കവര്‍‌സ്റ്റോറി

തികവോടെ ഭക്ഷ്യ സുരക്ഷ നിറവോടെ പൊതു വിതരണം

-ജി. ആര്‍. അനില്‍
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി

മുന്‍ഗണനാ കാര്‍ഡുകളുടെ ശുദ്ധീകരണം

പിഴയോ ശിക്ഷയോ, കൂടാതെ മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ക്ക് സ്വമേധയാ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിന് അവസരം നല്‍കി. 1,72,312 കാര്‍ഡുകളാണ് സറണ്ടര്‍ ചെയ്‌തത്. 2,86,087 മുന്‍ഗണനാ കാര്‍ഡുകള്‍ തരം മാറ്റി വിതരണം ചെയ്‌തു. അര്‍ഹരായ ജന വിഭാഗങ്ങളിലേക്കു മുന്‍ഗണനാ കാര്‍ഡുകള്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ കൈവരിച്ചത്.

ഓപ്പറേഷന്‍ യെല്ലോ

മുന്‍ഗണനാ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാത്തവരെ ലക്ഷ്യമിട്ടാണ് ‘ഓപ്പറേഷന്‍ യെല്ലോ”പദ്ധതിക്ക് തുടക്കമിട്ടത്. 17,596 കാര്‍ഡുകള്‍ പിടിച്ചെടുത്ത് തരം മാറ്റി; 4,19,19,486 രൂപ പിഴ ഈടാക്കി.

പുതിയ കാര്‍ഡുകളുടെ വിതരണം

എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുകയാണ് സര്‍ക്കാര്‍ നയം. തെരുവോര-വാടക താമസക്കാര്‍ക്ക് ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ നല്‍കി. 2,79,834 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്‌തു. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ താമസിക്കുന്ന വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റൂഷനുകള്‍ക്കായി 6560 പുതിയ കാര്‍ഡുകളും.

മുഴുവന്‍ അതി ദരിദ്രര്‍ക്കും കാര്‍ഡ്

അതി ദരിദ്ര നിര്‍ണ്ണയ പ്രക്രിയയുടെ ഭാഗമായി കണ്ടെത്തിയവരില്‍ 867 പേര്‍ക്ക് പുതിയ കാര്‍ഡ് വിതരണം ചെയ്‌തിട്ടുണ്ട്. അവശേഷിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ തുടരുന്നു. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഇല്ലാതിരുന്ന 4770 പേരില്‍ 191 പേര്‍ക്ക് ആധാര്‍ ലഭ്യമാക്കി റേഷന്‍ കാര്‍ഡ് വിതരണം ചെയ്‌തു.

ആധാര്‍ സീഡിങ്ങ്

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അനുശാസിക്കുന്ന പ്രകാരം ഗുണഭോക്താവിനെ തിരിച്ചറിഞ്ഞ് ഭക്ഷ്യധാന്യ വിതരണം നടത്തുന്നതിന് എല്ലാ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകളുടെയും ആധാര്‍ സീഡിംഗ് 100 ശതമാനത്തിലെത്തിച്ചു. പൊതുവിതരണ വകുപ്പ് നടത്തിയ വലിയ ഇടപെടലിലൂടെ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം.

ഗോഡൗണ്‍ നിര്‍മ്മാണം

സംസ്ഥാനത്തെ 83 റേഷനിംഗ് താലൂക്കിലും ഉചിതമായ സ്ഥലം കണ്ടെത്തി മാനദണ്ഡങ്ങള്‍ പാലിച്ച് ശാസ്ത്രീയമായ ഗോഡൗണുകള്‍ നിര്‍മ്മിക്കും. മൂന്ന് ജില്ലകളില്‍ ഗോഡൗണുകളുടെ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു. കാസര്‍ഗോഡ്-വെള്ളരിക്കുണ്ട്, കണ്ണൂര്‍-പയ്യന്നൂര്‍, പത്തനംതിട്ട-കോന്നി.

കെ-സ്റ്റോര്‍

ജനോപകാരപ്രദമായ കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി റേഷന്‍ കടകളെ വൈവിധ്യവത്കരിക്കേണ്ടതുണ്ട്. ആദ്യ ഘട്ടമായി ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ള റേഷന്‍ കടകളെ ഉള്‍പ്പെടുത്തിയാണ് കെ-സ്റ്റോര്‍ പദ്ധതി. 73 റേഷന്‍ കടകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. കൂടുതല്‍ സേവനങ്ങളും ഉല്‍പന്നങ്ങളും ലഭ്യമാക്കുന്നതിലൂടെ റേഷന്‍ കടയുടമകള്‍ക്ക് അധിക വരുമാനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഐഒസിയും മില്‍മയുമായി ധാരണ പത്രം ഒപ്പുവെച്ചിട്ടുണ്ട്.

