കവര്‍‌സ്റ്റോറി

മാറുന്ന കായിക കേരളം മികവേറുന്ന കളിക്കളങ്ങള്‍

വി അബ്‌ദു റഹിമാൻ
കായിക വകുപ്പ് മന്ത്രി

കിഫ്ബി ഫണ്ടും കായിക വകുപ്പിന്റെ തനത് ഫണ്ടും ഉള്‍പ്പെടെ 1600 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കായിക മേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കാസര്‍ഗോഡ്, വയനാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഇടുക്കി എന്നിവിടങ്ങളില്‍ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള ജില്ലാ കായിക സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. കൊടുമണ്‍, നീലേശ്വരം, മട്ടന്നൂര്‍, പറളി, തിരുമിറ്റക്കോട്, ചിറ്റൂര്‍, പ്രീതികുളങ്ങര, കല്‍പ്പറ്റ, താനൂര്‍, പുനലൂര്‍, വടകര, മേപ്പയ്യൂര്‍, നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ കായിക സമുച്ചയങ്ങള്‍ പൂര്‍ത്തിയായി. പത്തനംതിട്ട കൊടുമണ്‍ ഇ എം എസ് സ്റ്റേഡിയത്തിന് കിഫ്ബി 16 കോടി രൂപയാണ് അനുവദിച്ചത്. വയനാട് കല്‍പ്പറ്റയില്‍ ജിനചന്ദ്ര സ്റ്റേഡിയം 18.67 കോടി രൂപ ചെലവിലും കാസര്‍ഗോഡ് നീലേശ്വരം ഇ എം എസ് സ്റ്റേഡിയം 17.04 കോടി മുടക്കിയുമാണ് നിര്‍മ്മിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ്, കുന്നംകുളം ജി എച്ച് എസ് എസ് എന്നിവിടങ്ങളില്‍ 7 കോടി രൂപ വീതം മുടക്കി സിന്തറ്റിക് ട്രാക്ക് ഒരുക്കി. ജി. വി. രാജ സ്‌കൂളില്‍ 25 കോടി രൂപയുടെയും കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനില്‍ 10 കോടിയുടെയും വികസനം നടപ്പാക്കി.

തിരുവനന്തപുരം ജില്ലയിലെ ആനാവൂര്‍, അരുവിക്കര, പരുത്തിയൂര്‍, ആലപ്പുഴയിലെ താമരക്കുളം, ആര്യാട്, കണിച്ചുകുളങ്ങര, ഭരണിക്കാവ്, കണ്ടല്ലൂര്‍, പത്തനംതിട്ടയിലെ ജണ്ടായിക്കല്‍, അയിരൂര്‍, മലപ്പുറത്തെ മുക്കുതല, പാലക്കാട്ടെ എരുമയുര്‍, തേന്‍കുറിശ്ശി, കുനിശ്ശേരി, കാട്ടിശ്ശേരി, കിഴക്കാഞ്ചേരി, മേലാര്‍ക്കോട്, കുഴല്‍മന്ദം, കണ്ണൂരിലെ കല്ല്യാശ്ശേരി, ചേലോറ എന്നിവിടങ്ങളില്‍ കളിക്കളങ്ങള്‍ പൂര്‍ത്തിയായി. അന്താരാഷ്ട്ര യോഗ പഠന കേന്ദ്രത്തിന് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ 2.80 കോടി രൂപ അനുവദിച്ചു.

കായിക നയം

കേരള കായിക മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കുന്നതാണ് നയം. എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ്, സ്‌കൂള്‍ തലം മുതലുള്ള കായിക വികസനം, വിദഗ്‌ധ പരിശീലനവും ശാസ്ത്രീയ മാര്‍ഗങ്ങളും അവലംബിച്ച് ഉന്നത നിലവാരമുള്ള കായിക താരങ്ങളെ വളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് നയം രൂപീകരിച്ചിട്ടുള്ളത്. സ്‌പോര്‍ട്‌സ് ഇക്കോണമി മിഷന്‍ എന്ന പുരോഗമനപരമായ കാഴ്‌ചപ്പാടും നയം മുന്നോട്ടു വയ്ക്കുന്നു.

കായിക പഠനം

കായിക വിദ്യാഭ്യാസം സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കാനുള്ള നടപടി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ആരംഭിച്ചു. പ്രൈമറി വിദ്യാര്‍ഥികളുടെ ശാരീരിക-മാനസിക കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 25 സ്‌കൂളില്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് എന്ന പദ്ധതി തുടങ്ങി. പദ്ധതി 30 സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന നടപടി പൂര്‍ത്തിയായി.

എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം

മുഴുവന്‍ പഞ്ചായത്തിലും കളിക്കളം എന്ന വാഗ്‌ദാനം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം 113 പഞ്ചായത്തിലാണ് കളിക്കളം ഒരുക്കുന്നത്. നാല് സ്ഥലങ്ങളില്‍ പ്രവൃത്തി തുടങ്ങി.
കൂടാതെ സംസ്ഥാനത്ത് ആദ്യമായി കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തു തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചത് വലിയ മാറ്റത്തിനിടയാക്കും.

