കവര്‍‌സ്റ്റോറിമുഖാമുഖം

നല്ല വാർത്തകൾക്ക് വായനക്കാരുണ്ട്

ആദ്യകാല പത്രപ്രവർത്തനത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും വിശദീകരിക്കാമോ?

സാഹിത്യക്കാരനും ലോട്ടറി ഡയറക്ടറുമായിരുന്ന കെ.എസ്. കൃഷ്ണനാണ് എന്നെ കൗമുദിയിൽ ചേരാൻ പ്രേരിപ്പിച്ചത്. കെ.ബാലകൃഷ്ണനായിരുന്നു പത്രാധിപർ. വാർത്താ ഏജൻസി കോപ്പികൾ തർജ്ജമ ചെയ്യുകയായിരുന്നു ആദ്യ ജോലി. പരിഭാഷപ്പെടുത്തിയ കോപ്പികളിലൊന്ന് ബാലകൃഷ്ണൻ വായിച്ചിട്ട് ‘ദിസ് ബോയ് ഈസ് എ പ്രോമിസിങ് വൺ’ എന്ന് അഭിപ്രായപ്പെട്ടത് ഇന്നുമോർക്കുന്നു.

കേരളകൗമുദിയിൽ വന്നപ്പോൾ ആദ്യം റിപ്പോർട്ട് ചെയ്തത് മൃഗശാല കാണാനെത്തിയ ഒരു കുടുംബത്തിന്റെ കൈകളിൽനിന്ന് കരടിക്കൂട്ടിലേക്ക് വീണു കൊല്ലപ്പെട്ട ഒരു കുഞ്ഞിന്റെ ദാരുണ മരണമായിരുന്നു. കരടിയെ കാണിക്കാനായി അമ്മ ഒക്കത്തിരുന്ന കുഞ്ഞിനെ താഴേയ്ക്ക് നീട്ടിയപ്പോൾ അബദ്ധത്തിൽ കൂട്ടിൽ വീഴുകയായിരുന്നു. ഞാൻ ചെന്നപ്പോൾ കുഞ്ഞിനെ ഭക്ഷിക്കുന്ന കരടിയെയാണ് കണ്ടത്. ‘മനുഷ്യരക്തം ആദ്യമായി രുചിച്ച കരടിയും നെഞ്ചു തകർന്ന അമ്മയും’ എന്നായിരുന്നു ആ വാർത്തയുടെ തുടക്കം.

മറ്റൊരു വാർത്ത ലഭിച്ചത് ഇങ്ങനെ. ഒരു ദിവസം ബ്യൂറോയിലിരിക്കുമ്പോൾ ഭ്രാന്തനെപ്പോലെ ഒരാൾ ഓടിവന്നു കണ്ണാശുപത്രിയിൽ തന്റെ ഭാര്യയുടെ കണ്ണുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പറഞ്ഞു. അന്വേഷിച്ചപ്പോൾ സത്യമായിരുന്നു. അടുത്ത ദിവസം കേരളകൗമുദിയിൽ മാത്രമായി ആ വാർത്ത വന്നു. ആരോഗ്യ മന്ത്രി വക്കം പുരുഷോത്തമൻ പത്രസമ്മേളനം നടത്തി, ആ വാർത്തയുടെ അടിസ്ഥാനത്തിൽ ഡോക്ടറെ സസ്‌പ്പെൻഡ് ചെയ്ത വിവരം പ്രഖ്യാപിച്ചു, നഷ്ടപരിഹാരവും നൽകി.

