കവര്‍‌സ്റ്റോറി

കൈകോർക്കാം അതിജീവനത്തിനായി

സമകാലിക ജനപഥം 2026
ആഗസ്റ്റ് 1 പുസ്തകം 13 ലക്കം 1

 

 

 

 

 

 

ലഹരി എന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തിലെ ദൗർബല്യമോ മനഃശക്തിക്കുറവോ മാത്രമല്ല. അത് തലച്ചോറിന്റെ പ്രവർത്തനത്തെയും ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും ബാധിക്കുന്ന ഒരു സങ്കീർണ്ണമായ ആരോഗ്യപ്രശ്‌നമാണ്. അതുകൊണ്ടുതന്നെ, ലഹരിയിൽ നിന്ന് മോചനം നേടുക എന്നത് അസാധ്യമായ കാര്യമല്ല . ശരിയായ ചികിത്സയും മനഃശാസ്ത്രപരമായ പിന്തുണയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുതലും ലഭിച്ചാൽ അതിജീവനം പൂർണമായും സാധ്യമാണ്.

ലഹരി ഉപയോഗിക്കുന്നവരിൽ പലരും തുടക്കത്തിൽ അത് ഒരു പരീക്ഷണമോ വിനോദമോ ആയിട്ടാണ് കാണുന്നത്. എന്നാൽ ക്രമേണ തലച്ചോറിലെ റിവാർഡ് സിസ്റ്റത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും, ലഹരിവസ്തുവിനോടുള്ള ശക്തമായ ആഗ്രഹം രൂപപ്പെടുകയും ചെയ്യുന്നു. അതിനാൽ തന്നെ ‘വേണമെങ്കിൽ നിർത്താം’ എന്ന ധാരണ പലപ്പോഴും യാഥാർഥ്യബോധമില്ലാത്തതാണ്. അതിജീവനത്തിന് വൈദ്യചികിത്സയും മനഃശാസ്ത്രപരമായ ഇടപെടലുകളും ഒരുപോലെ ആവശ്യമാണ്.

ചികിത്സാ രീതികൾ

അതിജീവനത്തിന്റെ മനഃശാസ്ത്രപരമായ വഴികളിൽ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തിയിൽ മാറ്റത്തിനുള്ള പ്രചോദനം വളർത്തിയെടുക്കുക എന്നതാണ്. ഒരാളെ കുറ്റപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് പലപ്പോഴും കൂടുതൽ അകൽച്ച സൃഷ്ടിക്കും. പകരം, അദ്ദേഹത്തിന്റെ ജീവിതലക്ഷ്യങ്ങൾ, കുടുംബബന്ധങ്ങൾ, ആരോഗ്യം, ഭാവി എന്നിവയെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുന്ന സംഭാഷണങ്ങൾ മാറ്റത്തിനുള്ള വാതിൽ തുറക്കുന്നു. കൗൺസലിങ്, കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), മോട്ടിവേഷണൽ ഇന്റർവ്യൂയിങ്, ഗ്രൂപ്പ് തെറാപ്പി, കുടുംബ തെറാപ്പി തുടങ്ങിയ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രീതികൾ ഈ ചികിത്സയിൽ ഫലപ്രദമാണ്.

ലഹരിക്ക് അടിമയായ ഒരാളെ മനഃശാസ്ത്രപരമായി അഭിമുഖീകരിക്കുമ്പോൾ ആദ്യം വേണ്ടത് സഹാനുഭൂതിയാണ്. ‘നീ മോശം ആളാണ്’ എന്ന സമീപനത്തിന് പകരം ‘നിനക്ക് സഹായം ആവശ്യമാണ്’ എന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. അവർക്കു പറയാനുള്ളത് കേൾക്കുക, കുറ്റപ്പെടുത്താതെ സംസാരിക്കുക, വിശ്വാസം വളർത്തുക, ചികിത്സ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവ നിർണായകമാണ്. പലരും കുറ്റബോധം, നിരാശ, ആത്മവിശ്വാസക്കുറവ് എന്നിവയുമായി ജീവിക്കുന്നവരാണ്. അതിനാൽ വിമർശനത്തേക്കാൾ പിന്തുണയാണ് അവർക്ക് കൂടുതൽ ആവശ്യം. അതേസമയം, സഹാനുഭൂതി എന്നാൽ തെറ്റായ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നല്ല. വ്യക്തമായ അതിരുകൾ നിശ്ചയിക്കുകയും, ചികിത്സയിൽ തുടരാൻ പ്രോത്സാഹിപ്പിക്കുകയും, ആവശ്യമായപ്പോൾ വിദഗ്ധരുടെ സഹായം തേടുകയും വേണം.

കൈപിടിക്കേണ്ടത് സമൂഹം

ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുസമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ട്. ലഹരി ഉപയോഗിക്കുന്നവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യാതെ, ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും നയിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണം. വിദ്യാലയങ്ങൾ, കോളേജുകൾ, കുടുംബങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ, മത-സാമൂഹിക സംഘടനകൾ എന്നിവ ചേർന്ന് മാനസികാരോഗ്യ ബോധവൽക്കരണം ശക്തിപ്പെടുത്തുകയും യുവാക്കൾക്ക് ജീവിതനൈപുണികൾ വളർത്തുന്ന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യണം. കായികം, കല, വായന, ധ്യാന പരിശീലനം ,സന്നദ്ധപ്രവർത്തനം തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുന്നതും ലഹരി പ്രതിരോധത്തിൽ ഫലപ്രദമാണ്.

ലഹരിക്കെതിരായ പോരാട്ടം നിയമത്തിന്റെയോ ആരോഗ്യരംഗത്തിന്റെയോ മാത്രം ഉത്തരവാദിത്വമല്ല. അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. പ്രത്യാശ നഷ്ടപ്പെടാതെ, ശാസ്ത്രീയ ചികിത്സ സ്വീകരിച്ച്, മനഃശാസ്ത്രപരമായ പിന്തുണയും സാമൂഹിക കരുതലും ഉറപ്പാക്കിയാൽ ലഹരിയിൽ നിന്ന് അതിജീവിച്ച് പുതിയൊരു ജീവിതം ആരംഭിക്കാൻ കഴിയും. അതിനാൽ, വിധിയെഴുതുന്ന സമൂഹമല്ല, കൈപിടിച്ചുയർത്തുന്ന സമൂഹമാണ് ലഹരിയില്ലാത്ത നാളെയെ സൃഷ്ടിക്കുക.