വിപണി ഇടപെടല്‍

കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കാര്യക്ഷമമായി നടക്കുന്നതാണ് ഇതിനു കാരണം. രാജ്യത്ത് വലിയ തോതിലുള്ള വിലക്കയറ്റം ഉണ്ടങ്കിലും സര്‍ക്കാരിന്റെ ശക്തമായ വിപണി ഇടപെടല്‍ വഴിയാണ് സംസ്ഥാനത്ത് വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത്. 13 ഇനം അവശ്യ സാധനങ്ങള്‍ സപ്ലൈകോ വില്‍പ്പന ശാലകള്‍ വഴി 2016 മെയ് മാസത്തിലെ  വിലയ്ക്കാണ് നല്‍കി വരുന്നത്.

2022 ഓണക്കാലത്തും മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ചെയ്‌തു. അരിവില വര്‍ധിച്ചപ്പോള്‍ അരി വിഹിതം കുറവായ നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധികമായി എട്ട് കിലോ അരി നല്‍കി.

അരി വണ്ടിയും മൊബൈല്‍ മാവേലിയും

വര്‍ഷം ശരാശരി 350 കോടി രൂപ സപ്ലൈകോ വഴിയുള്ള വിപണി ഇടപെടലിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നു. സപ്ലൈകോയുടെ സഞ്ചരിക്കുന്ന അരി വണ്ടി സംസ്ഥാനത്തെ 500 കേന്ദ്രങ്ങളില്‍ എത്തി. കാര്‍ഡൊന്നിന് 10 കിലോ അരി സൗജന്യ നിരക്കില്‍ നല്‍കി. (23,24,25 രൂപയ്ക്ക്). വിലക്കയറ്റം പ്രതിരോധിക്കാനായി എല്ലാ ജില്ലകളിലുമായി 700 കേന്ദ്രങ്ങളില്‍ മൊബൈല്‍ മാവേലി സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്‌തു.

എഫ്.സി.ഐ-യില്‍ നിന്നുള്ള അരി വിതരണം

സംസ്ഥാനത്ത് ഒരു വര്‍ഷത്തെ ആഭ്യന്തര ഉപഭോഗത്തിന് 35-40 മെട്രിക് ടണ്‍ അരി വേണമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആവശ്യമുള്ള അരിയുടെ 15% മാത്രമേ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നുള്ളു. സംസ്ഥാനത്തെ പൊതു വിതരണ ശൃംഖലയിലൂടെ ഒരു വര്‍ഷം വിതരണം നടത്തുന്നതിന് ഏകദേശം 13 മെട്രിക് ടണ്‍ അരി ആവശ്യമാണ്. എഫ് .സി .ഐ യില്‍ നിന്നും വര്‍ഷം ശരാശരി 8.40 മെട്രിക് ടണ്‍ അരി പൊതു വിതരണത്തിനായി എടുക്കുന്നുണ്ട്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ ഉൽപാദിപ്പിക്കുന്ന അരിയാണ് കേരളീയര്‍ പൊതുവെ ഇഷ്‌ടപ്പെടുന്നത്. കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായി ഇക്കാര്യത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണ നിലവാരമുള്ള അരി റേഷന്‍ കടകളിലൂടെ വിതരണം നടത്താന്‍ കഴിഞ്ഞു. എഫ്.സി.ഐ -ല്‍ നിന്നും എടുക്കുന്ന അരിയുടെ ഇനം, അളവ്, ഗുണ നിലവാരം എന്നിവ പരിശോധിക്കുന്നതിന് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഇടപെടല്‍ നടത്തുവാന്‍ കഴിയുന്ന തരത്തില്‍ എഫ് സി ഐയുമായി ഉടമ്പടി ഉണ്ടാക്കാനുമായി.

വിശപ്പു രഹിത കേരളം

‘വിശപ്പു രഹിത കേരളം” പദ്ധതിയുടെ ഭാഗമായി 45 സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചു. സോഷ്യല്‍ ഓഡിറ്റ് ഭക്ഷ്യ ഭദ്രതാ നിയമം 2016 അനുശാസിക്കുന്ന സോഷ്യല്‍ ഓഡിറ്റ് സംവിധാനം കേരളത്തില്‍ പ്രാവര്‍ത്തികമാക്കി. സംസ്ഥാന-ജില്ലാ-താലൂക്ക് തല വിജിലന്‍സ് സമിതികള്‍ പുനസംഘടിപ്പിച്ചു.

