അഭിമാന അക്കാഡമി

ശ്രീലത ആര്‍.എസ്

അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷന്‍

സിവില്‍ സര്‍വീസ് പരീക്ഷകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് 2005-ല്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി സര്‍ക്കാര്‍ സ്ഥാപിച്ചത്. തുടക്കത്തില്‍ ആറ് പേരെ സിവില്‍ സര്‍വീസില്‍ എത്തിച്ച ഈ കേന്ദ്രം നാളിതുവരെ 500-ഓളം പേരെ വിവിധ കേഡറുകളിലായി സിവില്‍ സര്‍വീസിലേയ്ക്ക് എത്തിച്ചു. യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലനത്തിന് ഒരു കാലത്ത് ഡല്‍ഹി അടക്കമുള്ള മെട്രോ നഗരങ്ങളിലെ കോച്ചിംഗ് സെന്ററുകളെ ആശ്രയിച്ചിരുന്ന മലയാളികള്‍, കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയെ ഇപ്പോള്‍ ആശാ കേന്ദ്രമായി കാണുന്നു.

സവിശേഷതകള്‍

പരിചയ സമ്പരും പ്രഗത്ഭരുമായ ഫാക്കല്‍റ്റികള്‍, ഗവേഷണ വിഭാഗം, അച്ചടക്കത്തോടും കൃത്യ നിഷ്‌ഠതയോടുമുള്ള പഠന ക്രമം, വിവിധ വിഷയങ്ങളില്‍ അറിവു പകരുന്ന നാല്‍പതോളം ആനുകാലികങ്ങള്‍, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ദിനപ്പത്രങ്ങള്‍, ബൃഹത്തായ പുസ്‌തക ശേഖരവുമുള്ള ലൈബ്രറി, മികച്ച രീതിയിലുള്ള ടെസ്റ്റ് സീരീസ് എന്നിവ അക്കാഡമിയുടെ സവിശേഷതകളാണ്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പ്രധാന കോഴ്‌സായ പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിന്റെ പരിശീലന കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സെന്റര്‍ ഫോര്‍ എക്‌സലന്‍സിലാണ് കല്ല്യാശ്ശേരിയിലെ അക്കാഡമിയുടെ സെന്റര്‍ പ്രവർത്തിക്കുന്നത്. ഇവിടെ 51% സീറ്റുകള്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്‌തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍, പൊന്നാനിയിലുള്ള അക്കാഡമിയിലെ സെന്ററായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസില്‍ 50% സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കായും 10% സീറ്റുകള്‍ പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാര്‍ഥികള്‍ക്കായും സംവരണം ചെയ്‌തിട്ടുണ്ട്. മറ്റ് കേന്ദ്രങ്ങളിലും 10% സീറ്റുകള്‍ പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്‌തിട്ടുണ്ട്. പട്ടികജാതി/പട്ടിക വര്‍ഗ സീറ്റിലേക്കുള്ള പ്രവേശനം പട്ടികജാതി വകുപ്പിന്റെ ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതി മുഖേനയാണ് നടത്തി വരുന്നത്.

പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിന് പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 വിദ്യാര്‍ഥികള്‍ക്ക് അവര്‍ ഒടുക്കിയ ഫീസ് റീ ഇംബേഴ്‌സ് ചെയ്യാവുന്നതാണ്. ബി.പി.എല്‍ വിഭാഗത്തിൽപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് തവണകളായി (instalment) അടയ്‌ക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

പരിശീലന പദ്ധതികള്‍

  1. സിവില്‍ സര്‍വീസ് പ്രിലിമിനറി കം മെയിന്‍സ് കോഴ്‌സ് (PCM)

    ഓരോ വര്‍ഷവും ജൂണിലാണ് പ്രിലിംസ് കം മെയിന്‍സ് ബാച്ചുകള്‍ ആരംഭിക്കുന്നത്. അക്കാഡമി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കോഴ്‌സ് ഫീസ് 40,000 രൂപ +18% GST

  2. ഐച്ഛികവിഷയങ്ങള്‍ (Optional Subjects)

    ഐച്ഛിക വിഷയങ്ങളുടെ ക്ലാസ് എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്. പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, സോഷ്യോളജി, ജോഗ്രഫി, മലയാളം, പബ്‌ളിക് അഡ്‌മിനിസ്‌ട്രേഷൻ എന്നീ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍. ഫീസ് 10,000 രൂപ +18% GST

  3. വാരാന്ത്യ സിവില്‍ സര്‍വീസ് പ്രിലിമിനറി കം മെയിന്‍സ് കോഴ്‌സ് (Weekend PCM)

    PCM റഗുലര്‍ കോഴ്‌സിന് പഠിക്കാന്‍ കഴിയാത്ത വര്‍ക്കിംഗ് പ്രൊഫഷണല്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്കും, നിലവില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ കോഴ്‌സിനു ചേരാം. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. രണ്ടാം ശനി, ഞായര്‍, മറ്റ് പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍ നടത്തുന്നത്. ഫീസ് 40,000 രൂപ+18% GST). ബിരുദ/ബിരുദാനന്തര വിദ്യാര്‍ഥി കള്‍ക്ക് ഫീസ് 30,000 രൂപ +18%GSTബിരുദ/ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ റഗുലറായി പഠിക്കുന്നു എന്ന് തെളിയിക്കുന്ന കോഴ്‌സ് സർട്ടിഫിക്കറ്റ് സ്ഥാപന മേധാവിയില്‍ നിന്നും വാങ്ങി ഹാജരാക്കേണ്ടതാണ്.

  4. സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്

    പ്ലസ് വൺ, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്‌സില്‍ പരിശീലനം നേടാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ചെങ്ങന്നൂർ, കോഴിക്കോട്, ആലുവ, തൃശ്ശൂര്‍ പാലക്കാട്, പൊന്നാനി, കല്ല്യാശ്ശേരി, കാസര്‍ഗോഡ് എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. ഫീസ്, 5,000 രൂപ +18% GST

  5. ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ്

    ഹൈസ്‌കൂളിൽ കോഴ്‌സ്ഹൈസ്‌കൂളില്‍ പഠിക്കുന്ന കുട്ടികൾക്ക് ഭാവിയില്‍ സിവില്‍ സര്‍വീസ് പോലുളള മത്സര പരീക്ഷകള്‍ ലക്ഷ്യമിട്ടുകൊണ്ട് സമഗ്ര ശേഷി വികസനത്തിന് പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കി നടത്തുന്ന കോഴ്‌സാണ്. ഇംഗ്ലീഷിനും മാതൃഭാഷയ്ക്കും പ്രത്യേക ഊന്നൽ നല്‍കി ഇതര വിഷയങ്ങളില്‍ സാമാന്യമായ അവബോധം ഈ കോഴ്‌സിലൂടെ പ്രദാനം ചെയ്യുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ചെങ്ങന്നൂർ, ആലുവ, തൃശ്ശൂര്‍ പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്ല്യാശ്ശേരി, കാസര്‍ഗോഡ് എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. ഫീസ്, 3,000 രൂപ +18% GST

  6. ഓൺലൈൻ കോഴ്‌സുകള്‍

    പ്രിലിംസ് കം മെയിന്‍സ് (വീക്കെന്റ്), ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് എന്നിവയിൽ ഓൺലൈൻ ക്ലാസ്സുകളും നൽകുന്നുണ്ട്.

മെയിന്‍ പരീക്ഷ

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ വിജയിക്കുന്നവർക്ക് അക്കാഡമി മെയിന്‍ പരീക്ഷയ്ക്ക് സൗജന്യ പരിശീലനംനൽകുന്നുണ്ട്. അക്കാഡമിയുടെ അഡോപ്ഷന്‍ സ്‌കീം പ്രകാരം മെയിന്‍ പരീക്ഷ വിജയികളാകുന്നവർക്ക് അഭിമുഖ പരിശീലനവും, ഡല്‍ഹിയില്‍ യു.പി.എസ്.സിയുടെ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എത്താനുമുള്ള വിമാന യാത്രാ സൗകര്യവും കൂടാതെ കേരള ഹൗസില്‍ താമസവും ഭക്ഷണ സൗകര്യവും സൗജന്യമായി നല്‍കി വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://kscsa.org

info.ccek@gmail.com

directorccek@gmail.com

04712313065, 2311654, 8281098863, 8281098864

Spread the love