രീകരിച്ചാണ് കാന്താരയുടെ കഥ പറയുന്നത്. തുളുഭാഷയിൽ പഞ്ച് എന്നാൽ പന്നി (വരാഹം) എന്നാണർഥം. സാത്വിക രൂപത്തിൽ തുടങ്ങുകയും രൗദ്രനടനം നടത്തി അനുഗ്രഹം ചൊരിയുകയും ചെയ്യുന്ന പഞ്ചുരുളിയെ കാന്താരയിൽ ആവിഷ്‌കരിച്ചിരിക്കുന്നു. തെയ്യത്തിന്റെ മനോഹാരിത ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന സിനിമ കൂടിയാണ് കാന്താര. കാടുമായി ചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ ദൈവിക സങ്കല് പ്പങ്ങളും വിശ്വാസവും കാന്താരയിൽ കടന്നുവരുന്നു. ശിവയെന്ന സാധാരണ യുവാവ് പഞ്ചുരുളിക്കോലത്തിലേക്ക് പ്രവേശനം നടത്തി അരുളപ്പാടുകൾ നടത്തുന്നതായി കാന്താര പരമ്പരയിലെ ആദ്യ സിനിമയിൽ കാണിക്കുമ്പോൾ പഞ്ചുരുളി ഭൂതക്കോലത്തിന്റെ പൂർവകഥയാണ് കാന്താരയുടെ പ്രീക്വലിൽ പറയുന്നത്.
തെയ്യത്തിന്റെ രൗദ്രഭാവവും വിസ്ഫോടനശേഷിയും കാന്താരയിലെ ഭൂതക്കോലം ആവാഹിക്കുന്നുണ്ട്. അതാണ് കാന്താരയിലെ തെയ്യക്കോലത്തെ സിനിമയുടെ കാഴ്ചശേഷവും വിട്ടുപോകാത്ത രൂപവും ശബ്ദവുമായി അവശേഷിപ്പിക്കുന്നത്. അതേസമയം തെയ്യം പ്രമേയമായി വന്ന കളിയാട്ടം, പുലിജന്മം, ചായില്യം പോലുള്ള സിനിമകൾ കോലംകെട്ടിനേക്കാളും കല്പനകളെക്കാളും കോലം കെട്ടിയാടുന്ന കലാകാരന്റെ മാനസികവ്യാപാരത്തിലേക്കാണ് കൂടുതൽ ആഴത്തിൽ പ്രവേശിക്കുന്നത്.
കലാകാരരുടെ
ജീവിതവിഷാദങ്ങൾ
അരങ്ങിൽ രാജസവേഷങ്ങൾ കെട്ടിയാടേണ്ടി വരുമ്പോഴും ജീവിതത്തിലെ സ്ഥായിയായ സാത്വികഭാവവും വിഷാദവും വിഷമാവസ്ഥകളും പിന്തുടർന്നു പോരേണ്ടിവരുന്ന കലാകാരന്റെ ജീവിതമാണ് കലകളെ ഉപയോഗപ്പെടുത്തുന്ന സിനിമകൾ ഭൂരിഭാഗവും പ്രമേയമാക്കിയത്. ജയരാജിന്റെ കളിയാട്ടത്തിലേക്കു വരുമ്പോൾ കണ്ണൻ പെരുമലയന് വിധിപോലെ വന്നുചേരുന്നുണ്ട് ഈ വിഷാദവും നൈരാശ്യവും ഒടുക്കം ആത്യന്തികമായ മരണവും. അനിവാര്യതയെന്നോണം താൻ കെട്ടിയാടിയ തീച്ചാമുണ്ടിക്കോലമായി പെരുമലയൻ കനലിലൊടുങ്ങുന്നു. തെയ്യത്തെ ദൈവമായിത്തന്നെ ദേശക്കാർ കണ്ടുപോരുന്നു. ദേശത്തെ നാടുവാഴിയുടെ മകളായ താമര തീവ്രമായ പ്രണയത്തിൽ ജാതിവരമ്പ് ഭേദിച്ച് പെരുമലയനോടൊപ്പം ജീവിക്കാൻ തയ്യാറായി സ്വഗേഹം വിട്ടിറങ്ങുകയാണ്. പെരുമലയൻ തെറ്റിദ്ധരിക്കുമ്പോഴും തന്റെയുള്ളിലെ അനുരാഗം അവൾ കെടാതെ സൂക്ഷിക്കുന്നു. താമരയാണ് പെരുമലയന്റെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരുന്നത്. ആ വെളിച്ചം കെടുന്നതോടെ പെരുമലയനു മുന്നിൽ പിന്നെ ഇരുട്ട് മാത്രമാണ്. അതിനയാൾ കീഴടങ്ങുകയും ചെയ്യുന്നു. കൃത്രിമവെളിച്ചങ്ങൾ ഉപയോഗപ്പെടുത്താതെ യായിരുന്നു എം.ജെ രാധാകൃഷ്ണൻ കളിയാട്ടക്കാവിനെയും തെയ്യക്കോലങ്ങളെയും തെളിമയുള്ള ചിത്രങ്ങളാക്കിയത്. ഇതിന്റെ തെളിമ ഈ സിനിമയുടെ ചിത്രഭാഷയ്ക്കാകെ ഗുണം ചെയ്യുന്നതിനൊപ്പം തെയ്യമെന്ന കലാരൂപത്തിന്റെ ആത്മാവ് ചോരാതെ അവതരിപ്പിക്കുന്നതിനും സാധിക്കുന്നു.
സ്ത്രീകൾ മാത്രം കെട്ടുന്ന ദേവക്കൂത്ത് എന്ന തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് മനോജ് കാന ചായില്യം ഒരുക്കിയിരിക്കുന്നത്. സ്വേച്ഛയാലല്ലാതെ ദൈവക്കോലം കെട്ടേണ്ടിവരികയാണ് ഗൗരിക്ക്. അവൾക്ക് ദൈവവിളി കിട്ടിയെന്ന് നാടും വീടും വിധിക്കുമ്പോൾ നിജസ്ഥിതി അതല്ലാതിരുന്നിട്ടും അതിനുപിന്നാലെ പോകേണ്ടിവരികയാണ്. വടക്കൻ കേരളത്തിലെ കീഴാള സമൂഹത്തിന്റെ നാടോടി ദൈവമായ പുലിമറഞ്ഞ തൊണ്ടച്ചൻ എന്നറിയപ്പെടുന്ന കരി ഗുരുക്കൾ ഐതിഹ്യത്തെ കേന്ദ്രമാക്കിയാണ് പ്രിയനന്ദനന്റെ പുലിജന്മം ഒരുക്കിയിട്ടുള്ളത്.
കേരള കലാമണ്ഡലത്തിന്റെ പ്രതിനിധാനമെന്നോണം അവതരിപ്പിച്ച കേരള കലാമന്ദിരവും അവിടത്തെ കലോപാസകരായ മനുഷ്യരും പശ്ചാത്തലമായ കമലദളമാണ് ശാസ്ത്രീയകലയും സിനിമയും രണ്ടല്ലാത്ത വിധം അവതരിപ്പിച്ച് ജനപ്രീതി നേടുന്നതിൽ ഈ ധാരയിൽ ഏറ്റവുമധികം വിജയിച്ചത്. നന്ദഗോപൻ എന്ന നൃത്താധ്യാപകന്റെ ജീവിതം ഇതിവൃത്തമാക്കിയ കമലദളം ശാസ്ത്രീയകലയെ സിനിമയുമായി ഇഴചേർത്ത് എങ്ങനെ ജനപ്രിയ ഘടനയിൽ അവതരിപ്പിക്കാം എന്ന പരീക്ഷണത്തിൽ വിജയം കാണുകയായിരുന്നു.
