ജനാധിപത്യത്തെ ശുദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പുകള്‍

പ്രൊഫ. ജോസ്‌കുട്ടി സി എ, ആമിന റീ വി.പി
പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം, കേരള സര്‍വകലാശാല

തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ഉത്സവമെന്നാണ് വിശേഷിപ്പിക്കുന്നത്. ജനാധിപത്യമെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ക്ക് ഏറ്റവും സാന്നിധ്യവും അധികാരവും പങ്കാളിത്തവുമുള്ള ഭരണ രീതിയാണ്. ജനങ്ങളുടെ പരമാധികാരം കാലാകാലങ്ങളില്‍ ഊട്ടിയുറപ്പിക്കുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്. ഇത് വെറും പ്രതീകാത്മകമായ നടപടിയോ പ്രവര്‍ത്തിയോ അല്ല. മറിച്ച് ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങൾ ഏറ്റവും സജീവമായി ഉയര്‍ത്തുകയും പരിഹാരങ്ങള്‍ നിർദേശിക്കപ്പെടുന്നതുമായ വേദിയാണ്.

രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും പൗര സമൂഹവുമൊക്കെ ജനങ്ങളുടെ പ്രശ്‌നങ്ങളോടുള്ള അവരുടെ സമീപനവും നയവുമൊക്കെ വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പ് വേളയിലാണ്. ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പ്രതിപക്ഷത്തിന്റെ നിലപാടുകളും തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നു. ജനങ്ങള്‍ അവരുടെ തൃപ്‌തിയും അതൃപ്‌തിയും വോട്ടിലൂടെ രേഖപ്പെടുത്തുന്നു.

ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്. സ്വതന്ത്രവും നീതി യുക്തവുമായ തെരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ജീവവായു. ജനങ്ങള്‍ ശാക്തീകരിക്കപ്പെടുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ സമത്വം, സ്വാതന്ത്ര്യം, നീതി, അവകാശങ്ങള്‍ ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ അധിഷ്‌ഠിതമാണ്. അതു കൊണ്ടാണ് പ്രശസ്‌ത രാഷ്ട്ര മീമാംസകനായ ജെറമി ബെന്‍താം ‘എല്ലാവര്‍ക്കും ഒരേ മൂല്യമാണ്’ എന്ന്  പറഞ്ഞത്. വോട്ട് ചെയ്യുന്ന വേളയിൽ വലിപ്പ ചെറുപ്പങ്ങൾക്ക് പ്രസക്തിയില്ല. അതായത് തെരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത കാത്തു സൂക്ഷിക്കുന്നതും പ്രയോഗിക്കുന്നതും.

ഒരു ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പിന് പരമ പ്രധാനമായ ചില കര്‍ത്തവ്യങ്ങള്‍ ഉണ്ട്. ജനപ്രാതിനിധ്യം ഉറപ്പാക്കുക, ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കുക, ഭരണത്തിന് നിയമപരവും സാമൂഹികവുമായ സാധ്യത ഉറപ്പാക്കുക, അധികാരത്തിനും ഭരണത്തിനും മേല്‍ കടിഞ്ഞാണായി പ്രവര്‍ത്തിക്കുക, രാഷ്ട്രീയ ഉത്തരവാദിത്വം ഉറപ്പാക്കുക, ആരോഗ്യകരമായ നയരൂപവല്‍ക്കരണം സാധ്യമാക്കുക, ജനങ്ങളുടെ ശബ്‌ദമായി പ്രവര്‍ത്തിക്കുക അഭിപ്രായ രൂപവല്‍ക്കരണം നടത്തുക തുടങ്ങിയവയാണ് ഈ കര്‍ത്തവ്യങ്ങള്‍. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളിലൂടെ സ്വയം ഭരിക്കുന്ന സംവിധാനമാണ് ജനാധിപത്യം. പാര്‍ലമെന്റും സംസ്ഥാന നിയമ സഭകളുമാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ജനപ്രതിനിധി സഭകള്‍. ഈ സഭകളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് പൊതു തെരഞ്ഞെടുപ്പിലൂടെയാണ്. ഈ ജന പ്രതിനിധികളില്‍ നിന്നാണ് ഇന്ത്യയിലെ ഭരണ നേതൃത്വം നിയമിക്കപ്പെടുന്നത്.

