നാട്ടുവിശേഷം

ആനവണ്ടിയിലെ വിനോദസഞ്ചാരം

കൊല്ലം

കുറഞ്ഞ െചലവിൽ വിനോദസഞ്ചാരമെന്ന സാധാരണക്കാരന്റെ സ്വപ്നത്തിന് കെ.എസ്.ആർ.ടി.സി കൈകൊടുത്തതോടെയാണ് ബജറ്റ് ടൂറിസം എന്ന ആശയത്തിന് രൂപമാകുന്നത്. ഇതാകട്ടെ കായലും കടലും മലനിരകളും കൈകോർക്കുന്ന കൊല്ലം ജില്ലയിൽ വൻ ഹിറ്റുമായി. ആറുമാസത്തിനുള്ളിൽ ജില്ലയിൽ ബജറ്റ് ടൂറിസം സെൽ കൊയ്തത് 1,50,82,924 രൂപയുടെ വരുമാന നേട്ടം. ഒമ്പത് ഡിപ്പോകളിൽ നിന്നുമായി പ്രതിമാസ ശരാശരി വരുമാനം 35-40 ലക്ഷം രൂപ.

കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചടയമംഗലം, പത്തനാപുരം ഡിപ്പോകളാണ് യാത്രകളിൽ മുന്നിൽ. 2022 ജനുവരി 10ന് റോസ്മലയിലേക്കായിരുന്നു ആദ്യയാത്ര. ഗവി, മൂന്നാർ, പാലക്കാട് എന്നിവക്കാണ് തിരക്കേറെ. നെഫർറ്റിറ്റി കപ്പൽയാത്ര, ഓക്സി വാലി-സൈലന്റ് വാലി, പൊലിയംതുരുത്ത്, വയനാട്, മൂകാംബിക എന്നീ യാത്രകളും കൂടുതൽ വരുമാനമെത്തിക്കുന്നുണ്ട്. കൊല്ലം, കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്നുമുള്ള വിനോദയാത്രകൾക്ക് പുറമേ തീർഥാടന യാത്രകളുമുണ്ട്. മൂകാംബിക, കൊട്ടിയൂർ, മലപ്പുറത്തെ ക്ഷേത്രങ്ങൾ, തൃശൂർ നാലമ്പലങ്ങൾ, ഗുരുവായൂർ, തിരുവൈരാണിക്കുളം, മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ, സരസ്വതി ക്ഷേത്രങ്ങൾ, കോട്ടയം നാലമ്പലം, പത്തനംതിട്ടയിലെ ക്ഷേത്രങ്ങൾ, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം ഉൾപ്പെടുന്ന അയ്യപ്പ ക്ഷേത്രങ്ങൾ, അഴിമല-ചെങ്കൽ, പൗർണമികാവ്, മണ്ടയ്ക്കാട്, കന്യാകുമാരി, കൃപാസനം, അൽഫോൻസാമ്മ തീർഥാടനം എന്നിങ്ങനെ സീസൺ യാത്രകളും ഉണ്ട്.

അന്തർ സംസ്ഥാന യാത്രകളായ മൂകാംബിക, കന്യാകുമാരി എന്നിവയാണ് സ്ഥിരംചാർട്ടിൽ. ശബരിമല സീസണിൽ തഞ്ചാവൂർ, മധുര, വേളാങ്കണ്ണി സർവീസുകളുമുണ്ടാകും. നെഫർറ്റിറ്റി കപ്പൽയാത്ര, കുമരകം ബോട്ട് യാത്ര എന്നീ ട്രിപ്പുകൾ എസി ബസുകളിലാണ്. ദീർഘദൂര ട്രിപ്പുകൾ എല്ലാം ഡീലക്‌സ് സെമി സ്ലീപ്പറുകളിലും. ഗവി, റോസ്മല, പൊന്മുടി, മൂന്നാർ, മലക്കപ്പാറ യാത്രകൾ വനം-ടൂറിസം വകുപ്പുകളുമായി സഹകരിച്ചാണ് നടത്തുന്നത്.