കലകളെയും കലാകാരന്മാരെയും അവതരിപ്പിക്കുന്ന സിനിമകൾ സമാന്തരധാര ചേർന്നു സഞ്ചരിക്കുന്നതായിട്ടാണ് മിക്കപ്പോഴും കാണുക. ഇനി അത്തരം ബോധപൂർവമായ ശ്രമം നടത്തിയില്ലെങ്കിൽപോലും ചടുലത വിട്ടുള്ള ഒരു മന്ദസ്ഥായീഭാവം അവയ്ക്ക് കൈവരുന്നതായി കാണാം. എന്നാൽ ഇതിനെ ജനപ്രിയ കാഴ്ചസംസ്‌കാരത്തിനും പ്രേക്ഷകാഭിരുചിക്കും യോജിക്കും വിധം തിരക്കഥയൊരുക്കുന്നതിലും അവതരിപ്പിക്കുന്നതിലും ലോഹിതദാസും സിബി മലയിലും കാണിച്ച മികവാണ് കമലദളത്തെ മലയാളികളുടെ പ്രിയപ്പെട്ട സിനിമകളുടെ ഗണത്തിൽ ചേർക്കാനിടയാക്കിയത്. നിർഭാഗ്യവശാൽ ഇത്ര കൈയടക്കത്തോടെയുള്ള ജനപ്രിയ തുടർച്ച പിന്നീടുണ്ടായില്ലെന്നു കാണാം. അതേസമയം സമാന്തരധാരയിൽ മലയാള സിനിമയെ ലോകശ്രദ്ധയിലെത്തിച്ച കലാസൃഷ്ടികളുണ്ടായി. ഇക്കൂട്ടത്തിൽ മുൻപന്തിയിലുള്ളത് ഷാജി എൻ. കരുണിന്റെ വാനപ്രസ്ഥമാണ്.
കഥകളിയുടെ ദൃശ്യ, ശ്രവ്യസാധ്യത മിഴിവുറ്റ രീതിയിൽ പ്രയോജനപ്പെടുത്തിയ സിനിമയാണ് വാനപ്രസ്ഥം. കഥാപാത്രത്തിന്റെയും വേഷം കെട്ടിയാടുന്ന നടന്റെയും വ്യക്തിത്വങ്ങൾക്കു തമ്മിൽ സംഭവിക്കുന്ന അസ്തിത്വപ്രതിസന്ധിയിലേക്ക് കണ്ണയക്കുന്ന വാനപ്രസ്ഥത്തിന്റേത് കഥകളി ഉപാസകർക്കും സാധാരണ പ്രേക്ഷകർക്കും ഒരുപോലെ വിനിമയം ചെയ്യുന്ന ഭാഷയായിരുന്നു. ‘വാദ്യമാണെങ്കിലും ആരെങ്കിലുമൊന്ന് കൊട്ടിപ്പാടിയാലേ അതിന് മോക്ഷം ഉണ്ടാവൂ’ എന്ന് മോഹൻലാലിന്റെ കഥകളി കലാകാരനായ കുഞ്ഞികുട്ടൻ പറയുന്നുണ്ട്. ഇത് അയാളുടെ അസ്തിത്വദുഃഖത്തെ കാണിക്കുന്ന സംഭാഷണശകലമാണ്. ഈ ദുഃഖം പേറിയാണ് അയാൾക്ക് ജീവിതത്തിലും അരങ്ങിലും ആടേണ്ടിവരുന്നത്. ഈ അസ്ഥിത്വദുഃഖത്തിൽ നിന്നുള്ള കുഞ്ഞികുട്ടന്റെ വിടുതൽ (മോക്ഷം) പൂതനാമോക്ഷം കഥയുടെ സൂചനകൾ നൽകിക്കൊണ്ടാണ് സിനിമ അവതരിപ്പിക്കുന്നത്. ഇവിടെ കഥകളീവേഷവും ജീവിതവേഷവും രണ്ടാകുന്നില്ല. ചുറ്റുമുള്ള ആൾപ്പെരുക്കത്തിലും വേഷങ്ങളുടെ മേലാപ്പിനുമിടയിലും അനാഥത്വം പേറി ജീവിക്കാൻ വിധിക്കപ്പെട്ടവനാണ് കുഞ്ഞികുട്ടനും പെരുമലയനുമെല്ലാം. ജീവിതത്തിൽ തിരസ്‌കൃതനാക്കപ്പെടുന്ന