ഉത്തരവാദിത്വ ഭരണം ഉറപ്പാക്കുന്നു

ഒരു ഭരണകൂടത്തിന്റെ ഏറ്റവും അനിവാര്യമായ ഘടകമാണ് നിയമപരവും സാമൂഹികവുമായ അംഗീകാരവും സാധുതയും. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് ഒരു സര്‍ക്കാരിന്റെ നിയമപരമായ നിലനില്‍പ്പിന്റെ അടിസ്ഥാനം. തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ നൽകിയിരിക്കുന്ന അംഗീകാരമാണ്. ഈ അംഗീകാരമാണ് ഒരു രാഷ്‌ട്രീയ പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതും പുറത്താക്കുന്നതും. ഇവിടെ പ്രസക്തമായിട്ടുള്ളത് പ്രതിപക്ഷവും ജനങ്ങളുടെ അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നത് എന്നുള്ളതാണ്. ഭരണ, പ്രതിപക്ഷ നേതൃത്വത്തിന് സാധുത നൽകുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്.

ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. ജനങ്ങള്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കടിഞ്ഞാണാണ്. ഇത് സാധ്യമാകുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്. ജനാധിപത്യത്തില്‍ സര്‍ക്കാരിനെ നിയന്ത്രിക്കുവാനുള്ള ആഭ്യന്തര സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അന്തിമമായ കടിഞ്ഞാൺ തെരഞ്ഞെടുപ്പാണ്. ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ‘നോ’ പറഞ്ഞാല്‍ ഭരിക്കുന്നവർ പുറത്താകും മറ്റൊരു പാർട്ടി അധികാരത്തില്‍ വരും. ആരു ഭരിക്കണമെന്നും ആരു പുറത്തു പോകണമെന്നും ജനങ്ങള്‍ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്. ജനാധിപത്യം ഉത്തരവാദിത്വ ഭരണമാണ്. സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും അവര്‍ ജനങ്ങളോട് ഉത്തരം പറയണം. ജനങ്ങള്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന വേളയാണ് തെരഞ്ഞെടുപ്പ്. ഉത്തരവാദിത്വത്തോടെ ഭരിച്ചില്ലെങ്കില്‍ ഭരണത്തില്‍ നിന്നും പുറത്താവും. സര്‍ക്കാരും പ്രതിപക്ഷവും ചെയ്‌ത കാര്യങ്ങളെക്കുറിച്ചും ചെയ്യുവാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതും വാഗ്‌ദാനങ്ങൾ ചെയ്യുന്നതും ഉത്തരവാദിത്വം ഉള്ളതു കൊണ്ടാണ്. തെരഞ്ഞെടുപ്പുകള്‍ ഉത്തരവാദിത്വ ഭരണം ഉറപ്പാക്കുന്നു.

നയരൂപവല്‍ക്കരണത്തിനുള്ള വേദി

തെരഞ്ഞെടുപ്പ് വേളകള്‍ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വികസന നയരൂപവല്‍ക്കരണ വേദി കൂടിയാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ കാഴ്‌ചപ്പാടുകളും വികസന നയങ്ങളും ജനങ്ങളുടെ അംഗീകാരത്തിനായി തെരഞ്ഞെടുപ്പില്‍ സമർപ്പിക്കുന്നു. പ്രകടന പത്രികകള്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരിശോധിച്ചു വോട്ട് ചെയ്യുന്നു. വലിയ സംവാദ വേദിയാണ് തെരഞ്ഞെടുപ്പ്. ജനങ്ങള്‍ അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ അവതരിപ്പിക്കുകയും ഭരണപക്ഷവും പ്രതിപക്ഷവും അത് സസൂക്ഷ്‌മം പരിശോധിച്ചു നിലപാടുകള്‍ എടുക്കുകയുമാണ്.

പൊതുജനാഭിപ്രായം ദൈവത്തിന്റെ അഭിപ്രായം എന്നതാണ് പുരാതന റോമാക്കാര്‍വരെ പറഞ്ഞിരുന്നത്. രാഷ്ട്രവും സമൂഹവും നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളിൽ അഭിപ്രായ രൂപവല്‍ക്കരണം നടക്കുന്ന മഹത്തായ അവസരമാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിലൂടെ രൂപപ്പെടുന്ന പൊതുജനാഭിപ്രായമാണ് ഭൂരിപക്ഷ വോട്ടായി സര്‍ക്കാരുകളെ ഭരിക്കാന്‍ അനുവദിക്കുന്നത്.

ഒരു ജനാധിപത്യത്തിന്റെ കാതലായ ആശയങ്ങളും പ്രായോഗിക പ്രവര്‍ത്തനവും ഏറ്റവും അധികം പരീക്ഷിക്കപ്പെടുന്ന വേളയാണ് തെരഞ്ഞെടുപ്പ്. ജനാധിപത്യത്തില്‍ എല്ലാം കളങ്കരഹിതമല്ല. കളങ്കങ്ങളെ കഴുകിക്കളഞ്ഞു ജനാധിപത്യത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. അതു കൊണ്ടാണ് സ്വതന്ത്ര്യവും സുതാര്യവും നീതി യുക്തവുമായ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കുന്നത്.

Spread the love