പിന്നൊരു സംഭവം സഭയിൽ വച്ച് ധനകാര്യ മന്ത്രി കെ.ടി.ജോർജ് കുഴഞ്ഞുവീണ് മരിച്ചതായിരുന്നു. 1972 ഏപ്രിൽ 3ന് ആയിരുന്നു. സീറോ അവറിൽ ഒരു ചായ കുടിക്കാൻ ഞാനും ‘ദി ഹിന്ദു’ -വിലെ കൃഷ്ണമൂർത്തിയും ഇറങ്ങിച്ചെന്നതാണ്. അപ്പോൾ മന്ത്രി കെ.ടി.ജോർജ് ധനകാര്യ ബിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ അവിടെ ചുറ്റുമുള്ളവരോട് തമാശകളൊക്കെ പറഞ്ഞ് ആകെ റിലാക്‌സ് മൂഡിലായിരുന്നു. മന്ത്രിയോട് ഞാൻ ചോദിച്ചു – ‘സീറോ അവർ തീരാറായി ബിൽ അവതരിപ്പിക്കാനായി പോകാൻ സമയമായില്ലേ?’ ‘അതേ എനിക്കു പോകാൻ സമയമായി, ഞാനീ അവസാനത്തെ പുക കൂടി വലിച്ചോട്ടെ’ – എന്ന് പറഞ്ഞ് വാച്ചു നോക്കി സിഗരറ്റ് ആഞ്ഞ് വലിച്ച് കുറ്റി പുറത്തേയ്ക്കെറിഞ്ഞ് അദ്ദേഹം അകത്തേയ്ക്ക് പോയി. മന്ത്രിയുടെ പിറകെ മറ്റു മെമ്പർമാരും പത്രലേഖകരും നിയസഭാഹാളിലേക്ക് നടന്നു. ബിൽ അവതരിപ്പിക്കാൻ സ്പീക്കർ ക്ഷണിച്ചപ്പോൾ മന്ത്രി എഴുന്നേറ്റു. സ്വതസിദ്ധമായ ചിരിയോടും സൗമ്യഭാവത്തോടും ബിൽ അവതരിപ്പിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ശബ്ദം നിലച്ചു. ഞങ്ങൾ നോക്കിയിരിക്കെ എല്ലാവരേയും സ്തബ്ധരാക്കികൊണ്ട് കെ.ടി.ജോർജ് മുന്നോട്ടു മറിഞ്ഞുവീണു. ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. സെറിബ്രൽ ഹെമറേജ് ആയിരുന്നു. എനിക്ക് വിശ്വസിക്കാനായില്ല. അല്പം മുമ്പ് പറഞ്ഞ വാക്കുകൾ അറംപറ്റിയത് പോലെ തോന്നി.

1970 ൽ പ്രതിപക്ഷത്തെ ചില അംഗങ്ങൾ സ്പീക്കറുടെ ഡയസിലേയ്ക്ക് ഓടിക്കയറിയതും സ്പീക്കർ ദാമോദരൻ പോറ്റി ഓടി രക്ഷപ്പെട്ടതിനും സാക്ഷിയായി. 1978 ൽ ഒക്ടോബറിൽ കാബിനറ്റ് യോഗത്തിനുശേഷം എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനും അടക്കം ഒട്ടേറെ ചരിത്രസംഭവങ്ങൾ നേരിൽ കണ്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രശസ്തമായ അനവധി പുരസ്‌ക്കാരങ്ങളും മാധ്യമപ്രവർത്തനത്തിന് നേടിയിട്ടുണ്ട്.

 മൊബൈലും ഇന്റർനെറ്റുമില്ലാത്ത കാലത്ത് എങ്ങനെ വാർത്തകളെ തികച്ചും വിശ്വാസ്യതയോടെ സമ്പാദിച്ചു?

ഇന്നത്തെ പത്രലോകത്തിനും പത്രപ്രവർത്തകർക്കും സങ്കൽപിക്കുവാൻ തന്നെ പ്രയാസമായ ഒരു പത്രപ്രവർത്തനജീവിതമായിരുന്നു അത്. വിരൽത്തുമ്പിൽ വിവരങ്ങൾ ലഭിക്കുന്ന കാലമായിരുന്നില്ല. വാർത്തകൾക്കായി ദീർഘദൂരം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. വെയിലത്തും മഴയത്തും ഒരുപോലെ നടന്നിട്ടുണ്ട്. ടെലിഫോൺ സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന കാലയളവിലാണ് എന്റെ തലമുറ പത്രപ്രവർത്തന ജീവിതം ആരംഭിച്ചതെന്നും ഓർമ്മിക്കുക. വാർത്തകളും ഫോട്ടോകളും കിട്ടുക പലപ്പോഴും ദുഷ്‌കരമായിരുന്നു. അന്നത്തെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ സത്യസന്ധമായി റിപ്പോർട്ടിങ് നടത്തുവാൻ സാധിച്ചത് അക്കാലത്തെ പത്രപ്രവർത്തകരുടെ ആത്മാർപ്പണം കൊണ്ടുതന്നെയായിരുന്നു. വിശ്വസ്ത രായ വാർത്താസ്രോതസ്സുകൾ അന്നുണ്ടായിരുന്നു. ഞാൻ പ്രവർത്തിച്ചിരുന്ന കേരള കൗമുദി ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളിൽ ഞങ്ങളെ നയിക്കുവാൻ കഴിവും പ്രാഗത്ഭ്യവും അനുഭവസമ്പത്തുമുള്ള പത്രാധിപരും പരിചയസമ്പന്നരായ മേധാവികളും ഉണ്ടായിരുന്നു.