കായിക പരിശീലന പദ്ധതികള്‍

അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിനുള്ള വിപുലമായ ഗോള്‍ പരിശീലന പദ്ധതിക്കു തുടക്കമായി. ആദ്യ ഘട്ടത്തില്‍ 1000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി. കൂടുതല്‍ വിദഗ്‌ധ പരിശീലനത്തിന് 140 നിയോജക മണ്ഡലങ്ങളില്‍ ഓരോ കേന്ദ്രം തുടങ്ങി. അത്ലറ്റിക്‌സ് പരിശീലനത്തിന് സ്‌കൂളുകളില്‍ സ്പ്രിന്റ് എന്ന പരിശീലന പദ്ധതി ഈ അധ്യയന വര്‍ഷം ആരംഭിച്ചു. ജൂഡോ പരിശീലനത്തിന് ‘ജൂഡോക്കോ’ എന്ന പദ്ധതിയും ബോക്‌സിങ്ങ് പരിശീലനത്തിന് ‘പഞ്ച്’ എന്ന പദ്ധതിയും സ്‌കൂള്‍ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്.

സ്‌പോര്‍ട്‌സ് അക്കാദമികള്‍

സ്‌പോര്‍ട്‌സ് അക്കാദമികളുടെ നിലവാരം ഉയര്‍ത്തുവാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. കായിക ഡയറക്‌ടറേറ്റിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച മൂന്ന് ഫുട്‌ബോള്‍ അക്കാഡമികളില്‍ രണ്ടെണ്ണം പെണ്‍കുട്ടികള്‍ക്കു മാത്രമാണ്. 14 ജില്ലകളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഹൈ പെര്‍ഫോമന്‍സ് അക്കാദമികള്‍ ആരംഭിക്കും.

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ മാതൃകയില്‍ കുന്ദംകുളത്ത് സ്‌പോര്‍ട്‌സ് ഡിവിഷന്‍ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിലെ കുന്നുംഭാഗം ഗവണ്‍മെന്റ് സ്‌കൂള്‍ സ്‌പോര്‍ട്‌സ് സ്‌കൂളായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ആയോധന കലകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലയാള സര്‍വകലാശാലയുമായി ചേര്‍ന്ന് കളരിപ്പയറ്റിനു പുതിയ പദ്ധതി തയ്യാറാക്കി വരുന്നു. കൂടാതെ 14 ജില്ലകളിലും കോമ്പാറ്റ് സ്‌പോര്‍ട്‌സ് സെന്ററുകള്‍ ആരംഭിക്കും. കരാട്ടെ, ജൂഡോ, തൈക്ക്വാണ്ടോ, കളരി തുടങ്ങിയവ ഇവിടങ്ങളില്‍ അഭ്യസിപ്പിക്കും.

വിജയ മുദ്രകള്‍ ഭാവി രേഖകള്‍

  • എക്‌സലന്‍സ് ത്രൂ ഇന്റര്‍ നാഷണല്‍ പാർട്‌ണർഷിപ്പ്-കേരളത്തിന്റെ സമഗ്രമായ കായിക വികസനം ലക്ഷ്യമിട്ട് വിദേശ സര്‍ക്കാരുകളുമായി സഹകരണം ശക്തമാക്കുകയാണ് സംസ്ഥാനം.

  • നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ അസോസിയേഷനും നെതര്‍ലന്‍ഡ്‌സിലെ ബൊവ്‌ലാന്‍ഡര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഫുട്‌ബോള്‍, ഹോക്കി പരിശീലന പദ്ധതി ആരംഭിച്ചു.

  • വിവിധ ദേശീയ അന്തര്‍ ദേശിയ തലങ്ങളില്‍ കഴിവ് തെളിയിച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം.

  • കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും കളിക്കളങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും പരിപാലനത്തിനും കായിക വകുപ്പിന് കീഴില്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ രൂപികരിച്ചു.

  • കായിക യുവജനകാര്യ ഡയറക്‌ടറേറ്റിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു.

  • തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ മാതൃകയില്‍ കണ്ണൂരും കുന്നംകുളത്തും സ്പോര്‍ട്‌സ് മെഡിസിന്‍ കേന്ദ്രങ്ങള്‍. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ആരോഗ്യവും കായിക ക്ഷമതയും നിര്‍ണയിക്കുന്ന ഫിറ്റ്‌നസ് അസസ്മെന്റ് ക്യാംപെയ്ന്‍ തുടങ്ങി.

  • കോവിഡാനന്തരം, സംസ്ഥാനത്ത് കൂടുതല്‍ ദേശീയതല മത്സരങ്ങള്‍ സംഘടിപ്പിച്ചു. ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആദ്യമായി കേരളത്തില്‍ സംഘടിപ്പിച്ചു.

  • സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ 2022-ല്‍ മലപ്പുറം ജില്ലയില്‍ നടന്നു.

  • ഫെഡറേഷന്‍ കപ്പ് ദേശീയ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് കേരളം ആദ്യമായി വേദിയായി.

  • അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച രണ്ട് ഇന്ത്യ ഗ്രാന്‍പ്രി അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകള്‍ തിരുവനന്തപുരത്ത് നടന്നു.

  • സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും ആദ്യമായി സംസ്ഥാനം വേദിയായി.

  • ദേശീയ ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പ് വട്ടിയൂര്‍ക്കാവ് റേഞ്ചില്‍ നടന്നു.

  • സില്‍വര്‍ലൈന്‍ (അര്‍ദ്ധ അതിവേഗ റെയില്‍ പാത), തലശ്ശേരി-മൈസൂര്‍-നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത, അങ്കമാലി-ശബരി റെയില്‍പാത എന്നിവയാണ് റെയില്‍വേ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍.

  • വനിതാ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അവര്‍ക്കു പ്രത്യേകമായി ഒരു ബില്‍ഡിങ്ങ് ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് നിർമ്മിച്ചു വരുന്നു.