കഥകളി കലാകാരനെ എംടി വാസുദേവൻ നായരുടെ രചനയിൽ രൂപംകൊണ്ട രംഗം എന്ന ഐവി ശശി സിനിമയിലും കാണാനാകും. കുഞ്ഞികുട്ടന്റെ അസ്തിത്വ ദുഃഖത്തിനു സമാനമല്ലെങ്കിലും ജീവിതത്തിൽ പ്രിയപ്പെട്ടതായി സൂക്ഷിച്ചതൊക്കെയും നഷ്ടമാകുന്ന വൈയക്തികദുഃഖം പേറി അരങ്ങിലാടാൻ വിധിക്കപ്പെട്ടാൾ തെന്നയാണ് അപ്പുണ്ണിയും. അതേ സമയം എംടിയുടെ തന്നെ രചനയായ ‘പരിണയ’ത്തിൽ കഥകളിയോഗത്തിൽ സൽപേര് നിലനിർത്തുകയും ജീവിതത്തിൽ വിശ്വസിച്ച സ്ത്രീയെ ചതിക്കുകയും ചെയ്യുന്ന കഥാപാത്രത്തെയും സൃഷ്ടിക്കുന്നുണ്ട്. കീഴ്ജാതിക്കാർക്ക് നിഷിദ്ധമായിരുന്ന കഥകളിയെ അവർക്കിടയിലേക്ക് കൊണ്ടുവന്ന ആറാട്ടുപുഴ വേലായുധ പണിക്കരെ അടയാളപ്പെടുത്തുന്നുണ്ട് വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ. മേൽജാതിക്കാരുടെ ക്ഷേത്രമുറ്റത്ത് ആടുമ്പോഴും ചില്ലറ മാത്രം തടയുന്ന അരപ്പട്ടിണിക്കാരായ കലാകാരന്മാരുടെ ഗതികേടിലേക്ക് പ്രേക്ഷകശ്രദ്ധയെ നയിക്കുകയാണ് ഈ സിനിമ.
മധുവിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള എ.വിൻസെന്റിന്റെ ‘ചെണ്ട’ ഒരു താളവാദ്യക്കാരന്റെ ജീവിതം പ്രമേയമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമയാണ്. ചെറുപ്പം മുതലേ ചെണ്ടയിൽ ആകൃഷ്ടനായിരുന്ന അപ്പു തായമ്പകയിലാണ് പ്രാഗത്ഭ്യം തെളിയിക്കുന്നത്. താളവാദ്യത്തിലുള്ള അപ്പുവിന്റെ കഴിവുകളാണ് സുമതിയെ അവനിൽ ആകൃഷ്ടയാക്കുന്നത്. എന്നാൽ വിധി മറ്റൊന്നായി അവരെ ഇരുവഴി അകറ്റുന്നു. അർപ്പണബോധമുള്ള കലാകാരന്റെ ജീവിതത്തിൽ ഇത്തരം പ്രതിബന്ധങ്ങളൊന്നും വഴിമുടക്കുന്നില്ലെന്നു തായമ്പകയിലുള്ള തന്റെ പ്രാവീണ്യത്തിലൂടെ അപ്പു തെളിയിക്കുന്നു. ചോരയൊലിക്കുന്ന വിരലുകളോടെ തായമ്പക മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്ന അപ്പുവിനെ സംബന്ധിച്ചിടത്തോളം ചെണ്ട ഒരു സംഗീതോപകരണം മാത്രമല്ല, ജീവിതം തന്നെയായിരുന്നു. മോഹിനിയാട്ടം, കഥകളി, തായമ്പക തുടങ്ങിയ കേരളീയ കലാരൂപങ്ങളുടെ അവതരണം ഈ ചിത്രത്തിന്റെ ദൃശ്യഭാഷയെ സവിശേഷതമാക്കുന്നു.
