താരാപഥം മുതൽ കനിപ്പന്തൽ വരെ
സമകാലിക ജനപഥം 2026
ഒക്ടോബർ 1 പുസ്തകം 13 ലക്കം 3

പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്ന പരമ്പരാഗത വിദ്യാഭ്യാസത്തിനപ്പുറം, സാങ്കേതികവിദ്യ, കൃഷി, കായികം, തൊഴിൽ നൈപുണ്യം തുടങ്ങി എല്ലാ മേഖലകളിലും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സമഗ്രമായ വികസനമാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ക്ലാസ് മുറിയിലെ പാഠങ്ങൾക്കപ്പുറം, കുട്ടിയുടെ സമഗ്രമായ വളർച്ചയെയാണ് ഇവിടെ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സ്വന്തമായും മറ്റു വകുപ്പുകളുമായി ചേർന്നുമൊരുക്കുന്ന ഒട്ടേറെ പുതിയ പദ്ധതികളാണ് നൂറു ദിന പദ്ധതിയുടെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. അക്കാദമിക മികവിനൊപ്പം വിദ്യാർഥികളുടെ മാനസികവും ശാരീരികവും സർഗാത്മകവുമായ വളർച്ച ഉറപ്പുവരുത്താൻ ഈ പദ്ധതികൾ വലിയൊരു കുതിപ്പാണ് നൽകുന്നത്. സാങ്കേതികവിദ്യയും കാർഷിക പാരമ്പര്യവും ആരോഗ്യവും സമന്വയിപ്പിച്ച്, ലോകത്തോട് മത്സരിക്കാൻ പ്രാപ്തിയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ഈ പദ്ധതികളിലൂടെ സാധിക്കുമെന്നതിൽ സംശയമില്ല. ഡിജിറ്റൽ പഠനം മുതൽ കൃഷിയും കായികക്ഷമതയും വരെ നീളുന്ന ആ പദ്ധതികളെ പരിചയപ്പെടാം.
താരാപഥം
ഡിജിറ്റൽ പരിവർത്തനത്തിന് പുതിയ ദിശാബോധം
പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ സംവിധാനങ്ങളെ നിർമിതബുദ്ധിയുടെ സഹായത്തോടെ കാലാനുസൃതമായി പരിഷ്കരിച്ച് ഏകീകൃത പ്ലാറ്റ്ഫോമിലാക്കുന്ന കൈറ്റിന്റെ പദ്ധതിയാണ് താരാപഥം. സമ്പൂർണ, സഹിതം, സമഗ്ര, സമന്വയ തുടങ്ങിയ ആപ്ലിക്കേഷനു കൾക്ക് ഇനി പ്രത്യേകം ലോഗിൻ വേണ്ട; സിംഗിൾ സൈൻ-ഓണിലൂടെ ഒറ്റ ഡാഷ്ബോർഡിൽ എല്ലാം ലഭിക്കും. അധ്യാപകർക്കായി ‘സമഗ്ര ക്യാൻവാസ്’ എന്ന ഇന്ററാക്ടീവ് വൈറ്റ് ബോർഡും സജ്ജമാക്കിയിട്ടുണ്ട്. പാഠഭാഗങ്ങൾ കൂടുതൽ ദൃശ്യവൽക്കരിച്ചും സംവേദനാത്മകമായും അവതരിപ്പിക്കുന്നതിനും അധ്യാപനത്തെ കൂടുതൽ ആകർഷകമാക്കുന്നതിനും താരാപഥം സഹായിക്കുന്നു. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ കുട്ടികളുടെ മെന്ററിങും പഠനപുരോഗതിയും പോർട്ടലിൽ രേഖപ്പെടുത്താനാവു ന്നതുവഴി വിദ്യാർഥികളുടെ പഠനപുരോഗതി നിരീക്ഷിക്കുന്നതിനും അവരുടെ പഠനാവശ്യങ്ങൾ തിരിച്ചറിയുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നതിനും സാധ്യമാകുന്നു. സ്കൂളുകളിൽ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷയ്ക്കും താരാപഥം പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. സാങ്കേതികവിദ്യയെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള ഫലപ്രദമായ ഉപാധിയാക്കി മാറ്റിക്കൊണ്ട് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ പരിവർത്തനത്തിന് പുതിയ ദിശാബോധം നൽകുകയാണ് താരാപഥം പദ്ധതി.
