കവര്‍‌സ്റ്റോറിപുസ്തക പരിചയം

കലയുടെ കണ്ണാടി

2000 വർഷങ്ങളുടെ ചരിത്രമുണ്ടെന്ന് കരുതപ്പെടുന്ന തെയ്യങ്ങളെ കുറിച്ചുള്ള അസാമാന്യമായ അറിവും മിഴിവുള്ള ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. 1984ലാണ് പെപിത ആദ്യമായി തെയ്യം കാണുന്നത്. ആദ്യമായി കേരളത്തിൽ എത്തിയതു മുതൽ തന്റെ ക്യാമറയും കുറിപ്പുപുസ്തകവും ഈ അനുഷ്ഠാനകലയെക്കുറിച്ച് അറിയാനുള്ള അദമ്യമായ ആഗ്രഹവുമായി 20 വർഷത്തോളം തെയ്യം കലാകാരന്മാർക്കൊപ്പം സമയം ചെലവിട്ടും തെയ്യപ്പറമ്പുകളിൽ അലഞ്ഞും പഠിച്ചെടുത്ത അറിവുകളാണ് ഇവയിലുള്ളത്.

ദക്ഷിണേന്ത്യയിലെ പുരാതനമായ ഒരു അനുഷ്ഠാനകലയുടെ അസാധാരണമായ ചിത്രവാങ്മയങ്ങളായി അവ മാറുന്നു ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഒരു സംസ്‌കാരത്തിലേക്ക് സഞ്ചരിച്ച് വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും അഭൂതപൂർവമായ ഉൾക്കാഴ്ചകൾ പകരുന്നു ഗോഡ്‌സ് മിറർ.

‘തെയ്യം’ എന്ന വാക്ക് ദൈവത്തിന്റെ മറുവാക്കാണ്. അഥവാ തെയ്യം കെട്ടിയാടുന്നത് ദൈവമായി താത്കാലികമായി പരിണമിക്കലാണ്. തെയ്യം അനുഷ്ഠിക്കുന്നവർ ഭക്തരെ കാണുമ്പോഴുള്ള സന്തോഷം പ്രകടിപ്പിക്കുന്നത് പ്രത്യേക ആചാരങ്ങളിലൂടെയും നൃത്തത്തിലൂടെയും ഒക്കെയാണ്. അനുഗ്രഹിച്ചും സുഖപ്പെടുത്തിയും ഭൂതദോഷങ്ങളെ പുറത്താക്കിയും തെയ്യങ്ങൾ നിലകൊള്ളുന്നു. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും അങ്ങനെ മനുഷ്യനും ദൈവത്തിനും ഇടയിലൊരു പാലമായി ഭവിക്കുന്നു. ഈ ബന്ധം വാക്കും ചിത്രങ്ങളും കൊണ്ട് പകർത്തിവെക്കുകയായിരുന്നു പെപിത. തെയ്യം അഭ്യാസികളുമായുള്ള പതിറ്റാണ്ടുകൾ നീണ്ട ബന്ധം അവർക്കതിന് സഹായകമായി. ആ വാക്കുകളിലും ചിത്രങ്ങളിലും അവർ തിരഞ്ഞെടുത്ത വിഷയത്തോടുള്ള പ്രതിബദ്ധത തെളിഞ്ഞുകാണാം. രാജ്യം 2012 ൽ പദ്മശ്രീ നൽകി പെപിതയെ ആദരിച്ചു. കേരളത്തിലെ അനുഷ്ഠാനകലകളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ പെപിത സേത്തിന്റെ സംഭാവന അതുല്യമാണ്.