സഞ്ചരിക്കുന്ന റേഷന്‍ കടകള്‍

80 ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ സേവനം ലഭ്യമാക്കി. നിലവില്‍ സംസ്ഥാനത്തെ 132 കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു.

തെളിമ പദ്ധതി

പിശകുകള്‍ തിരുത്തുന്നതിന് എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കും.

റേഷന്‍ വ്യാപാരികള്‍ക്കായി പ്രത്യേക പദ്ധതി

എഫ്.പി.എസ് ഡീലര്‍മാര്‍ക്കും സെയിൽസ്‌മാൻമാർക്കും 2021- 22 കാലയളവില്‍ ആളൊന്നിന് 1060 രൂപ പ്രീമിയം നിരക്കില്‍ സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് മുഖേന 7.5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ. 2022 ഓണത്തോടനുബന്ധിച്ച് റേഷന്‍ വ്യാപാരികള്‍ക്ക് 1000 രൂപ ഉത്സവബത്ത അനുവദിച്ചു.

നെല്ല് സംഭരണം

കേരളത്തിലെ കര്‍ഷകരില്‍ നിന്നും വര്‍ഷം ശരാശരി ഏഴ് ലക്ഷം മെട്രിക് ടണ്‍ നെല്ല് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഭരിച്ചു വരുന്നു. ഇതുവരെ (202223) 74084 കര്‍ഷകരില്‍ നിന്നും 1.98 ലക്ഷം മെട്രിക്ക് ടണ്‍ നെല്ല് സംഭരിച്ചു. നെല്ലിന്റെ വിലയായി 46269 കര്‍ഷകര്‍ക്ക് 369.25 കോടി രൂപ വിതരണം ചെയ്‌തു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ഷകര്‍ക്ക് മികച്ച വില നല്‍കിയാണ് നെല്ല് സംഭരണം.

വിജയ മുദ്രകള്‍ ഭാവി രേഖകള്‍

  • അടിയന്തര ഘട്ടങ്ങളില്‍ ഫലപ്രദമായ വിപണിയിടപെടല്‍ നടത്തുന്നതിനുമായി പ്രൈസ് റിസര്‍ച്ച് സെന്റര്‍ കേരള സ്ഥാപിക്കും.

  • ERP (Enterpruner Resource Planning) സംവിധാനം പൂര്‍ണ്ണ തോതില്‍ നടപ്പിലാക്കും.

  • സ്റ്റോക്ക്, പര്‍ച്ചേസ്, സെയില്‍സ് എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ഡാഷ്ബോര്‍ഡിലൂടെ ലഭ്യമാക്കി ഓഡിറ്റ് നടപടികള്‍ വേഗത്തിലാക്കുന്ന സംവിധാനമാണിത്.

  • ആന്ധ്ര, ചത്തീസ്‌ഗഡ് ഉള്‍പ്പെടെയുള്ള മറ്റ് ഉൽപാദക സംസ്ഥാനങ്ങളില്‍ ഉല്‍പന്നങ്ങളുടെ വില കുറഞ്ഞു നില്‍ക്കുന്ന കാലയളവില്‍ സപ്ലൈകോ മുഖേന ഉൽപന്നങ്ങളുടെ സംഭരണം നടത്തുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് വരുന്നു.

  • കുട്ടനാട് മേഖലയില്‍ ഒഴുകുന്ന മാവേലി സ്റ്റോര്‍ പദ്ധതി നടപ്പിലാക്കും.

  • പുതുക്കിയതും നവീകരിച്ചതുമായ 81 സപ്ലൈകോ വിൽപന ശാലകൾ ആരംഭിച്ചിട്ടുണ്ട്. സപ്ലൈകോയുടെ ബ്രാന്‍ഡായ ‘ശബരി തേയില’ കയറ്റുമതി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു.

  • മുടങ്ങിക്കിടക്കുന്ന അളവു തൂക്ക ഉപകരണങ്ങളുടെ പുന പരിശോധനയും മുദ്രവയ്പ്പും

  • വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിക്കുന്നതിനായി ഓപ്പറേഷന്‍ ജാഗ്രത, ഓപ്പറോഷന്‍ ക്ഷമത.

  • ലീഗല്‍ മെട്രോളജി സേവനങ്ങള്‍ക്കായുള്ള നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍.

  • ഓണ്‍ലൈന്‍ കേസ് ഫയലിങ്ങ് സംവിധാനമായ ഇ-ദാഖില്‍ നടപ്പിലാക്കി.