മുകുളം
എ.ഐ അധിഷ്ഠിത പരിശീലന പോർട്ടൽ
ദേശീയതല മത്സരപ്പരീക്ഷകൾക്ക് ഒരുങ്ങുന്ന ഹയർ സെക്കൻഡറി, വി എച്ച് എസ്ഇ വിദ്യാർഥികൾക്കായി കൈറ്റ് ഒരുക്കിയ സൗജന്യ എ ഐ അധിഷ്ഠിത പരിശീലന പോർട്ടലാണ് മുകുളം. നീറ്റ്, ജെ ഇ ഇ, സി യു ഇ ടി തുടങ്ങിയ മത്സരപരീക്ഷകളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് നിർമിതബുദ്ധിയുടെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി അവസരസമത്വം ഉറപ്പാക്കുകയാണ് മുകുളം പോർട്ടലിന്റെ ലക്ഷ്യം. 25 സ്കൂളുകളിലെ പൈലറ്റ് പദ്ധതിക്കു ശേഷമാണ് ഇത് സംസ്ഥാന വ്യാപകമാക്കുന്നത്. പരീക്ഷാതയ്യാറെടുപ്പിനൊപ്പം വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും വിദ്യാർഥികളുടെ പഠനനിലവാരം നിരന്തരം വിലയിരുത്താനും സഹായിക്കുന്ന സമഗ്ര പഠനസംവിധാനമാണ് ഈ പദ്ധതി. ഈ നിർമിതബുദ്ധി അധിഷ്ഠിത പോർട്ടലിൽ വിദ്യാർഥികൾക്ക് പഠനവിഭവങ്ങളും ചോദ്യശേഖരങ്ങളും പരിശീലന സൗകര്യങ്ങളും ലഭ്യമാകും. വിദ്യാർഥികളുടെ പുരോഗതി വിഷയാധ്യാപകർക്ക് നിരീക്ഷിക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും സാധ്യമാണ്
ഡിജിറ്റൽ സ്ക്വയർ
ഉൾച്ചേരലിന്റെ ഡിജിറ്റലിടം
പ്രൈമറി തലത്തിൽ ഡിജിറ്റൽ പഠനം കാര്യക്ഷമമാക്കാൻ കൈറ്റ് നടപ്പാക്കുന്ന പദ്ധതിയാണ് ഡിജിറ്റൽ സ്ക്വയർ. ആദ്യഘട്ടത്തിൽ പൊതുവായ ഒരു ഡിജിറ്റൽ പഠന ഇടവും കുറഞ്ഞത് രണ്ട് കമ്പ്യൂട്ടറുകളുമുള്ള 5,183 സ്കൂളുകളിാണ് ഡിജിറ്റൽ സ്ക്വയർ നടപ്പിലാക്കിയത്. കൈറ്റ് വികസിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത പ്ലാറ്റ്ഫോമിലൂടെ എല്ലാ കുട്ടികൾക്കും ഒരുപോലെ ഡിജിറ്റൽ പഠന പ്രവർത്തന ങ്ങളിൽ ഏർപ്പെടാനുള്ള അവസരമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. എല്ലാ കുട്ടികൾക്കും എന്ന് പറയുമ്പോൾ കാഴ്ചപരിമിതിയുള്ളവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും പ്രയോജനപ്പെടുത്താവുന്ന വിധമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപകൽപന ചെയ്തിരിക്കുന്നത്. ഈ വർഷം തന്നെ മുഴുവൻ പ്രൈമറി സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.

എറൈസ് ഹബ്ബുകൾ
എ ഐയും റോബോട്ടിക്സും ക്ലാസ്മുറിയിൽ
നിർമിതബുദ്ധിയും റോബോട്ടിക്സും ഹൈസ്കൂൾ ക്ലാസ് മുറികളിലെത്തിക്കുന്ന കൈറ്റിന്റെ പദ്ധതിയാണ് ‘എറൈസ്’ (എഐ & റോബോട്ടി ക്സ് ഇനിഷ്യേറ്റീവ് ഫോർ സ്കൂൾ എഡ്യൂക്കേഷൻ). അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളും മൈക്രോ കൺട്രോളർ ബോർഡുകളും സെൻസറുകളും മോട്ടോറുകളും സജ്ജമാക്കി ഹൈസ്കൂളുകളിൽ ‘എറൈസ് ഹബ്ബുകൾ’ സ്ഥാപിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. കാഴ്ചപരിമിതർക്കുള്ള സ്മാർട്ട് വാക്കിങ് സ്റ്റിക്ക്, പാചകവാതക ചോർച്ച തിരിച്ചറിയുന്ന ഗ്യാസ് ഡിറ്റക്ടർ, മുഖം തിരിച്ചറിയുന്ന സ്മാർട്ട് ഡോർ ലോക്ക് തുടങ്ങിയവയുടെ പ്രോട്ടോടൈപ്പുകൾ സ്വയം നിർമിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിലൂടെ സാങ്കേതികവിദ്യയിലൂന്നി സ്വയം പര്യാപ്തരായ തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം.