സംസ്ഥാന പ്രീഡിഗ്രി ബോർഡ് രൂപീകരിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം എന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടായിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞ് അടുപ്പമുള്ള മന്ത്രിമാരിൽ ഒന്നുരണ്ടുപേരെ വിളിച്ചു. നേരത്തെ ഇറങ്ങിയല്ലോ എന്നുള്ള മറുപടി പറഞ്ഞ് ഒഴിഞ്ഞു. ഒടുവിൽ മന്ത്രിയായ എം.കമലത്തെ വിളിച്ചിട്ട് തീരുമാനം എടുത്തോ, ‘യെസ് ഓർ നോ’ പറഞ്ഞാൽ മതിയെന്ന് ആവശ്യപ്പെട്ടു. കമലം ‘യെസ്’ പറഞ്ഞപ്പോൾ പിന്നീട് വലിയ വിവാദങ്ങളിലേയ്ക്ക് കടന്ന പ്രീഡിഗ്രി ബോർഡ് രൂപീകരണ വാർത്ത അടുത്ത ദിവസത്തെ കേരളകൗമുദിയിൽ ലീഡ് വാർത്തയായി. ശമ്പളകമ്മീഷൻ റിപ്പോർട്ട് ചോർത്തി വാർത്തയാക്കുന്നത് അന്ന് കേരളകൗമുദിയുടെ കുത്തകയായിരുന്നു. ഇ.എം.എസ്. മുതൽ ഉമ്മൻചാണ്ടി വരെയുള്ള വിവിധ മുഖ്യമന്ത്രിമാർ ബേബി ജോണിനേപ്പോലെയുള്ള മന്ത്രിമാർ ഇവരെല്ലാം പലപ്പോഴും വാർത്തകൾ വിളിച്ചുനൽകിയിട്ടുണ്ട്.

ഇന്നത്തെ മാധ്യമരംഗത്തെ കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്? മാറ്റങ്ങൾ എങ്ങനെ കാണുന്നു?

ആധുനികതയുടെ കടന്നുകയറ്റം വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും മാത്രമല്ല സമസ്തമേഖലകളിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മൂല്യബോധവും ദിശാബോധവും മാറിയിരിക്കുന്നു. ഇത് മാധ്യമരംഗത്തും സ്വഭാവികമായി വരും. വസ്തുത ഇതാണെങ്കിലും മാധ്യമധർമ്മം മാറുന്നില്ല. മാധ്യമങ്ങൾക്കു ജനങ്ങളോടും സമൂഹത്തോടും വലിയ ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണല്ലോ ജനാധിപത്യത്തെ താങ്ങിനിർത്തുന്ന നെടുംതൂണുകളിൽ ഒന്നായി മാധ്യമങ്ങളെ കണക്കാക്കുന്നത്. ഇന്ന് ജനങ്ങൾക്കു വേണ്ടത് വിവാദങ്ങളും കൊലപാതക കഥകളുമാണ്, അതിനാൽ മാധ്യമങ്ങൾ അത് നൽകുന്നു എന്നൊരു ചിന്ത നിർഭാഗ്യവശാൽ നിലനിൽക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങൾക്കിടയിലുള്ള മത്സരങ്ങളും ബ്രേക്കിങ് ന്യൂസുകൾക്കു വേണ്ടിയുള്ള പരക്കം പാച്ചിലുകളും മാധ്യമപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കച്ചവടതാൽപര്യങ്ങളും റേറ്റിങിനുവേണ്ടിയുള്ള കിടമത്സരങ്ങളും മാധ്യമങ്ങളുടെ
വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ്. പെയ്ഡ് ന്യൂസ്, ഫെയ്ക്ക് ന്യൂസ് തുടങ്ങിയ സംജ്ഞകൾ മാധ്യമരംഗത്ത് ഉണ്ടാകുന്നു. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും വരെ തകർക്കുന്ന ഇത്തരം പ്രവണതകൾ തീർത്തും അവസാനിക്കണം. വർഗീയതയും ആഭ്യന്തരകലാപങ്ങളും വളർത്തുന്ന ഒരു വാക്ക് പോലും മാധ്യമങ്ങളിൽ വരാൻ പാടില്ല. മുതിർന്ന മാധ്യമപ്രവർത്തകൻ എന്ന നിലയിൽ പറയട്ടെ, ജനങ്ങൾക്കു നെഗറ്റീവ് വാർത്തകൾ നിരന്തരം നൽകി വായനക്കാരെയും പ്രേക്ഷകരെയും അനാരോഗ്യകരമായ മനോനിലയിലേയ്ക്കു മാറ്റുന്ന രീതി ഒഴിവാക്കപ്പെടണം.