കുരുന്നുകൾക്ക് പ്രശ്നങ്ങൾ പങ്കിടാൻ ഒരിടം

തൃശൂർ

മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കൗമാരപ്രായം അനേകം സംശയങ്ങളുടെയും ആശങ്കകളുടെയും കാലമാണ്. ഈ സങ്കീർണ്ണതകളെ ആത്മവിശ്വാസത്തോടെ നേരിടാനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും കൗമാരക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയാരോഗ്യ ദൗത്യവും സംസ്ഥാന ആരോഗ്യ വകുപ്പും ചേർന്ന് നടപ്പാക്കിയ പിയർ എഡ്യൂക്കേറ്റർ പ്രോജക്റ്റ് വിജയഗാഥയായി മാറിയിരിക്കുന്നു. സ്വന്തം കൂട്ടുകാരോട് മടികൂടാതെ സംശയങ്ങൾ ചോദിക്കാനും തുറന്നുസംസാരിക്കാനും കഴിയുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

nattuvishesham3

കൗമാരക്കാരുടെ പ്രശ്നങ്ങൾ സമപ്രായക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും അവരുമായി കൂടുതൽ അടുത്തിടപഴകാനും കഴിയുമെന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. ജില്ലയിലെ നാല് ബ്ലോക്കുകളിലെ വിവിധ സ്‌കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർത്ഥികൾക്കാണ് ‘പിയർ എഡ്യൂക്കേറ്റർമാർ’ എന്ന നിലയിൽ സമഗ്ര പരിശീലനം നൽകിയത്. ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യം, മാനസികവും വൈകാരികവുമായ ക്ഷേമം, അക്രമരഹിത ജീവിതം, പോഷകാഹാരം, ലഹരി പദാർഥങ്ങളുടെ ഉപയോഗം തടയൽ, അപകടങ്ങളിൽനിന്ന് സ്വയം രക്ഷിക്കൽ തുടങ്ങി കൗമാരക്കാർ നേരിടുന്ന വിവിധ വിഷയങ്ങളിൽ ശാസ്ത്രീയമായ അറിവാണ് ഇവർക്ക് ലഭിച്ചത്. ഈ പിയർ എഡ്യൂക്കേറ്റർമാർ തങ്ങളുടെ കൂട്ടുകാർക്കിടയിൽ വിശ്വസനീയമായൊരു പിന്തുണ സംവിധാനമായി പ്രവർത്തിക്കുന്നു.

ഭാവിയിലേക്കൊരു ചുവട്

നിരവധി വിദ്യാർഥികളാണ് ഈ പദ്ധതിയിലൂടെ മാറ്റത്തിന് വിധേയരായത്. മുതിർന്നവരോട് ചോദിക്കാൻ മടിച്ചിരുന്ന പല കാര്യങ്ങളും കൂട്ടുകാരായ പിയർ എഡ്യൂക്കേറ്റർമാരോട് ചോദിക്കാൻ കുട്ടികൾക്ക് കഴിയുന്നതായി അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. ചെറിയ ഗ്രൂപ്പുകളായുള്ള ചർച്ചകളും ചോദ്യപ്പെട്ടിയിലൂടെ പേര് വെളിപ്പെടുത്താതെ സംശയങ്ങൾ ചോദിക്കാനുള്ള സൗകര്യവും പ്രയോജനപ്പെട്ടു. സ്‌കൂൾ ഹെൽത്ത് നഴ്സുമാരുടെ നിരന്തരമായ പിന്തുണയും മാർഗനിർദ്ദേശങ്ങളും പദ്ധതിയുടെ വിജയത്തിന് നിർണായക പങ്കുവഹിച്ചു.

കൗമാരക്കാർക്കിടയിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും ആവശ്യമായ വിവരങ്ങളും പിന്തുണയും നൽകാനും ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടാൻ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചുവെന്ന് രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം കോ-ഓർഡിനേറ്റർ നിത്യ സനി അറിയിച്ചു.

കാർത്തിക സി.
അസി.ഇൻഫർമേഷൻ ഓഫീസർ, തൃശൂർ

 

Spread the love