സൈജോ കണ്ണനായ്ക്കലിന്റെ കഥകളി പേരിലെ സൂചകം പോലെ അരങ്ങിലെ മുഴുനീള കലാസ്വാദനം സാധ്യമാക്കുകയല്ല, മറിച്ച് കീഴ്ജാതിക്കാരനായ കലാകാരന്റെ സാമൂഹിക സ്വത്വത്തെയും പ്രതിസന്ധികളെയും അടയാളപ്പെടുത്താനാണ് ഒരുമ്പെടുന്നത്. ഒടുക്കം തന്റെ കഥകളി വേഷം അഴിച്ചുമാറ്റി സമൂഹത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രതീകമായി നഗ്‌നനായി പുഴ മുറിച്ചു നടക്കുകയാണയാൾ. ‘കഥകളി പാവപ്പെട്ടവർക്കും അധഃസ്ഥിതർക്കും വേണ്ടിയുള്ളതല്ല’ എന്ന് ഊന്നിപ്പറഞ്ഞാണ് ഈ സിനിമ അവസാനിക്കുന്നത്. കഥകളിക്ക് പശ്ചാത്തലമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈ സിനിമയുടെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ജാതിരാഷ്ട്രീയം മലബാറിലെ കരിങ്കാളികെട്ട് എന്ന അനുഷ്ഠാനകലയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ഷാനവാസ് നരണിപ്പുഴ കരിയിൽ.
ഫാറൂക്ക് അബ്ദുറഹ്‌മാന്റെ കളിയച്ഛൻ പി.കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന ശ്രദ്ധേയകാവ്യത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. കളിവിളക്കിനു മുമ്പിലെ കേമപ്പെട്ട കഥകളി വേഷക്കാരനിൽനിന്ന് ആരുമല്ലാതെയാകുന്ന കുഞ്ഞിരാമന്റെ ദുരന്തപൂർണമായ ജീവിതത്തെ കളിയച്ഛൻ അടയാളപ്പെടുത്തുന്നു. കളിയരങ്ങിൽ പിഴയ്ക്കുകയും കിരീടം ചെരിഞ്ഞുവീഴുകയും ചെയ്യുന്നതോടെ മഹാനടന്റെ പതനം അനിവാര്യമായ പരിസമാപ്തിയിലേക്ക് നീങ്ങുന്നു. ആശാന്റെ മരണത്തോടെ ‘ഇക്കളിയച്ചനോടൊത്തിനി കളിക്കാനാവില്ല’ എന്ന നഷ്ടബോധം പേറിയലയുന്ന കുഞ്ഞിരാമനിലേക്ക് അരങ്ങിൽ താൻ കെട്ടിയാടിയ വേഷങ്ങളുടെ നിഴൽരൂപങ്ങളോരോന്നായി കടന്നുവന്ന് തിക്കുമുട്ടിക്കുന്നു. കഥകളിപ്പദ ശൈലിയിലുള്ള സംഗീതം പാട്ടുകളിൽ പ്രയോജനപ്പെടുത്തിയ കളിയച്ഛനിൽ പി.കുഞ്ഞിരാമൻ നായരുടെ കഥകളിപ്പദങ്ങളും ഉപയോഗിച്ചു.
വാസുദേവ ചാക്യാർ (നെടുമുടി വേണു) എന്ന കലാകാരന്റെ ജീവിതത്തിലൂടെ ശശി പറവൂരിന്റെ നോട്ടം കൂടിയാട്ടത്തെയാണ് വെള്ളിത്തിരയിൽ ആവിഷ്‌കരിക്കുന്നത്. നാടിന്റെ അഭിമാനസ്തംഭങ്ങളായ കലകൾക്കും മഹാകലാകാരന്മാർക്കും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോകുന്ന സാഹചര്യങ്ങളെ ഈ സിനിമ ഓർമ്മിക്കുന്നുണ്ട്.
