ഓര്‍മ്മ

കഥയുടെ കാരൂര്‍ കാലം

കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ 50-ാം ചരമവാര്‍ഷികം
(1898 ഫെബ്രുവരി 22-1975 സെപ്റ്റംബര്‍ 30)

കേരളം മറികടന്ന ദാരിദ്ര്യത്തിന്റെ ഭീഷണമായ ഒരു ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് കാരൂരിന്റെ പൊതിച്ചോറ് എന്ന കഥ. പട്ടിണി കാരണം കുട്ടികളുടെ പൊതിച്ചോറ് മോഷ്ടിച്ചു വിശപ്പടക്കേണ്ടി വന്ന അധ്യാപകന്റെ ദയനീയാവസ്ഥ ഇന്ന് വിശ്വസിക്കാനാകണമെന്നില്ല. അന്തസ്സും ആദരവും കല്പിക്കാത്ത, തുച്ഛമായ ശമ്പളത്തില്‍ അധ്യാപകര്‍ക്ക് ജോലി ചെയ്യേണ്ടിവന്ന, കേരളപ്പിറവിക്കു മുമ്പുള്ള കാലമാണ് പശ്ചാത്തലം. അധ്യാപകജീവിതം കേന്ദ്രമാക്കി അദ്ദേഹം വേറെയും കഥകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അതിനപ്പുറം വിശാലമാണ് ആ കഥാലോകം. മനുഷ്യമനസ്സിന്റെ ആഴങ്ങളും ആകുതലതകളും നന്മകളും സ്നേഹത്തിനായുള്ള കാത്തിരിപ്പുമൊക്കെ തെളിയുന്ന കാരൂര്‍ കഥാലോകവുമുണ്ട്. മരപ്പാവകളും പൂവമ്പഴവും ഉതുപ്പാന്റെ കിണറും മറ്റും ഉദാഹരണങ്ങള്‍. തൊങ്ങലുകളില്ലാത്ത, ലളിതമായ ഭാഷ ആ കഥകളുടെ സവിശേഷതയായി, ‘കാരൂര്‍ കഥകളുടെ മഹത്വത്തിന്റെ കാരണം അവയില്‍ കാണുന്ന അച്ചടക്കമാണ് . ആവശ്യത്തിലേറെ തന്റെ വാക്കുകള്‍ കഥയുടെ ഫ്രയിം വര്‍ക്കിനകത്തിരുന്ന് കലപില കൂട്ടരുത് എന്ന് അദ്ദേഹത്തിന്  നിര്‍ബന്ധമുണ്ടായിരുന്നു.” എം. ടി. വാസുദേവന്‍ നായര്‍ കാരൂര്‍ കഥപറച്ചിലിനെ ഇങ്ങനെ സംഗ്രഹിച്ചു..

1898 ഫ്രെബുവരി 22ന് ഏറ്റുമാനൂരില്‍ ജനിച്ചു. ഏഴാംക്ലാസ് പാസായശേഷം സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1945ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സ്ഥാപിക്കുന്നതില്‍ നേതൃത്വം വഹിച്ചു. 1965 വരെ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു.

പ്രധാനകൃതികള്‍: പൂവമ്പഴം, മരപ്പാവകള്‍, പിശാചിന്റെ കുപ്പായം, കാരൂര്‍കഥകള്‍, ഒരുപിടി മണ്ണ്, മീന്‍കാരി, തെരഞ്ഞെടുത്ത കഥകള്‍ (രണ്ടു ഭാഗങ്ങള്‍), കാരൂരിന്റെ ബാലകഥകള്‍, ബാലചന്ദ്രന്‍.
1975 സെപ്തംബര്‍ 30ന് അന്തരിച്ചു. തകഴിയും ബഷീറും പൊന്‍കുന്നം വര്‍ക്കിയുമൊക്കെ അടങ്ങുന്ന മഹത്തായ ഒരു സാഹിത്യകാലത്തില്‍ കാരൂരിന്റെ എണ്ണം പറഞ്ഞ രചനകളും ഉള്‍പ്പെടുന്നു.