നീരുറവുകള്‍ വറ്റാതിരിക്കാന്‍
സതീഷ്. ആര്. വി
നമ്മുടെ സംസ്ഥാനത്തെ പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍ കുളങ്ങള്‍, തോടുകള്‍, പുഴകള്‍, നീരുറവുകള്‍ തുടങ്ങിയവയൊക്കെയാണ്. എണ്ണത്തില്‍ ഏറെയുള്ള ഇവയില്‍ എക്കാലത്തേയും ജല ലഭ്യതയും ജല ശുദ്ധിയും ഉറപ്പാക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഇവയെ ശുദ്ധീകരിച്ച്, പുനരുജ്ജീവിപ്പിച്ചു ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന കാലയളവുകളില്‍ ജല ലഭ്യത വര്‍ധിപ്പിക്കാനാകും. ജല സ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കി പുനരുജ്ജീവിപ്പിക്കുക എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.
ഇതിനുള്ള അവബോധം പൊതു ജനങ്ങളില്‍ ഉണ്ടായി വരണം. മാലിന്യം വലിച്ചെറിയാതെയും ദ്രവമാലിന്യം ഒഴുക്കി വിടാതെയും ശ്രദ്ധിക്കുകയും ഇതിനാവശ്യമായ സംസ്കരണ, പരിപാലന സംവിധാനങ്ങള്‍ എല്ലായിടത്തും ഉറപ്പാക്കുകയും ചെയ്യണം. ശുചീകരിക്കപ്പെടുന്ന ജല സ്രോതസ്സുകള്‍ ഉപയോഗിക്കപ്പെടുക എന്നത് ഏറ്റവും പ്രധാനമാണ്. പ്രദേശത്ത് കൃഷി സാധ്യമാക്കുകയെന്നതാണ് ഇതില്‍ പ്രധാനം. കൂടാതെ മറ്റ് ആവശ്യങ്ങള്‍ക്കും ഈ ജലസ്രോതസ്സുകളിലെ ജലം പ്രയോജനപ്പെടുത്തണം.
ജലം റീചാര്‍ജ് ചെയ്യാം
അധിക ജല സംഭരണം സാധ്യമാക്കി മാത്രമേ ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്ന കാലയളവുകളില്‍ ജല ലഭ്യത ഉറപ്പാക്കാനാകു. ഇതിനായി കുളങ്ങളും കിണറുകളും ശുചിയായി സംരക്ഷിക്കുന്നതോടൊപ്പം യുക്തമായ സ്ഥലങ്ങളില്‍ നീര്‍ച്ചാലുകളില്‍ തടയണകള്‍ പോലുള്ള ജല സംഭരണി നിര്‍മ്മിക്കാനുമാകും. സാധ്യമായ ഇടങ്ങളില്‍ ഭൂജല റീചാര്‍ജിങ്ങ്, കിണര്‍ റീചാര്‍ജിങ്ങ് സംവിധാനങ്ങളും ഒരുക്കണം.
പൊതു സ്ഥാപനങ്ങളിലെ മേല്‍ക്കൂരയില്‍ പെയ്തു കിട്ടുന്ന ജലം കിണറിന് സമീപം ഒരു റീചാര്‍ജ് പിറ്റ് നിര്‍മ്മിച്ച് അതിലേയ്ക്ക് റീചാര്‍ജ് ചെയ്യാവുന്നതാണ്. സ്വകാര്യ കിണറുകളില്‍ റീചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതിന് റീചാര്‍ജ് പിറ്റിലേക്ക് റീചാര്‍ജ് ചെയ്യുന്ന രീതിയാണ് ഏറ്റവും അഭികാമ്യം. ഇത്തരത്തില്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ഒരു പ്രദേശത്തെ പരമാവധി കിണറുകളില്‍ വ്യാപകമായി റീചാർജിങ്ങ് സംവിധാനം ഒരുക്കിയാല്‍ മാത്രമേ ഭൂജല നിരപ്പില്‍ അതിന്റെ പ്രതിഫലനം ദൃശ്യമാകുകയുള്ളു.
കേരളത്തില്‍ നിരവധിയായ ഉപേക്ഷിക്കപ്പെട്ട പാറമടകളും ലാറ്ററേറ്റ് ക്വാറികളുമുണ്ട്. ഇവയിലൊക്കെ ധാരാളമായി വെള്ളം ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇവയിലെ ജലം ഫലപ്രദമായി വിനിയോഗിക്കാനാകും. പമ്പുകള്‍ ഉപയോഗിച്ചോ ഗ്രാവിറ്റി ഫ്ളോയിലൂടെയോ ഇവയിലെ ജലം തൊട്ടടുത്ത നീര്ച്ചാലുകളിലെത്തിച്ച് കൃഷിയ്ക്ക് ജലം ലഭ്യമാക്കാം. തടയണകള്‍ നിര്‍മ്മിച്ച് ഈ ജലം ശേഖരിച്ച് നിര്‍ത്താനുമാകും. നീര്ച്ചാല് ഒഴുകുന്ന പ്രദേശത്തെ കുളങ്ങള്‍ റീചാര്‍ജ് ചെയ്യാനും ഇത് പ്രയോജനപ്പെടുത്താം. ക്വാറികള്‍ക്ക് സമീപം ഒരു റീചാര്‍ജ് പിറ്റ് നിര്‍മ്മിച്ച് അതിലേക്ക് ഒഴുക്കിവിട്ട് ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ ഭൂജല നിരപ്പ് ഉയര്‍ത്താനും അതുവഴി കിണറുകളില്‍ കുടുതല്‍ കാലം ജല ലഭ്യത ഉറപ്പാക്കാനാകും.