 

 

ഇന്റർനെറ്റും സോഷ്യൽ മീഡിയയും ശക്തമായ ഈ കാലത്ത് പ്രിന്റ് മാധ്യമങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള അഭിപ്രായം?

സമൂഹമാധ്യമങ്ങൾ എത്ര വർധിച്ചാലും ഇന്റർനെറ്റിലൂടെ പുതുപുത്തൻ വാർത്തകളുടെ പ്രവാഹം ഉണ്ടായാലും ഓൺലൈൻ പത്രങ്ങൾ സജീവമായാലും ദിനപത്രങ്ങളുടെ പ്രസക്തി കുറയുന്നില്ല. പത്രവായന ഒരു ശീലമാണ്. പൈതൃകമായി നമുക്കു ലഭിച്ച ഒരു ശീലം. പഴയ തലമുറയിൽപെട്ട ഭൂരിഭാഗത്തിനും രാവിലെയുള്ള പത്രവായനയിൽ നിന്നും മാറിനിൽക്കാനാകില്ല. പോസിറ്റീവായ ഒരു ആഭിമുഖ്യമാണത്. പത്രവായനക്കാരുടെ ഒരു വലിയ സമൂഹം തന്നെ കേരളത്തിലുണ്ട്. ഇക്കാലത്തെ പത്രങ്ങളുടെ ഉള്ളടക്കം പല വായനക്കാരെയും പത്രങ്ങളിൽ നിന്നും അകറ്റുകയാണ്.

ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം കാരണം ചാനലുകൾക്കൊപ്പം മത്സരിക്കാനും നെഗറ്റീവ് വാർത്തകൾ പർവതീകരിക്കാനുമുള്ള ഒരു പ്രവണതയും ചില അച്ചടിമാധ്യമങ്ങളിൽ കണ്ടുവരുന്നുണ്ട്. ഇതും ആശാസ്യമല്ല. പഴയ തലമുറയെ വീണ്ടും പത്രങ്ങളിലേക്ക് മടക്കിക്കൊണ്ട് വരാനും യുവതലമുറയെ പത്രവായനയിലേയ്ക്ക് കൊണ്ടുവരാനും ബോധപൂർവമായ ശ്രമങ്ങൾ നടത്തണം. നല്ല വാർത്തകൾ നല്ല മനസ്സുകളെയും കൂടി സൃഷ്ടിക്കും.

മാധ്യമലോകത്ത് സെൻസേഷണലിസം കൂടുന്നതായി കരുതാമോ. അഭിപ്രായം?

ദൃശ്യമാധ്യമങ്ങൾ വർധിച്ചതോടെയാണ് ഈ പ്രവണതയെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. വികസനപരവും ക്രിയാത്മകവുമായ വാർത്തകൾക്കും പകരം മനുഷ്യ വികാരങ്ങളെ ഉണർത്തിവിടുന്ന വാർത്തകൾ അമിത പ്രാധാന്യത്തോടെ ചില മാധ്യമങ്ങളിൽ വരുന്നുണ്ട്. ജനങ്ങളെ ആകർഷിക്കുകയും അധമവികാരങ്ങളെയും ആക്രമണ വാസനകളെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന രീതിയിലെ വാർത്താവതരണം ഉണ്ടാകുന്നത് മാധ്യമധർമ്മത്തിനു വിരുദ്ധമാണ്. വിവാദങ്ങളും പീഡന വാർത്തകളും കൊലപാതക പരമ്പരകളും ഉൾപ്പെടെയുള്ള സെൻസേഷണൽ വാർത്തകൾ വിറ്റുപോകും എന്ന ഒരു ചിന്തയിൽ മുന്നോട്ടുപോകുന്ന മാധ്യമപ്രവർത്തനം നടക്കുന്നുണ്ട്. എല്ലാ ദിവസവും പത്രങ്ങളുടെ മുൻപേജ് മുതൽ വലിയ തലക്കെട്ടിൽ കൊലപാതക വാർത്തകളും അക്രമണ വാർത്തകളും കൊടുത്ത് ജനങ്ങളുടെ പുലർകാലത്തെ കെടുത്തിക്കളയുകയാണ്. പല ചാനലുകളിലും 24 മണിക്കൂറും നെഗറ്റീവ് വാർത്തകളുടെ ആഘോഷമാണ് നടക്കുന്നത്. നമ്മുടെ നാട്ടിൽ ഇത്തരം കുറ്റകൃത്യങ്ങൾ മാത്രമാണ് നടക്കുന്നതെന്ന പൊതുധാരണ വരുത്തുവാൻ ഇത്തരം റിപ്പോർട്ടിങ് കാരണമാകും. വളർന്നുവരുന്ന ഒരു തലമുറ ഉണ്ടിവിടെ. നന്മയുള്ള ഒരു സമൂഹത്തെ കണ്ട് വളർന്നാലെ ശുഭപ്രതീക്ഷയും ജീവിതവിശ്വാസവും വളരുകയുള്ളു.