ലാബ് ഓൺ വീൽസ്
സഞ്ചരിക്കുന്ന എക്സ്പീരിയൻഷ്യൽ ലേണിങ് ലാബ്
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ അസാപ് കേരള, ഇൻഫോസിസുമായി ചേർന്ന് നടപ്പാക്കുന്ന സംരംഭമാണിത്. കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന എക്സ്പീരിയൻഷ്യൽ ലേണിങ് ലബോറട്ടറിയായ ഇത് എ ഐ, റോബോട്ടിക്സ്, കോഡിങ്, ഇലക്ട്രോണിക്സ്, ത്രിമാന ഡിസൈനിങ് എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും. നഗരങ്ങളിലെന്നപോലെ തീരദേശ, ആദിവാസി, മലയോര, വിദൂര പ്രദേശങ്ങളിലെ സ്കൂളുകളിലും കോളേജുകളിലും ലാബ് നേരിട്ടെത്തും. ആഗോളതലത്തിൽ മത്സരക്ഷമവുമായ തൊഴിൽമേഖല സൃഷ്ടിക്കാനുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന സുപ്രധാന ഇടപെടലാണ് ‘ലാബ് ഓൺ വീൽസ്’ പദ്ധതി.
നവജീവനം
ഭാഷാ-ഗണിത പോഷണ പദ്ധതി
എൽ പി, യു പി ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നിവയിലുള്ള പരിമിതികൾ പരിഹരിക്കാനുള്ള ഭാഷാ-ഗണിത പോഷണപദ്ധതിയാണ് നവജീവനം. മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങൾ പ്രൈമറിതലത്തിൽ കുട്ടികൾക്ക് മികച്ച രീതിയിൽ സംവേദനം ചെയ്യാൻ സാധിക്കേണ്ടത് മുന്നോട്ടുള്ള പഠനത്തിന് അത്യന്താപേക്ഷിതമാണ്. വായനച്ചങ്ങാതി, സചിത്രപാഠം, സംയുക്ത ഡയറി, സർഗാത്മക ഡയറി, തുടങ്ങിയവയിലൂടെയുള്ള ഭാഷാ പഠനം ക്രിയകൾക്കും നിർവചനങ്ങൾക്കും ഊന്നൽ നൽകുന്ന പരമ്പരാഗത ഗണിതപഠന രീതിയിൽ നിന്ന് മാറി ചിന്താപ്രക്രിയയിലൂന്നിയ ഗണിത പഠനം എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്. കൃത്യവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഈ പദ്ധതിയെ മികച്ച വിജയത്തിലേക്ക് നയിക്കുകയും പൊതുവിദ്യാഭ്യാസ മേഖലയിൽ ശക്തമായ മുന്നേറ്റം സാധ്യമാക്കുകയും ചെയ്യുന്നു.

കൂടെ
വീണ്ടും സ്കൂളിലെത്തിക്കും
വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ നിലച്ച കുട്ടികളെ കണ്ടെത്തി ക്ലാസ് മുറിയിൽ തിരികെയെത്തിക്കുന്ന ‘സീറോ ഡ്രോപ്പ് ഔട്ട് മിഷൻ’ ആണ് കൂടെ. മലയോര, തീരദേശ, പിന്നാക്ക മേഖലകളിലാണ് ഊന്നൽ നൽകുന്നത്. ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫീസർമാരും സ്കൂൾ അധികൃതരും പി ടി എ പ്രതിനിധികളും എസ് ടി പ്രൊമോട്ടർമാരും വീടുകൾ സന്ദർശിച്ച് കാരണങ്ങൾ മനസ്സിലാക്കി വേണ്ട പിന്തുണ ഉറപ്പാക്കും. കാഴ്ചപരിമിതിയുള്ളവർ ഉൾപ്പെടെ പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് അനുയോജ്യമായ പിന്തുണയും ഉറപ്പാക്കും. അഗളിയിലെ ഭൂതിവഴി ഊരിൽ നടന്ന 100ദിന കർമ്മപരിപാടിയുടെ ഭാഗമായി ആറ്, ഏഴ് ക്ലാസുകളിൽ പഠനം നിർത്തിയ കുട്ടികളെ കണ്ടെത്തി ‘കൂടെ’ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുണ്ടായി.