ബന്ധാരകള്‍
കേരളത്തിലെ ഭൂപ്രകൃതിയും ജനസാന്ദ്രതയും പരിഗണിക്കുമ്പോള്‍ വലിയ ജല സംഭരണികള്‍ നിർമ്മിക്കുന്നതിനുള്ള സാധ്യത പരിമിതമാണ്. അതുകൊണ്ടു തന്നെ പാരിസ്ഥിതികാഘാതം ഏറ്റവും കുറഞ്ഞതും ജല സ്രോതസ്സുകള്ക്കുള്ളില് തന്നെ ഒതുങ്ങുന്ന തരത്തിലുമുള്ള ജലസംഭരണികള്‍ ആയിരിക്കും കൂടുതല്‍ യോജിക്കുക. ഇത്തരത്തിലുള്ള ഒരു ജല സംഭരണിയാണ് ഗോവന്‍ മാതൃകയിലുള്ള ബന്ധാരകള്‍. ഒരു നീര്‍ച്ചാലിലോ പുഴയിലോ നിശ്ചിത അകലത്തില്‍ ഒരു നിരയായിട്ടാണ് ഇത്തരം ബന്ധാരകള്‍ നിർമ്മിക്കുന്നത്. മഴക്കാലത്ത് ഷട്ടറുകൾ പൂർണമായി എടുത്തു മാറ്റി സുഗമമായ നീരൊഴുക്ക് ഉറപ്പാക്കാനും മഴയ്ക്ക് ശേഷം ഷട്ടറുകൾ പുനഃസ്ഥാപിച്ച് ജലം സംഭരിച്ചു നിര്‍ത്താനും ഈ ബന്ധാരകളില് സാധ്യമാണ്. മഴക്കാലത്ത് ഷട്ടറുകൾ പൂര്‍ണ്ണമായി മാറ്റിയാല്‍ നീരൊഴുക്ക് ഒരു വിധത്തിലും തടസ്സപ്പെടില്ല എന്നതിനാൽ കേരളത്തില്‍ അനുയോജ്യമായ ഒരു ജല സംഭരണിയാണ് ബന്ധാര.
കുളം സംരക്ഷണം
കേരളത്തില്‍ ഭൂജല നിരപ്പ് നിയന്ത്രിക്കുന്നതിൽ കുളങ്ങളുടെ പങ്ക് നിര്‍ണ്ണായകമാണ്. കേരളത്തില്‍ ആയിരക്കണക്കിന് വലിയ കുളങ്ങളാണ് നിലവിലുള്ളത്. ഇവയില്‍ ഏറിയ പങ്കും പൊതുവുടമസ്ഥതയില്‍ ഉള്ളവയാണ്. മുന്‍കാലങ്ങളില്‍ നെല്‍ക്കൃഷിക്കുള്ള പ്രധാന ജല സ്രോതസ്സായി ഇവ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ നെല്‍ക്കൃഷിയുടെ വിസ്തൃതി കുറഞ്ഞത് ഇവയുടെ ഈ മേഖലയിലെ ഉപയോഗം കുറച്ചു. ഒപ്പം ഇവയില്‍ പലതും പരിചരണമില്ലാതെ എക്കലടിഞ്ഞും പാഴ്ച്ചെടികളും മാലിന്യങ്ങളും നിറഞ്ഞും ഉപയോഗ ശൂന്യമായിപ്പോയിട്ടുണ്ട്. ഇവയെ പുനരുജ്ജീവിപ്പിച്ച് ഒരു പ്രധാന ജല സ്രോതസ്സായി മാറ്റേണ്ടതുണ്ട്.
കുളം സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുളത്തിന്റെയും അനുബന്ധമായുള്ള പൊതു ഭൂമിയുടെയും അളവ്, ഖര-ദ്രവ മലിനീകരണം, വൃഷ്ടി പ്രദേശം എന്നിവ സംബന്ധിച്ച് വിവര ശേഖരണം നടത്തേണ്ടതുണ്ട്. വൃഷ്ടി പ്രദേശത്തു നിന്നും ജലം ഒഴുകി കുളത്തില്‍ എത്തുന്നത് സംബന്ധിച്ചും പഠനം നടത്തണം. ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി വൃഷ്ടി പ്രദേശത്തെ മണ്ണൊലിപ്പ് തടയുന്നതിനും ഭൂജല റീചാര്‍ജിങ്ങിനും ആവശ്യമായ ഇടപെടലുകള്‍ നടത്തണം. തുടർന്ന് കുളം പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തണം.
കുളം പുനരുജ്ജീവനം പോലെ പ്രധാനമാണ് അതിന്റെ പരിപാലനവും. എന്തെങ്കിലും ആവശ്യത്തിന് കുളവും ചുറ്റുപാടുകളും ഉപയോഗിക്കപ്പെടണം. കൃഷിയ്ക്ക്, കുടിവെള്ളത്തിന്, നീന്തല്‍ പരിശീലനത്തിന്, മല്‍സ്യം വളര്‍ത്തല്‍ മുതലായവയ്ക്ക് ഇവ ഉപയോഗിക്കാനാകും. കുളത്തിനു ചുറ്റുമുള്ള പ്രദേശം ആള്‍ക്കാര്‍ക്ക് ഒത്തു ചേരാനുള്ള പൊതുവിടം, കളിസ്ഥലം, ഓപ്പൺ ജിം, പ്രഭാത-സായാഹ്ന നടത്തം തുടങ്ങി പല ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാം.