അനുഷ്ഠാനകലകളുടെ വർണ്ണവൈവിധ്യങ്ങൾ
2025 നവംബർ 1
നാടോടിവിജ്ഞാനം, നാട്ടുസംസ്‌കൃതി എന്നിവയെല്ലാം പഠനവിധേയമാക്കുന്ന വൈജ്ഞാനികശാഖയായ ഫോക്ക്ലോർ പഠിതാക്കളെ സംബന്ധിച്ച് അക്ഷയഖനിയാണ് കേരളത്തിന്റെ അനുഷ്ഠാനകലകൾ. കേരളത്തിലെയും പുറത്തെയും സർവകലാശാലകളിൽ നമ്മുടെ തെയ്യം, തിറ, പടയണി തുടങ്ങിയ അനുഷ്ഠാനകലകളിൽ ധാരാളം ശ്രദ്ധേയമായ ഗവേഷണപഠനങ്ങൾ ഉണ്ടായിട്ടുണ്ട്. സംസ്‌കാരപഠനത്തിന്റെ അക്കാദമിക് രംഗത്തിനു പുറത്തും തെയ്യം പോലുള്ള അനുഷ്ഠാനകലകളുടെ മാസ്മരികസൗന്ദര്യത്തിലും പാരമ്പര്യത്തിലും ആകൃഷ്ടരായി വിദേശികൾ ഉൾപ്പെടെ എല്ലാവർഷവും എത്തുന്നു. അവരിൽ ചിലർ കേവലം വിനോദസഞ്ചാരക്കാഴ്ചയ്ക്കപ്പുറം ഈ കലകളെ സമീപിക്കാൻ തയ്യാറായി. വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമായ പെപിത സേത്ത് ഉദാഹരണം. ഇൻ ഗോഡ്സ് മിറർ: ദി തെയ്യംസ് ഓഫ് മലബാർ, റിഫ്ളക്ഷൻസ് ഓഫ് ദി സ്പിരിറ്റ്: ദി തെയ്യംസ് ഓഫ് മലബാർ തുടങ്ങിയ അവരുടെ പുസ്തകങ്ങൾ നമ്മുടെ അനുഷ്ഠാനകലകൾക്ക് കൂടുതൽ രാജ്യന്തരശ്രദ്ധ നേടിക്കൊടുത്തവയാണ്.
ഉത്തരമലബാറിൽ വീണ്ടുമൊരു തെയ്യക്കാലം വരവായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഉത്തരമലബാറിലെ അനുഷ്ഠാനകലകളെക്കുറിച്ചുള്ള പഠനാർഹമായ ലേഖനങ്ങളാണ് നവംബർ ലക്കം സമകാലിക ജനപഥം ഒരുക്കിയിരിക്കുന്നത്. സ്ഥലപരിമിതി എല്ലാം വിശദമായി ഉൾക്കൊള്ളിക്കുന്നതിനു തടസ്സമായിട്ടുണ്ട്. എങ്കിലും വിദ്യാർഥികൾക്കുൾപ്പെടെ മലബാറിലെ പ്രധാനപ്പെട്ട അനുഷ്ഠാനകലകളെ പരിചയപ്പെടുന്നതിനു ഇവ സഹായകമാവുമെന്നു പ്രതീക്ഷിക്കുന്നു.
ടി വി സുഭാഷ് ഐ എ എസ്
എഡിറ്റർ