സ്പെഷ്യൽ എന്റിച്ച്മെന്റ്
പിന്നാക്ക മേഖലകൾക്ക് പ്രത്യേക കരുതൽ
ഗോത്ര, തീരദേശ, തോട്ടം മേഖലകളിലെ പൊതുവിദ്യാലയ വിദ്യാർഥികളുടെ അക്കാദമിക ശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതിയാണ് സ്പെഷ്യൽ എന്റിച്ച്മെന്റ്. ഭൂമിശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ പഠനത്തിൽ പിന്നാക്കം പോകുന്നവർക്ക് പ്രത്യേക പഠനപിന്തുണ നൽകും. 2026-27 അധ്യയനവർഷം 445 സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, റസിഡൻഷ്യൽ ക്യാമ്പുകൾ, നൈപുണി ശില്പശാലകൾ, പഠനയാത്രകൾ, രക്ഷിതാക്കൾക്കുള്ള ബോധവത്കരണം എന്നിവ ഇതിന്റെ ഭാഗമാണ്. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് പദ്ധതിയിൽ പ്രത്യേക പരിഗണനയുണ്ട്. തുല്യമായ പഠനാവസരങ്ങൾ ഉറപ്പാക്കി അക്കാദമിക മികവിലേക്കും സമഗ്രവികസനത്തിലേക്കും വിദ്യാർഥികളെ ഉയർത്തി ഉപരിപഠന, തൊഴിൽ സാധ്യതകൾ ശക്തിപ്പെടുത്താനും പദ്ധതി ശ്രദ്ധ ചെലുത്തുന്നു.
സ്കിൽ ബിസ്
വൺ സ്കൂൾ, വൺ പ്രൊഡക്ട്
പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും സംരംഭകത്വശേഷിയും വളർത്താൻ വി എച്ച് എസ് ഇ വിഭാഗം നടപ്പാക്കുന്ന പദ്ധതിയാണിത്. ഗാന്ധിയൻ വിദ്യാഭ്യാസ ആശയത്തെ അടിസ്ഥാനമാക്കി ഓരോ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും സമൂഹത്തിന് പ്രയോജനകരമായ ഒരു ഉൽപ്പന്നമോ സേവനമോ ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഉൽപ്പന്ന വികസനം, ബ്രാൻഡിങ്, വിപണനം എന്നിവയിൽ കുട്ടികൾക്ക് പ്രായോഗിക പരിചയം ലഭ്യമാക്കുന്നു. വിദ്യാർഥികളുടെ കഴിവുകളും സ്കൂളുകളുടെ വിഭവങ്ങളും പ്രയോജനപ്പെടുത്തി സമൂഹത്തിന് പ്രയോജനകരമായ ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരുക്കുന്നതിലൂടെ പഠനവും തൊഴിൽ നൈപുണ്യവും സംരംഭകത്വവും ഒരുമിച്ചുകൊണ്ടുപോകുന്ന മാതൃക ‘സ്കിൽ ബിസ്’ പദ്ധതി സൃഷ്ടിക്കുന്നു. തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽ സ്രഷ്ടാക്കളിലേക്കുള്ള മാറ്റത്തിനാണ് പദ്ധതി വഴിയൊരുക്കുന്നത്.
പൊൻചിറകുകൾ
പോഷകസുരക്ഷയും അധികവരുമാനവും
പുതുതലമുറയെ കാർഷിക സംസ്കാരത്തോട് ചേർത്തുനിർത്താൻ മൃഗസംരക്ഷണ വകുപ്പ് സ്കൂൾ പൗൾട്രി ക്ലബ്ബുകൾ വഴി നടപ്പാക്കുന്ന പദ്ധതിയാണ് പൊൻചിറകുകൾ. തിരഞ്ഞെടുത്ത സ്കൂളുകളിലെ വിദ്യാർഥികൾക്ക് ചാര, ചെമ്പല്ലി എന്നീ കുട്ടനാടൻ ഇനങ്ങളിൽപ്പെട്ട അഞ്ചു താറാവുകുഞ്ഞുങ്ങളും ഒരു മാസത്തേക്കുള്ള തീറ്റയും മരുന്നുകളും സൗജന്യമായി നൽകും. വർഷത്തിൽ നൂറിലധികം മുട്ടയിടുന്ന, മികച്ച രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളാണിവ. പരിപാലനം, തീറ്റക്രമം, ശുചിത്വം എന്നിവയിൽ അടിസ്ഥാന അറിവും ലഭിക്കും. നാടൻ ഇനങ്ങളുടെ സംരക്ഷണത്തിനൊപ്പം കുട്ടികളുടെ പോഷകസുരക്ഷയും കുടുംബത്തിന് അധികവരുമാനവും പദ്ധതി ലക്ഷ്യമിടുന്നു.