പീഡനം, മയക്കുമരുന്ന് ഉപയോഗം, കൊലപാതകം തുടങ്ങിയ എങ്ങനെ അവസാനിപ്പിക്കാം എന്നുള്ള ബോധവത്ക്കരണ ലേഖനങ്ങളോ മാർഗനിർദേശങ്ങളോ പല മാധ്യമങ്ങളും നൽകുന്നുമില്ല. സമൂഹത്തിൽ ഇവ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല.

94-ാം വയസ്സിലും മാധ്യമപ്രവർത്തനത്തിൽ താൽപര്യം തുടരാൻ താങ്കളെ പ്രേരിപ്പിക്കുന്ന ശക്തി എന്താണ്? ഈ രംഗത്ത് പുതുതായി കടന്നുവരുന്നവരോട് പറയാനുള്ളതെന്താണ് ?

പേനയ്ക്ക് വാളിനേക്കാൾ മൂർച്ചയുണ്ടെന്ന ചൊല്ലുണ്ട്. മാധ്യമപ്രവർത്തകരുടെ അക്ഷരത്തിനും വാക്കിനും വാളിനെക്കാൾ മൂർച്ചയുണ്ടെന്ന സത്യം പുതിയ തലമുറയിലുള്ളവർ തിരിച്ചറിയണം. മാധ്യമപ്രവർത്തനം തൊഴിൽ എന്നതിനപ്പുറം വലിയൊരു ജനസേവനത്തിന്റെയും കൂടി ലോകമാണ്. അധമങ്ങളായ വാർത്തകൾക്കു പിന്നാലെ പോകാതെ സമൂഹത്തിനെ മുന്നോട്ടുനയിക്കുന്ന വാർത്തകൾക്കു പ്രാധാന്യം നൽകണം. രാഷ്ട്രീയ, ഭരണപരമായ വാർത്തകൾക്കൊപ്പം, കലാ-സാംസ്‌കാരികം, കായികം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ വാർത്തകൾക്കും പ്രാധാന്യം നൽകണം. അറിവിന്റെ അനന്തമായ ആകാശം കൂടി തുറന്നിടുന്ന ഒരു കർമ്മമേഖലയാണ് മാധ്യമപ്രവർത്തനം. മറ്റുള്ളവർക്ക് വാർത്തയുടെ പുതിയ ലോകം തുറന്നുനൽകുന്നതിലൂടെ നമ്മുടെ അറിവും വലിയ രീതിയിൽ വർധിക്കുകയാണ്. വ്യക്തിത്വ വികാസത്തിനും ഇത് സഹായകമാകും.

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യം കാത്തുസംരക്ഷിക്കുന്നതിനും മാധ്യമങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. നീതിയുക്തമായ ഭരണസംവിധാനം ഉറപ്പാക്കുവാനും ഭരണാധികളുടെ വീഴ്ചകൾ തുറന്നുകാട്ടുവാനും ആരോഗ്യകരമായ പ്രതിപക്ഷമായി പലപ്പോഴും പ്രവർത്തിക്കുവാനും മാധ്യമങ്ങൾക്കു കഴിയണം. എത്ര കെട്ടകാലത്തും നല്ല വാർത്തകൾ കണ്ടെത്താനും അതുവഴി ജനനന്മയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾക്ക് വഴിതെളിയ്ക്കാനും മാധ്യമപ്രവർത്തകർക്കു കഴിയും. ആ വിശ്വാസത്തിൽനിന്നും ഉയിർകൊണ്ട ഊർജവുമായി പുതിയ തലമുറ മാധ്യമപ്രവർത്തകർ മുന്നോട്ടുപോകട്ടെ.

കടപ്പാട്: എസ്. രാജശേഖരൻ നായർ (സീനിയർ അനൗൺസർ, ആൾ ഇന്ത്യ റേഡിയോ)