കവര്‍‌സ്റ്റോറി

ഡിജിറ്റല്‍ സമത്വത്തിനായി സർക്കാർ

ആരതി കെ.ആര്‍
അസി. ഇൻഫർമേഷൻ ഓഫീസർ 
ഐ പി ആർ ഡി 

വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, ശാസ്ത്രസാങ്കേതിക രംഗം, ആരോഗ്യം, തൊഴില്‍, കുടുംബം, തുടങ്ങിയ സമസ്ത മേഖലകളിലും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങൾ ഓർമിപ്പിക്കാനും ആഘോഷിക്കാനും, വിജയം കൈവരിച്ച വനിതകളെ ആദരിക്കാനുമാണ് ഐക്യരാഷ്ട്ര സഭ മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്. ‘ഡിജിറ്റല്‍ ലോകം എല്ലാവർക്കും-നൂതനത്വവും സാങ്കേതിക വിദ്യയും ലിംഗ സമത്വത്തിന്’ എന്നതായിരുന്നു ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിലെ ആശയം. സാങ്കേതിക വിദ്യാ മുന്നേറ്റത്തിലൂടെയും നൂതനമായ കണ്ടു പിടിത്തങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സ്ത്രീകൾക്ക് സമത്വവും ശാക്തീകരണവും ഉറപ്പാക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.

നിലവിലെ സാമ്പത്തിക, സാമൂഹിക അസമത്വങ്ങളില്‍ ഡിജിറ്റല്‍ ലോകത്തെ സ്ത്രീകളുടെ പിന്നാക്കാവസ്ഥ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നത് ഈ അവസരത്തില്‍ അന്വേഷണ വിധേയമാകും. സമ്പന്നരും ദരിദ്രരും തമ്മിലും നഗരവാസികളും ഗ്രാമീണരും തമ്മിലും നിലനിൽക്കുന്ന വിടവുകൾക്ക് സമാനമാണ് ഡിജിറ്റല്‍ രംഗത്തെ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അന്തരം. ഡിജിറ്റല്‍ ഭിന്നശേഷി എന്ന ഒരു പുതിയ അവസ്ഥയായി ഇതിനെ വിലയിരുത്തുന്നു.

ഡിജിറ്റല്‍ ഭിന്നശേഷി രൂക്ഷം

ഡിജിറ്റല്‍ രംഗത്തെ വിടവ് ഇതര മേഖലകളിലെ വിഭവ ലഭ്യതയിലും സാധ്യതകളിലും പ്രതിഫലിക്കും. ആഗോള തലത്തില്‍ 15 ശതമാനം സ്ത്രീകള്‍ മാത്രമേ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചിട്ടുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാകുന്നതിൽ പുരുഷന്മാരേക്കാൾ ഏറെ പിന്നിലാണ് സ്ത്രീകള്‍. 38 ശതമാനം സ്ത്രീകള്‍ക്ക് സൈബര്‍ അതിക്രമങ്ങള്‍ നേരിട്ടതിൻ്റെ വ്യക്തിപരമായ അനുഭവമുണ്ടെന്നാണ് 51 രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

ഐക്യരാഷ്ട്ര സഭ വനിതാ വിഭാഗം പ്രസിദ്ധീകരിച്ച ജെൻഡർ സ്നാപ് ഷോട്ട് 2022 റിപ്പോർട്ട് പ്രകാരം ഡിജിറ്റല്‍ ലോകത്ത് നിന്ന് സ്ത്രീകളെ അന്യവൽക്കരിച്ചതിൻ്റെ ഫലമായി കഴിഞ്ഞ പതിറ്റാണ്ടിനിടെ, അവികസിത, വികസ്വര രാജ്യങ്ങൾക്ക് മൊത്ത ആഭ്യന്തര വരുമാനത്തില്‍ ഒരുലക്ഷം കോടിയിൽ പരം ഡോളറിൻ്റെ നഷ്ടമുണ്ടായിട്ടുണ്ട്. ഭാവിയിലെങ്കിലും ഇത് തിരുത്താനും പരിഹാരം കണ്ടെത്താനും കഴിയണമെങ്കില്‍, സ്ത്രീകൾക്കെതിരായ സൈബര്‍ അതിക്രമങ്ങള്‍ ഫലപ്രദമായി തടയാന്‍ സാധിക്കണം.

പഠിക്കാം, പ്രാപ്തരാകാം

സ്ത്രീകളുടെ സുസ്ഥിരമായ ഭാവിക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം അനിവാര്യമാണ്. ഐക്യരാഷ്ട്ര സഭയുടെ ആശയം മുൻ നിർത്തി വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തുടക്കമായി. പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് വനിതാ ശിശു വികസന വകുപ്പും ജെൻഡർ പാർക്കുമാണ്. ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളായ സ്മാർട് ഫോൺ, സോഷ്യല്‍ മീഡിയ, നെറ്റ് ബാങ്കിഗ്, ഓൺലൈൻ പേയ്മെൻ്റ് സേവനങ്ങള്‍, എ.ടി.എം., സൈബര്‍ സുരക്ഷ തുടങ്ങിയവ നിത്യ ജീവിതത്തില്‍ സ്ത്രീ സൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി ജെൻഡർ പാർക്ക് ശിൽപശാല സംഘടിപ്പിച്ച് മൊഡ്യൂള്‍ തയ്യാറാക്കി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്സ് പരിശീലനം (TOT) നല്കും. അത്തരം പരിശീലകരെ ഉപയോഗപ്പെടുത്തി അങ്കണവാടി വർക്കർമാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പൊതു സമൂഹത്തിലെ സ്ത്രീകൾക്കും പരിശീലനം നൽകും.

ഡിജിറ്റല്‍ സാക്ഷരത, ഡിജിറ്റല്‍ ലഭ്യത, ഡിജിറ്റല്‍ സുരക്ഷിതത്വം എന്നിവയെല്ലാം ഉറപ്പുവരുത്തി മാത്രമേ ഡിജിറ്റല്‍ ലോകത്തെ സ്ത്രീകളുടെ സമത്വം ഉറപ്പുവരുത്താന്‍ സാധിക്കൂ.