കനിപ്പന്തൽ
ഫലവൃക്ഷ പോഷകത്തോട്ടങ്ങൾ
വിദ്യാലയങ്ങളിൽ ഫലവൃക്ഷ പോഷകത്തോട്ടങ്ങൾ ഒരുക്കുന്ന കൃഷി വകുപ്പിന്റെ പദ്ധതിയാണ് ‘കനിപ്പന്തൽ ഇനി വിദ്യാലയങ്ങളിലും’. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഫലവൃക്ഷ പോഷകത്തോട്ടങ്ങൾ സ്ഥാപിച്ച് വിദ്യാർത്ഥികളിൽ പോഷകാഹാര ശീലങ്ങൾ വളർത്തുക, പരിസ്ഥിതി സംരക്ഷണബോധം ശക്തിപ്പെടുത്തുക, കൃഷിയോടുള്ള താൽപര്യം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പഴവർഗ്ഗ പോഷകത്തോട്ട പദ്ധതിയിലൂടെയാണ് ‘കനിപ്പന്തൽ ഇനി വിദ്യാലയങ്ങളിലും’ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്. പോഷകത്തോട്ടം ഒരുക്കുന്നതിനായി മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ തൈകൾ കൃഷിവകുപ്പ് സൗജന്യമായി നൽകുന്നു. ഹരിതസമൃദ്ധവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം, കാർഷിക പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിൽ പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വളർത്താനും പദ്ധതി സഹായകരമാകും.
കതിര്
മണ്ണിനെ അറിഞ്ഞ് പരിസ്ഥിതിക്ക് കൂട്ടായി
വിദ്യാർഥികളെ കൃഷിയോടും പരിസ്ഥിതി സംരക്ഷണത്തോടും അടുപ്പിക്കാൻ കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് കതിര്. കാർഷിക സാങ്കേതികവിദ്യ, പാരമ്പര്യ അറിവുകൾ, നവീന ആശയങ്ങൾ എന്നിവ സംയോജിപ്പിച്ച് വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച പൗരന്മാരാക്കി വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥാവ്യതിയാന വെല്ലുവിളികളെ നേരിടുന്നതിനുള്ള കാർഷിക ഹരിത പ്രതിരോധത്തിന്റെ ഭാഗമായിക്കൂടിയാണ് ‘കതിര്’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മാനസിക പിരിമുറുക്കം കുറയ്ക്കാൻ ‘ഹോർട്ടികൾച്ചറൽ തെറാപ്പി’യും, കുട്ടികളുടെ ഉൽപന്നങ്ങൾ വിൽക്കാൻ വാട്സ്ആപ്പ് അധിഷ്ഠിത മിനി മാർക്കറ്റിങ് പ്ലാറ്റ്ഫോമുകളും പദ്ധതിയിലുണ്ട്.
അക്വാഫിറ്റ്
നീന്താൻ പഠിക്കാം പഠിപ്പിക്കാം
വിദ്യാർഥികളുടെ ശാരീരികക്ഷമതയും ജലസുരക്ഷാ അവബോധവും ജീവൻരക്ഷാ നൈപുണ്യവും വളർത്താനുള്ള നീന്തൽ പരിശീലന പദ്ധതിയാണ് അക്വാഫിറ്റ്. സ്കൂളിന് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള അനുയോജ്യമായ നീന്തൽക്കുളങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണ ത്തോടെ കണ്ടെത്തിയാണ് പദ്ധതി സാധ്യമാക്കുന്നത്. പുഴകളും ജലാശയ ങ്ങളും നിറഞ്ഞ കേരളത്തിൽ മുങ്ങിമരണങ്ങൾ കുറയ്ക്കാനും മികച്ച നീന്തൽതാരങ്ങളെ കണ്ടെത്താനും ഇത് വഴിയൊരുക്കും. കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാൽ നീന്തൽ അറിയുക എന്നത് കായികപരമായ കഴിവ് മാത്രമല്ല, ജീവൻരക്ഷാ നൈപുണ്യം കൂടിയാണ്. പരിശീലനം നേടിയവർ മറ്റുള്ളവരെ പഠിപ്പിക്കുന്നതിലൂടെ ജലസുരക്ഷാ സന്ദേശം സമൂഹത്തിലുമെത്തുന്നു.
